ഇന്ത്യന്‍ കുടുംബങ്ങളിലെ ടോക്സിക് ഭര്‍ത്താക്കന്മാര്‍! നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പറയുന്നത്
അനീഷ് അഗസ്റ്റിന്
Last Updated: 25 April 2023, 12:05 PM IST
രാജ്യത്തെ വലിയ വിഭാഗം ഭര്‍ത്താക്കന്മാരും സംശയരോഗികളും പങ്കാളിയെ ഭരിക്കുന്നവരുമാണെന്നാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-5 (2019-21) സൂചിപ്പിക്കുന്നത്.
പ്രതീകാത്മക ചിത്രം | Photo: Canva.com
ഐ.ടി. മേഖലയില്‍ ജോലിചെയ്യുന്ന 36 വയസുള്ള സ്ത്രീ, തീവ്ര വിഷാദരോഗവുമായാണ് എന്റെയടുക്കല്‍ ചികിത്സയ്‌ക്കെത്തിയത്. അമ്മയുടെ പ്രമേഹഗുളികകള്‍ അമിതമായി കഴിച്ച് ആശുപത്രിയിലായിരുന്നു അവര്‍. 38 വയസ്സുള്ള, ഐ.ടി. മേഖലയില്‍ത്തന്നെ ജോലി ചെയ്യുന്നയാളാണ് അവരുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് മൂന്നു മാസം ആയപ്പോഴേക്കും ജോലി കഴിഞ്ഞ് ഉടന്‍ വീട്ടില്‍ വരണം, പുറത്തുപോകരുത് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങി അയാള്‍. 'നിന്റെ കമ്പനിയിലെ വായ്‌നോക്കികളൊക്കെ നിന്നെ വിളിച്ചുകൊണ്ട് പോകുന്നതെന്തിനാ' എന്നു പറഞ്ഞ് ഭാര്യ സ്വന്തം സഹപ്രവര്‍ത്തകര്‍ക്കൊന്നിച്ച് ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നതിനെയും വിലക്കി. കമ്പനി മീറ്റിങ്ങുകള്‍ക്ക് ദൂരസ്ഥലങ്ങളില്‍ പോകുന്നതും അയാള്‍ തടഞ്ഞു. ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രം മതി എന്നാണ് പറഞ്ഞത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് കുട്ടിയുണ്ടാകുന്നത്. ഇതിന്റെ പേരിലും ശകാരം കേട്ടു. മറ്റുള്ളവരുടെ മുമ്പില്‍ ഭാര്യയുടെ സംരക്ഷകനായി അഭിനയിച്ചു, വീട്ടിലെത്തിയാല്‍ മര്‍ദനവും. കുട്ടിയുടെ മുന്നില്‍നിന്ന് മ്ലേച്ചമായ
സംസാരവും മര്‍ദനവും തുടങ്ങിയതോടെ ബന്ധുക്കളെ വിവരമറിയിച്ചു. 'ഐ.ടി. മേഖലയില്‍ എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല, ഞാന്‍ അവളുടെ സംരക്ഷണത്തിനു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്' എന്ന് അയാള്‍ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു. പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെ ഭാര്യ വിഷാദത്തിലേക്കെത്തുകയായിരുന്നു. എന്റെയടുക്കല്‍ എത്തിയപ്പോള്‍ അദ്ദേഹത്തെയും ചികിത്സിക്കണം എന്നു മനസിലായി. 'പാരനോയിഡ് പേഴ്‌സണാലിറ്റി ഡിസോഡര്‍' എന്ന അവസ്ഥയായിരുന്നു ഭര്‍ത്താവിന്. രണ്ടു പേരും ചികിത്സയിലാണിപ്പോള്‍.
- ഡോ. അരുണ്‍ ബി. നായര്‍, അസോ. പ്രൊഫ. ഓഫ് സൈക്യാട്രി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്.
ഭര്‍ത്താവ് കണ്‍കണ്ട ദൈവമാണെന്ന് ചെറുപ്പം മുതല്‍ പെണ്‍കുട്ടികളെ പറഞ്ഞുപഠിപ്പിക്കുന്ന രാജ്യത്ത് സംശയരോഗികളും അക്രമകാരികളുമായ ഭര്‍ത്താക്കന്മാര്‍ കൂടിവരുന്നതില്‍ തെല്ലും അത്ഭുതമില്ല. എല്ലാത്തരം ഗാര്‍ഹികപീഡനങ്ങള്‍ക്കും വൈവാഹിക ബലാത്സംഗങ്ങള്‍ക്കുമെതിരെ ശക്തമായ നിയമം നിലവിലുണ്ടെങ്കിലും ഇപ്പോഴും മിക്ക പീഡനങ്ങളും പുറംലോകമറിയാതെ മൂടപ്പെടുകയാണ്. രാജ്യത്തെ ഭര്‍ത്താക്കന്മാരില്‍ ഒരു വലിയ വിഭാഗം പങ്കാളിയെ സംശയിക്കുകയും അവരുടെ മേല്‍ അധികാരം പ്രയോഗിക്കുകയും ചെയ്യുന്നവരാണെന്നാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-5 (2019-21 ( http://rchiips.org/NFHS/nfhs5.shtml ) പറയുന്നത്.
To advertise here,
18-നും 49-നും ഇടയിലുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വേയിലാണ് ഇന്ത്യന്‍ കുടുബങ്ങള്‍ക്കുള്ളിലെ അധികാരപ്രയോഗത്തിന്റെ ഈ ദുരവസ്ഥ വെളിപ്പെട്ടത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭര്‍ത്താക്കന്മാരില്‍ ചിലര്‍ 'വടക്കുനോക്കിയന്ത്ര'ത്തിലെ തളത്തില്‍ ദിനേശനാണെങ്കില്‍ മറ്റുചിലര്‍ 'വെറുതെ ഒരു ഭാര്യ'യിലെ ഓവര്‍സിയര്‍ സുഗുണനാണ്. വേറെ ചിലരാകട്ടെ, ഇവ രണ്ടും ചേര്‍ന്ന സങ്കരവര്‍ഗ്ഗവും!
സര്‍വേയിലൂടെ ലഭിച്ച വിവരങ്ങള്‍
ഭാര്യ മറ്റു പുരുഷന്മാരോട് സംസാരിക്കുന്നതില്‍ അസൂയയും ദേഷ്യവുമുള്ളവര്‍
26%
എപ്പോഴും എവിടെയാണെന്ന് ചോദിച്ചുകൊണ്ടിരിക്കുന്നവര്‍
19%
പെണ്‍സുഹൃത്തുക്കളെ പോലും കാണാന്‍ സമ്മതിക്കാത്തവര്‍
20%
സ്വന്തം വീട്ടില്‍ പോകാന്‍/ വിളിക്കാന്‍ സമ്മതിക്കാത്തവര്‍
16%
നിരന്തരം ഭാര്യയില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍
11%
പണം വിശ്വസിച്ചേല്‍പ്പിക്കാത്തവര്‍
21%
18 ശതമാനം ഭര്‍ത്താക്കന്മാര്‍ക്കെങ്കിലും കുറഞ്ഞത് ഇവയില്‍ മൂന്നു പ്രശ്‌നങ്ങളെങ്കിലുമുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ പറയുന്നു. 54 ശതമാനം പേര്‍ക്ക് ഈ പ്രശ്‌നങ്ങളിലൊന്നുമില്ലതാനും.
പ്രായമാണ് പ്രശ്‌നം!
പ്രായത്തിനനുസരിച്ച് ഭർത്താക്കൻമാരുടെ സംശയരോഗത്തിലും മാറ്റമുണ്ടെന്നാണ് സർവ്വേ പറയുന്നത്. ഭാര്യമാര്‍ യുവതികളായിരിക്കുമ്പോഴാണ് ഭരണവും സംശയവും കൂടിവരിക. ഭാര്യയുടെ പ്രായം പതിനെട്ടോ പത്തൊമ്പതോ ഒക്കെയാണെങ്കില്‍ 20% ഭര്‍ത്താക്കന്മാരും മുകളില്‍പ്പറഞ്ഞതില്‍ മൂന്നു സ്വഭാവദൂഷ്യമെങ്കിലും കാണിക്കും. എന്നാല്‍ 40-49 വയസ്സെത്തിയാല്‍ ഇത് 17 ശതമാനമായി കുറയുന്നു.
സ്‌കൂളില്‍ പോയിട്ടില്ലാത്ത സ്ത്രീകള്‍ക്കാണ് കൂടുതല്‍ ഭര്‍തൃഭരണം സഹിക്കേണ്ടിവരുന്നതെന്നാണ് സര്‍വേ പറയുന്നത്. ഇവരുടെ ഭര്‍ത്താക്കന്മാരില്‍ 22% പേര്‍ മേല്‍പ്പറഞ്ഞ മൂന്നു സ്വഭാവ വൈകല്യങ്ങളെങ്കിലും കാണിക്കുന്നു. പ്ലസ് ടു വിനു മുകളില്‍ പഠിച്ചിട്ടുള്ളയാളാണ് ഭാര്യയെങ്കില്‍ കളി മാറി. 12% ഭര്‍ത്താക്കമാരെ അവരെ ഭരിക്കാന്‍ നില്‍ക്കാറുള്ളു. പ്രാഞ്ചിയേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ഈ എഡ്യൂക്കേഷന്റെ പവ്വറ് ഒന്നു വേറെ തന്യാട്ടാ'.
വിദ്യാഭ്യാസം കൂടുന്നതനുസരിച്ച് നിയന്ത്രണം കുറയുമെന്നത് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീകളില്‍ ആണധികാരം പ്രയോഗിക്കുന്നവര്‍ കുറവല്ലെന്ന വസ്തുതയും സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്. ജോലിയുള്ള സ്ത്രീകളുടെ മേലാണ് ജോലിയില്ലാത്തവരേക്കാള്‍ നിയന്ത്രണങ്ങള്‍ ഭര്‍ത്താക്കന്മാര്‍ അടിച്ചേല്‍പ്പിക്കുന്നത്. യഥാക്രമം 20%, 17% ഭര്‍ത്താക്കന്മാരാണ് നിയന്ത്രണക്കാര്‍.
ജാതിയുമില്ല, മതവുമില്ല
ഭാര്യയുടെ മേല്‍ അധികാരം പ്രയോഗിക്കുന്ന കാര്യത്തില്‍ ജാതി- മത വ്യത്യാസങ്ങളില്ലെന്നാണ് സര്‍വേ കണ്ടെത്തല്‍.മതവിഭാഗങ്ങളില്‍ ഹിന്ദു, മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലാണ് കൂടുതല്‍ ഭര്‍തൃഭരണം- 19%. മറ്റു മതവിഭാഗങ്ങളില്‍ ക്രിസ്ത്യന്‍-11%, സിക്ക്- ഏഴ് %, ബുദ്ധിസ്റ്റ്-13%, ജൈന്‍- 8% എന്നിങ്ങനെയും പോകുന്നു കണക്കുകള്‍. പട്ടികവിഭാഗങ്ങളില്‍ പട്ടികജാതിയിലാണ് കൂടുതല്‍- 21%. പട്ടിക വര്‍ഗത്തില്‍ 17 ശതമാനവും മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ 19 ശതമാനവുമാണ്.
സ്ത്രീ സ്വാതന്ത്ര്യത്തിൽ ഗ്രാമീണ നന്മയെന്നൊന്നില്ല
ഇണക്കങ്ങളും പിണക്കങ്ങളും കൊച്ചുപരിഭവങ്ങളുമുള്ള സന്തുഷ്ട കുടുംബത്തിന്റെ ടിപ്പിക്കല്‍ സെറ്റപ്പല്ല ഗ്രാമങ്ങളിലെ യഥാര്‍ഥ്യമെന്ന് സര്‍വേ പറയുന്നുണ്ട്. നഗരങ്ങളിലേക്കാള്‍ ആണധികാരം പ്രയോഗിക്കുന്നവര്‍ ഗ്രാമങ്ങളിലാണ്. 20% ഭര്‍ത്താക്കന്മാരാണ് ഗ്രാമത്തില്‍ ആണധികാരികള്‍. നഗരങ്ങളില്‍ ഇത് 15 ശതമാനവുമാണ്.
ഇന്ദുചൂഡനും നല്ലവനായ ഉണ്ണിയും
'വെള്ളമടിച്ച് കോണ്‍തെറ്റി പാതിരായ്ക്ക് വീട്ടില്‍ വന്ന് കേറുമ്പോള്‍ സ്ഥിരം ഭാര്യയെ ചെരുപ്പൂരി കാലുമടക്കി തൊഴിക്കുന്ന'വർ രാജ്യത്ത് 71 ശതമാനമുണ്ട്. ഭര്‍തൃപീഡകരില്‍ ഭൂരിഭാഗവും മദ്യം കഴിക്കുന്നവരാണെന്ന് സര്‍വേ പറയുന്നു. ഉള്ളിലെ മദ്യത്തിന്റെ തീവ്രതയനുസരിച്ച് പീഡനവും കൂടിക്കൊണ്ടിരിക്കും. സോഷ്യല്‍ ഡ്രിങ്കിങ് നടത്തുകയും എന്നാല്‍ ഒരിക്കലും അമിതമായി മദ്യപിക്കാത്തവരുമായവരില്‍ 3%, വല്ലപ്പോഴും മാത്രം അമിതമായി മദ്യപിക്കുന്നവരില്‍ 46% ഭാര്യയെ ഉദ്രവിക്കുന്നവരാണ്. മദ്യം കഴിക്കുന്നവര്‍ മാത്രമല്ല, മദ്യപാനികളല്ലാത്തവരിൽ ഭാര്യയെ തല്ലുന്നവർ 23 ശതമാനമാണ്.
"ഏട്ടനല്ലേ, തല്ലിക്കോട്ടെ!"
ഭര്‍ത്താക്കന്മാര്‍ ഉപദ്രവിക്കുന്നതിന് പറയുന്ന ന്യായീകരണങ്ങളോട് യോജിപ്പു പ്രകടിപ്പിക്കുന്ന ഭാര്യമാരുമുണ്ട് നമ്മുടെ നാട്ടില്‍...! ന്യായീകരണങ്ങളോട് യോജിക്കുന്ന 40 ശതമാനത്തിലേറെ ഭാര്യമാര്‍ക്ക്, എതിര്‍ക്കുന്ന 23 ശതമാനത്തേക്കാള്‍ കൂടുതല്‍ പീഡനങ്ങളാണ് ഏല്‍ക്കേണ്ടിവരുന്നത്. ഭര്‍ത്താവിനെ പേടിയാണെങ്കിലും സ്ഥിതി ഇതുതന്നെ. പേടിച്ചിരിക്കുന്നവര്‍ക്ക് ഏല്‍ക്കേണ്ടി വരുന്നത് വലിയ പീഡനങ്ങളാണ്. ഭര്‍ത്താവിനെ പേടിയില്ലാത്തവരില്‍ ആറിലൊരാള്‍ക്കേ പീഡനമേല്‍ക്കേണ്ടി വരുന്നുള്ളു. എന്നാല്‍, പേടിയുള്ളവരില്‍ രണ്ടിലൊരാള്‍ക്ക് ഇത് സഹിക്കേണ്ടിവരുന്നുണ്ട്.
ഭയം വേണ്ട, ജാഗ്രത മതി
ഭര്‍ത്താക്കന്മാരെ പേടിയുള്ള ഭാര്യമാരുടെ മേല്‍ നിയന്ത്രണങ്ങള്‍ കൂടുതലായിരിക്കുമെന്നാണ് സര്‍വേ കണ്ടെത്തല്‍. ഭയം, നിയന്ത്രണങ്ങള്‍ കൂടാനുള്ള വളമായി മാറുമെന്ന് സാരം. എല്ലായ്‌പ്പോഴും തങ്ങളെ ഭയക്കുന്ന ഭാര്യമാരുടെ മേല്‍ 41% ഭര്‍ത്താക്കന്മാരും ആണധികാരപ്രയോഗം നടത്തുന്നു. എന്നാല്‍, ഭയമില്ലാത്തവരുടെമേല്‍ 10% ഭര്‍ത്താക്കന്മാരേ ഭരണവുമായി വരുന്നുള്ളൂ. പേടിച്ചിരുന്നാല്‍ അധികാരപ്രയോഗം മൂന്നു മടങ്ങായി കൂടും എന്ന് സാരം. ഭാര്യാപീഡനത്തിന്റെ ആദ്യപടിയാണ് സംശയവും നിയന്ത്രണമേര്‍പ്പെടുത്തലെന്നും സര്‍വേ ഓര്‍മ്മിപ്പിക്കുന്നു. അപ്പോള്‍ ഭര്‍ത്താവിനെ ഭയന്നു കഴിഞ്ഞാല്‍ ഭരണം ശാരീരിക,മാനസിക,ലൈംഗീക പീഡനങ്ങളിലേക്ക് വഴിമാറാന്‍ അധികനാള്‍ വേണ്ടി വരില്ല. അതിനാല്‍ ഭയം വേണ്ട, ജാഗ്രത മതി.
നിയന്ത്രണങ്ങള്‍ പീഡനമാകുന്ന വഴി
ഭര്‍തൃഭരണവും സംശയവും പീഡനത്തിലേക്ക് വഴിമാറാന്‍ അധികകാലം വേണ്ടിവരില്ല. ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ സഹിക്കേണ്ടിവരുന്നവരാണ് 32% സ്ത്രീകളും. സുരക്ഷിതമെന്ന് പൊതുവെ കരുതപ്പെടുന്ന കുടുംബങ്ങള്‍ക്കകത്ത് നടക്കുന്നത് പലപ്പോഴും കഠിനമായ പീഡനങ്ങളാണ്.
ഭാര്യയെ അടിക്കുന്നവരാണ് ഭര്‍ത്താക്കന്മാരില്‍ നാലിലൊന്നും. അടിയില്‍ തുടങ്ങി കൈയ്യില്‍ കിട്ടുന്നതുവെച്ച് എറിയുകവരെ ചെയ്യുന്നവര്‍ 12 ശതമാനമുണ്ട്. 32% ഭര്‍ത്താക്കന്മാരും ശാരീരിരികവും മാനസികവും ലൈംഗികവുമായി ഭാര്യയെ പീഡിപ്പിക്കുന്നവരാണ്, 27% ഇവയില്‍ എതെങ്കിലും തരത്തിലും. 3% സ്ത്രീകള്‍ക്ക് ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ഭര്‍ത്താവിന്റെ പീഡനമേല്‍ക്കേണ്ടി വരുന്നുണ്ട്.
പ്രായമേറിയവരാണ് കൂടുതല്‍ ലൈംഗികപീഡനത്തിനിരയാകുന്നത്. 18-24 വയസുള്ളവരില്‍ നാല് ശതമാനവും 30 മുകളില്‍ ഏഴു ശതമാനവും പീഡനത്തിനിരയാകുന്നു. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലും ഈ മാറ്റം കാണാം. പ്ലസ് ടു വരെയെങ്കിലും പഠിച്ചവര്‍ ഏല്‍ക്കേണ്ടിവരുന്ന ലൈംഗിക പീഡനത്തിന്റെ (3%) മൂന്നിരട്ടിയാണ് വിദ്യാഭ്യാസം ലഭിക്കാത്തവര്‍ക്ക് (9%) ഏല്‍ക്കേണ്ടിവരുന്നത്.
ശാരീരിക, മാനസിക പീഡനങ്ങളെയും നിയന്ത്രിക്കുന്നതില്‍ വിദ്യാഭ്യാസം വലിയ പങ്കുവഹിക്കുന്നുണ്ട്. ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ വിദ്യാഭ്യാസം കൂടുന്നതനുസരിച്ച് പീഡനങ്ങളും കുറയുന്നു. പ്ലസ് ടു വിനു മുകളില്‍ പഠിച്ച ഭര്‍ത്താക്കന്മാര്‍ ചെയ്യുന്നതിന്റെ (22 ശതമാനം) ഇരട്ടിയാണ് വിദ്യാഭ്യാസം ലഭിക്കാത്തവര്‍ ചെയ്യുന്നത് (43%). രണ്ടു പേര്‍ക്കും ഒരേ പോലെ വിദ്യാഭ്യാസമുള്ള സാഹചര്യങ്ങളിലും പീഡനങ്ങള്‍ കുറയുന്നുണ്ട്. എന്നാല്‍, രണ്ടു പേര്‍ക്കും വിദ്യാഭ്യാസമില്ലാത്തപ്പോള്‍ പീഡനങ്ങള്‍ ഇരട്ടിയാകുന്നു. ശാരീരിക ഉപദ്രവത്തിന് തുടക്കമിടുന്ന നാലു ശതമാനം ഭാര്യമാര്‍ ഉണ്ടെന്നും സര്‍വേ പറയുന്നു. എന്നാല്‍ ഭര്‍ത്താക്കന്മാരുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് തുലോം തുച്ഛമാണ്.
'ഞങ്ങള്‍ക്ക് സംരക്ഷണം വേണ്ട'
സ്‌നേഹത്തിന്റെയും ജനാധിപത്യത്തിന്റേയും അടിസ്ഥാനത്തിലാണ് മിക്കവാറും പ്രണയങ്ങളും ദാമ്പത്യങ്ങളും തുടങ്ങുന്നതെങ്കിലും ക്രമേണ അതില്‍ പുരുഷാധിപത്യത്തിന്റെ ഘടകങ്ങള്‍ കടന്നുവരാറുണ്ട്. പുരുഷന്റെ ആജ്ഞാനുസരണവും നിയന്ത്രണത്തിലുമാവണം സ്ത്രീയുടെ എല്ലാ ചലനങ്ങളും എന്നൊരു ബോധ്യം വളരെ ചെറുപ്രായത്തില്‍ത്തന്നെ മനസില്‍ അടിഞ്ഞു കൂടുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ക്രമേണ കടന്നുവരുന്നത്. സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു എന്ന വ്യാജേനയാണ് നിയന്ത്രണങ്ങള്‍ കടന്നുവരുന്നത്. ഈ അവസ്ഥ മറികടക്കേണ്ടത് അത്യാവശ്യമാണ്. ബന്ധത്തില്‍ ജനാധിപത്യം നഷ്ടപ്പെടുന്നു എന്നു തോന്നിയാല്‍ വ്യക്തമായി അത് പങ്കാളിയോട് സംസാരിക്കുക. ആദ്യഘട്ടത്തില്‍ത്തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ച്, നിലപാട് വ്യക്തമാക്കി സ്വന്തം സ്‌പെയ്‌സ് ഉണ്ടാക്കിയെടുക്കണം.
വിവാഹപൂര്‍വ കൗണ്‍സിലിങുകളുടെ പ്രാധാന്യം
വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങുകളൊന്നും കൃത്യമായി നടക്കാറില്ല. ചില മതവിഭാഗങ്ങളില്‍ ഉണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ക്കൊന്നും ശ്രദ്ധ കൊടുക്കുന്നില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ശാസ്ത്രീയമായ വിവാഹപൂര്‍വ്വ കൗണ്‍സലിങ് വേണമെന്ന നിബന്ധന വേണം. കൗണ്‍സലിങ്ങില്‍ ജനാധിപത്യം, സമത്വം, പരസ്പര ബഹുമാനം തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കണം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന സ്ഥിതി വരണം. എങ്കിലേ ഒരു പരിധിവരെയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. '
- ഡോ. അരുണ്‍ ബി. നായര്‍, അസോ. പ്രൊഫ. ഓഫ് സൈക്യാട്രി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്.
ലിംഗജനാധിപത്യം ചെറുപ്പത്തില്‍ത്തന്നെ കുഞ്ഞുങ്ങളുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കേണ്ടതാണ്. നമ്മുടെ വിദ്യാഭ്യാസ പദ്ധതിയിയിലും ഇത് ഉള്‍പ്പെടുത്തണം. സ്ത്രീയും പുരുഷനും ട്രാന്‍സ്‌ജെന്‍ഡറുമെല്ലാം ഒരേപോലെ സംരക്ഷണവും പരിഗണനയും അര്‍ഹിക്കുന്നവരാണെന്നുവേണം കുട്ടികളോട് വിനിമയം ചെയ്യാന്‍. അല്ലാതെ സ്ത്രീയ്ക്ക് പ്രത്യേക സംരക്ഷണം വേണം, പുരുഷന് പ്രത്യേക സ്വാതന്ത്ര്യമുണ്ട് എന്ന തരത്തില്‍ വിവേചനം പാടില്ല. വീട്ടില്‍ കുട്ടികളോട് ഇടപഴകുമ്പോഴും വിവേചനം പാടില്ല. വീട്ടുജോലികളടക്കം എല്ലാ കാര്യങ്ങളും തുല്ല്യമായി പങ്കുവെവെക്കണം. തുല്ല്യമായ സംരക്ഷണവും പരിഗണനയുമാണ് വേണ്ടത് എന്ന ബോധ്യം ചെറുപ്പത്തിലേ മനസിലുറപ്പിക്കണം.
Content Highlights: national family health survey says more than half of indian husbands are either coercive or doubtful
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Most Commented