റായ്പുർ: കുരങ്ങ് അമ്മയുടെ കയ്യിൽനിന്ന് തട്ടിപ്പറിച്ച് കിണറ്റിലെറിഞ്ഞ 20 ദിവസം പ്രായമായ പെൺകുഞ്ഞിനെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം നടക്കുന്നതുവരെ പത്ത് മിനിറ്റോളം വെള്ളത്തിൽ മുങ്ങിത്താഴാതെ കുഞ്ഞിനെ കാത്തത്‌ ധരിപ്പിച്ചിരുന്ന ഡയപ്പർ. ഛത്തീസ്ഗഢിലെ സീനി ഗ്രാമത്തിലാണ് സംഭവം.

To advertise here,

അമ്മ കുഞ്ഞിന് പാൽ കൊടുക്കുന്നതിനിടെയാണ് കുരങ്ങ് വീട്ടിൽ പ്രവേശിച്ചത്. നിലവിളി കേട്ട ഗ്രാമവാസികൾ പെട്ടെന്ന് ഒത്തുകൂടി കുരങ്ങിനെ പിന്തുടർന്നെങ്കിലും കുഞ്ഞിനെ കാണാതായി. തിരച്ചിലിനിടയിൽ, കുഞ്ഞ് കിണറ്റിൽ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഡയപ്പർ കുഞ്ഞിനെ താങ്ങിനിർത്തുകയും മുങ്ങിത്താഴാതിരിക്കാൻ സഹായിക്കുകയും ചെയ്തു.

ഗ്രാമവാസികൾ ഒരു ബക്കറ്റ് ഉപയോഗിച്ച് ഉടൻ തന്നെ കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു. ആ സമയത്ത് ഒരു ചടങ്ങിനുവേണ്ടി ഗ്രാമത്തിലെത്തിയ നഴ്സ് രാജേശ്വരി രഥോർ കുഞ്ഞിന് അടിയന്തര സിപിആർ നൽകി. നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞിന്റെ ശ്വാസോച്ഛ്വാസം പുനരാരംഭിച്ചു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില തൃപ്തികരമാണെന്നും ഗുരുതരമായ പരിക്കുകളില്ലെന്നുമാണ് വിവരം.