
ബദിയഡുക്ക(കാസര്‍കോട്): ബുദ്ധിയുറയ്ക്കാത്ത മകന്‍ ഉദയകുമാറിന് പിറകെ ഞായറാഴ്ച വരെ നിഴലുപോലെ സഞ്ചരിച്ചയാളാണ് കുമ്പഡാജെ പഞ്ചിരിക്കയിലെ സരസ്വതി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മകന്‍ ഉദയകുമാര്‍ (34) ഞായറാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു.
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഡിസംബര്‍ ആദ്യവാരം തൊട്ട് ചികിത്സയിലായിരുന്നു ഇയാള്‍. ഐ.സി.യു. വാര്‍ഡില്‍ മകന് കൂട്ടിരിക്കുന്ന സരസ്വതിയുടെ ദുരിത ജീവിതം ഡിസംബര്‍ 20-ന് മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു. 'സരസ്വതിക്കറിയില്ല, ഈ മകനെയും കൊണ്ട് എങ്ങോട്ട് പോകണമെന്ന്' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത ഉദയകുമാറിന്റെ സഹോദരനും ബന്ധുവും ചേര്‍ന്ന് കളക്ടര്‍ക്ക് നല്‍കിയിരുന്നു.
അന്വേഷണവും മറ്റും മുറപോലെ നടന്നുവെങ്കിലും സഹായമൊന്നും കിട്ടിയില്ല. ഇടയ്ക്ക് രോഗാവസ്ഥയ്ക്ക് ശമനം വന്ന് ഇയാളെ വീട്ടിലേക്ക് കൊണ്ടുവന്നു. അഞ്ചുദിവസം മുന്‍പ് സ്ഥിതി ഗുരുതരമാവുകയും ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കേ ഞായറാഴ്ച ഇയാള്‍ മരണത്തിന് കീഴടങ്ങി.
പൊളിഞ്ഞ വീട്ടിലേക്ക് തന്നെ മകന്റെ ചേതനയറ്റ ശരീരവുമായി മടങ്ങാനായിരുന്നു ഈ അമ്മയുടെ വിധി. പി.എം.എ.വൈ. പദ്ധതി പ്രകാരം സരസ്വതിക്ക് വീട് അനുവദിച്ചിട്ടുണ്ട്. നിര്‍മാണത്തിന് ആദ്യ ഗഡുവായി 48,000- രൂപയും കിട്ടി. ഇതിലധികം തുകയ്ക്ക് ചെങ്കല്ല് ഇറക്കിക്കഴിഞ്ഞു. എന്നാല്‍, ഇപ്പോഴുള്ള കൂര പൊളിച്ചുമാറ്റാതെ പുതിയ വീടുവെക്കാനാവില്ല .
ഇതു പൊളിച്ചു മാറ്റിയാല്‍ കയറിത്താമസിക്കാന്‍ വേറൊരിടമില്ല എന്നതാണ് ഇവരെ അലട്ടുന്നത്. വാടക നല്‍കി താമസിക്കാനൊന്നും വരുമാനമില്ല. ജോലിക്കിടയില്‍ കണ്ണിനു പരിക്കുപറ്റി ഒരു കണ്ണിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട മകന്‍ സതീഷ് വല്ലപ്പോഴും ജോലിക്ക് പോയി കിട്ടുന്ന തുക ഒന്നിനും തികയില്ല.
ഭര്‍ത്താവ് സുധാമ മണിയാണി കടുത്ത ക്ഷയരോഗ ബാധിതനുമാണ്. 34 വര്‍ഷം ബുദ്ധിയുറയ്ക്കാത്ത മകന് പിറകെ ഓടിത്തളര്‍ന്ന ഈ അമ്മയ്ക്ക് അവരുടെ വീടുപണി പൂര്‍ത്തിയാക്കി കയറിക്കിടക്കാനൊരിടമാണ് ഇനി വേണ്ടത്.
Content Highlights: one more endosulfan death in kasargod, victim's mother's plight
Published: 13 Jan 2025, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented