കൊച്ചി: സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ യുവതിക്ക് മദ്യവും രാസലഹരിയും നൽകിയെന്നും രണ്ടുദിവസം ലോഡ്ജിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തെന്നും പോലീസ് പറയുന്നു. കേസിൽ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്.ആർ. നിവാസിൽ ശ്രീരാജ് (30), കളമശ്ശേരി തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗമായതിനാൽ ഡിഎസ്പിക്കാണ് അന്വേഷണ ചുമതല.

To advertise here,

വെള്ളി, ശനി ദിവസങ്ങളിലായാണ് സംഭവം നടക്കുന്നത്. സ്പായിൽ മാനേജർ തസ്തികയിലേക്ക് ആളെ വേണം എന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഒഎൽഎക്‌സിൽ പരസ്യം കണ്ടാണ് യുവതി സ്പാ നടത്തിപ്പുകാരായ പ്രതികളെ ബന്ധപ്പെട്ടത്. തുടർന്ന് ജോലിക്കായുള്ള അഭിമുഖത്തിനായി ഇടപ്പള്ളിയിലെ ലോഡ്ജിലെത്തി. അഭിമുഖത്തിന് ശേഷം മടങ്ങിയ യുവതിയെ പ്രതികൾ വൈകുന്നേരം വീണ്ടും ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് യുവതിക്ക് ഇവർ മദ്യവും രാസലഹരിയും നൽകി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

Also Read: സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

താൻ നേരിട്ട ദുരനുഭവത്തിന്റെ ആഘാതത്തിലായിരുന്ന യുവതി, പരാതി നൽകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. യുവതിയുടെ കൂട്ടുകാരാണ് പരാതി നൽകിയത്. അതിജീവിതയുടെ വൈദ്യപരിശോധന നടത്തി. ശരീരത്തിൽ ലൈംഗികാതിക്രമത്തിന്റെ ഭാഗമായുള്ള പരിക്കുകളുണ്ടായിരുന്നു. അഭിമുഖത്തിന് ശേഷം ജോലിക്കായി തിരഞ്ഞെടുത്തുവെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് തന്നെ വിളിച്ചതെന്നും അതുകൊണ്ടാണ് താൻ പോയതെന്നുമാണ് യുവതിയുടെ മൊഴി.

അറസ്റ്റിലായ രണ്ട് പ്രതികളേയും റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്. ഇതിൽ ഒരാൾ സ്ത്രീയാണോ ട്രാൻസ്‌ജെൻഡറാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. ലോഡ്ജിൽനിന്ന് യുവതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞ മറ്റൊരാളാണ് പിടിയിലാകാനുള്ള മറ്റൊരാൾ. പ്രതികൾ സെക്‌സ് മാഫിയയിലെ കണ്ണികളാണെന്ന സംശയവും പോലീസിനുണ്ട്.