
'വിവാഹപ്രായം' കഴിഞ്ഞിട്ടും പുര നിറഞ്ഞുനില്‍ക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുകയാണ് ചൈനയില്‍. താങ്ങാനാകാത്ത പുരുഷധനമാണ് ഒരു കാരണം. വധുവും കുടുംബവും ആവശ്യപ്പെടുന്ന ഭീമമായ തുക നല്‍കാനാവാത്തതിനാല്‍ പുരുഷന്മാര്‍ വിവാഹം തന്നെ വേണ്ടെന്ന് വെക്കുകയാണ്. അതിനാല്‍തന്നെ കഴിഞ്ഞ മാസം പുരുഷധനം നിരുത്സാഹപ്പെടുത്തണമെന്ന ഉത്തരവ് ചൈന പുറപ്പെടുവിച്ചു. വിദ്യാര്‍ഥികള്‍ക്ക് പ്രണയിക്കാനായി ചൈനയിലെ കോളേജുകള്‍ കൂട്ടത്തോടെ അടച്ചിട്ടു. ചൈനയിലെ ഈ വാര്‍ത്തകളെ നല്ലൊരു ശതമാനവും ചിരിച്ചുതള്ളുകയാണ് ചെയ്തത്. ചൈന മാത്രമല്ല പല ലോക രാഷ്ട്രങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ ഒരു പ്രതിസന്ധി ഈ വാര്‍ത്തകള്‍ക്ക് പിറകിലുണ്ട്.
ഭീമമായ ജനസംഖ്യാ ശോഷണത്തിന്റെ വക്കിലാണ് ലോകരാഷ്ട്രങ്ങളില്‍ നല്ലൊരു പങ്കും. പല രാജ്യങ്ങളിലെയും ജനസംഖ്യാനിരക്ക് താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 2050 ആകുന്നതോടെ യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ജനസംഖ്യ നേര്‍പകുതിയായി കുറഞ്ഞേക്കുമെന്നാണ് കണക്കുകളില്‍നിന്ന് ലഭിക്കുന്ന സൂചന. യു.എസിലും ഏതാണ്ട് സമാനമായ അവസ്ഥയാണ്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിലുണ്ടായ വര്‍ധന ചെറിയ തോതിലെങ്കിലും ആശ്വാസം പകരുന്നുണ്ട്. പക്ഷേ, ജനസംഖ്യയിലെ നല്ലൊരു പങ്കും വയോധികരാണ് എന്നുള്ളതാണ് ആശങ്ക.
യു.എന്‍. പുറത്തുവിട്ട കണക്കുപ്രകാരം ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ ഉള്‍പ്പടെ 61 രാജ്യങ്ങള്‍ ജനസംഖ്യശോഷണത്തിന്റെ വക്കിലാണ്. ഇവയില്‍ ചൈനയാണ് ഏറ്റവും ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്നത്.
കുട്ടികളില്ലാത്ത ചൈന
ആറ് പതിറ്റാണ്ടുകള്‍ക്കു ശേഷം, കൃത്യമായി പറഞ്ഞാല്‍ 1962-നുശേഷം, ആദ്യമായി ചൈനയിലെ ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം ഇടിവു രേഖപ്പെടുത്തി. ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ കണക്കു പ്രകാരം 2022-ന്റെ അവസാനത്തോടെ 8,50,000 ആളുകളുടെ കുറവാണ് ചൈനയില്‍ ഉണ്ടായത്. 2021-ല്‍ 141.26 കോടി ജനങ്ങളുണ്ടായിരുന്നത് 2022-ന്റെ അവസാനത്തോടെ 141.17 കോടിയായി കുറഞ്ഞു. ജനനനിരക്ക് കുത്തനെ ഇടിഞ്ഞതാണ് ജനസംഖ്യ കുറയാനുള്ള പ്രധാന കാരണം. 6.11 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം ചൈനയിലെ ജനനനിരക്ക്. അതേസമയം, രേഖപ്പെടുത്തിയ മരണനിരക്കാകട്ടെ 7.37 ശതമാനവും. ജനിക്കുന്നതിനേക്കാള്‍ കൂടുതലാളുകള്‍ ചൈനയില്‍ മരണപ്പെടുന്നുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.

എന്തുകൊണ്ടാകാം ചൈനയില്‍ ജനസംഖ്യാ നിരക്ക് ഇടിഞ്ഞു താഴുന്നത്? ഇതിന് പല കാരണങ്ങളും വിദഗ്ധര്‍ നിരത്തുന്നുണ്ട്. ചൈനയെ തകര്‍ത്തെറിഞ്ഞ കോവിഡിന് ജനസംഖ്യ ഇടിവില്‍ പങ്കുണ്ടെങ്കിലും ചൈനയുടെ നിലവിലെ പ്രതിസന്ധിയുടെ കാരണം കോവിഡ് മാത്രമായി ഒതുക്കാനാവില്ല.
ചൈനയെ കാത്തിരുന്ന അപകടം
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ചൈന സാക്ഷ്യം വഹിച്ചത് കുത്തനെയുള്ള ജനസംഖ്യാ വര്‍ദ്ധനവിനാണ്. 1940-ലെ 540 മില്യണില്‍നിന്ന് 1980-കളിലേക്ക് കടന്നപ്പോഴേക്കും ചൈനയിലെ ജനസംഖ്യ 969 മില്യണ്‍ കടന്നു. ആളുകളുടെ എണ്ണത്തിനനുസരിച്ചുള്ള അടിസ്ഥാന വിഭവങ്ങള്‍ക്ക് ക്ഷാമം നേരിട്ടതോടെ ജനസംഖ്യാവര്‍ദ്ധന തടയാനുള്ള മാര്‍ഗങ്ങളിലേക്ക് ചൈന കടന്നു. 1980-ല്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഡെങ് സിയോവോപിങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ ഒറ്റക്കുട്ടി നിയമം പ്രാബല്യത്തില്‍ വന്നു. ഏതാണ്ട് 35 വര്‍ഷത്തോളമാണ് ഈ നിയമം ചൈനയില്‍ തുടര്‍ന്നത്. (പിന്നീട് 2016-ല്‍ രണ്ടു കുട്ടികളായും 2021-ല്‍ മൂന്നു കുട്ടികളായും നിയമം ഭേദഗതി ചെയ്തു.)
ജനസംഖ്യ നിയന്ത്രിക്കാനുള്ള ചൈനയുടെ പരിശ്രമങ്ങള്‍ പതിയെ വിജയം കണ്ടു. 1970-കള്‍ കടന്നതോടെ ജനനനിരക്ക് ക്രമേണ താഴേക്കു പതിച്ചു. ആയുര്‍ദൈര്‍ഘ്യം ഉയരാനും തുടങ്ങി. 1970-ല്‍ 57 ആയിരുന്ന ശരാശരി ആയുര്‍ദൈര്‍ഘ്യം 2020-ല്‍ 78 ആയി ഉയര്‍ന്നു. എന്നാല്‍, രാജ്യത്തെ കാത്തിരിക്കുന്ന അപകടം അന്ന് ചൈന തിരിച്ചറിഞ്ഞിരുന്നില്ല.

നേരത്തെ ജനസംഖ്യ നിയന്ത്രിക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായിരുന്നെങ്കില്‍ പിന്നീട് സ്ഥിതി മാറി. ഭൂരിഭാഗം ദമ്പതിമാരും ഒരു കുട്ടി മതി എന്ന തീരുമാനത്തിലെത്തി. ചിലര്‍ കുട്ടികളേ വേണ്ടെന്നും തീരുമാനിച്ചു. ഉയര്‍ന്നു വരുന്ന ജീവിതച്ചെലവും കൂടിയ വിദ്യാഭ്യാസച്ചെലവുമാണ് ഈ തീരുമാനത്തിലേക്ക് ആളുകളെ എത്തിച്ചത്. സ്ത്രീകള്‍ കുട്ടികളെ വേണ്ടെന്ന് വെച്ചതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. കുട്ടികളുടെ ഉത്തരവാദിത്വം പൂര്‍ണമായും സ്ത്രീകളുടെ ബാധ്യതയായിരുന്നു. കുട്ടിയുണ്ടാകുന്നതോടെ അവരുടെ സാമൂഹിക ജീവിതം ഇല്ലാതെയാകുന്നു എന്നതായിരുന്നു ഭൂരിഭാഗം സ്ത്രീകളുടേയും നിരീക്ഷണം. കുട്ടികളെ വളര്‍ത്തേണ്ട തുല്യാവകാശം പുരുഷന്മാര്‍ക്കുമുണ്ടെന്നും അവര്‍ അതിന് തയ്യാറാകാത്ത പക്ഷം തങ്ങള്‍ക്ക് കുട്ടികൾ വേണ്ടെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. ഒടുവില്‍ ഒന്നിലധികം കുട്ടികളുള്ളവര്‍ക്ക് നികുതിയിളവ്, ദീര്‍ഘകാലത്തേക്ക് പ്രസവാവധി, ഹൗസിങ് സബ്‌സിഡി എന്നിവയൊക്കെ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. പക്ഷേ, ആ നീക്കങ്ങളൊന്നും ഫലം കണ്ടില്ല. ജനനിരക്ക് താഴേക്കു തന്നെ നീണ്ടുകൊണ്ടിരുന്നു.
ചൈനയ്ക്ക് വയസ്സാകുന്നുവോ?
പുറത്തു വരുന്ന കണക്കു പ്രകാരം ചൈനീസ് ജനസംഖ്യയുടെ സിംഹഭാഗവും മധ്യവയസ്‌കരും വയോധികരുമാണ്. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യമുള്ള മനുഷ്യവിഭവശേഷിയാണ് ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടുതന്നെ സാമ്പത്തികവളര്‍ച്ചയെ ഉള്‍പ്പടെ ഈ വിപരീത ജനസംഖ്യാവളര്‍ച്ച ബാധിക്കുമെന്നത് തീര്‍ച്ചയാണല്ലോ. അവശരായ പൗരന്മാര്‍ പതിയെ ഭരണകൂടത്തിന് ബാധ്യതയായി മാറുകയും ചെയ്യും. ഇത് സമ്പദ്ഘടനയ്ക്കു ക്ഷീണമാണ്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന. ചൈനയുടെ ജനസംഖ്യയിലും അത് വഴി സമ്പദ്ഘടനയിലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആഗോളസാമ്പത്തിക ഘടനയേയും ബാധിക്കും. കായികക്ഷമതയുള്ള യുവാക്കളുടെ കുറവ് ലേബർ ഫോഴ്സിനെ ബാധിക്കും. ഇത് നിര്‍മ്മിത വസ്തുക്കളുടെ ഉത്പാദനത്തേയും കയറ്റുമതിയേയും ബാധിക്കും. ചൈനയില്‍ ഉത്പാദനച്ചെലവ് വര്‍ധിക്കുന്നത് ആഗോളവിപണിയില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുന്നതിനു കാരണമാകും. ഇത് ചൈനയുടെ വ്യാപാരക്കരാറുകാരായ മറ്റു രാജ്യങ്ങളെ പണപ്പെരുപ്പത്തിലേക്കു നയിക്കും.
ആളുനിറഞ്ഞ് ഇന്ത്യ
നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ താമസിയാതെ ചൈനയെ മറിക്കടക്കും. 2011-നുശേഷം സെന്‍സസ് നടത്താത്തുകൊണ്ടു തന്നെ ഇന്ത്യയുടെ യഥാര്‍ഥ ജനസംഖ്യ വ്യക്തമല്ല. പക്ഷേ, അനൗദ്യോഗികമായ കണക്കുകള്‍പ്രകാരം ഇന്ത്യന്‍ ജനസംഖ്യ ഏതാണ്ട് 140 കോടിയോളമുണ്ടെന്നാണ് സൂചന. വൈകാതെ ചൈനയെ മറിക്കടന്നേക്കുമെന്ന് സാരം. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ജനസംഖ്യ 150 കോടി കടക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ചൈനയുമായുള്ള താരതമ്യത്തില്‍ ഇന്ത്യന്‍ ജനതയുടെ 40 ശതമാനവും 25 വയസ്സില്‍ താഴെയുള്ളവരാണ്. എന്നാല്‍, ഇന്ത്യയുടെ ലേബര്‍ ഫോഴ്‌സ് പങ്കാളിത്ത നിരക്ക് 46% മാത്രമാണ്. ഫീമെയില്‍ ലേബര്‍ ഫോഴ്‌സ് ആകട്ടെ 18% മാത്രവും. കൂടാതെ ജനസംഖ്യ വര്‍ദ്ധിക്കുന്നതോടെ തൊഴിലിലായ്മയും വിഭവശേഷിക്ഷാമവും വര്‍ധിക്കും. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കാം.

എന്നാല്‍, ഇതിലും ഗുരുതരമായ മറ്റൊരു പ്രതിസന്ധി ഇന്ത്യയ്ക്കു മുന്നിലുണ്ട്. നാടുവിടുന്ന യുവത്വം. പെട്ടിയെടുത്ത് യുവാക്കള്‍ കൂട്ടത്തോടെ നാടു വിടുന്നതോടെ പ്രായമായവര്‍ മാത്രമാണ് പല വീടുകളിലും ശേഷിക്കുക. ഇത് ജനസംഖ്യയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നതില്‍ തെല്ലും സംശയം വേണ്ട. മെച്ചപ്പെട്ട ജീവിതനിലവാരവും സാമ്പത്തികഭദ്രതയും ഉറപ്പിക്കാനാണ് കൂടുതല്‍ ചെറുപ്പക്കാരും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ഇത് ഇന്ത്യയില്‍ ഇല്ലാതാകുംതോറും വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം ഇനിയും കൂടും. നിലവിലെ സാഹചര്യങ്ങളെ ഭരണകൂടം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും ഇന്ത്യയുടെ ഭാവി. തൊഴില്‍ എടുക്കാന്‍ പ്രാപ്തരായ യുവാക്കളുടെ എണ്ണം കൂടുന്നത് ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയേ ഉള്ളു. എന്നാല്‍, മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ചൈനയുടെ അവസ്ഥയാകും ഇന്ത്യയേയും കാത്തിരിക്കുക.
Content Highlights: population decline in china, india became most populous country, population in india
Published: 11 Apr 2023, 10:55 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented