പെരിയ:ഫണ്ട് മുടങ്ങിയതിനെത്തുടർന്ന് കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ ദുരിത ബാധിതരുടെ ചികിത്സാസംവിധാനം താളംതെറ്റുന്നു. 11 ദുരിതബാധിത പഞ്ചായത്തുകളിൽ വളരെക്കാലമായി കൃത്യതയോടെ നടന്നുവന്നിരുന്ന ചികിത്സയും മരുന്നുവിതരണവുമാണ് മുടങ്ങിയത്. ഭൂരിഭാഗം പഞ്ചായത്തുകളിലും ആറുമാസമായി നീതി മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള മരുന്നുകൾ മുടങ്ങി.
പുല്ലൂർ പെരിയയയിൽ ഒരുമാസം രണ്ടുലക്ഷം രൂപയുടെ മരുന്നുവിതരണം നടക്കുന്നുണ്ടായിരുന്നു. സഹകരണ ബാങ്കുകൾ മുഖാന്തരമാണ് നീതി മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നത്. കിടപ്പുരോഗികൾക്കുള്ള ഡയപ്പറുകൾ ഉൾപ്പെടെയുള്ളവ ഇത്തരത്തിൽ രോഗികൾക്ക് ലഭിച്ചിരുന്നു. മരുന്നുവിതരണം നിലച്ചതോടെ ഒരു രോഗിക്ക് രണ്ടായിരത്തോളം രൂപയുടെ മരുന്ന് പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു. പുല്ലൂർ-പെരിയയിൽ മാസത്തിലെ ആദ്യ രണ്ട് വെള്ളിയാഴ്ചകളിലാണ് പെരിയയിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ ക്യാമ്പുകൾ നടന്നിരുന്നത്. ക്യാമ്പിനെത്തുന്ന രോഗികൾക്ക് ഇപ്പോൾ ഡോക്ടറുടെ കുറിപ്പടി മാത്രമാണ് ലഭിക്കുന്നത്.
മുൻകാലങ്ങളിൽ കിടപ്പുരോഗികളെ വീടുകളിലെത്തി പരിശോധിക്കാനായി ഒരു ഡോക്ടറെ നിയോഗിച്ചിരുന്നു.
ഡോക്ടർ ഉൾപ്പെടെയുള്ള സംഘം വീടുകളിൽ ചികിത്സ നൽകുകയും ഇവർക്ക് ആവശ്യമുള്ള മരുന്ന് നീതി മെഡിക്കൽ സ്റ്റോറുകൾ വഴി ലഭ്യമാക്കുകയും ചെയ്തിരുന്നു. ദുരിതബാധിതർ ഉൾപ്പെടുന്ന 11 പഞ്ചായത്തുകളിലും പ്രതിമാസം രണ്ടുതവണ ഡോക്ടറുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന സംഘം സന്ദർശനം നടത്താറുണ്ട്. എന്നാൽ മാസങ്ങളായി ഡോക്ടറുടെ സേവനവും ലഭ്യമല്ല.
മൂന്നുവർഷം മുമ്പ് എൻഡോസൾഫാൻ ദുരിതബാധിതർ മന്ത്രി വീണാ ജോർജിന്റെ മുന്നിലെത്തി പ്രതിഷേധിച്ചതിനെത്തുടർന്നാണ് ജില്ലാ ആസ്പത്രിയിൽ ഒരു ന്യൂറോളജിസ്റ്റിനെ നിയമിച്ചത്. നിലവിലുണ്ടായിരുന്ന ന്യൂറോളജിസ്റ്റിനെ സ്ഥലം മാറ്റിയതോടെ ആ സേവനവും ലഭിക്കാതെയായി. ദുരിതബാധിതരുടെ വീടുകളിൽ ചികിത്സ ഉറപ്പാക്കാൻ ഓരോ പഞ്ചായത്തിലുമുണ്ടായിരുന്ന വാഹനസൗകര്യവും ഇപ്പോഴില്ല.
സങ്കടം പങ്കുവെച്ച് ചവിണിയയും ചന്ദ്രികയും
ശ്വാസസംബന്ധമായ അസുഖമുള്ള കായക്കുളത്തെ ചവിണിയക്ക് പ്രതിമാസം 3,000 രൂപ മരുന്നിനായി വേണ്ടിവരുന്നു. ദുരിതബാധിതർക്ക് ലഭിച്ചിരുന്ന സൗകര്യങ്ങൾ ഇല്ലാതാകുന്നത് രോഗികളുടെ ജീവനുപോലും അപകടം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
23 വയസ്സുള്ള മകളുടെ ചികിത്സയ്ക്കായി ലഭിക്കുന്ന സേവനങ്ങൾ ഇല്ലാതാകുന്നതിന്റെ ആശങ്ക പാക്കത്തെ ചന്ദ്രികയും പങ്കുവെച്ചു. കിടപ്പുരോഗികൾക്ക് ലഭ്യമായിരുന്നു ഡയപ്പറുകൾപോലും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് അവർ പറഞ്ഞു.
Published: 04 Sept 2026, 07:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented