
രണ്ടു വൈമാനികരുടെ കഥ പറഞ്ഞാണ് മലയാളത്തിന്റെ പ്രിയ കവി വീരാൻകുട്ടി തുടങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക, ജാപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോബ് വർഷിച്ച് ആയിരങ്ങളെ നിമിഷനേരംകൊണ്ട് കൊന്നൊടുക്കിയത് ചരിത്രം. ഇതിൽ പങ്കെടുത്തവരായിരുന്നു മേൽ പറഞ്ഞ രണ്ടു വൈമാനികർ. ബോംബാക്രമണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങൾ... അവിടത്തെ കാലാവസ്ഥ പരിശോധിച്ച് പൈലറ്റിന് നിർദ്ദേശം നൽകുക എന്നതായിരുന്നു ഇതിൽ ഒരാളുടെ ജോലി. Operation Centerboard എന്ന പേരിൽ അറിയപ്പെട്ട രാക്ഷസീയമായ ആ ദൗത്യം കഴിഞ്ഞതോടെ ആദ്യം പറഞ്ഞ വൈമാനികൻ കുറ്റബോധത്താൽ നീറി. താൻ മനുഷ്യരാശിയോട് ചെയ്ത പാതകത്തില്‍ മനസ്സു തകർന്ന് മനോവിഭ്രാന്തിയിലകപ്പെട്ടു. സേനയിൽ നിന്ന് പിരിച്ചുവിടപ്പെട്ട് നാട്ടിലേക്ക് തിരിച്ചു പോയി പല കുറ്റകൃത്യങ്ങളിൽ ചെന്നു ചാടി.. പിടിക്കപ്പെട്ടപ്പോൾ അയാൾ പറഞ്ഞു. "എനിക്ക് ജയിൽ പോകണം. അണുബോംബ് ആക്രമണം എന്ന വിനാശകരമായ പദ്ധതിയിൽ അംഗമായിക്കൊണ്ട് ഞാനൊരു ജനതയോട് കുറ്റം ചെയ്തു. ആ കുറ്റബോധത്തിൽ നിന്ന് എനിക്ക് മോചനം വേണം. എന്നെ ജയിലിൽ അടക്കൂ... അതിനു വേണ്ടിമാത്രമാണ് ഞാൻ ഈ കുറ്റകൃത്യങ്ങൾ ചെയതത് " എന്ന്. എന്നാൽ ബോംബിങ് നടത്തിയ രണ്ടാമത്തെ വൈമാനികന്റെ ജീവിതം മറ്റൊന്നായി. "ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് ഇട്ടത് കൊണ്ട് എനിക്ക് ഒരു ദിവസം പോലും ഉറക്കം നഷ്ടപെട്ടിട്ടില്ല. ഭരണകൂടം എന്നെ ഒരു ജോലി ഏൽപ്പിച്ചു; ഞാൻ അത് ഭംഗിയായി ചെയ്തു." ഇതായിരുന്നു അയാളുടെ പ്രതികരണം. രണ്ടു തരത്തിലുള്ള മനുഷ്യരെ കുറിച്ചുള്ള പ്രധാനപ്പെട്ട ചിത്രം തരുന്ന ഒരു അനുഭവമായിരുന്നു ഇത്. ഒരാൾ ചെയ്തുപോയ പാപത്തെ ഓർത്ത് സ്വയം ഉരുകി മരിച്ചു ജീവിച്ചു . മറ്റൊരാൾ താൻ എല്ലാം ചെയ്തത് ഭരണകൂടത്തിന് വേണ്ടിയാണ് എന്ന് അഭിമാനിച്ചു.

എൻഡോസൾഫാൻ ദുരന്തത്തിന്റെ കാര്യത്തിലും ഇതുപോലെ രണ്ടു തരത്തിലുള്ള മനുഷ്യരെ കാണാം.എന്ന് പറയാൻ വേണ്ടിയായിരുന്നു കവി വീരാൻ കുട്ടി ചിരിത്രത്തിലെ ഈ ദുരന്ത സന്ദർഭത്തിലേക്ക് നോക്കിയത്. അവർ ഉദ്യോഗസ്ഥരാകാം, രാഷ്ട്രീയക്കാരാകാം, അങ്ങിനെ പലരും ആകാം... ഇവിടെ(കാസർഗോഡ്) ഉണ്ടായിരുന്ന ഒരു കളക്ടർ എൻഡോ സൾഫാൻ പച്ചവെള്ളംപോലെയാണ് എന്ന് പറയുകയുണ്ടായി. എന്നാൽ കുടിവെളളമായി എന്തുകൊണ്ട് ഇയാൾ എൻഡോ സൾഫാൻ ഉപയോഗിച്ചില്ല... സ്വന്തം കുട്ടികൾക്ക് കൊടുത്തില്ല... എന്ന് മാത്രം മനസ്സിലാകുന്നില്ല."
എൻഡോസൾഫാൻ ദുരിത ബാധിതർ കാസർഗോഡ് ബസ്റ്റാന്റിനു മുന്നിൽ നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫ.വീരാൻ കുട്ടി. 2017 ലെ മെഡി ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് പട്ടികയിൽ ഉൾപ്പെടുത്തിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ അകാരണമായി ഒഴിവാക്കിയിരുന്നു. അവരെ തിരിച്ചെടുക്കുക എന്ന് ആവശ്യപ്പെട്ടാണ് ദുരിത ബാധിതർ കഴിഞ്ഞ ദിവസം(ജൂൺ 30 ന്) ഒത്തുകൂടിയത്.

എൻഡോസൾഫാനും ഭോപാൽ ദുരന്തവും
" എൻസോസൾഫാൻ ദുരന്തം ഒരു ആണവ ദുരന്തമല്ല. ഒരു രാസ ദുരന്തമാണ്. ഭോപ്പാൽ ദുരന്തത്തെ കുറിച്ച് നമുക്ക് അറിയാം. ഒറ്റരാത്രികൊണ്ട് യൂണിയൻ കാർബൈഡ് എന്ന ബഹുരാഷ്ട്ര കമ്പനി ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും മറ്റുള്ളവരെ അന്ധരാക്കുകയും ചെയ്ത മറ്റൊരു രാസദുരന്തം. ഇരയായവർക്ക് നഷ്ട പരിഹാരവും ചികിത്സയും ലഭിക്കാൻ നീണ്ട നിയമ പോരാട്ടങ്ങൾ നടന്നു. പക്ഷേ ആ ജനത പരാജയപ്പെട്ടു. അമേരിക്ക ആസ്ഥാനമായുള്ള യൂണിയൻ കാർബൈഡ് എന്ന കമ്പനിയും ഭരണകൂടവും തമ്മിലുള്ള വളരെ രഹസ്യമായ ഒത്തുതീർപ്പായിരുന്നു കാരണം. കമ്പനി തുടങ്ങുമ്പോൾ ഉണ്ടാക്കിയ കരാറിൽ അവർ ഏതെങ്കിലും തരത്തിൽ കുറ്റവാളി ആകുന്ന കേസ് വന്നാൽ അതിൻറെ നടപടിക്രമങ്ങൾ കമ്പനി ആസ്ഥാനത്ത് ഉള്ള രാജ്യത്തെ(അമേരിക്കയിലെ ) കോടതിയിൽ വച്ചായിരിക്കും എന്ന വ്യവസ്ഥ ഉണ്ടായിരുന്നു ". ഭോപ്പാൽ ദുരന്തത്തിലെ ഇരകൾക്ക് അനുഭവിക്കേണ്ടി വന്ന മനുഷ്യാവകാശ നിഷേധവും എൻഡോസൾഫാൻ ഇരകളോട് ഭരണകൂടം കാട്ടുന്ന വിവേചനും തികച്ചും യാദൃശ്ചികമല്ല എന്ന് വിലയിരുത്തുകയായിരുന്നു കവി.

എൻഡോസൾഫാൻ സെല്ലിന്റെ പ്രവർത്തനം നിലച്ച മട്ടിൽ
ഭോപാൽ ദുരന്തത്തിന്റെ ഇരകളുടെ അനുഭവം കാസർഗോഡിനെയും കാത്തിരിക്കുന്നതായി എൻഡോസൾഫാൻ ഇരകളുടെ അവകാശ പോരാട്ടങ്ങളുടെ മുന്നണി പോരാളിയായ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതാവ് അമ്പലതറ കുഞ്ഞികൃഷ്ണൻ ഭയപ്പെടുന്നു." എൻഡോസൾഫാൻ ദുരിതബാധിതരുടെ പദ്ധതികൾ നിർത്തി വെക്കാനുള്ള നീക്കങ്ങൾ നടന്നു വരുന്നതായി സംശയിക്കുന്നു. സെല്ലിന്റെ ഓഫീസിലോട്ട് ചെന്നാൽ അത് മനസിലാകും. ആവശ്യമായ ചികിത്സ കിട്ടാതെയുള്ള മരണങ്ങൾ കൂടി വരുന്നു. മരുന്നുകൾ ലഭിക്കുന്നില്ല. ഇരകൾക്ക് അനുവദിച്ച 5 ലക്ഷം കൊണ്ട് എല്ലാം അവസാനിപ്പിക്കാം എന്നായിരിക്കും സർക്കാർ കരുതുന്നത്. ചികിത്സയടക്കം ഒരു സഹായവും ലഭിക്കാത്ത ആയിരക്കണക്കിനു പേർ പട്ടികയിൽ ഇടം നേടാതെ പുറത്തുണ്ട്. ലിസ്റ്റിൽ പെട്ടവർ തന്നെ ഒഴിവാക്കപ്പെടുന്നു. ആർക്കും ഇവരെ വേണ്ട. മരുന്നില്ലെങ്കിൽ,സെൽ യോഗം ചേരുന്നില്ലെങ്കിൽ ..... ചോദിക്കാനും പറയാനും രാഷ്ട്രീയ നേതാക്കന്മാരില്ല. സാംസ്ക്കാരിക പ്രവർത്തകരില്ല... യുവജന സംഘടനകളില്ല...മതവും ജാതിയും...ആരുമില്ല. മാധ്യമങ്ങൾ ഇടക്കെങ്കിലും ഇടപെടുന്നതിനാൽ അടച്ചിടുന്നില്ല എന്നു മാത്രം..പണമില്ലാ എന്നതാണോ ഞങ്ങളുടെ പ്രശ്നം ?" അദ്ദേഹം ചോദിക്കുന്നു.

കേരള സർക്കാർ സുപ്രീം കോടതിയെ എന്തുകൊണ്ട് സമീപിക്കുന്നില്ല ?
" 2017 ൽ ഡിവെെഎഫ്ഐ സുപ്രീം കോടതിയിൽ പോയി നേടിയ വിധി ഒന്ന് മറിച്ചു നോക്കണം.അതിൽ പറയുന്നുണ്ട്, കേരള സർക്കാർ നൽകിയ തുക (ഇരുനൂറ് കോടിയോളം) കേന്ദ്രത്തിൽ നിന്നും വാങ്ങാമെന്ന് (കമ്പനിയിൽ നിന്നും ഈടാക്കാൻ പറ്റുന്നില്ലെങ്കിൽ ). കേരള സർക്കാർ സുപ്രീം കോടതിയെ എന്തുകൊണ്ട് സമീപിക്കുന്നില്ല ?. ഇതുകാരണമാണ് നമുക്ക് സർക്കാരിനെ സംശയിക്കേണ്ടി വരുന്നത്. ഇവർ ( രാഷ്ട്രീയക്കാരും,ബ്യൂറോക്രാറ്റുകയും ഉദ്യോഗസ്ഥരും ) പ്രവർത്തിക്കുന്നത് വൻകിട കമ്പനികളുടെ ഏജന്റ്മാരായിട്ടാണോ എന്ന്." അമ്പലത്തറ കുഞ്ഞികൃഷണൻ തന്റെ ആശങ്ക മാതൃഭൂമിയോട് പങ്കു വെക്കുന്നു.
" എൻഡോസൾഫാൻ സെല്ലിന്റെ പ്രവർത്തനം ഏകദേശം നിലച്ച മട്ടാണ്. പത്തോളം സ്റ്റാഫ് ഉണ്ടായിരുന്നത് നാലിൽ ഒന്നാക്കി ചുരുക്കി. നമ്മളെ കേൾക്കാൻ പോലും അവിടെ ആരും ഇല്ലാത്ത അവസ്ഥ. സെല്‍ യോഗം ചേരേണ്ടത് രണ്ട് മാസത്തിൽ ഒരിക്കൽ ആണ്. ഈ വർഷം അവസാനമായി ചേർന്നത് ജനുവരിയിൽ ."- സെൽ മെമ്പറായ മുനീസ അമ്പലത്തറയുടെ വാക്കുകൾ.

ഇരകളെ പൊരിവെയിലിലേക്കും തെരുവിലേക്കും മരണത്തിലേക്കും വലിച്ചെറിയരുത്
"കേരളത്തിലെ ഭരണകൂടം എൻഡോസൾഫാൻ ഇരകളെ പരിഗണിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, വി.എസ്. അച്യുതാനന്ദന്റെ കാലത്ത്, ഭരണകൂടം വളരെ അനുതാപപൂർവ്വം ഇവിടത്തെ പ്രശ്നങ്ങൾ പഠിക്കുകയും അതിൽ ഇടപെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ അത്തരം ശ്രമങ്ങളൊക്കെ പതുക്കെപ്പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ഇരകളെ പൊരിവെയിലിലേക്കും തെരുവിലേക്കും മരണത്തിലേക്കും വലിച്ചെറിയുന്ന ഒരു അനാസ്ഥയുടെ, ജാഗ്രതക്കുറവിന്റെ ഘട്ടത്തിലാണ് ഈ 1031 പേരും ഒത്തുചേർന്ന് നമുക്ക് നീതി വേണം എന്ന് ആവശ്യപ്പെടുന്നത്. ഇത് ഒരു ജീവന്മരണ സമരമാണ്. ഇത് വിജയിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമല്ല. ഇരകളായി തീർന്ന ഏത് ജനതയും പോരാട്ടത്തിലൂടെ മാത്രമേ മുന്നേറിയിട്ടുള്ളൂ എന്ന് നമുക്ക് കാണാൻ പറ്റും. കാസർഗോഡ് എന്ന ജില്ലയോട് ഭരണകൂടം കാട്ടുന്ന അവഗണന പേരിനു മാത്രമുള്ള ഒരു മെഡിക്കൽ കോളേജിന്റെ ദുരവസ്ഥയെ കുറിച്ച് പറഞ്ഞാണ് കവി വീരാൻ കുട്ടി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

1031പേരെ എന്തിന് പുറത്താക്കി? പിണറായി സർക്കാർ മറുപടി പറയണം
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ധനസഹായവും വൈദ്യ സഹായവും നൽകാൻ 2017 ൽ പിണറായി സർക്കാർ മെഡിക്കൽ ക്യാമ്പ് നടത്തി. 2016 ജനുവരിയിൽ വി.എസ്. അച്ചുതാനന്ദൻ (വി.എസ് അന്ന് പ്രതിപക്ഷ നേതാവായിരുന്നു) ചെയർമാനും അമ്പലത്തറ കുഞ്ഞികൃഷ്ണൻ കൺവീനറുമായി സമര സംഘാടക സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ അമ്മമാർ 10 ദിവസം നടത്തിയ സമരത്തെ തുടർന്നായിരുന്നു 2017 ലെ ഈ മെഡിക്കൽ ക്യാമ്പ് നടത്താൻ തീരുമാനിച്ചത്. "അന്ന് വി.എസ് നിരാഹാരമിരിക്കാൻ തയ്യാറായി എന്നാൽ ഇന്ന് പിണറായി സർക്കാർ അട്ടിമറിക്കുന്നത് വി.എസ്. അച്ചുതാനന്ദന്റെ ശ്രമങ്ങളെയാണ്."- അമ്പലത്തറ കുഞ്ഞികൃഷണൻ.

സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്ന് എത്തിയ വിദഗ്ദ സ്പെഷ്യലിസ്റ്റ് ഡോകടർമാർ ക്യാമ്പിൽ എത്തിയ നാലായിരത്തോളം പേരെ സൂക്ഷ്മ വൈദ്യ പരിശോധന നടത്തി ആയിരുന്നു രോഗികളെ തിരഞ്ഞെടുത്തത്. പ്രസ്തുത ക്യാമ്പിൽ നിന്ന് 1905 ദുരിതബാധിതരെ കണ്ടെത്തിയതായി അന്നത്തെ ഡെപ്യൂട്ടി കളക്ടർ പത്രങ്ങളിലൂടെ അറിയിച്ചു. ശേഷം നടന്ന എൻഡോസൾഫാൾ സെൽ യോഗത്തിൽ ഈ ലിസ്റ്റ് അവതരിപ്പിക്കുന്നതിന് ഡെപ്യൂട്ടി കളക്ടർക്ക് വിലക്ക് വന്നു. കളക്ടറും DMO യും പരിശോധിച്ച് സർക്കാരിന് അംഗീകാരത്തിനായി അയച്ച പട്ടിക തിരികെ വന്നപ്പോൾ അതിലെ രോഗികളുടെ എണ്ണം 287 ആയി ചുരുങ്ങി.ഈയൊരു സന്ദർഭത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലടക്കം വൻപ്രതിഷേധങ്ങൾ നടത്തിയതിന്റെ ഭാഗമായി 76 പേരെ കൂട്ടിച്ചേർത്തു. അപ്പോഴും ഭൂരിപക്ഷം കുട്ടികളും പട്ടികയ്ക്ക് പുറത്തു തന്നെയായിരുന്നു.

2019 ജനുവരി 30 മുതൽ സെക്രട്ടറിയേറ്റിന് മുമ്പിൽ അമ്മമാർ നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടർന്ന് 1905 ൽ പെട്ട 18 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ ലിസ്റ്റിൽ പെടുത്താനും ബാക്കി വരുന്നവരുടെ മെഡിക്കൽ റെക്കാഡ് പരിശോധിച്ച് അർഹതപ്പെട്ടവരെ ഉൾപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പതിനെട്ടു വയസിൽ താഴെയുള്ള 511 കുട്ടികളെ ലിസ്റ്റിൽ പെടുത്തി. അവർക്ക് ചികിത്സയും മറ്റു സഹായങ്ങളും ലഭിച്ചു വരുന്നു. എന്നാൽ ബാക്കി വന്ന 1031 പേരുടെ കാര്യത്തിൽ നാളിതുവരെ യാതൊരു നടപടികളുമുണ്ടായില്ല. ആദ്യ കാലങ്ങളിൽ ചിലർക്കെല്ലാം സൗജന്യ ചികിത്സ നൽകിയിരുന്നുവെങ്കിലും പിന്നീടതും നിർത്തി. രണ്ടും മൂന്നും ദുരിതബാധിതരുള്ള കുടുംബങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ വീടുകളിൽ കയറിച്ചെന്നാൽ യാഥാർത്ഥ്യം ബോദ്ധ്യമാകും.
കാരണമൊന്നുമില്ലാതെ പുറത്താക്കപ്പെട്ട 1031 പേർ, അവരുടെ തന്നെ മുൻകയ്യിൽ തങ്ങളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭത്തിന്റെ പാതയിലേക്ക് നീങ്ങി കൊണ്ടിരിക്കയാണ്. മുഖ്യമന്ത്രിയടക്കം ഉത്തരവാദപ്പെട്ടവർക്ക് ഇവർ കത്തുകളയച്ച് ശ്രദ്ധയില്‍പ്പെടുത്തി..
2010 ൽ 4182
2011 ൽ 1318
2013 ൽ 348
ആയിരങ്ങൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പുകളിൽ നിന്ന് കണ്ടെത്തിയ എൻഡോസൾഫാൻ ദുരിതബാധിതരുടെ എണ്ണമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
" എഡോസൾഫാൻ ദുരന്തം വിതച്ച ഭീകരതയുടെ വ്യാപ്തി കുറച്ചു കാട്ടുക എന്ന താല്പര്യമാണ് ഇതിനു പിന്നിൽ. മനുഷ്യർ ചത്തൊടുങ്ങിയാൽ കമ്പനിക്കെന്ത്..?

വാക്കുപാലിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്
വാക്കു പാലിക്കുക എന്നത് ജനാധിപത്യത്തിലെ മര്യാദയാണ് . 2019 ൽ മുഖ്യമന്ത്രി എടുത്ത തീരുമാനമാണ് തീർപ്പാവാതെ നീണ്ടു പോകുന്നത്. അന്ന് ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാക്കിയ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രി കസേരയിലുള്ളത്. "- എൻഡോസൾഫാൻ ഇരകളുടെ അവകാശ പോരാട്ടങ്ങൾക്ക് ഒപ്പം നടന്ന ഒരു മനുഷ്യൻ സമരത്തിന്റെ നാൾവഴികളെ കുറിച്ച് ഓർക്കുന്നു. മറവി അധികാര പ്രയോഗമായി മാറുന്ന കാലത്ത് ഓർമ്മപ്പെടുത്തൽ പോരാട്ടമാവുന്നു.

Content Highlights: kasargod Endosulfan issue
Published: 04 Jul 2023, 09:43 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented