ശിരോവസ്ത്രത്തിന് പുറത്തേക്ക് നീളുന്ന ഒരു മുടിയിഴ പോലും ഇറാനില്‍ പ്രതിഷേധത്തിന്റെ അടയാളമാണ്. തോക്കിന്‍ മുനമ്പില്‍ നില്‍ക്കുന്നതുപോലെയാണ് ഇറാനിലെ ഓരോ സ്ത്രീ പ്രക്ഷോഭകാരിയുടേയും ജീവിതം. വിദ്യാര്‍ഥിനിയായ മഹ്‌സ അമീനിയും മാധ്യമപ്രവര്‍ത്തകയായ നിലൂഫര്‍ ഹമീദിയും മനുഷ്യാവകാശ പ്രവര്‍ത്തക വിദ മുവാഹീദും വിദ്യാര്‍ഥിനികളായ മെയ്ദി ഹുജാബ്രിയും നര്‍ഗീസ് ഹുസൈനിയുമെല്ലാം മരണം പതിയിരിക്കുന്ന ഇടനാഴി സ്വയം തിരഞ്ഞെടുത്തവരാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ ആകാശത്തെ മൂടിയിരിക്കുന്ന വസ്ത്രധാരണ നിയന്ത്രണങ്ങളെ ഇറാനില്‍നിന്ന് നാടുകടത്താന്‍ സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായവര്‍. മഹ്‌സ അമീനിക്ക് ജീവന്‍ നഷ്ടമായപ്പോള്‍ വിദ മുവാഹീദി ഉള്‍പ്പെടെ ചിലരെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചു. മറ്റു ചിലരെ നാടുകടത്തി. 

To advertise here,

ടെഹ്‌റാനിലെ കസ്‌റ ആശുപത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മഹ്‌സ അമീനിയുടെ വിയോഗത്തിന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ടെഹ്‌റാനിലെ സര്‍വകലാശാലയില്‍ മറ്റൊരു വിദ്യാര്‍ഥിനി കൂടി ഭരണകൂടത്തോട് കലഹിച്ച് തെരുവിലേക്കിറങ്ങിയിരിക്കുകയാണ്. ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയിലെ അഹൂ ദാര്യോയ് എന്ന വിദ്യാര്‍ഥിനി ആള്‍ക്കൂട്ടത്തിന് നടുവില്‍ ഉള്‍വസ്ത്രം മാത്രം ധരിച്ച് ഇറാന്‍ ഭരണകൂടത്തിനുനേരെ ചോദ്യമെറിഞ്ഞു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് സര്‍വകലാശാലയ്ക്കുള്ളില്‍വെച്ച് തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയത് അവള്‍ക്കൊരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഉള്‍വസ്ത്രം മാത്രം ധരിച്ച് ഭരണകൂടത്തെ വെല്ലുവിളിച്ചാണ് തനിക്കേറ്റ അപമാനത്തെ അഹൂ ദാര്യോയ് മായ്ച്ചുകളഞ്ഞത്. ഇപ്പോള്‍ അവള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. പോലീസ് അറസ്റ്റ് ചെയ്തുനീക്കിയ അഹൂ ദാര്യോയ്ക്ക് മാനസിക വിഭ്രാന്തിയാണെന്നാണ് ഭരണകൂടത്തിന്റെ ഭാഷ്യം. മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കുന്ന ഏതോ ആശുപത്രിയുടെ ഇടനാഴിയിലായിരിക്കാം അവളിപ്പോഴുള്ളത്. മഹ്‌സ അമീനിയെപ്പോലെ നാളെ അഹൂ ദാര്യോയും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടേക്കാം. അതല്ലെങ്കില്‍ ഏകാന്ത തടവില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ് മാനസികനില തെറ്റിയവളായി മാറിയേക്കാം. 

ഇറാന്റെ പുതിയ പ്രസിഡന്റായി പരിഷ്‌കരണവാദിയായ മസൂദ് പെസെഷ്‌കിയാന്‍ അധികാരമേറ്റെടുത്ത് നാല് മാസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഹിജാബ് നിയമത്തില്‍ ഇളവുകള്‍ കൊണ്ടുവരുമെന്നത് പെസെഷ്‌കിയാന്റെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ അധികാരം ലഭിച്ചതോടെ അതെല്ലാം പ്രസിഡന്റ് മറന്ന മട്ടാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ വാക്കുകള്‍ക്ക് വിരുദ്ധമായി ഒരു ചെറുവിരല്‍പോലും അനക്കാന്‍ പെസെഷ്‌കിയാന് കഴിയുന്നില്ല. കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അതേ പാതയിലൂടെയാണ് പെസെഷ്‌കിയാന്റെ സഞ്ചാരവും. 

ഇസ്ലാമിക വിപ്ലവമെന്ന ചങ്ങല

1925-79 കാലത്ത് നിലനിന്ന ഷാ പഹ്‌ളവി ഭരണത്തില്‍ ഇറാനില്‍ മതകാര്‍ക്കശ്യങ്ങള്‍ പടിക്ക് പുറത്തായിരുന്നു. റിസ ഷാ പഹ്ലവിയും മകന്‍ മുഹമ്മദ് റിസ ഷാ പഹ്ലവിയും പുരോഹിതരുടെ അധികാരവും സ്വാധീനവും കര്‍ശനമായി വെട്ടിക്കുറച്ചതിനാല്‍ സമൂഹം മതചങ്ങലകളുടെ കെട്ടുപാടുകളില്‍ നിന്ന് മുക്തമായിരുന്നു. സ്ത്രീ വിമോചനത്തിന്റെ കാര്യത്തില്‍ രാജ്യം മുന്നേറി. ലിംഗസമത്വത്തിനെതിരേയുള്ള മതവിലക്കുകള്‍ക്കുള്ള ഇടം കുറഞ്ഞുവന്നു.

എന്നാല്‍ 1979-ലെ ഇസ്ലാമിക വിപ്ലവം എല്ലാം മാറ്റിമറിച്ചു. അതിനുശേഷം സ്ത്രീകള്‍ക്ക് പ്രത്യേക വസ്ത്രധാരണ നിയമം നിലവില്‍ വന്നു. അതനുസരിച്ച് ഒമ്പത് വയസ് കഴിഞ്ഞ എല്ലാ പെണ്‍കുട്ടികളും സ്ത്രീകളും പൊതുസ്ഥലത്ത് തലയും കഴുത്തും മറയ്ക്കുന്ന വസ്ത്രം ധരിക്കണം. തലമുടി പുറത്തു കാണരുത്. മുട്ടിന് താഴെ നില്‍ക്കുന്ന ടോപ്പും അയഞ്ഞ വസ്ത്രവും നിര്‍ബന്ധമാണ്. ഈ നിയമം സ്ത്രീകള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സദാചാരപ്പോലീസിനേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലുമൊന്ന് ലംഘിച്ചാല്‍ സ്ത്രീകളെ തടഞ്ഞുനിര്‍ത്താന്‍ ഈ പോലീസിന് അധികാരമുണ്ട്. ഒപ്പം പിഴയും തടവും ചാട്ടയടി ശിക്ഷയും വിധിക്കും. അന്ന് ഈ നിയമം നടപ്പിലാക്കിയ സമയത്തുതന്നെ പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലേക്കിറങ്ങി. ജനകീയസമരങ്ങളോട് എന്നും മുഖംതിരിച്ചിട്ടുള്ള ഇറാന്‍ പതിവുപോലെ ഈ പ്രക്ഷോഭങ്ങളേയും അടിച്ചമര്‍ത്തി. 

അതിയാഥാസ്ഥിതികനായ ഇബ്രാഹിം റെയ്‌സി 2021-ല്‍ ഇറാന്റെ പ്രസിഡന്റായതോടെ വസ്ത്രധാരണനിയമം നടപ്പാക്കല്‍ കര്‍ക്കശമായി. ഇതിന്റെ ഫലമായി ചില നഗരങ്ങളിലെ മേയര്‍മാര്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് സബ്‌വേയാത്രപോലും വിലക്കി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്നപോലെ വസ്ത്രം ധരിക്കാതെ മെട്രോകളില്‍ യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ വരെ ഉപയോഗിക്കാന്‍ തുടങ്ങി. ടാക്‌സി വിളിക്കുന്നതിനുള്ള ആപ്പില്‍ മാന്യമായി വസ്ത്രംധരിക്കാതെ വാഹനത്തില്‍ കയറുന്ന സ്ത്രീകളെക്കുറിച്ച് അറിയിപ്പുനല്‍കാന്‍ പുതിയൊരു ഐക്കണും കൂട്ടിച്ചേര്‍ത്തു. ഇറാനിലെ സ്വകാര്യബാങ്കായ 'ബാങ്ക് മെല്ലാത്' വനിതാജീവനക്കാര്‍ ഹൈഹീല്‍ ഷൂസും സ്റ്റോക്കിങ്‌സുമിടുന്നത് നിരോധിച്ചു. 

വസ്ത്രത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല റെയ്‌സി നടപ്പിലാക്കിയ സ്ത്രീ വിരുദ്ധതയുടെ നീണ്ട പട്ടിക. വിവാഹമോചനം സ്ത്രീകളെ സംബന്ധിച്ച് സങ്കീര്‍ണമായ കാര്യമായി മാറി. വിവാഹമോചിതരായ സ്ത്രീകളെ മക്കളുടെ സംരക്ഷണത്തില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. സ്ത്രീകള്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ അനുമതി വാങ്ങണം. സ്ത്രീകളുടെ വിവാഹപ്രായം 13 വയസാണെന്നും ഓര്‍ക്കണം. 2021-ല്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം ഇക്കാര്യം ലോകത്തിന് മുന്നില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. സ്ത്രീകളെയും പെണ്‍കുട്ടികളെയും രണ്ടാംകിട പൗരന്‍മാരായി ഇറാന്‍ ഭരണകൂടം കാണുന്നുവെന്ന് ഐക്യരാഷ്ട്ര സഭയില്‍ അവര്‍ പ്രസ്താവന നടത്തി. 

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം

1979 മുതല്‍ പുകഞ്ഞുതുടങ്ങിയ ഇറാനിലെ സ്ത്രീകളുടെ മനസില്‍ പോരാട്ടത്തിന്റെ കനല്‍ ആദ്യം കണ്ടത് 2017 ഡിസംബറിലാണ്. ഇറാനിലെ പ്രസിദ്ധമായ ഇങ്ക്വിലാബ് സ്ട്രീറ്റില്‍ വിദ മുവാഹീദ് എന്ന പെണ്‍കുട്ടി ഹിജാബ് ഉപേക്ഷിച്ച് ഉറക്കെ പ്രതിഷേധ സ്വരമുയര്‍ത്തി. തന്റെ തലയില്‍ കെട്ടിയ വെള്ള നിറത്തിലുള്ള സ്‌കാര്‍ഫ് ഊരി വടിയില്‍കെട്ടി ഒരു ബോക്‌സിന് മുകളില്‍ കയറി നിന്ന് ഉയര്‍ത്തിക്കാട്ടി. ആള്‍ക്കൂട്ടത്തിന് നടുവില്‍ മുടി കാണിച്ചുള്ള അവളുടെ നില്‍പ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഗേള്‍സ് ഇങ്ക്വിലാബ് മൂവ്‌മെന്റിന്റെ തുടക്കം അവിടെ നിന്നായിരുന്നു. അന്ന് പോലീസ് അറസ്റ്റ് ചെയ്ത വിദയെ ഒരു മാസം ജയിലില്‍ അടച്ചു. പുറത്തിറങ്ങിയശേഷം വീണ്ടും പ്രതിഷേധവുമായെത്തിയ വിദ വീണ്ടും ജയിലിനുള്ളിലെത്തി. ഒരു വര്‍ഷത്തെ തടവായിരുന്നു ശിക്ഷ. 

2018 ജനുവരി 30ന് നര്‍ഗീസ് ഹുസൈനിയെന്ന അഭിഭാഷകയും പ്രതിഷേധവുമായി ആള്‍ക്കൂട്ടത്തിന് മധ്യത്തിലെത്തി. പടിപടിയായി പ്രക്ഷോഭത്തിന് ശക്തി കൂടി. 2018 ഫെബ്രുവരി മാസം ഒന്നിന് 29 സ്ത്രീകള്‍ അറസ്റ്റുചെയ്യപ്പെട്ടു. 2018ല്‍ തന്നെ ഫെബ്രുവരി അവസാനിക്കാറാകുമ്പോഴേക്കും ഇറാന്റെ പലഭാഗത്തും നിരവധി പ്രക്ഷോഭകര്‍ ഹിജാബ് അടിച്ചേല്‍പ്പിക്കുന്നതിന് എതിരായ സമരത്തില്‍ പങ്കെടുത്തു കഴിഞ്ഞിരുന്നു. ടെഹ്‌റാനില്‍ നിന്ന് എസ്ഫാഹിനിലേക്കും ഷിറാസിലേക്കും പ്രക്ഷോഭം നീണ്ടു. അസം ജാന്‍ഗ്രവി, ഷാപര്‍ക് ഷജരി, മറിയം ഷരീഅത്മദാരി, ഹംറാസ് സാദിഖി എന്നിങ്ങനെ പ്രക്ഷോഭകാരികളായ പെണ്‍കുട്ടികളുടെ നിര നീണ്ടുവന്നു.  

2018 ജൂലായില്‍ മെയ്ദി ഹുജാബ്രി എന്ന കൊച്ചുപെണ്‍കുട്ടി പാശ്ചാത്യ ഇറാനിയന്‍ സംഗീതത്തിന്റെ അകമ്പടിയോടെ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവിട്ടതും കോലാഹലമായി. താമസിയാതെ ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയുടെ കാംപസില്‍ നിരവധി പേര്‍ ഹിജാബ് നയത്തിനെതിരേ സമരരംഗത്ത് വരികയും പോലീസ് കാംപസില്‍ കയറി അവരെ ആക്രമിക്കുകയും ചെയ്തു. 

2019ലേക്കും പടിപടിയായി ഈ പ്രക്ഷോഭം നീണ്ടുവന്നു. ആ വര്‍ഷം ടെഹ്‌റാനില്‍ പലയിടത്തും മാര്‍ച്ച് എട്ടിന് വനിതാദിനം ആചരിക്കപ്പെട്ടു. വനിതാദിനത്തെ മനുഷ്യര്‍ക്കെല്ലാം നീതിയുക്തലോകത്തിന്റെ വാഗ്ദാനം നല്‍കുന്ന ലോകമായി കൊണ്ടാടി. പക്ഷേ പ്രക്ഷോഭം പരക്കുന്നതിനിടയില്‍ അതിനെ തടയാന്‍ മഫ്തിയില്‍ പോലീസ് ഇറങ്ങി സ്ത്രീകളെ ആക്രമിച്ചു. ഈ പരമ്പരയുടെ അവസാനമായിട്ടാണ് 2022 സെപ്റ്റംബര്‍ 16ന് മഹ്‌സ അമിനി ടെഹ്‌റാനില്‍ പോലീസിന്റെ ക്രൂരമായ അക്രമത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.

placeholder
vida movahed
വിദ മുവാഹീദിന്റെ പ്രതിഷേധം | Photo: AP

തട്ടം മറയ്ക്കാത്ത ഓര്‍മകളില്‍ മഹ്‌സ

ഹിജാബ് ശരിയായി ധരിക്കാത്ത കുറ്റത്തിനാണ് കുര്‍ദിഷ് വനിതയായ മഹ്‌സ അമിനിയെ ഇറാന്റെ സദാചാരോ പോലീസ് പിടികൂടിയത്. അവരുടെ കസ്റ്റഡിയിലിരിക്കെ തലയ്ക്കടിയേറ്റാണ് 22കാരിയായ അമിനി കൊല്ലപ്പെട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. പോലീസ് മഹ്‌സയെ മര്‍ദ്ദിക്കുകയും തല പോലീസ് കാറിന്റെ ഒരു വശത്ത് ഇടിക്കുകയും ചെയ്തതായി സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇറാന്‍ അധികൃതര്‍ ഇത് നിഷേധിക്കുകയാണ് ചെയ്തത്. സ്റ്റേഷനില്‍വെച്ച് മഹ് സയ്ക്ക് പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടാവുകയും തറയില്‍ വീഴുകയും രണ്ട് ദിവസം അബോധാവസ്ഥയിൽ കിടന്നശേഷം മരിക്കുകയുമായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തത്. 

ഇതിന് പിന്നാലെ ഇറാനില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. മഹ്‌സയുടെ മരണത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി സ്ത്രീകളും വിദ്യാര്‍ഥിനികളും രംഗത്തിറങ്ങി. അവര്‍ ഹിജാബ് അഴിച്ചുമാറ്റി പ്രതിഷേധിച്ചു. മുടി മുറിച്ചു. പ്രതിരോധവുമായി സര്‍ക്കാരും രംഗത്തിറങ്ങി. നിയമം ലംഘിച്ചവര്‍ക്കെതിരേ നടപടി തുടര്‍ന്നു. 2022 നവംബര്‍ അവസാനമായപ്പോഴേക്കും പ്രക്ഷോഭത്തില്‍ പങ്കെടുത്ത 307 പേരെയെങ്കിലും സൈന്യം വധിച്ചുവെന്ന് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ സൈനികര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും പലരേയും അടിച്ച് കൊല്ലുകയും ചെയ്തതായി ആംനസ്റ്റി ഇന്റര്‍നാഷണലും റിപ്പോര്‍ട്ട് ചെയ്തു. 

ഇതില്‍ അസ്ര പനാഹിയെന്ന 15-കാരിക്കും ജീവന്‍ നഷ്ടമായി. ഷാഹെദ് ഹൈസ്‌കൂളില്‍ സുരക്ഷാസേന റെയ്ഡിനെത്തിയപ്പോഴായിരുന്നു സംഭവം. അസ്രയും സംഘവും വിവേചനത്തിനും അസമത്വത്തിനും എതിരേ മുദ്രാവാക്യം വിളികളുമായാണ് സേനയെ നേരിട്ടത്. എന്നാല്‍ ക്ലാസ് മുറിയിലെത്തിയ പോലീസ് നിര്‍ദാക്ഷിണ്യം വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു. ഗുരുതരമായി പരിക്കേറ്റ അസ്ര ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ അവള്‍ മരണപ്പെട്ടു. എന്നാല്‍ അസ്രയുടേത് ആത്മഹത്യയാണെന്നായിരുന്നു പാര്‍ലമെന്റ് പ്രതിനിധി കാസിം മൗസവി വ്യക്തമാക്കിയത്. ഹൃദ്രോഗത്തെ തുടര്‍ന്നാണ് മരണമെന്ന് സ്‌റ്റേറ്റ് ടെലിവിഷനും റിപ്പോര്‍ട്ടുചെയ്തു. വിദ്യാര്‍ഥികളെ ക്ലാസ്സില്‍കയറി ക്രൂരമായി മര്‍ദിച്ചുവെന്ന് അധ്യാപക സംഘടന പറയുമ്പോഴും തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് പോലീസും സര്‍ക്കാരും ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.  

അബ്ദൊള്‍ഫാസില്‍ അദ്‌നിസാദ എന്ന 17കാരനെ സുരക്ഷാസേന വെടിവെച്ചുകൊന്നെന്നും ആരോപണമുയര്‍ന്നു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് 17-കാരനായ അദ്‌നിസാദ കൊല്ലപ്പെട്ടത്. രാവിലെ സ്‌കൂളിലേക്ക് പോയ അദ്‌നിസാദയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും അന്ന് അദ്‌നിസാദയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം ഭരണകൂട പ്രതിനിധികള്‍ പൂര്‍ണമായും തള്ളിക്കളയുകയാണുണ്ടായത്. 

placeholder
mahsa amini
മഹ്‌സ അമീനി| Photo: x/ iran protest

ഷിന്‍, ഷിയാന്‍, ആസാദി

ഇറാനിലെ ചങ്ങലപോലെ നീണ്ട പ്രക്ഷോഭങ്ങളില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യമാണ് ഷിന്‍, ഷിയാന്‍, ആസാദി. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നാണ് അതിനര്‍ഥം. സ്ത്രീകളുടെ ശരീരത്തിന്റെ ഉടമസ്ഥവകാശം അവരവർക്ക് തന്നെയാണെന്നും ഏതുതരം വസ്ത്രം ധരിക്കണമെന്ന് ഒരു മതപുരോഹിതനും തീരുമാനിക്കേണ്ടെന്നുമാണ് സ്ത്രീകള്‍ ഇതിലൂടെ ഉറക്കെ വിളിച്ചുപറയുന്നത്. 

മഹ്‌സ അമീനിയും അഹൂ ദാര്യോയിയും പോലെ കരുത്തരായ പെണ്‍കുട്ടികളുടെ നിര ഇനിയും നീളും. ഉരുക്കുമുഷ്ടിയുപയോഗിച്ച് പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയ ഇറാന്‍ ഭരണകൂടത്തിന് എത്രനാള്‍ ഇനി അത് തുടരാനാകുമെന്നത് ചോദ്യചിഹ്നമാണ്. ഹിജാബ് അടക്കമുള്ള മതനിയമങ്ങളെ എതിര്‍ക്കുന്നുവെന്നാണ് ഇറാനിലെ 72% ആളുകളും അഭിപ്രായ സര്‍വേയില്‍ തുറന്നുപറഞ്ഞത്. പ്രതിഷേധത്തോട് ഒരിക്കല്‍ അയഞ്ഞാല്‍ അത് പൗരോഹിത്യാധിപത്യത്തിന്റെ പതനമായി മാറുമെന്ന കാഴ്ച്ചപ്പാടില്‍ നിന്ന് ഇറാന്‍ മുക്തമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. 

ഇസ്രയേലുമായുള്ള യുദ്ധ മുറവിളിയും പരുങ്ങലിലായ സാമ്പത്തിക നിലയും ഇറാന്റെ കടുംപിടുത്തതിന് അയവ് വരുത്തിയേക്കാം. ഇന്റര്‍നെറ്റ് നിയന്ത്രിച്ചും സോഷ്യല്‍ മീഡിയ വിലക്കിയിട്ടും സ്ത്രീകള്‍ നേരത്തെ നിശ്ചയിച്ച സ്ഥലത്ത് ഒത്തുകൂടുന്നത് ഭരണകൂടത്തിനുണ്ടാക്കുന്ന തലവേദന ചെറുതല്ല. കടലാസുതുണ്ടുകളില്‍ സന്ദേശമെഴുതി വീടുകളിലെത്തിച്ചാണ് അവര്‍ ഒത്തുകൂടുന്നത്. 'ഇസ്ലാമിക് റിപ്പബ്ലിക് വീഴുകയാണ്, ജനങ്ങള്‍ക്കൊപ്പം ചേരൂ' എന്നാണ് ഈ തുണ്ടുകടലാസുകളില്‍ അവരെഴുതിവെയ്ക്കുന്നത്.  സ്വാതന്ത്ര്യത്തിന്റെ അത്തരമൊരു ഭാവിയാണ് ഇറാനിലെ സ്ത്രീകളുടെ സ്വപ്നം.