
അതിജീവിത എന്ന വാക്കിന് ഫ്രാന്‍സിന് ഇന്നൊരു മുഖമുണ്ട്. അത് ജിസേലെ പെലികോട്ട് എന്ന 72 കാരിയുടേതാണ്. ഫ്രാന്‍സിന്റെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും അസാധാരണവും അതിക്രൂരവുമായ ബലാത്സംഗക്കേസിലെ ഇരയാണവര്‍. തന്നെ മയക്കിക്കിടത്തി എഴുപതിലേറെ പുരുഷന്മാരെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ച ഭര്‍ത്താവിനെതിരായ വിചാരണ നടക്കുന്ന കോടതിയിലേക്ക് ജിസേലെ മുഖംമറയ്ക്കാതെ തലയുയര്‍ത്തിപ്പിടിച്ചാണ് എത്തിയത്. ഏറ്റവും മനോഹരമായ വസ്ത്രം ധരിച്ച് കൂളിങ് ഗ്ലാസ് വെച്ച് ജിസേലെ നടന്നു കയറിയത് ഫ്രാന്‍സിന്റെ പൊതുബോധത്തിലേക്ക് കൂടിയാണ്. തന്റെ പേരും മുഖവും മറയ്ക്കേണ്ടതില്ലെന്നും രഹസ്യ വിചാരണ വേണ്ടെന്നും അവര്‍ പ്രഖ്യാപിച്ചു. നാണിക്കേണ്ടത് താനല്ല തന്നെ ഉപദ്രവിച്ചവരാണെന്ന് ആ 72കാരി പറഞ്ഞപ്പോള്‍ ഫ്രാന്‍സിലെ സ്ത്രീസമൂഹം ആവേശഭരിതരായി. ജിസേലെയെ പിന്തുണയ്ക്കാനായി അവര്‍ കോടിതിക്ക് മുന്‍പിലേക്ക് പ്രവഹിച്ചു. ജിസേലെ വരുമ്പോള്‍ ആര്‍ത്തുവിളിച്ചും പൂക്കള്‍ നല്‍കിയും അവര്‍ തങ്ങളുടെ പിന്തുണയറിയിച്ചു. നാല് മാസം നീണ്ട ദീര്‍ഘമായ വിചാരണയ്ക്ക് ശേഷം പെലികോട്ട് കൂട്ടബലാത്സംഗ കേസില്‍ ഇപ്പോള്‍ വിധി വന്നിരിക്കുകയാണ്. ഭര്‍ത്താവ് ഡൊമിനിക് പെലികോട്ടും മറ്റ് അമ്പത് പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇരുപത് വര്‍ഷം വരെയുള്ള കഠിനതടവാണ് ഇവരെ കാത്തിരിക്കുന്നത്.
പെലികോട്ട് ദമ്പതികള്‍
1952ല്‍ ജര്‍മനിയിലായിരുന്നു ജിസേലെയുടെ ജനനം. ജിസേലെയ്ക്ക് ഒന്‍പത് വയസ്സ് പ്രായമുള്ളപ്പോള്‍ അമ്മ അര്‍ബുദരോഗം മൂലം മരിച്ചു. അവര്‍ക്ക് 20 വയസ്സാകുന്നതിന് മുമ്പ് തന്നെ മൂത്ത സഹോദരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 1971 ലാണ് ജിസേലെ ഡൊമിനിക്കിനെ കണ്ടുമുട്ടിയത്. 73ല്‍ ഇരുവരും വിവാഹിതരായി. ജിസേലിന് 19-ഉം ഡൊമിനിക്കിന് 21-ഉം വയസ്സുള്ളപ്പോഴായിരുന്നു അവരുടെ വിവാഹം. സാമ്പത്തികപ്രതിസന്ധിയും മറ്റ് പ്രശ്നങ്ങളുമുണ്ടായെങ്കിലും, തന്റെ ജീവിതത്തിലെ പ്രണയമെന്നാണ് ഡൊമിനിക്കിനെ ജിസേല്‍ കരുതിയത്. മൂന്ന് മക്കളും ഏഴ് പേരക്കുട്ടികളുമാണ് ഇവര്‍ക്ക്. ഫ്രാന്‍സിലെ ഒരു വലിയ കമ്പനിയില്‍ മാനേജറായിരുന്നു ജിസേല. ഇലക്ട്രീഷ്യനായ ഡൊമിനിക്ക് ഇതിനിടയില്‍ പല ബിസിനസുകളും ചെയ്ത് പരാജയപ്പെട്ടു. 2013 വരെ പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലായിരുന്നു ദമ്പതിമാർ ജീവിച്ചിരുന്നത്. പിന്നീട് ജോലികളില്‍ നിന്ന് വിരമിച്ച ഇവര്‍ നഗരത്തിന് പുറത്തുള്ള മനോഹരമായ മാസാന് എന്ന സ്ഥലത്തേക്ക് മാറി. ഇവിടെ സ്വിമ്മിങ് പൂള് ഉള്‍പ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ സാമാന്യം വലിയ വീട്ടീലായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. അവധി സമയങ്ങളില്‍ പെലിക്കോട്ട് കുടുംബത്തിലെ മറ്റംഗങ്ങളും ഇവിടെ ഒത്തുകൂടും. തീര്‍ത്തും സന്തോഷകരമായ കാലമായിരുന്നു ഇതെന്നാണ് ജിസേല പിന്നീട് പറഞ്ഞത്.

2011 മുതല്‍ 2020 വരെയുള്ള കാലത്ത് ജിസേലയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഭാരം കുറയാനും മുടി കൊഴിയാനും തുടങ്ങി. ഓര്‍മക്കുറവും ബോധം നഷ്ടമാവലുമെല്ലാം. ഡൊമിനിക് തന്നെയാണ് ഡോക്ടറെ കാണിക്കാന്‍ മുന്‍കൈ എടുത്തത്. ''ബ്രെയിന്‍ ട്യൂമറോ അല്‍ഷൈമേഴ്സിന്റെ തുടക്കമോ ആണെന്നാണ് കരുതിയത്''. എത്ര ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല. അതൊക്കെ ഡൊമിനിക് ഭക്ഷണത്തില്‍ കലര്‍ത്തി കൊടുത്തിരുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളാണെന്ന് പിന്നീടാണ് ജിസേലിന് മനസ്സിലായത്. അപ്പോഴും ഒന്‍പത് വര്‍ഷത്തിലേറെക്കാലമായി അമ്പതിലേറെ ആളുകളാല്‍ താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്നും അതിന്റെ സൂത്രധാരന്‍ തന്റെ പ്രിയപ്പെട്ടവനായിരുന്നുവെന്നും ജെസേലയ്ക്ക് മനസ്സിലായിരുന്നില്ല.
പോലീസ് കണ്ടെത്തിയ ആ ഫോള്‍ഡര്‍
ദമ്പതികളുടെ ജീവിതം അടിമുടി മാറുന്നതിന് കാരണമായത് മറ്റൊരു സംഭവമാണ്. 2020ല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഒളിക്യാമറവെച്ച് സ്ത്രീകള്‍ വസ്ത്രംമാറുന്ന ചിത്രങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ ഡൊമിനിക് അറസ്റ്റിലായി. അന്വേഷണത്തിന്റെ ഭാഗമായി ഡൊമിനിക്കിന്റെ കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോഴാണ് ഒരു സ്ത്രീയുടെ വീഡിയോ പോലീസ് കണ്ടെടുക്കുന്നത്. അബ്യൂസ് എന്ന് പേരിട്ട ഫോള്‍ഡറില്‍ 300-ലേറെ വീഡിയോയും ചിത്രങ്ങളുമാണ് ഇയാള്‍ സൂക്ഷിച്ചത്. ഇതെല്ലാം കൃത്യമായ തിയ്യതികളും ഫയല്‍ നെയിമുകളും ചേര്‍ത്ത് ക്രമീകരിച്ച് സൂക്ഷിച്ച നിലയിലായിരുന്നു. അതിലുള്ളത് ഡൊമിനിക്കിന്റെ ഭാര്യ ജിസേല്‍ ആണെന്ന് അറിഞ്ഞപ്പോള്‍ പോലീസ് ഞെട്ടി. എന്നാല്‍ വീഡിയോയില്‍ ജിസേലിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് ഒരു പുരുഷനല്ല എന്നറിഞ്ഞപ്പോഴായിരുന്നു അവര്‍ കൂടുതല്‍ ഞെട്ടിയത്. ശാസ്ത്രീയ പരിശോധനകളിലൂടെ മനസ്സിലായത് 9 വര്‍ഷത്തിനിടെ അമ്പതിലേറെപ്പേര്‍ പീഡിപ്പിച്ചുവെന്നായിരുന്നു. ഇത്ര ക്രൂരമായ പീഡനം നടന്നിട്ടും ജിസേല്‍ എന്തുകൊണ്ട് പരാതിപ്പെടാനോ അവിടെ നിന്ന് രക്ഷപ്പെടാനോ ശ്രമിച്ചില്ല എന്നതായിരുന്നു പോലീസിനെ കൂടുതല്‍ കുഴക്കിയത്. അവര്‍ ജിസേലിനോട് സംസാരിച്ചു. അപ്പോഴാണ് താന്‍ നേരിട്ട ക്രൂരമായ പീഡനങ്ങള്‍ ജിസേല്‍ അറിഞ്ഞിട്ടില്ലെന്ന യാഥാര്‍ഥ്യം പോലീസ് തിരിച്ചറിയുന്നത്. എന്നാല്‍ പോലീസ് പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാന്‍ പോലും അവര്‍ തയ്യാറായില്ല. ഭര്‍ത്താവ് മാന്യനാണെന്നും ഇങ്ങനെ ചെയ്യില്ലെന്നുമാണ് അവര്‍ പറഞ്ഞത്. ഒടുവില്‍ പോലീസ് വീഡിയോ കാണിച്ചുകൊടുത്തു. ഇത്രയും കാലം ഭര്‍ത്താവ് തന്നെ കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകള്‍ക്ക് ഇരയാക്കുകയായിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ അവര്‍ തകര്‍ന്നുപോയി.

ഇതുപോലൊരു ക്രൂരത തന്റെ ഭാര്യയോട് ചെയ്യാന്‍ ഡൊമിനിക്കിനെ പ്രേരിപ്പിച്ചതെന്താണ് എന്ന കാര്യത്തില്‍ പല വാദങ്ങളുണ്ടെങ്കിലും ഇതിലൊരു തീര്‍പ്പിലെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. ഒരു ദിവസം മൂന്ന് മുതല്‍ പത്ത് ഗുളികകള്‍ വരെയാണ് ഭക്ഷണ ശേഷം ഡൊമിനിക്ക് ഭാര്യയ്ക്ക് കൊടുത്തിരുന്നത്. ഇത്തരത്തില്‍ ആയിരത്തോളം ഗുളികകളാണ് ജിസേലിനെ കൊണ്ട് ഈ കാലയളവില്‍ കഴിപ്പിച്ചത്. തന്റെ സഹോദരാനായ ഡോക്ടര്‍ ജോയല്‍ പെലികോട്ട് ഉള്‍പ്പടെയുള്ളവരില്‍ നിന്നാണ് ഡൊമിനിക്ക് ഈ ഗുളികകള്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ദമ്പതികളുമായി അടുത്ത് ഇടപഴകാറുള്ള ജോയല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഡൊമിനിക് ഈ ഗുളികകള്‍ ദുരുപയോഗിക്കുന്നതോ ജിസേലയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങളോ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നീട് വിചാരണ വേളയില്‍ ജോയല്‍ ഇതിനെ കുറച്ച് പറഞ്ഞത് ഇപ്രകാരമാണ്: അവന് (ഡൊമിനിക്) കുട്ടിക്കാലം മുതല്ക്കേ ഒരു നുണയനും കൗശലക്കാരനുമാണ്. അവനാരെയും എളുപ്പത്തില്‍ കബളിപ്പിക്കാന്‍ സാധിക്കും.

സമാനതകളില്ലാത്ത ക്രൂരപീഡനം
ഭക്ഷണത്തിലും പാനീയത്തിലും കലര്‍ത്തിയാണ് ജിസേലയ്ക്ക് ഡൊമിനിക്ക് ഗുളികകള്‍ നല്‍കിയിരുന്നത്. വൈകാതെ അവര്‍ അബോധാവസ്ഥയിലാകും. ഈ സമയത്താണ് താന്‍ കണ്ടെത്തിയ അപരിചിതരായ പുരുഷന്മാരെ ഡൊമിനിക്ക് വീട്ടിലേക്ക് പ്രവേശിപ്പിക്കുക. ഇന്റര്‍നെറ്റിലൂടെയാണ് ഇയാള്‍ ഇവരെ കണ്ടെത്തിയിരുന്നത്. പെലികോട്ട് ദമ്പതികളുടെ വീടിന്റെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവരായിരുന്നു ഇവര്‍. ഭാര്യയുമായി ശാരീരികബന്ധത്തിന് എത്തുന്നവര്‍ ചില നിബന്ധനകള്‍ പാലിക്കണമെന്നും ഡൊമിനിക് ആവശ്യപ്പെട്ടിരുന്നു. ഉറക്കെ സംസാരിക്കരുത്, വീട്ടിലെ അടുക്കളയില്‍വെച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റണം, പെര്‍ഫ്യൂം ഉപയോഗിക്കരുത്, പുകവലിക്കരുത്, കൈകള്‍ ചൂടുവെള്ളത്തില്‍ കഴുകണം... ഇതൊക്കെയായിരുന്നു നിബന്ധനകള്‍. ഭാര്യയെ മറ്റുള്ളവര്‍ ബലാത്സംഗം ചെയ്യുന്നത് ഡൊമിനിക് നോക്കിനില്ക്കും. വീഡിയോ പകര്‍ത്തുകയും ചെയ്യും. ചിലരോടൊപ്പം ഇയാളും പങ്കാളിയായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ എഴുപതിലേറെപ്പേര്‍ ഒന്‍പത് വര്‍ഷത്തിനിടെ ഇരുന്നൂറിലേറെ തവണ ജിസേലയെ പീഡിപ്പിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതില്‍ 72 പേരുടെ ചിത്രങ്ങള്‍ വീഡിയോയില്‍ നിന്ന് ശേഖരിച്ചു. അതില്‍ 50 പേരെ തിരിച്ചറിഞ്ഞു. ഇവരാണ് ഇപ്പോള്‍ ഡൊമിനിക്കിനൊപ്പം വിചാരണ നേരിടുന്നത്. ഇവരില്‍ 26കാരന് മുതല്‍ 74കാരനായ വൃദ്ധന് വരെയുണ്ട്. ഇക്കൂട്ടത്തിലുള്ള 63കാരനായ റൊമെയ്ന്‍ എച്ച്.ഐ.വി പോസിറ്റീവാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാളെ ആറ് തവണയാണ് ഡൊമിനിക് ജിസേലെയെ ഉപദ്രവിക്കാനായി വീട്ടിലേക്ക് എത്തിച്ചത്.
പ്രതികളില്‍ ഒരാളെ മാത്രമാണ് ജിസേലയ്ക്ക് തിരിച്ചറിയാന്‍ സാധിച്ചത്. ഡൊമിനിക്കിനോട് അയാള്‍ സംസാരിച്ച് നില്‍ക്കുന്നത് കണ്ടതായി അവര്‍ ഓര്‍ക്കുന്നുണ്ട്. ബാക്കിയുള്ളവരെ കണ്ട ഓര്‍മ്മ പോലുമില്ല. പങ്കാളിയെ കൈമാറുന്നതിന് തനിക്ക് താല്പര്യമുണ്ടായിരുന്നെന്നും എന്നാല്‍ ഭാര്യ അതിന് സമ്മതിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഡൊമിനിക്കിന്റെ മൊഴി. പോലീസിനോടും കോടതിയിലും ഡൊമിനിക്ക് കുറ്റം ഏറ്റുപറഞ്ഞു. തുടക്കത്തില്‍ താന്‍ മാത്രമാണ് ജിസേലയെ ബോധം കെടുത്തിയശേഷം ഉപദ്രവിച്ചതെന്നും പിന്നീട് മറ്റുള്ളവരെ കൂടെ ഉള്‍പ്പെടുത്തുകയും ഇത് ചിത്രീകരിക്കുകയുമായിരുന്നെന്നും അയാള്‍ വെളിപ്പെടുത്തി. ഇതിനായി ആരുമായും ഒരു തരത്തിലുള്ള സാമ്പത്തിക ഇടപടുകളും നടത്തിയിട്ടില്ലെന്നും ഡൊമിനിക്ക് കോടതിയില്‍ പറഞ്ഞു. പിന്നീട് കോടതിയിലെ അവസാനഘട്ട വാദങ്ങള്‍ക്കിടയില്‍ തന്റെ തെറ്റുകള്‍ക്ക് പശ്ചാത്തപിക്കുന്നതായും ജിസേലെയും മറ്റ് കുടുംബാംഗങ്ങളും തന്നോട് പൊറുക്കണമെന്നും ഡൊമിനിക് അഭ്യര്‍ഥിച്ചു. എന്നാല്‍ മറ്റ് പ്രതികളില്‍ ഒന്നോ രണ്ടോ പേരൊഴിച്ചുള്ളവര്‍ തങ്ങള്‍ നിരപരാധികളാണെന്നാണ് കോടതിയില്‍ വാദിച്ചത്.

ജിസേലെ- ഫ്രാന്‍സിന്റെ ഫെമിനിസ്റ്റ് മുഖം
ഫ്രാന്‍സില്‍ ഇത്തരം കേസുകളുടെ വിചാരണകള്‍ രഹസ്യമായി നടത്താനുള്ള സംവിധാനമുണ്ടായിരുന്നെങ്കിലും ജിസേലെ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. അമ്പതിലേറെ വരുന്ന പീഡകര്‍ക്ക് മുന്നില്‍ നിര്‍ഭയയായി അവര്‍ നിന്നു. ജിസേലെയ്ക്ക് പിന്തുണയര്‍പ്പിച്ച് കോടതിക്ക് മുന്പില് വലിയ ആള്‍ക്കൂട്ടം പ്രത്യക്ഷപ്പെട്ടു. ജിസേലെ കോടതിയിലേക്ക് വരുമ്പോഴും പോകുമ്പോഴും ജനക്കൂട്ടം അവര്‍ക്കായി ആര്‍ത്തുവിളിച്ചു. ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ പാരീസ് ഉള്‍പ്പടെയുള്ള നിരവധി നഗരങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തി. ബലാത്സംഗ കേസുകളില്‍ ഫ്രാന്‍സിലെ നീതിന്യായ വ്യവസ്ഥയിലുണ്ടാവേണ്ട മാറ്റങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായി. വലിയ അംഗീകാരങ്ങളും അവരെ തേടിയെത്തി. 2024ല്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വനിതകളിലൊരാളായി ബി.ബി.സി അവരെ തിരഞ്ഞെടുത്തു.
Content Highlights: pelicot mass rape trial that shook france
Published: 19 Dec 2024, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented