
ജനസംഖ്യാശോഷണം പാരമ്യത്തിലെത്തിയ ചൈന 'കെട്ടുപ്രായം' കഴിഞ്ഞിട്ടും പുരനിറഞ്ഞു നിൽക്കുന്ന പുരുഷന്മാരെ കെട്ടിച്ചുവിടാൻ ഭഗീരഥപ്രയത്നം തുടർന്നുകൊണ്ടേയിരിക്കുകയാണ്. ജനസംഖ്യ കൂട്ടാൻ സകല അടവുകളും പുറത്തെടുത്ത ചൈന പുരുഷധനം നിരോധിച്ചു, വിദ്യാർഥികൾക്ക് പ്രണയിക്കാനായി കോളേജുകൾ വരെ അടച്ചിട്ടു. ഈ പദ്ധതികളൊക്കെ നടത്തി വർഷം ഒന്ന് കഴിഞ്ഞിട്ടും ചൈനീസ് ജനസംഖ്യ ഇപ്പോഴും താഴേക്ക് തന്നെയാണ്. ഇന്ത്യയാകട്ടെ ചൈനയെ മറികടന്ന് ജനസംഖ്യയിൽ ഒന്നാമതെത്തി. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഈ നൂറ്റാണ്ടിൻ്റെ ഒടുക്കം വരെയും ഇന്ത്യ ആയിരിക്കും ജനസംഖ്യയിൽ മുന്നിൽ.
എന്നാൽ ഇന്ത്യയിൽ 2050-ഓടെ ഇന്ത്യൻ ജനസംഖ്യയുടെ അഞ്ചിലൊന്നും 60 വയസ്സിനു മുകളിലുള്ളവരായിരിക്കുമെന്നാണ് റിപ്പോർട്ട്. വർധിക്കുന്ന കുടിയേറ്റവും വിപരീത ജനസംഖ്യാവർധനവിന് ആക്കം കൂട്ടി. ആൾബലത്തിൽ പ്രായമായവർ ഏറുന്നതോടെ ഉത്പാദനക്ഷമത കുറയും. സാമ്പത്തികപ്രതിസന്ധി വർധിക്കും. എന്താകും ഇന്ത്യയുടെ ഭാവി.
കൂടുന്ന ആൾബലം
2060-ഓടെ ഇന്ത്യൻ ജനസംഖ്യ 170 കോടി കവിയുമെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2100 വരെയും ഇന്ത്യ തന്നെയായിരിക്കും ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്നും യു.എൻ. റിപ്പോർട്ടിൽ പറയുന്നു. അടുത്ത 50-60 വർഷത്തേക്ക് വളർന്നുകൊണ്ടേയിരിക്കുകയും 2080-കളുടെ പകുതിയോടെ ആഗോളജനസംഖ്യ 1030 കോടിയാകും പിന്നീട് ഈ നൂറ്റാണ്ടിന്റെ ഒടുക്കത്തോടെ 1020 കോടിയായി കുറയുമെന്നും റിപ്പോർട്ട് പറയുന്നു.
റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ നിലവിലെ ജനസംഖ്യ 145 കോടിയാണ്. 2054-ൽ ജനസംഖ്യ 169 കോടിയിലേക്കെത്തും. നിലവിൽ 141 കോടിയായ ചൈനയിലെ ജനസംഖ്യ 2054-ൽ 20.4 കോടിയോളം കുറഞ്ഞ് 121 കോടിയായി കുറയുമെന്നാണ് റിപ്പോർട്ടിൽ. മാത്രമല്ല, 2100-ഓടെ ഇത് 63.3 കോടിയായി ചുരുങ്ങും. 2024-നും 2054-നും വലിയ തോതിലുള്ള ജനസംഖ്യാശോഷണം ചൈന അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് യു.എൻ വ്യക്തമാക്കുന്നത്. 2100-ലേക്ക് അടുക്കുമ്പോഴേക്കും ചൈനയിലെ അംഗബലം കുത്തനെ ഇടിഞ്ഞ് നിലവിലെ ജനസംഖ്യയുടെ പകുതിയിലും താഴെയായി 1950-കളിൽ ചൈനയിലുണ്ടായിരുന്ന ജനസംഖ്യയിലേക്കെത്തുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജനസംഖ്യയിൽ 2.1 കോടി കുറഞ്ഞ് ജപ്പാനും ഒരുകോടി കുറഞ്ഞ് റഷ്യയും ചൈനയ്ക്കു പിന്നിലുണ്ട്.
നിലവിലെ ജനസംഖ്യ നിലനിർത്താൻ ഒരു സ്ത്രീക്ക് ശരാശരി 2.1 എന്ന തോതിൽ കുട്ടികളുണ്ടാകേണ്ടതുണ്ട്. എന്നാൽ, ഒരു സ്ത്രീക്ക് ആയുഷ്‌കാലം ഒരു കുട്ടി എന്നതാണ് ചൈനയിലെ പ്രത്യുദ്പാദന നിരക്ക്. പ്രത്യുദ്പാദന നിരക്ക് കുറയുംതോറും ജനസംഖ്യാശോഷണവും വർധിക്കും. പ്രത്യുദ്പാദനനിരക്കിലെ ഇടിവാണ് ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ ജനസംഖ്യ കുറയുന്നതിനുള്ള കാരണവും. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ തുടങ്ങി പല രാജ്യങ്ങളിലും പ്രത്യുത്പാദന നിരക്ക് 1.4-ൽ താഴെയാണ്. എന്നാൽ ആഗോളതലത്തിൽ 2.25 ആണ്. 1990-ൽ 3.31 ആയിരുന്നു പ്രത്യുദ്പാദനനിരക്ക് എന്നതാണ് ശ്രദ്ധേയം.

ഇപ്പോൾ ലോകത്ത് ഏറ്റവുമധികം ജനങ്ങളുള്ള മൂന്നാം രാജ്യം യു.എസാണ്. 34.5 കോടിയാണ് യു.എസിലെ ജനസംഖ്യ. 2054-ൽ 38.4 കോടി ജനങ്ങളുമായി യു.എസ്. നാലാം സ്ഥാനത്തെത്തും. പാകിസ്താൻ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോൾ 51.1 കോടിപ്പേരുമായി മൂന്നാം സ്ഥാനത്തെത്തും.
2024-ൽ ലോകത്തെ ശരാശരി ആയുർദൈർഘ്യം 73.3 വർഷമായെന്നും 2054-ൽ ഇത് 77.4 ആകുമെന്നും റിപ്പോർട്ടിലുണ്ട്. 2080 ആകുമ്പോൾ 65 വയസ്സുകഴിഞ്ഞവരുടെ എണ്ണം 18-ൽ താഴെയുള്ളവരുടേതിനെക്കാൾ കൂടുതലാകുമെന്നും റിപ്പോർട്ട് പറയുന്നു.
'പ്രായമേറുന്ന ഇന്ത്യ'
2070 ഓടെ ആഗോള ജനസംഖ്യയിൽ 65 വയസ്സിനു മുകളിലുള്ളവർ പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ മറികടക്കുമെന്നാണ് റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം 2050-ൽ ലോകത്ത് ആറിൽ ഒരാൾ 65 വയസിന് മുകളിലുള്ളവരായിരിക്കും. 2019-ൽ ഇത് പതിനൊന്നിൽ ഒന്നായിരുന്നു. 2050-ൽ 60 വയസിന് മുകളിലുള്ളവരുടെ എണ്ണം 200 കോടിക്ക് മുകളിൽ വരും. 80 വയസിന് മുകളിലുള്ളവരുടെ എണ്ണം 45 കോടി ആകും. ഇപ്പോൾ തന്നെ 17 രാജ്യങ്ങളിൽ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വയോജനങ്ങളാണ്. 2100 ആകുമ്പോഴേക്ക് 155 രാജ്യങ്ങളിൽ ഇങ്ങനെയാകുമെന്നാണ് യു.എന്നിന്റെ കണക്ക്. അതായത് ലോക ജനസംഖ്യയുടെ 61 ശതമാനം വയോധികരായിരിക്കും.
ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല. ഐക്യരാഷ്ട്രസഭ കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2050-ഓടെ ഇന്ത്യൻ ജനസംഖ്യയുടെ അഞ്ചിലൊന്നും 60 വയസ്സിനു മുകളിലുള്ളവരായിരിക്കും. ഈ നൂറ്റാണ്ടിൻ്റെ അവസാനത്തിൽ എത്തുമ്പോഴേക്കും ഇന്ത്യയിൽ 60 വയസ്സിനു മുകളിലുള്ളവർ പതിനാലു വയസ്സിൽ താഴെയുള്ള കുട്ടികളെക്കാൾ കൂടുതലായിരിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഇന്ത്യയ്ക്ക് 'വയസ്സാകും'.

ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യമുള്ള മനുഷ്യവിഭവശേഷിയാണ് ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടുതന്നെ സാമ്പത്തികവളര്‍ച്ചയെ ഉള്‍പ്പടെ ഈ വിപരീത ജനസംഖ്യാവളര്‍ച്ച ബാധിക്കുമെന്നത് തീര്‍ച്ചയാണല്ലോ. ജനസംഖ്യയില്‍ കൂടുതല്‍ വയോജനങ്ങളാകുന്നതോടെ രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്കു ക്ഷീണമാണ്. ആരോഗ്യവും ചുറുചുറുക്കുമുള്ള യുവജനങ്ങളുടെ അഭാവം രാജ്യത്തിന്റെ ഉത്പാദന ക്ഷമതയെ ബാധിക്കും. എണ്ണത്തില്‍ കൂടുതലുള്ള വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും അതിജീവനത്തിനുമായി പൊതുപണം ഏറെ ചെലവാക്കേണ്ട അവസ്ഥയുണ്ടാകുകയും അവരെ ശുശ്രൂഷിക്കാന്‍ മനുഷ്യ വിഭവശേഷി കൂടുതല്‍ ഉപയോഗിക്കേണ്ടിയും വരും. അവശരായ പൗരന്മാര്‍ പതിയെ ഭരണകൂടത്തിന് ബാധ്യതയായി മാറുകയും ചെയ്യും. ഇത് സാമൂഹിക ജീവിതത്തെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യും..
ജോലി ചെയ്യാനുള്ള ശേഷിയില്ലാതാകുന്ന വയോജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും. അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ പ്രകാരം ഇന്ത്യയിലെ 26.3 ശതമാനം മാത്രം വയോധികർ മാത്രമാണ് സാമ്പത്തിക സ്വതന്ത്രർ. 20.3 ശതമാനം പേർ ഭാഗികമായി മറ്റുള്ളവരെ സാമ്പത്തികമായി ആശ്രയിക്കുന്നവരാണ്. 53.4 ശതമാനം പേരും മക്കളുടെ ചെലവിലാണ് കഴിയുന്നത്. മക്കളോ മറ്റ് ബന്ധുക്കളോ ഇല്ലാത്ത വൃദ്ധജനങ്ങളുടെ സംരക്ഷണം ആര് ഏറ്റെടുക്കുമെന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്. ഇത് അവരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല വയോജനപീഡനത്തിൻ്റെ തോത് വർധിപ്പിക്കുകയും ചെയ്യും. കുട്ടികളുടെ ഡേ കെയറുകൾക്കൊപ്പം വയോജനങ്ങളെ നോക്കാനുള്ള സ്ഥാപനങ്ങളുടെയും വൃദ്ധസദനങ്ങളുടെയും എണ്ണം വർധിക്കും.
കേരളത്തിൽ വർധിക്കുന്ന കുടിയേറ്റം; ഒറ്റയ്ക്കാകുന്ന വയോജനങ്ങൾ
ഈയിടെ പുറത്തുവന്ന കേരള മൈഗ്രേഷന്‍ സര്‍വേ (കെ.എം.എസ്) പ്രകാരം കേരളത്തിലെ വിദ്യാർഥി കുടിയേറ്റം അഞ്ചുവർഷം കൊണ്ട് ഇരട്ടിയായി. 2018 ല്‍ 1,29,763 വിദ്യാര്‍ഥി കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നത് 2023 -ല്‍ ഏകദേശം 2,50,000 ആയി. അതായത് ഇരട്ടിയോളം വര്‍ധന. സര്‍വേ പ്രകാരം കേരളത്തില്‍ നിന്നുള്ള മൊത്തം കുടിയേറ്റക്കാരില്‍ 11.3 ശതമാനം വിദ്യാര്‍ഥികളാണ്.
എറണാകുളത്തു നിന്നാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ വിദേശ പഠനത്തിനു പോയത്, 43,990 പേര്‍. തൊട്ടു പിന്നാലെ തൃശൂരും കോട്ടയവും-യഥാക്രമം 35,783 ഉം 35,382 ഉം. ഏറ്റവും കുറച്ചു വിദ്യാര്‍ഥികള്‍ വിദേശത്തു പോയത് വയനാട്ടില്‍ നിന്നാണ്-3750 പേര്‍ മാത്രം. വിദേശപഠനം തിരഞ്ഞെടുക്കുന്നവരില്‍ 54.4 ശതമാനം ആണ്‍കുട്ടികളാണ്. എങ്കിലും ഇക്കാര്യത്തിലെ സ്ത്രീ-പുരുഷ അനുപാതം മെല്ലെ തുല്യതയിലേക്കു നീങ്ങുകയാണ്. കേരളത്തില്‍ നിന്നുള്ള മൊത്തം കുടിയേറ്റക്കാരെ നോക്കിയാല്‍ 80 ശതമാനവും പുരുഷന്‍മാരാണ്.
കേരളത്തിലെ അഞ്ചില്‍ രണ്ടു വീടുകളിലും പ്രവാസികളാണെന്നും റിപ്പോർട്ടിലുണ്ട്. കുടുംബത്തോടെ കുടിയേറിയവര്‍: 4.2 ലക്ഷം പേരാണ്. 62 ശതമാനമാണ് 15-59 പ്രായപരിധിയുള്ള പ്രവാസികള്‍. 60 വയസ്സില്‍ കൂടുതലുള്ള പ്രവാസികള്‍ 21.8 ശതമാനമാണ. 14 വയസ്സു വരെയുള്ള പ്രവാസികളാവട്ടെ 16.2 ശതമാനവും. ഇതിനിടെ 18 ലക്ഷം പ്രവാസികൾ നാട്ടിലേക്കു മടങ്ങിയിട്ടുമുണ്ട്.

പത്തനംതിട്ടയിലെ കുമ്പനാട്ടെ സ്ഥിതി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നല്ലോ. ആളുകൾ വിദേശത്തേക്ക് കുടിയേറിയത് കാരണം അവിടുത്തെ 11,118 വീടുകളിൽ 15 ശതമാനം വീടുകളും അടഞ്ഞുകിടക്കുകയാണെന്നും ഭൂരിഭാഗം വീടുകളിലും പ്രായമായവർ ഒറ്റയ്ക്കാണെന്നുമായിരുന്നു റിപ്പോർട്ട്. 700 കുട്ടികൾ പഠിച്ചുകൊണ്ടിരുന്ന സ്കൂളിൽ 50 കുട്ടികൾ മാത്രമാണ് പഠിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ബിബിസിയുടെ റിപ്പോർട്ടിനെതിരേ കുമ്പനാട് പഞ്ചായത്ത് അധികൃതരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
കണക്കുകൾ കുറച്ച് അതിശയോക്തി കലർന്നാതാണെങ്കിൽ പോലും നിസാരമായി തള്ളിക്കളയേണ്ട വിഷയമല്ല ഇത്. കേരളത്തിലെ വയോജനങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. 2036-ഓടെ കേരളത്തിലെ ജനസംഖ്യയുടെ 22.8 ശതമാനും 60 വയസ്സിൽ കൂടുതലാകുമെന്നാണ് ഐക്യരാഷ്ട്രസഭ കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2001 ലെ കണക്ക് പ്രകാരം സംസ്ഥാന ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം 9.79 ശതമാനം ആയിരുന്നു. 2011 ല്‍ അത് 12.83 ഉും 2021-ല്‍ 2021-ൽ 16.5 % ആയിരുന്നു വയോജനങ്ങളുടെ എണ്ണം. പ്രത്യുദ്പാദന നിരക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവും ആയുർദൈർഘ്യം കൂടുതലുമാണ്. ഏറ്റവും പുതിയ സർവെപ്രകാരം 1.8 ആണ് കേരളത്തിലെ പ്രത്യുദ്പാദന നിരക്ക് 1992-93 ല്‍ നടത്തിയ ആദ്യ സര്‍വേയില്‍ ഇത് 2.0 ആയിരുന്നു.
ജീവിതം സുഖകരവും സുരക്ഷിതവുമാക്കുക എന്നതിനപ്പുറം ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് വിദേശത്ത് ആളുകൾ കുത്തിയൊഴുകാനുള്ള കാരണം. ഇത് ഇന്ത്യയില്‍ ഇല്ലാതാകുംതോറും വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം ഇനിയും കൂടും.
നിലവിലെ സാഹചര്യത്തിൽ തന്നെ ഇന്ത്യയുടെ ലേബര്‍ ഫോഴ്‌സ് പങ്കാളിത്ത നിരക്ക് 46% മാത്രമാണ്. ഫീമെയില്‍ ലേബര്‍ ഫോഴ്‌സ് ആകട്ടെ 18% മാത്രവും. കൂടാതെ ജനസംഖ്യ വര്‍ദ്ധിക്കുന്നതോടെ തൊഴിലിലായ്മയും വിഭവശേഷിക്ഷാമവും വര്‍ധിക്കും. മാത്രമല്ല തൊഴിലെടുക്കാനാകാത്ത വയോജനങ്ങളുടെ എണ്ണം കൂടുന്നതോടെ ഉത്പാദനക്ഷമത പിന്നെയും താഴേക്കെത്തും. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കാം. നിലവിലെ സാഹചര്യങ്ങളെ ഭരണകൂടം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും ഇന്ത്യയുടെ ഭാവി.
Content Highlights: india's elderly population will surpasses children in few years un report on indian population 2060
Published: 19 Jul 2024, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented