
വാഷിങ്ടൺ ഡി.സി: വാഷിങ്ടണിലെ പ്രശസ്തമായ ഹിൽട്ടൺ ഹോട്ടലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുനേരെ വെടിവെപ്പുണ്ടായത് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 1981-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന് നേരെ വധശ്രമുണ്ടായത് ഇതേ ഹോട്ടലിന് മുന്നിൽ വെച്ചാണ്. നാല് പതിറ്റാണ്ടുകൾക്ക് ശേഷം അതേ ഹോട്ടലിൽവെച്ച് അമേരിക്കൻ പ്രസിഡൻ്റിനുനേരെ ഉണ്ടായ വെടിവെപ്പ് അമേരിക്കൻ ജനതയെ പഴയ ഓർമകളിലേക്ക് കൊണ്ടുപോകുകയാണ്.
1981 മാർച്ച് 30-നായിരുന്നു വാഷിങ്ടൺ ഹിൽട്ടണിൽവെച്ച് റൊണാൾഡ് റീഗന് നേരെ ആക്രമണം നടന്നത്. ഹോട്ടലിന് പുറത്തുവെച്ച് പ്രസംഗം കഴിഞ്ഞ് ഇറങ്ങുകയായിരുന്ന റീഗന് നേരെ ജോൺ ഹിൻക്ലി ജൂനിയർ എന്നയാൾ വെടിയുതിർക്കുകയായിരുന്നു. അന്ന് ഒരു വെടിയുണ്ട കാറിൽ തട്ടിത്തെറിച്ച് റീഗന്റെ നെഞ്ചിൽ പതിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കിയാണ് ജീവൻ രക്ഷിച്ചത്.
റീഗൻ പിന്നീട് സുഖം പ്രാപിച്ചെങ്കിലും അന്ന് വെടിയേറ്റ പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡിക്ക് മസ്തിഷ്ക ആഘാതം സംഭവിക്കുകയും ദീർഘകാലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരികയും ചെയ്തു. 2014-ലാണ് ഇദ്ദേഹം മരിച്ചത്. 'ടാക്സി ഡ്രൈവർ' എന്ന സിനിമയോടും നടി ജോഡി ഫോസ്റ്ററോടുമുള്ള മാനസികമായ അഭിനിവേശമാണ് അന്ന് ഹിൻക്ലിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ഈ സംഭവത്തിന് ശേഷമാണ് വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിന് ‘ഹിൻക്ലി ഹിൽട്ടൺ’ എന്ന വിളിപ്പേര് ലഭിച്ചത്.
ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെയാണ് ട്രംപിനുനേരെ അക്രമണമുണ്ടായത്. പരിപാടിയ്കികടെ അക്രമി പ്രസിഡൻ്റിനുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രംപിന്റെ നിർദേശപ്രകാരം ചടങ്ങുകൾ പിന്നീട് പുനരാരംഭിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം പരിപാടിയിൽ പങ്കെടുത്തില്ല. പ്രസിഡൻ്റിനുനേരെയുണ്ടായ അപ്രതീക്ഷിത ആക്രമണം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുതിയ വെല്ലുവിളിയുയർത്തിയിരിക്കുകയാണ്.
Content Highlights: Assassination attempt on Donald Trump at Washington Hilton in 2026., Secret Service agent saved by bulletproof vest during the attack., Immediate evacuation of Trump, Melania Trump, and JD Vance., Historical comparison to the 1981 Ronald Reagan assassination attempt., One suspect taken into custody following the incident.
Published: 26 Apr 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented