"അഡൾട്ട് ഡയപ്പറുകൾ ഡിസ്പോസ് ചെയ്യാൻ എന്തെങ്കിലും സംവിധാനമുള്ളതായി നിനക്ക്  അറിയുമോ?"
സ്കൂളിൽ ഒപ്പം പഠിച്ച ഭദ്ര ഫോൺ വിളിച്ചു ചോദിച്ചു.മകൾക്ക് വേണ്ടിയാണ് അവൾ അന്വേഷിച്ചത്.

To advertise here,

"മകൾക്ക് വയസ്സ്  32വയസ്സാണ് . ഓട്ടിസം, മെന്റൽ,ഫിസിക്കൽ റിറ്റാർഡേഷൻ, സ്വയം ഉപദ്രവിക്കുന്ന ശീലം, കാഴ്ചക്കുറവ്, സംസാരശേഷിയില്ലായ്മ തുടങ്ങി നിരവധി അവസ്ഥകളിൽ പെട്ട് വീൽചെയറിലുo കട്ടിലിലുമാണ് അവളിപ്പോൾ.  സ്വയം ഉപദ്രവിക്കുന്ന പ്രവണതയാൽ കൈയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്. അല്ലാത്ത പക്ഷം അവൾ സ്വയം ഉപദ്രവിച്ചു കൊണ്ടേയിരിക്കും. അങ്ങനെ ഒരിക്കൽ സ്വന്തം കണ്ണ് കുത്തിപ്പറിച്ചു കളഞ്ഞു. ഭക്ഷണം മിക്സിയിൽ അടിച്ചു വായിൽ കൊടുക്കണം. ഉറക്കമില്ല എന്നതാണ് മറ്റൊരു പ്രശ്നം. അവൾ ഉറങ്ങാത്തതിനാൽ ഞങ്ങൾക്കും ഉറക്കം കഷ്ടിയാണ്. ചലന ശേഷിയില്ലാത്തതിനാൽ മറ്റൊരാൾക്ക് മാത്രമേ ദൈനംദിനകൃത്യങ്ങൾ പോലും ചെയ്യിക്കാനാവൂ. ഇതൊക്കെ 32 വർഷമായി ഞങ്ങൾ മാനേജ് ചെയ്യുകയാണ്. എന്നാൽ ഒരു തരത്തിലും ഞങ്ങൾക്ക് പരിഹരിക്കാനാവാത്തത് മോൾക്ക് ഉപയോഗിക്കുന്ന അഡൾട്ട് ഡയപ്പറുകളുടെ ഡിസ്പോസൽ ആണ്.

ഇത്ര നാൾ തൊട്ടടുത്ത പറമ്പിൽ കുഴിയുണ്ടാക്കി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇപ്പോൾ ആ പറമ്പ് വിറ്റു. പുതുതായി വാങ്ങിയ കൂട്ടർ അവിടെ വീട് വയ്ക്കാൻ തുടങ്ങി. മോളുടെ ഡയപറുകൾ ഡിസ്പോസ് ചെയ്യാൻ ഇപ്പോൾ ഒരു നിവൃത്തിയുമില്ല. വലിയ ടിൻ വാങ്ങി പെട്രോൾ ഒഴിച്ച് കത്തിക്കാൻ നോക്കി. നടക്കുന്നില്ല. ഒന്നോ രണ്ടോ ഒക്കെ അങ്ങനെ കത്തിക്കാം . മോൾക്ക് ദിവസവും 15 വരെ ഡയപ്പറുകൾ വേണം. പീരിയഡ്സ് കാലത്ത് അതിലേറെ വരും. ഒട്ടിക്കുന്ന ഡയപറുകൾ മാത്രമല്ല ചെറിയ ഷീറ്റ് പോലെയുള്ള ഡിസ്പോസബിൾ അണ്ടർ പാഡ് കളും വേണം. അവളെ ബെഡിൽ കിടത്തുമ്പോൾ അതും വേണ്ടി വരുന്നുണ്ട്. ബെഡ് സോർ വരാതെ നോക്കണ്ടെ. ഇതെല്ലാം കൂടി എവിടെയാണ് കളയുക.? കുറച്ച് ദിവസമായി ഇതൊക്കെ ചാക്കിൽ കെട്ടിവച്ചിരിക്കുകയാണ്.ഇൻസിനറേറ്റർ വാങ്ങി നോക്കാമെന്ന് വച്ചാൽ അത് വയ്ക്കാനുള്ള സൗകര്യം ഈ വീട്ടിൽ ഇല്ല.

പിന്നെ അത് വാങ്ങാൻ ഉള്ള ശേഷിയും ഇപ്പോൾ ഞങ്ങൾക്കില്ല. മോളുടെ ചികിത്സ, മരുന്ന്. ഡയപറിന് തന്നെ വേണം ആയിരക്കണക്കിന് രൂപാ. ഞങ്ങൾക്ക് രണ്ടു പേർക്കും അറുപതു വയസ് കഴിഞ്ഞു. മോളെ നോക്കാൻ രണ്ടു പേരും കൂടിയല്ലാതെ പറ്റുന്നില്ല. ജോലിക്ക് ഒന്നും ഇപ്പോൾ പോകാനാവുന്നില്ല. അതൊക്കെ എങ്ങനെയെങ്കിലും മാനേജ് ചെയ്യാം. പക്ഷേ ഈ ഡയപറുകൾ?.നീ എന്തെങ്കിലും ഒരു വഴി കണ്ടെത്തിത്തരൂ . കോർപ്പറേഷനോ പഞ്ചായത്തോ ഇത് ഏറ്റെടുത്ത് സംസ്ക്കരിക്കുന്നുണ്ടോ? വേസ്റ്റ് എടുക്കാൻ വരുന്നവരോട് പലവട്ടം ചോദിച്ചു. അവർ എടുക്കുകയില്ല എന്ന് കട്ടായം പറഞ്ഞു. ഈ നഗരത്തിന്റെ നടുക്ക് ഞങ്ങൾ ഈ ചാക്കുകളുമായി എത്ര കാലം ജീവിക്കും? ഇതിൽ നിന്ന് വരുന്ന ഗന്ധം നിനക്ക് ഊഹിക്കാൻ പറ്റില്ല. പ്ലീസ്, നീ ഒന്ന് അന്വേഷിക്ക്. ഒന്ന് സഹായിക്ക്. "
ഭദ്രയ്ക്ക് വേണ്ടി പല വഴി അന്വേഷണങ്ങൾ നടത്തി നോക്കി. "പരിഹാരമില്ലാത്ത പ്രശ്നം " എന്ന് മാത്രമായിരുന്നു ഉത്തരം.
"യഥാർത്ഥ മാർഗ്ഗം ഇൻസിനറേറ്റർ ആണ്. "
സോളിഡ് വേസ്റ്റ് മാനേജ്മെന്റിൽ ബോംബെ ഐ ഐ ടി യിൽ നിന്ന് ഡോക്ടറേറ്റ് നേടിയ സുഹൃത്ത് അനിതാ തമ്പി (കവി) പറഞ്ഞു.
അതാണ് മാർഗ്ഗം എങ്കിൽ അത് എവിടെ ? ആരാണത് ചെയ്യേണ്ടത് ?
ഓരോ വീട്ടിലും അത് വയ്ക്കുക   പ്രായോഗികമാണോ? അതിനുള്ള സ്ഥലം, സൗകര്യം, പണം എത്ര പേർക്കുണ്ടാവും ?
ചോദ്യങ്ങൾ, ഉത്തരങ്ങൾ.
ഭദ്രയ്ക്ക് വേണ്ടത് അവയൊന്നുമല്ല, പരിഹാരമാണ്.

അവളുടെ വീട്ടിൽ നിന്ന് ഉപയോഗിച്ച ഡയപറുകൾ മാറ്റാൻ വഴി ഉണ്ടാക്കുകയാണ് ഉടൻ ഉള്ള ആവശ്യo.മറ്റൊരു വഴിയും സാധ്യമാവുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ ഫേസ്ബുക്കിനെ ആശ്രയിക്കാൻ തീരുമാനിച്ചു. ഡയപറുകൾ ഡിസ്പോസ് ചെയ്യാൻ മാർഗ്ഗമെന്ത് എന്ന് ചോദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
ഒരുപാട് പേർ മറുപടികൾ തന്നു. ഇൻസിനറേറ്റർ ആയിരുന്നു മിക്കവരുടെയും നിർദ്ദേശം. ഭദ്രയുടെ അവസ്ഥയിൽ അത് നടക്കില്ല എന്നതിനാൽ ഞങ്ങൾ മറ്റു മറുപടികൾ പരതി. അതിൽ ഒരു നമ്പർ ഉണ്ടായിരുന്നു. ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ വന്ന് ഡയപറുകൾ എടുത്ത് കൊണ്ട് പോകുന്ന ഒരു സ്ത്രീയുടെ നമ്പർ. ഉടനെ തന്നെ അവരെ വിളിച്ചു.
പിറ്റേന്ന് രാവിലെ  അവർ വന്ന്  ചാക്കുകൾ കൊണ്ടുപോയി. ഇപ്പോഴും കൊണ്ട് പോകുന്നു. ചില്ലറ തുകയൊന്നുമല്ല കൂലിയായി ഈടാക്കുന്നത്. മറ്റൊരു മാർഗ്ഗവും ഇല്ലാത്തതിനാൽ ഭദ്ര അത് കൊടുത്തു കൊണ്ടേയിരിക്കുന്നു.

 എന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഓർമ്മയിൽ ആകണം ഇതിനോടകം നിരവധി പേർ അച്ഛന് വേണ്ടി, അമ്മയ്ക്ക് വേണ്ടി മറ്റ് ബന്ധുക്കൾക്ക് വേണ്ടി അഡൾട്ട് ഡയപ്പറുകൾ ഡിസ്പോസ് ചെയ്യാൻ ഉള്ള മാർഗ്ഗം അന്വേഷിച്ച് എന്നെ വിളിക്കാറുണ്ട്. എല്ലാവർക്കും ആ നമ്പർ നൽകുകയാണ് പതിവ്.
വീടുകളിൽ നിന്ന് സംഭരിക്കുന്ന ഡയപറുകൾ എന്ത് ചെയ്യുന്നു എന്ന് ഇവരിൽ പലരും ആ സ്ത്രീയോട് ചോദിച്ചിട്ടുണ്ട്. തമിഴ് നാട്ടിൽ നിന്ന് ലോറി വരും, കയറ്റി അയക്കുമെന്നാണ് മറുപടി. അവിടെ ഇതെന്ത് ചെയ്യും എന്ന് അവർക്കറിയില്ല. ആരോട് ചോദിച്ചാൽ മറുപടി കിട്ടും എന്നും അവർക്കറിയില്ല.
നഗരപ്രാന്തങ്ങളിൽ കൊണ്ട് പോയി കുഴിച്ചിടുകയോ കത്തിക്കുകയോ ഒഴിഞ്ഞു കിടക്കുന്ന കിണറുകളിലും കുളങ്ങളിലും നദികളിലും കൊണ്ട് പോയി തള്ളുകയോ എവിടെയാണ് ഈ മാലിന്യങ്ങൾ കൊണ്ട് പോകുന്നത് എന്നത് പ്രഹേളികയാണ്. 500 വർഷങ്ങൾ കഴിഞ്ഞാലും ഇത്തരം മാലിന്യങ്ങൾ നശിക്കുകയില്ല
എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.

എത്ര പെട്രോൾ ഒഴിച്ചാലും ഡയപറുകൾ മുഴുവനായും കത്തുകയില്ല എന്ന് ഭദ്രയും മറ്റ് അനുഭവസ്ഥരും പറയുന്നു. പറമ്പിൽ കത്തിത്തീരാതെ കിടക്കുന്ന ഡയപറുകൾ എല്ലാവർക്കും പ്രശ്നമാണ്. പക്ഷേ ഡയപർ ഉപയോഗിക്കേണ്ട അവസ്ഥയിലുള്ള ഒരാൾ വീട്ടിൽ ഉള്ളപ്പോൾ ആദ്യത്തെ പരിഗണന രോഗിയെ നന്നായി പരിചരിക്കലാണ് എന്ന് ഇരിക്കെ ഏതു വിധമെങ്കിലും  വേസ്റ്റ് വീട്ടിൽ നിന്ന് പോകട്ടെ എന്നോർക്കുന്നത് സ്വാഭാവികമാണ്.
ഇതേ പോലെ തന്നെ  നശിപ്പിക്കാൻ പ്രയാസം നേരിടുന്ന രണ്ട് വേസ്റ്റുകളാണ് കുട്ടികൾക്കുള്ള ഡയപ്പറുകളും സാനിട്ടറി നാപ്കിനുകളും. വീടുകളിൽ നിന്ന് മാലിന്യം
നൽകുമ്പോൾ ഒരു കാരണവശാലും ഇത്തരം മാലിന്യങ്ങൾ ഇടാൻ പാടില്ല എന്ന് കർശന നിയമം ഏജൻസികൾ നൽകാറുണ്ട്. എന്നാലും പലരും  വീട്ടിലെ മാലിന്യങ്ങൾക്കൊപ്പം സാനിട്ടറി പാഡുകൾ ഇടുന്നുണ്ടെന്ന് മാലിന്യം നീക്കുന്നവർ പറയുന്നു. ഓരോ ദിവസവും അത് വേർതിരിച്ച് ചാക്കുകളിലാക്കുമ്പോൾ സങ്കടം വരുമെന്ന് അവർ പറയുന്നു. അത് നിർമാർജ്ജനം ചെയ്യാനുള്ള സംവിധാനങ്ങളും നമ്മുടെ നാട്ടിലില്ല.
മലിനീകരണ നിയന്ത്രണ ബോർഡ് ഡയപർ, സാനിട്ടറിപാഡ് എന്നിവ നശിപ്പിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇൻസിനറേറ്ററുകൾ ഉപയോഗിച്ച് കത്തിച്ച് കളയൽ ആണ് അവർ നിർദ്ദേശിക്കുന്ന മാർഗ്ഗം. ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫ്ലാറ്റുകളും റെസിഡൻസ് അസോസിയേഷനുകളുമല്ലാതെ ആരും തന്നെ ഇത് നടപ്പാക്കുന്നില്ല.

തദ്ദേശഭരണ സ്ഥാപനങ്ങൾ വിചാരിച്ചാൽ പ്രയാസമില്ലാതെ  നടപ്പാക്കാൻ കഴിയുന്ന ഒരു കാര്യമാണിത്. കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ തുടങ്ങി ഓരോ തലത്തിലും ഇൻസിനറേറ്ററുകൾ സ്ഥാപിച്ച് പരിഹരിക്കാവുന്നതേ ഉള്ളൂ.  എന്ത് കൊണ്ട് അത്തരം നടപടികൾ  ഉണ്ടാവുന്നില്ല എന്ന് ചിന്തിക്കുമ്പോഴാണ്  എല്ലാവരെയും ഉൾക്കൊളളുന്ന (inclusive) വികസനമെന്നത് ഇനിയും നമ്മൾ കാണാൻ ശ്രമിക്കാത്ത സ്വപ്നമാണെന്ന് മനസിലാവുന്നത്. വൃദ്ധജനങ്ങൾ, കിടപ്പു രോഗികൾ, പല തരത്തിലും ശാരീരിക ശേഷി ഇല്ലാത്തവർ, ഭിന്നശേഷിക്കാർ അങ്ങനെ അതിരുകളിൽ ജീവിക്കേണ്ടി വരുന്ന എത്രയെത്രയോ പേർ. അവരുടെ മിനിമം ആവശ്യങ്ങൾ പോലും നമ്മുടെ പരിഗണനകളിൽ വരുന്നില്ല. ദുരിതഭാണ്ഡങ്ങൾ പേറി നമുക്ക് ചുറ്റും ജീവിക്കുന്നവർക്ക് ഒരു ചെറു വിരൽ സഹായം പോലും എത്രയോ വലുതാണ്. വികസനമെന്നത് റോഡുകളും പാലങ്ങളും വലിയ കെട്ടിടങ്ങളും മാളുകളും സിനിമാ ലോകവും മാത്രമല്ല എന്നും ചുറ്റുമുള്ള മനുഷ്യരുടെ ജീവിതം കൂടിയാണെന്നും നമുക്ക് ചിന്തിക്കാൻ കഴിയണ്ടേ. 

ഒരു കോർപറേഷനിൽ,ഒരു പഞ്ചായത്തിൽ ഒരു ഇൻസിനറേറ്റർ  സ്ഥാപിക്കുകയെന്നത് കോർപ്പറേഷനോ പഞ്ചായത്തിനോ  വലിയ കാര്യമല്ല.
പക്ഷെ, കിടപ്പിലായിപ്പോയ പ്രിയപ്പെട്ടവരുടെ മലമൂത്ര മാലിന്യങ്ങൾ  നിറഞ്ഞ ഡയപറുകൾ എവിടെ കളയും എന്ന് വേവലാതിപ്പെടുന്നവർക്ക് അത് വലിയ വലിയ വലിയ ഒരു കാര്യം തന്നെയാണ്. ദുരിത കാലത്ത്  ഒപ്പം നിൽക്കാൻ ഭരണ സംവിധാനങ്ങളും സമൂഹവും ഉണ്ടെന്ന ഉറപ്പ് നൽകൽ കൂടിയാണത്.