2026-ൽ ലോകജനസംഖ്യ 8.3 ബില്യണിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. 2022-ൽ ചൈനയെ മറികടന്ന ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ്. ഈ സാഹചര്യത്തിലും രാജ്യത്തെ ജനസംഖ്യാഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

To advertise here,

1970-കളിൽ ഏകദേശം 52 ശതമാനമായിരുന്ന തൊഴിൽപ്രായജനസംഖ്യയുടെ വിഹിതം ഇന്ന് 66.64 ശതമാനമായി ഉയർന്നിരിക്കുന്നു. 2030-ഓടെ ഇത് ഏകദേശം 65 ശതമാനത്തിലെത്തുമെന്നും തുടർന്ന് ക്രമേണ കുറയുമെന്നും കണക്കാക്കപ്പെടുന്നു. 2045 വരെയെങ്കിലും രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികംപേരും തൊഴിൽപ്രായത്തിലുള്ളവരായിരിക്കും. അതിനുശേഷം ആശ്രിതജനസംഖ്യയുടെ വിഹിതം വർധിക്കാൻ തുടങ്ങും.

പ്രത്യുത്പാദനനിരക്കിലെ തുടർച്ചയായ ഇടിവിനൊപ്പമാണ് ഈ മാറ്റങ്ങൾ ഉണ്ടായത്. അതേസമയം, ആയുർദൈർഘ്യം 1970-’75 കാലയളവിലെ 49.7 വർഷത്തിൽനിന്ന് 2019-’23-ൽ 70.3 വർഷമായി ഉയർന്നു. അതായത്, നാലുപതിറ്റാണ്ടിനിടെ ശരാശരി ആയുർദൈർഘ്യം 20.6 വർഷം വർധിച്ചു. ജനസംഖ്യാപരമായ ഈ മാറ്റങ്ങളാണ് ഇന്ത്യയെ ‘ജനസംഖ്യാനേട്ടം’ (demographic dividend) എന്ന അപൂർവ സാമ്പത്തിക അവസരത്തിന്റെ ഘട്ടത്തിലെത്തിച്ചിരിക്കുന്നത്.

മനുഷ്യമൂലധനം

ഈ അവസരം പ്രധാനമായും ഇനിപ്പറയുന്ന വഴികളിലൂടെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ജോലിചെയ്യാൻ പ്രാപ്തിയുള്ള ജനസംഖ്യയുടെ ഉയർന്നവിഹിതവും ആശ്രിതജനസംഖ്യയുടെ കുറഞ്ഞ അനുപാതവും കൂടുതൽ ഉത്പാദനക്ഷമതയ്ക്കും സാമ്പത്തികവളർച്ചയ്ക്കും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. പ്രത്യുത്പാദനനിരക്ക് കുറയുന്നതോടെ പരിചരണച്ചുമതലകൾ ലഘൂകരിക്കുകയും പ്രത്യേകിച്ച് സ്ത്രീകൾക്ക് തൊഴിൽവിപണിയിൽ കൂടുതൽ പങ്കാളികളാകാനുള്ള അവസരം വർധിക്കുകയും ചെയ്യുന്നു. വർധിച്ച ആയുർദൈർഘ്യം ദീർഘകാലസമ്പാദ്യത്തിനും നിക്ഷേപത്തിനും പ്രേരണനൽകുമ്പോൾ, കുട്ടികളുടെ എണ്ണം കുറയുന്നത് ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കൂടുതൽ നിക്ഷേപം നടത്താൻ കുടുംബങ്ങളെ പ്രാപ്തമാക്കുകയും മികച്ച മനുഷ്യമൂലധനം സൃഷ്ടിക്കപ്പെടുകയുംചെയ്യുന്നു.

നഷ്ടപ്പെടുത്തുന്ന അവസരം

2011-ൽ ജനസംഖ്യാപരമായ സാമ്പത്തികാവസരത്തിന്റെ ഘട്ടത്തിലേക്കു കടന്ന ഇന്ത്യ, പതിനഞ്ചുവർഷങ്ങൾക്കിപ്പുറവും അതിന്റെ നേട്ടങ്ങൾ വേണ്ടത്ര കൊയ്തിട്ടില്ലെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. മറ്റ് ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളുടെ അനുഭവം ഇതിനു വിരുദ്ധമാണ്. 1995-2025 കാലയളവിൽ കിഴക്കൻ ഏഷ്യയുടെ സാമ്പത്തികവളർച്ചയുടെ നാലിലൊന്നിലധികവും തെക്കുകിഴക്കൻ ഏഷ്യയുടെ വളർച്ചയുടെ മൂന്നിലൊന്നോളവും ജനസംഖ്യാനേട്ടത്തിന്റെ സംഭാവനയായിരുന്നു. സമാനമായ അവസരം ലഭിച്ചിട്ടും അതിനെ സാമ്പത്തികവളർച്ചയുടെയും തൊഴിൽസൃഷ്ടിയുടെയും കരുത്താക്കി മാറ്റാൻ ഇന്ത്യക്ക് എന്തുകൊണ്ടു കഴിയുന്നില്ല എന്ന ചോദ്യമാണ് ഇന്ന് ഏറ്റവും പ്രസക്തം.

ഒന്നാമതായി, ജോലിചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യ വർധിക്കുന്നതുകൊണ്ടുമാത്രം ഗുണം ലഭിക്കില്ല. ആ ജനസംഖ്യയെ ഉത്പാദനക്ഷമമായ തൊഴിലിലേക്ക് ആഗിരണംചെയ്യാനുള്ള സമ്പദ്‌വ്യവസ്ഥയുടെ ശേഷിയാണ് നിർണായകം. 2026-ൽ തൊഴിലില്ലായ്മനിരക്ക് 15-29 വയസ്സുകാരിൽ ഏകദേശം 15 ശതമാനമാണ്. കഴിഞ്ഞ ആറുവർഷത്തിനിടെ 16.83 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും യുവാക്കളിലെ ഉയർന്ന തൊഴിലില്ലായ്മനിരക്ക് ജനസംഖ്യാനേട്ടത്തിൽ വലിയ ചോർച്ചയുണ്ടാക്കുന്നു എന്നതാണ് യാഥാർഥ്യം.

രണ്ടാമതായി, മനുഷ്യമൂലധനത്തിൽ വേണ്ടത്ര നിക്ഷേപം നടത്താൻ കഴിയാത്തത് വലിയ വെല്ലുവിളിയാണ്. ഇന്ത്യയിൽ ഇപ്പോഴും ഏകദേശം 21 ശതമാനം പുരുഷന്മാരും 38 ശതമാനത്തിലധികം സ്ത്രീകളും നിരക്ഷരരാണ്. സെക്കൻഡറിതലത്തിനപ്പുറം പഠിച്ചവരുടെ വിഹിതവും വളരെ കുറവാണ്. ലോകബാങ്കിന്റെ മാനവമൂലധനസൂചികയിൽ ഇന്ത്യ 157 രാജ്യങ്ങളിൽ 115-ാം സ്ഥാനത്താണ്. ഇതോടൊപ്പം, നൈപുണിയും വ്യവസായ ആവശ്യവും തമ്മിലുള്ള പൊരുത്തക്കേടും മികച്ച അവസരങ്ങൾ തേടി യുവാക്കളുടെ വിദേശകുടിയേറ്റവും ജനസംഖ്യാനേട്ടത്തിന്റെ നേട്ടം കൂടുതൽ ക്ഷയിപ്പിക്കുന്നു.

മൂന്നാമതായി, പ്രത്യുത്പാദനനിരക്ക് കുറഞ്ഞിട്ടും സ്ത്രീകളുടെ തൊഴിൽപങ്കാളിത്തത്തിൽ അതിനനുസരിച്ചുള്ള വർധന ഉണ്ടായില്ല. 2011-2020 കാലത്ത് സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 20-25 ശതമാനത്തിൽ ഒതുങ്ങി. പരിചരണച്ചുമതലകൾക്കപ്പുറം സാമൂഹിക-സാംസ്കാരിക നിയന്ത്രണങ്ങളും സ്ത്രീകളുടെ തൊഴിൽപങ്കാളിത്തത്തെ സ്വാധീനിക്കുന്നുവെന്ന് ഇത് കാണിക്കുന്നു. 2020-നുശേഷം പങ്കാളിത്തം ഉയർന്നെങ്കിലും ഭൂരിഭാഗം തൊഴിലവസരങ്ങളും കുറഞ്ഞ ഉത്പാദനക്ഷമതയുള്ള സ്വയംതൊഴിൽകാർഷികമേഖലയിലായിരുന്നു. ഗുണമേന്മയുള്ള വേതനതൊഴിലവസരങ്ങൾ വർധിക്കാതെ ജനസംഖ്യാപരമായ സാമ്പത്തിക അവസരം യാഥാർഥ്യമാകില്ല.

നാലാമതായി, വർധിച്ച ആയുർദൈർഘ്യം സമ്പാദ്യവും നിക്ഷേപവും സ്വയമേവ വർധിപ്പിക്കണമെന്നില്ല. ഇന്ത്യയിൽ ഗാർഹികസമ്പാദ്യം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 21.7 ശതമാനമാണെങ്കിലും സാമ്പത്തികസമ്പാദ്യം 10.8 ശതമാനവും അറ്റ ഗാർഹികസമ്പാദ്യം വെറും ആറുശതമാനവുമാണ്. ഭൂമി, സ്വർണം, കെട്ടിടങ്ങൾ തുടങ്ങിയ ഭൗതിക ആസ്തികളിലേക്കുള്ള നിക്ഷേപമാണ് ഇതിനൊരു പ്രധാനകാരണം. സമ്പാദ്യത്തെ ഉത്പാദനപരമായ നിക്ഷേപമാക്കിമാറ്റാൻ കാര്യക്ഷമമായ ധനകാര്യസ്ഥാപനങ്ങളും വികസിത മൂലധനവിപണിയും കൂടുതൽ നിക്ഷേപ അവസരങ്ങളും ആവശ്യമാണ്.

സമ്പന്നരാകുന്നതിനു മുൻപ് പ്രായമാകുക

കേരളത്തിന്റെ ജനസംഖ്യാപരമായ ചരിത്രം ഇന്ത്യക്ക് സുപ്രധാനമായ ഒരു പാഠമാണ്. രാജ്യത്ത് ഏറ്റവും നേരത്തേ ജനസംഖ്യാപരമായ പരിവർത്തനം അനുഭവിച്ച സംസ്ഥാനമായതിനാൽ, കേരളത്തിന്റെ ജനസംഖ്യാപരമായ സാമ്പത്തിക അവസരത്തിന്റെ കാലഘട്ടം ഏതാണ്ട് അവസാനിക്കുകയാണ്. ജോലിചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതം നിശ്ചലമാകുമ്പോൾ, പ്രായമായവരുടെ അനുപാതം അതിവേഗം ഉയരുകയാണ്. ഈ പരിവർത്തനകാലത്ത്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, ദേശീയശരാശരിയെക്കാൾ ഉയർന്ന തൊഴിലില്ലായ്മയാണ് കേരളം നേരിട്ടത്.

പരിവർത്തനാനന്തരഘട്ടത്തിൽ കേരളത്തിന്റെ വികസനതന്ത്രത്തിനും മാറ്റം ആവശ്യമാണ്. വർധിച്ചുവരുന്ന വയോജന ജനസംഖ്യ സിൽവർ ഇക്കോണമിയുടെ പുതിയ സാധ്യതകൾ തുറക്കുന്നു. മുതിർന്നവർക്കായുള്ള ഉത്പന്നങ്ങൾ, സേവനങ്ങൾ, ആരോഗ്യപരിചരണം എന്നിവ ഉൾപ്പെടുന്ന കെയർ ഇക്കോണമി പുതിയ തൊഴിലവസരങ്ങളുടെ പ്രധാനമേഖലയായി മാറും. നയശ്രദ്ധ ഇനി ജനസംഖ്യാവളർച്ചയിലും പ്രത്യുത്പാദനനിരക്കിലുംമാത്രമല്ല, വാർധക്യം, തൊഴിലാളിക്ഷാമം, സാമൂഹികസുരക്ഷ, ഉത്പാദനക്ഷമത എന്നിവയിലേക്കും മാറണം. ജനസംഖ്യാപരമായ പരിവർത്തനത്തെ സുസ്ഥിര സാമ്പത്തികപരിവർത്തനമാക്കി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ, ‘സമ്പന്നരാകുന്നതിനുമുൻപ് പ്രായമാകുക’ എന്ന പ്രതിസന്ധി കേരളത്തിന് ഒഴിവാക്കാനാവില്ല.

(തിരുവനന്തപുരത്തെ സെന്റർ ഫോർ ഡിവലപ്മെന്റ് സ്റ്റഡീസിൽ പ്രൊഫസറാണ് ലേഖകൻ)