മലയാള ടെലിവിഷനില്‍ മെഗാ പരമ്പരകള്‍ നിരോധിച്ച് എപ്പിസോഡുകളുടെ എണ്ണം ഇരുപതോ മുപ്പതോ ആയി പരിമിതപ്പെടുത്തണമെന്നും അവയുടെ ഉള്ളടക്കം സെന്‍സര്‍ ചെയ്യണമെന്നും ശുപാര്‍ശ ചെയ്യുന്ന വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മാതൃഭൂമി പത്രം പുറത്തു വിട്ടിരുന്നു. 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ തിരുവനന്തപുരം. കോട്ടയം, മലപ്പുറം ജില്ലകളിലെ കൗമാരക്കാരായ നാനൂറു പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് മുന്‍ വനിതാകമ്മീഷന്‍ ഈ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. മെഗാസീരിയലുകള്‍ നിരോധിക്കണം എന്നു കരുതുന്നില്ല, പക്ഷേ, സെന്‍സര്‍ ചെയ്യേണ്ടതാണ് എന്ന് നിലവിലെ വനിതാകമ്മീഷന്‍ അധ്യക്ഷ പി.സതീദേവി വ്യക്തമാക്കിയിട്ടുണ്ട്. മെഗാസീരിയലുകളെ നിയന്ത്രിക്കേണ്ടതുണ്ടോ? പ്രശസ്ത മനോരോഗവിദഗ്ധര്‍ സംസാരിക്കുന്നു...

To advertise here,

നിയന്ത്രണം ആവശ്യമാണ്, പക്ഷേ വിപുലമായ പഠനം നടത്തണം 

ടെലിവിഷന് മുമ്പുള്ള കാലത്തില്‍ നിന്നും ഇന്നത്തെ കാലത്തിലേക്കുള്ള മാറ്റം, നമ്മുടെ ജീവിതത്തിലും രീതികളിലുമെല്ലാം വന്ന മാറ്റം നന്നായി മനസ്സിലാക്കിയാലേ പരിഹാരം സാധ്യമാവൂ. ജനങ്ങള്‍ക്ക് താത്പര്യമുള്ള ഉത്പന്നങ്ങളാണ് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത്. കാരണം ജനങ്ങള്‍ കണ്ടാല്‍ മാത്രമേ റേറ്റിംഗ് ഉണ്ടാവൂ, പരസ്യം കിട്ടൂ, വില്‍പ്പന നന്നാവൂ. ജനത്തിന് കാണാന്‍ താല്പര്യം ഇല്ലെങ്കില്‍ ഈ അനാരോഗ്യകരമായ ചിത്രീകരണങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവില്ല. പരമ്പരകളില്‍ കാണുന്ന വളരെ നിഷേധാത്മക സ്വഭാവമുള്ള കഥാപാത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്കിഷ്ടമാണ്. അന്യന്റെ വീട്ടിലേക്ക് എത്തിനോക്കുന്ന, ആസ്വദിക്കുന്ന പ്രവണതയുണ്ട്. അതിനാല്‍ കുടുംബ പ്രശ്നങ്ങളും അമ്മായിയമ്മപ്പോരും പരപുരുഷബന്ധവും പരസ്ത്രീ ഗമനവും വിവാഹപൂര്‍വ്വ ബന്ധവും അച്ഛനെ അറിയാത്ത കുട്ടിയും അച്ഛനെയും അമ്മയെയും അറിയാത്ത കുട്ടിയും അച്ഛനും അമ്മയ്ക്കും അറിയാത്ത കുട്ടിയുമൊക്കെ ഇതിവൃത്തമാവുന്നു.

'ഡിജിറ്റല്‍ കൊക്കെയിന്‍' എന്ന പ്രശസ്തമായ പുസ്തകത്തില്‍ വീഡിയോ ഗെയിമുകള്‍ കളിക്കുന്നത് കൊക്കെയിന്‍ ഉപയോഗിക്കുന്നതിനു തുല്യമായ അഡിക്ഷന്‍ സൃഷ്ടിക്കുന്നു എന്നു ഗ്രന്ഥകര്‍ത്താവ് ബ്രാഡ് ഹഡില്‍സ്റ്റണ്‍ വ്യക്തമാക്കുന്നു മെഗാസീരിയലുകളും അത്തരത്തില്‍ അഡിക്ഷന്‍ ഉണ്ടാക്കുന്നു. അടുത്ത ലക്കത്തിലെ കഥ എന്താണ് എന്നറിയാന്‍ ആകാംക്ഷ നിലനിര്‍ത്തി പോകുന്ന രീതിയാണ് തുടരന്‍ നോവലുകളില്‍. സീരിയലുകളില്‍ ദിവസേന ആ ആകാംക്ഷ നിലനിര്‍ത്തേണ്ടി വരുന്നു. ഈ ആകാംക്ഷ ഒരുതരം അഡിക്ഷന്‍ തന്നെ. സീരിയലുകള്‍ നിയന്ത്രിച്ചാല്‍ വലിയ മെച്ചമുണ്ടാവുമോയെന്നറിയില്ല. റിപ്പീറ്റ് ടെലികാസ്റ്റ് നിര്‍ത്തിയാലും മെച്ചമുണ്ടാകാനിടയില്ല. കാരണം ചാനലിന്റെ സൈറ്റില്‍ പോയാല്‍ കിട്ടുമല്ലോ. റിപ്പീറ്റ് ടെലികാസ്റ്റ് നിര്‍ത്തിയാല്‍ അത് ബാധിക്കുന്നത് സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്ത ചെറിയ ശതമാനം ആള്‍ക്കാരെ മാത്രമേ ബാധിക്കൂ.

ഈ പഠനത്തിന് തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളെ തിരഞ്ഞെടുത്തത് എന്തു രീതിശാസ്ത്രം അനുസരിച്ചാണെന്നതും സാംപിള്‍ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്തായിരുന്നുവെന്നതും അറിയണം. 400 കൗമാരക്കാരുടെ അഭിപ്രായം ആരാഞ്ഞ ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടു വെച്ച് സമൂഹത്തിനാകെ ബാധകമായ മാറ്റങ്ങള്‍ വരുത്താമോ എന്നത് ആലോചിക്കണം. എല്ലാവരെയും പ്രതിനിധീകരിക്കാത്ത സാമ്പിള്‍ ഉപയോഗിച്ച് കിട്ടുന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ശുപാര്‍ശ നടപ്പാക്കാമോ? നിയന്ത്രണം ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. ഉള്ളടക്കം നിരീക്ഷിക്കുക, നിയന്ത്രിക്കുക, വേണമെങ്കില്‍ മാറ്റം വരുത്തുക എന്നിവയാകാം. നിയന്ത്രണങ്ങള്‍ ആവശ്യമാണ്, പക്ഷേ നടപ്പാക്കും മുമ്പ് വിപുലമായ പഠനങ്ങള്‍ നടത്തണം.  

placeholder
ഡോ മോഹാൻ റോയി

ഇക്കാര്യത്തില്‍ സര്‍ക്കാരിന് എത്രത്തോളം ഇടപെടാന്‍ ആകുമെന്നത് ആലോചിക്കേണ്ട കാര്യമാണ്. രണ്ടര മണിക്കൂര്‍ സിനിമയില്‍ 32 തവണ മദ്യപാനരംഗം കാണിച്ചിട്ട് ചുവട്ടില്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിവെച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ? 1980'കളിലെ പിരീഡ് സിനിമയില്‍ കാര്‍ യാത്ര കാണിക്കുമ്പോള്‍ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമെന്ന് എഴുതിക്കാണിച്ചിട്ടു കാര്യമില്ലല്ലോ. അത് പൊട്ടത്തരമാണ്. അതിനാല്‍, നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ ഒരു ബോധം അത്യാവശ്യമാണ്. മാത്രമല്ല, പുറത്തുനിന്ന് വരുന്ന ഉള്ളടക്കത്തെ ആരാണ്, എങ്ങനെയാണ് നിയന്ത്രിക്കുക? അതായത്, ഡിജിറ്റല്‍ ലോകത്തെ നമ്മുടെ സാധ്യതകള്‍ മാത്രമല്ല, പരിമിതികളും അറിഞ്ഞിരിക്കണം.

ഡോ. മോഹന്‍ റോയ്
(മനശാസ്ത്രവിഭാഗം തലവന്‍, കൊല്ലം മെഡിക്കല്‍ കോളജ്)

മെഗാസീരിയലുകള്‍ കുട്ടികളെ ഹാനികരമായി ബാധിക്കുന്നുണ്ട് 

രണ്ടു ദശകമായി ഞാന്‍ പഠിക്കുന്ന വിഷയങ്ങളില്‍ ഒന്നാണിത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ കൗമാരപ്രായക്കാര്‍ക്ക് വേണ്ടി 'ഉണര്‍വ്' എന്ന പദ്ധതി നടത്തിയിരുന്നു. മെഗാസീരിയലുകള്‍ കുട്ടികളെ ഹാനികരമായി ബാധിക്കുന്നുണ്ട് എന്നു തന്നെയാണ് പഠനങ്ങളില്‍ നിന്ന് മനസ്സിലായത്. കൗമാരക്കാരെ ആകര്‍ഷിക്കുന്ന രീതിയിലാണ് സീരിയലുകള്‍ ഉള്ളടക്കം രൂപപ്പെടുത്തുന്നത്. കുറ്റവാളി സംഘങ്ങളെ പോലെ ഒരുമിച്ച് നടന്ന് കുറ്റവാസന പ്രകടിപ്പിക്കുക, പിയര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് അക്രമങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ ഇതിവൃത്തങ്ങള്‍ പതിവാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സംപ്രേഷണം ചെയ്തിരുന്ന ഫൈവ് ഫിംഗേഴ്സ് എന്ന സീരിയല്‍ ഉദാഹരണം. ഇതില്‍ കൗമാരക്കാരായ കുട്ടികള്‍ ഒരുമിച്ചു നടക്കുന്നതും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും ആണ് തീം.

ഇത്തരം ഉള്ളടക്കം പരിശോധിക്കാന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സി വേണം. ഇത് പലയിടത്തും ഞാന്‍ പറഞ്ഞിട്ടുണ്ട്. തൊട്ടുമുമ്പത്തെ മന്ത്രിസഭയുടെ കാലത്ത്, ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ടെലിവിഷന്‍ പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മറ്റിയെ വച്ചിരുന്നു, ഒരു തവണ എന്നെയും വിളിച്ചിരുന്നു. പിന്നെ എന്തായെന്ന് അറിയില്ല. സീരിയലുകള്‍ നിരോധിക്കണം എന്ന് പറയാന്‍ എനിക്കാവില്ല, പക്ഷേ കണ്ടന്റ് പരിശോധിക്കേണ്ടത് തന്നെയാണ്, സെന്‍സര്‍ ചെയ്യേണ്ടതാണ്. കൗമാരക്കാര്‍ക്ക് തെറ്റായ വഴി കാണിക്കുന്ന ഒരുപാട് സിനിമകള്‍ ഇറങ്ങുന്നുണ്ട്. ആ നിലക്ക് സീരിയലുകള്‍ മാത്രം നിരോധിക്കുന്നത് ശരിയല്ല.

placeholder
ഡോ. ആര്‍. ജയപ്രകാശ്

ഒരു ദിവസം സംപ്രേഷണം ചെയ്യുന്ന പരമ്പരകളുടെ എണ്ണം ചുരുക്കണമെന്ന ശുപാര്‍ശ നല്ലതാണ്. വൈകിട്ട് ഏഴു മുതല്‍ ഒമ്പതു വരെ സീരിയലുകള്‍ നിരോധിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.  മാരാരിക്കുളം ഗ്രാമപഞ്ചായത്തില്‍ പഠനവൈകല്യമുള്ള കുട്ടികള്‍ക്കായി 'മാനസ' എന്ന പ്രോജക്ട് മുമ്പ് ചെയ്തിട്ടുണ്ട്. അവിടെ പഠന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി വൈകിട്ട് ഏഴു മുതല്‍ ഒമ്പതു വരെ ടി.വിയില്‍ മെഗാ സീരിയലുകള്‍ വയ്ക്കില്ല എന്ന് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. പൊതുവേ കുട്ടികള്‍ പഠിക്കുന്ന സമയമാണത്.

ഡോ. ആര്‍. ജയപ്രകാശ്
(പീഡിയാട്രിക്സ് പ്രൊഫസറും ചൈല്‍ഡ് സൈക്കിയാട്രിസ്റ്റും, ബിഹേവിയറല്‍ പീഡിയാട്രിക്സ് യൂണിറ്റ് മേധാവി - തിരുവനന്തപും മെഡിക്കല്‍ കോളജ്)

സീരിയല്‍ അഡിക്ഷനും പോണ്‍ മൂവി അഡിക്ഷനും

അനുകരിക്കാനുള്ള വാസനയുണ്ട മനുഷ്യന്. സെലിബ്രിറ്റികളെ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിന്റെ കാരണം അതാണ്. അനുകരണം മാത്രമല്ല ഇന്‍ഫ്ളുവന്‍സും ഉണ്ട്. സിനിമയില്‍ പുകവലിയും മദ്യപാനവും ആപല്‍ക്കരം ആണെന്ന് മുന്നറിയിപ്പ് കൊടുക്കുന്നത് അതുകൊണ്ടാണ്. താരങ്ങളെ ആരാധിക്കുന്നതിനൊപ്പം അവരെ അനുകരിക്കാനും കൗമാരപ്രായക്കാരില്‍ വ്യഗ്രത കൂടും. സീരിയലുകളുടെ കാര്യത്തിലും അതുപോലെ തന്നെ.

സീരിയലുകള്‍ വീട്ടില്‍ കുടുംബ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഓരോ മുറിയിലും പ്രത്യേകം ടി.വിയുള്ള അവസ്ഥ പൊതുവേ ഇല്ലാത്തതിനാല്‍ ടി.വി വെക്കുമ്പോള്‍ വീട്ടിലുള്ള എല്ലാവരെയും അത് സ്വാധീനിച്ചേക്കാം. പലപ്പോഴും പുരുഷന്മാര്‍ വന്നു പരാതി പറയാറുണ്ട്, സ്ത്രീകള്‍ മണിക്കൂറുകളോളം ടെലിവിഷനു മുന്നിലാണ,  തീരാതെ എഴുന്നേല്‍ക്കില്ല എന്ന്. വയോജനങ്ങളുടെ സീരിയല്‍ അഡിക്ഷന്‍ വലിയൊരു പ്രശ്നമാണ്. കാരണം മറ്റൊരു ചാനലും മറ്റൊരു പരിപാടിയും കാണാന്‍ മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നുവെന്ന നിരാശ മരുമക്കളില്‍ പൊതുവേ കാണുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഇഷ്ടമാകുന്നുണ്ടോ എന്ന ചോദ്യം ഉദിക്കുന്നേയില്ല. അടുത്ത ഭാഗത്തിലെന്താണ് എന്നറിയാനുള്ള വ്യഗ്രത ഓരോ ദിവസവും കൂടും. ഈ ആകാംക്ഷ കാരണമാണ് അഡിക്ഷനും ഉണ്ടാകുന്നത്. സിനിമയില്‍ അത്രയ്ക്കും പ്രശ്നമുണ്ടാകുന്നില്ല, രണ്ടര, മൂന്ന് മണിക്കൂറില്‍ സിനിമ തീരുമല്ലോ. മെഗാപരമ്പര മാസങ്ങളും വര്‍ഷങ്ങളും നീളുന്നതിനാല്‍ അത് കണ്ടുകൊണ്ടിരിക്കാനുള്ള പ്രവണതയും ആഗ്രഹവും കൂടും. മദ്യം കിട്ടിയില്ലെങ്കില്‍ കൈവിറയ്ക്കും എന്ന് പറയുന്ന പോലെ പരമ്പരയുടെ സമയത്ത് കറണ്ട് പോവുകയോ, സംപ്രേഷണം മുടങ്ങുകയോ ചെയ്താല്‍ അസ്വസ്ഥതയാവും, ദേഷ്യം വരും.

ഈ സീരിയല്‍ അഡിക്ഷനും പോണ്‍ മൂവി അഡിക്ഷനുമൊക്കെ ബിഹേവിയറല്‍ അഡിക്ഷന്‍ എന്ന വിഭാഗത്തില്‍ വരുന്നതാണ്. എല്ലാവര്‍ക്കും ഈ പ്രശ്നമില്ല. നമ്മുടെ ധാര്‍മിക മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്ന ബോധ്യമുള്ളവര്‍ക്ക് എന്ത് കണ്ടാലും കേട്ടാലും കുഴപ്പമില്ല. മദ്യപാനമോ മയക്കുമരുന്ന് ഉപയോഗമോ ഒന്നും വിഷയമല്ല. പക്ഷേ ചെറിയൊരു ശതമാനം ദുര്‍ബലമനസ്‌കരെ അത് ദോഷകരമായി ബാധിക്കും. മനോവൈകല്യങ്ങളുള്ളവരുടെ കാര്യവും അപ്രകാരം തന്നെ. ബന്ധങ്ങള്‍ക്ക് വിലയില്ലാതാകും, അല്ലെങ്കില്‍ ഇങ്ങനെയാണ് ബന്ധങ്ങള്‍ വേണ്ടത് എന്നൊരു തെറ്റിദ്ധാരണ ഉണ്ടാകാന്‍ പോലും സീരിയല്‍ അഡിക്ഷന്‍ കാരണമായേക്കും. പുകവലിയും മദ്യപാനവും പോലെ തന്നെ മറ്റൊരു തരത്തില്‍ ഹാനികരമാകുന്ന ചില മാതൃകകളാണ് ഈ മെഗാപരമ്പരകളില്‍ പലപ്പോഴും കാണിക്കുന്നത്. ഈ പരമ്പരകളില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളാനായി പോസിറ്റീവായ യാതൊന്നുമില്ല.

placeholder
ഡോ. എൽസി ഉമ്മൻ

മെഗാപരമ്പരകള്‍ നിരോധിക്കുക എന്നതിനേക്കാള്‍ അവയുടെ നിയന്ത്രണമാണ് ആവശ്യം. വിനോദോപാധി എന്ന നിലയില്‍ അതിനു കുറെ മെച്ചങ്ങള്‍ ഉണ്ട്. വിനോദത്തിലും വിശ്രമത്തിലും വിരസത മാറ്റുന്നതിലും. പരമ്പരകള്‍ കുടുംബാംഗങ്ങള്‍ പരസ്പരം ഇടപഴകുന്ന സമയം കുറയ്ക്കും, ബന്ധവും അടുപ്പവും കുറയും. അതുകൊണ്ട് ഒരു ദിവസം കാണാവുന്ന സീരിയലുകളുടെ എണ്ണം രണ്ടായി കുറയ്ക്കണം എന്ന് പറഞ്ഞതൊക്കെ ആ അര്‍ത്ഥത്തില്‍ നല്ലതാണ്.

ഡോ. എല്‍സി ഉമ്മന്‍ 
(കണ്‍സള്‍ട്ടന്റ് സൈക്കിയാട്രിസ്റ്റ്, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, കൊച്ചി)