
"ഇത് മാനസിക പ്രശ്നമാണ്, മാറ്റിയെടുക്കാവുന്നതേയുള്ളൂ. കണ്വേര്ഷന് തെറാപ്പിക്കായി വീട്ടൂകാര്ക്കൊപ്പം ഡോക്ടറെ കാണാന് ചെന്നപ്പോള് കേട്ട വാക്കുകളാണിത്. ഒന്ന് എതിര്ക്കാനോ നിങ്ങള് പറയുന്നതെല്ലാം തെറ്റാണെന്ന് പറയാനോ ഉള്ള ധൈര്യം അന്നെനിക്ക് ഉണ്ടായിരുന്നില്ല. സ്ത്രീ ഹോര്മോണുകള് കുത്തിവെച്ച് ശരിയാക്കാമെന്നായിരുന്നു അവരുടെ കണ്ടുപിടിത്തം. ഒപ്പം ആന്റിഡിപ്രസന്റ് ഗുളികളും. മരുന്നുപയോഗിച്ചുള്ള ചികിത്സയില്നിന്ന് ഭാഗ്യം കൊണ്ട് നോ പറയാന് എനിക്കായി." തനിക്ക് നേരിടേണ്ടി വന്ന നിയമവിരുദ്ധമായ കണ്വേര്ഷന് തെറാപ്പിയെ കുറിച്ച് ഇന്ത്യയിലെ ആദ്യ ട്രാന്സ്മെന് പൈലറ്റായ ആദം ഹാരി ധീരതയോടെ പറയുന്നു.

"തൃശ്ശൂരിലെ ഒരു പ്രമുഖ ആശുപത്രിയില്വെച്ചാണ് കണ്വേര്ഷന് തെറാപ്പി നടന്നത്. സൈക്കോളജിസ്റ്റ് അപമാനിക്കുന്ന തരത്തിലാണ് പെരുമാറിയത്. എല്ലാം എന്റെ തോന്നലുകള് മാത്രമാണെന്നാണ് അവര് പറഞ്ഞത്. അവര് നടത്തുന്ന ഹോര്മോണ് ചികിത്സയ്ക്ക് എന്തടിസ്ഥാനമാണുള്ളതെന്ന് പോലും അറിയില്ല." ആദം പറയുന്നു.
കൗണ്സിലിങ്ങ്, മര്ദ്ദനം, ഷോക്ക് ട്രീറ്റ്മെന്റ്...! കണ്വേര്ഷന് തെറാപ്പിക്ക് പിന്നില് നടക്കുന്നത്
ലൈംഗിക ചായ്വില് മാറ്റം വരുത്താന് അശാസ്ത്രീയമായ രീതിയില് നടത്തുന്ന കൗണ്സിലിങ്ങും ഹോര്മോണ് ചികിത്സയുമാണ് കണ്വേര്ഷന് തെറാപ്പി. കേരളത്തില് പ്രമുഖ ആശുപത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും ഈ തെറാപ്പി നടക്കുന്നുണ്ട്. മതസ്ഥാപനങ്ങളിലും സമാനമായ ചികിത്സ നടക്കുന്നുണ്ട്. ഇത്തരത്തില് നടക്കുന്ന ചികിത്സ കൊണ്ട് വ്യക്തികളെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിലേക്ക് തള്ളിവിടാമെന്നാല്ലാതെ ലൈംഗിക ചായ്വില് മാറ്റം വരുത്താന് സാധിക്കില്ലെന്നാണ് മിക്കവാറും എല്ലാ കേസുകളിൽനിന്നും തെളിഞ്ഞിട്ടുള്ളത്.. പലപ്പോഴും മാതാപിതാക്കളുടെയോ ബന്ധുക്കളുടേയോ നിര്ബന്ധപ്രകാരമായിരിക്കും ചികിത്സയ്ക്കായി എത്തുന്നത്. ക്വീര് വ്യക്തികള് സ്വത്വം സ്വയം മനസിലാക്കുന്നതിന് മുന്പാണെങ്കില് തനിക്ക് എന്താണ് സംഭിവിക്കുന്നതെന്ന് പോലും ഇവര്ക്ക് മനസിലാക്കാന് സാധിക്കില്ല.റിപ്പരേറ്റീവ് തെറാപ്പി, ഗേ ക്യൂര് തെറാപ്പി എന്ന പേരുകളും ഈ തെറാപ്പിക്കുണ്ട്.
ഇന്ത്യയില്, നാഷണല് മെഡിക്കല് കൗണ്സിലും ഇന്ത്യന് സൈക്യാട്രിക് സൊസൈറ്റിയുമൊക്കെ ഈ തെറാപ്പിക്കെതിരേ രംഗത്തുണ്ട്. വ്യക്തികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ക്ഷതമേല്പ്പിക്കുന്നതിനാല് ഇത് ശിക്ഷാര്ഹമാക്കണം എന്നാവശ്യപ്പെട്ട് ഇപ്പോള് ഹൈക്കോടതിയില് കേസ് നടന്നുകൊണ്ടിരിക്കുകയുമാണ്.
ചികിത്സയെന്ന പേരില് ഷോക്ക് ട്രീറ്റ്മെന്റും മര്ദ്ദനവും
ഇലക്ട്രിക്ക് ഷോക്ക്, മര്ദ്ദനം, ഗുളിക കൊടുത്ത് ഛര്ദ്ദിപ്പിക്കല് എന്നിവയാണ് ഈ ചികിത്സയുടെ പേരില് നടക്കുന്നുണ്ട്. ചികിത്സയ്ക്കായി രക്ഷിതാക്കളില്നിന്ന് വന്തുകയാണ് വാങ്ങുന്നത് എന്നാല്, ഇത് സംബന്ധിച്ച് രക്ഷിതാക്കള്ക്ക് മറ്റും നല്കുന്ന രേഖകളിലൊന്നും എന്താണ് ചികിത്സയെന്ന് വ്യക്തമാക്കില്ല. സമൂഹത്തെ പേടിച്ചാണ് മിക്ക രക്ഷിതാക്കളും ഇതിനായി ഇറങ്ങി തിരിക്കുന്നത്. ചിലരാകട്ടെ ക്വീറാവുന്നത് പാപമാണെന്ന് ചിന്തിക്കുന്നവരും. ഈ ചികിത്സകൊണ്ട് ലൈംഗികചായ്വ് മാറ്റാമെന്നു മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാറാണ് പതിവ്
ആരോഗ്യപ്രശ്നങ്ങളുടെ ചുഴിയില് ഉഴലുമ്പോള്

കണ്വേര്ഷന് തെറാപ്പിയുടെ ഫലമായി കരള് രോഗം ഉള്പ്പെടെ നിരവധി ശാരീരിക പ്രശ്നങ്ങള് അനുഭവിക്കുകയാണ് ട്രാന്സ്ജെന്ഡര് കവിയായ വിജയരാജമല്ലിക. അശാസ്ത്രീയമായ കണ്വേര്ഷന് തെറാപ്പി മല്ലികയെ തള്ളിവിട്ടത് കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേക്കാണ്. മറ്റു ശാരീരിക പ്രശ്നങ്ങള് കാരണമാണ് ആശുപത്രിയില് ചികിത്സ തേടുന്നത്.
"ചെറുപ്പം മുതല് തന്നെ എന്നിലെ സ്ത്രൈണഭാവം വ്യക്തമായിരുന്നു. ബന്ധു കൂടിയായ ഡോക്ടറാണ് ചികിത്സ ചെയ്തത്. എന്റെ അച്ഛനും അമ്മയ്ക്കും എനിക്ക് വേണ്ടി നടത്തിയ ചികിത്സ നിയമവിരുദ്ധമാണെന്ന് പോലും മനസിലാക്കാന് സാധിച്ചിരുന്നില്ല. ചികിത്സയെ കുറിച്ച് യാതൊന്നും എനിക്കറിയില്ലില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പോലും കഴിയാതെ കഴിച്ചു കൂട്ടിയ വര്ഷങ്ങള് ഭീകരമാണ്. ചില സമയത്ത് ശരീരം കുഴഞ്ഞു പോവും, മരുന്ന് കൃത്യം കഴിക്കാതെ വന്നാല് ശരീരം ആലില പോലെ വിറയ്ക്കും. ഈ പ്രശ്നങ്ങള് കടന്നാണ് പഠനം റാങ്കോടെ പൂര്ത്തിയാക്കിയത്." കവയത്രിയും സാമൂഹിക പ്രവര്ത്തകയുമായ വിജയരാജമല്ലിക പറയുന്നു. ആയിരങ്ങള് വിലവരുന്ന മരുന്നുകള് തന്റെ തുച്ഛവരുമാനത്തില്നിന്ന് കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഇന്ന് ഇവര്.
പഠനം പുറത്ത് കൊണ്ട് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്
കേരളത്തിലെ സ്വവര്ഗാനുരാഗികള് ഉള്പ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങളില് 45% പേരുടെയും ലൈംഗിക ചായ്വില് മാറ്റംവരുത്താന് ശ്രമങ്ങള് നടന്നിട്ടുണ്ടെന്ന പഠനം ഈയടുത്ത് പുറത്തുവന്നിരുന്നു. ഇത് കടുത്ത മാനസിക സംഘര്ഷത്തിലേക്ക് തള്ളിവിട്ടെന്നും തുടര്ന്നുള്ള ജീവിതത്തെ ഭീകരമായി ബാധിച്ചെന്നും റിപ്പോര്ട്ടില് പറയുന്നു. മറ്റു പല രാജ്യങ്ങളിലും നടന്ന പഠനങ്ങളില് ഇത്ര ഉയര്ന്ന തോത് കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരം ഗവ. മെഡിക്കല് കോളേജിലെ സൈക്യാട്രി വിഭാഗമാണ് ഒരു വര്ഷം നീണ്ടുനിന്ന പഠനം നടത്തിയത്. ഡോ. ശ്രേയ മറിയം സലിം, ഡോ. ലാല്ചന്ദ് അനിലാല്, ഡോ. അനില് പ്രഭാകരന് എന്നിവരാണ് പഠനം നടത്തിയത്. അന്താരാഷ്ട്ര ജേണലായ 'ജേണല് ഓഫ് ഹോമോസെക്ഷ്വാലിറ്റി'യില് റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചു.
ലൈംഗിക ചായ്വ് മാറ്റാനുള്ള കണ്വെര്ഷന് തെറാപ്പി വിഷയമാക്കിയ ഇന്ത്യയിലെ ആദ്യ പഠനമാണിത്. ഓണ്ലൈനായി അനുഭവങ്ങള് പങ്കുവെച്ചത് ലൈംഗിക ന്യൂനപക്ഷങ്ങളില്പ്പെട്ട (എല്.ജി.ബി.ടി.) മലയാളികളാണ്. കണ്വെര്ഷന് തെറാപ്പി നടത്തിയതില് 30 ശതമാനവും ഡോക്ടര്മാരാണ് എന്നതാണ് ഒരു കണ്ടെത്തല്. പല രാജ്യങ്ങളിലും കണ്വെര്ഷന് തെറാപ്പി ഗുരുതരമായ കുറ്റമാണ്. 15 രാജ്യങ്ങളില് നിരോധിച്ചിട്ടുമുണ്ട്. സ്വവര്ഗാനുരാഗം രോഗമല്ലെന്ന് ലോകാരോഗ്യ സംഘടന 1990-ല്ത്തന്നെ നിലപാടെടുത്തിരുന്നു.
എന്നാല്, ഇപ്പോള് പുറത്തുവിട്ട കണക്കിനേക്കാളും കൂടുതലായിരിക്കും യഥാര്ത്ഥത്തില് കണ്വേര്ഷന് തെറാപ്പിയുടെ മാനസിക പീഡനങ്ങള് അനുഭവിക്കേണ്ടി വന്നവരെന്നു ഗവേഷകര് പറയുന്നു. സാമൂഹിക കെട്ടുപാടുകളില് പെട്ട് തനിക്ക് സംഭവിച്ചതെന്താണ് മനസിലാക്കാന് പറ്റാത്തവരും തുറന്നുപറയാന് മടിക്കുന്നവരും ഏറെയാണ്. കണ്വേര്ഷന് തെറാപ്പിക്ക് മതവിശ്വാസങ്ങളും പ്രേരകമാവുന്നുണ്ട്. പല മതകേന്ദ്രങ്ങളിലും അനധികൃതമായുള്ള കൗണ്സിലിങ്ങും പ്രകൃതി ചികിത്സയെന്ന പേരില് അടിസ്ഥാനമില്ലാതെ മരുന്നുകള് കൊടുത്ത് ചികിത്സിക്കുന്നതും പതിവാണ്.
ഭാര്യയ്ക്കും മക്കള്ക്കും ഞാനൊരു പുരുഷനാണ്; പക്ഷേ യഥാര്ത്ഥത്തിൽ ഞാനൊരു പെണ്ണാണ്
"കടുത്ത മതവിശ്വാസമുള്ള കുടുബത്തിലാണ് ജനിച്ചത്. മൂന്ന് പെണ്മക്കള്ക്ക് ശേഷം മാതാപിതാക്കള് കാത്തിരുന്ന് കിട്ടിയ ആണ്കുട്ടിയാണ് ഞാന്. പ്രാര്ത്ഥനകളാല് നിറഞ്ഞ കുട്ടിക്കാലം എന്നെ കടുത്ത ഈശ്വരവിശ്വാസിയാക്കി. ചെറുപ്പം മുതല് തന്നെ ചേച്ചിമാരെയും അമ്മയെയും സഹായിച്ചായിരുന്നു ജീവിതം. പതിയെ എന്നിലൊരു സ്ത്രീയുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി. 13 വയസായപ്പോഴേക്കും എനിക്കിത് മനസിലായി. എന്റെ ആശയക്കുഴപ്പം അമ്മയോടാണ് ആദ്യം പറഞ്ഞത്. വിവരമറിഞ്ഞ് അച്ഛന് എന്നെ ബോര്ഡിങ്ങിലേക്ക് മാറ്റി. പെണ്ണുങ്ങളുടെ ഇടയില് വളര്ന്നിട്ടാണ് ഇത്തരത്തില് തോന്നുതെന്നായിരുന്നു അവരുടെ നിഗമനം. ചേച്ചിമാരെ ജീവന് തുല്യം സ്നേഹിക്കുന്ന അതെനിക്ക് വലിയൊരു അടിയായി മാറി. ഇതോടൊപ്പം തന്നെ മതവുമായി ബന്ധപ്പെട്ട സ്ഥാപനത്തില് കൗണ്സിലിങ്ങ് ആരംഭിച്ചു." തൃശൂര് സ്വദേശിയായ സുനില് (യഥാര്ത്ഥ പേരല്ല) പറയുന്നു.
"ഞാന് ദൈവദ്രോഹം ചെയ്യുന്നുവെന്നാണ് അവര് പറഞ്ഞത്. ദൈവവിശ്വാസിയായ എന്നെ അത് വല്ലാതെ ബാധിച്ചു. ഇതിന് പുറമോ ആണിന്റെ ലൈംഗിക ആസക്തി വരാനെന്ന പേരില് അവര് എനിക്ക് പച്ചമരുന്നുകള് നല്കാന് ആരംഭിച്ചു. പത്താംക്ലാസില് പഠിക്കുമ്പോഴാണ് ഈ ചികിത്സ. പഠനസമ്മര്ദ്ദവും ചികിത്സയും താങ്ങാനാവാതെ ഞാന് ചില ദിവസങ്ങളില് തലകറങ്ങി വീഴുമായിരുന്നു. രണ്ട് വര്ഷത്തോളം അവിടെത്തെ കൗണ്സലിങ്ങ് തുടർന്നു. വീട്ടുകാര്ക്ക് വേണ്ടി ഞാനൊരു പെണ്കുട്ടിയെ കല്യാണം കഴിച്ചു. രണ്ട് പെണ്മക്കളുമായി. അവര്ക്ക് എന്നെ ജീവനാണ് .അവരെ വഞ്ചിക്കുകയാണെന്ന ചിന്ത എന്നെ കൊല്ലാതെ കൊല്ലുകയാണ്.
ലൈംഗിക ഉത്തേജനത്തിന് മരുന്ന് കഴിച്ചാണ് ജീവിതം മുന്നോട്ട് പോയത്. ഇന്നെനിക്ക് അറിയാം, ഞാനൊരു ക്വിര് ആണെന്നും അതൊരു തെറ്റല്ലെന്നും. ഇതൊരു പത്ത് കൊല്ലം മുന്പ് അറിഞ്ഞിരുന്നെങ്കില് ഈ സാമൂഹിക തടങ്കലില് കഴിയേണ്ടി വരില്ലായിരുന്നു. ഇപ്പോഴുള്ളത് അഭിനയമാണ്. മരിക്കുന്നത് വരെ എന്റെ സീന് തുടര്ന്ന് കൊണ്ടേയിരിക്കും." സുനില് പറഞ്ഞ് നിര്ത്തി.
നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും കേരളത്തിലെ പ്രമുഖ ആശുപത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും ഈ ചികിത്സ നടക്കുന്നു. രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയെത്തുന്നവര് ഇതിനെതിരെ പോലീസില് പരാതി നല്കിയാലും അധികൃതര് കണ്ണടയക്കുകയാണ് പതിവ്.
ചൂരല് കൊണ്ട് ജനനേന്ദ്രിയത്തിന് കിട്ടിയ അടി
ചെന്നൈയിലെ അധ്യാപകനായി ജോലി ചെയ്യുന്ന ട്രാന്സ് മെന് ഹാരിക്ക്(യഥാര്ത്ഥ പേരല്ല) പറയാനുള്ളത് മതസ്ഥാപനങ്ങളില് നിന്ന് കിട്ടിയ കടുത്ത മർദ്ദനത്തിന്റെ കഥയാണ്.
"ചെറുപ്പം മുതലേ എന്നിലൊരു ആണ്കുട്ടിയുണ്ടെന്ന് എനിക്കറിയാമായിരുന്നു. ചെറുപ്പത്തിലെ അച്ഛന് ഉപേക്ഷിച്ചു പോയതിനാല് അമ്മയുടെ സഹോദരന്റെ കീഴിലായി അമ്മയും ഞാനും അനിയത്തിയും. എന്റെ ആണ്ഭാവം അമ്മാവനെ വളരെയധികം ചൊടിപ്പിച്ചിരുന്നു അങ്ങനെയാണ് സൈക്കോളജിസിറ്റിന്റെ കീഴില് പോവുന്നത്. എന്തൊക്കെയോ മരുന്നുകള് തരുമായിരുന്നു. ഇതിന് പുറമേ മതസ്ഥാപനത്തില്നിന്ന് തരുന്ന പൊടി ഭക്ഷണത്തില് കലര്ത്തി തരും. ശരിക്കും ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായിരുന്നു. മതസ്ഥാപനത്തിലെ കൗണ്സലിങ്ങായിരുന്നു ഭീകരം. നമ്മളെ പാപത്തിന്റെ ഒരു വിഴുപ്പുഭാണ്ഡമായിട്ടാണ് അവര് കാണുന്നത്. കൗണ്സലിങ്ങിനിടയില് ഒരിക്കല് എണീറ്റ് നിന്ന് പ്രാര്ത്ഥിക്കാന് പറഞ്ഞു. പ്രാര്ത്ഥനയക്ക് ശേഷം എന്നോട് ആരോടാണ് ആകര്ഷണം തോന്നുന്നതെന്ന ചോദിച്ചു. സ്ത്രികളോടെന്ന് മറുപടി പറഞ്ഞപ്പോള് ചൂരല് കൊണ്ട് ജനനേന്ദ്രിയം നോക്കി ആഞ്ഞൊരു വീശ്. വേദന കൊണ്ട് ഞാന് ചുരുണ്ടു പോയി.
"ഇന്നും ആ വേദന എനിക്ക് ഫീല് ചെയ്യും. അതിന് ശേഷം ഞാന് എല്ലാം ഓക്കെയായി എന്ന് നടിച്ചു വീട്ടുകാര്ക്ക് വേണ്ട പോലെ ജീവിച്ചു. ബിഎഡിന് ശേഷം പോലീസില് പോയി പറഞ്ഞ് വീട്ടില്നിന്ന് ഇറങ്ങി. ഇന്ന് ചെന്നൈയിലെ സ്കൂളില് ഞാന് അധ്യാപകനാണ്. വീട്ടുകാരുമായി ഒരു ബന്ധവുമില്ല. ആ കാലഘട്ടത്തെ കുറിച്ച് ഓര്ക്കുന്നത് തന്നെ പേടിയാണ്."
ഷോക്ക് ട്രീറ്റ്മെന്റിന്റെ കാര്യം അറിഞ്ഞപ്പോള് തന്നെ ഞാന് ഓടി രക്ഷപ്പെട്ടു
"ഞാനൊരു ലെസ്ബിയനാണെന്ന് പറഞ്ഞപ്പോള് ആദ്യം മുഖം അടച്ചൊരു അടിയാണ് കിട്ടിയത്. ക്വിര് സുഹൃത്തുക്കളാണ് ഇതിനെല്ലാം കാരണമെന്നാണ് അവര് പറഞ്ഞത്. അവരെന്നെ നിര്ബന്ധിച്ച് പാലക്കാടുള്ള ഒരു ഡോക്ടറുടെ അടുത്തെത്തിച്ചു. എന്നെ അപമാനിക്കുന്ന തരത്തിലാണ് ഡോകടറുടെ വാക്കുകള്. അയാള് തന്ന മരുന്ന് കഴിച്ച് ആകെ കുഴയുന്ന അവസ്ഥയായി. അടുത്ത വട്ടം ഷോക്ക് ട്രീറ്റ്മെന്റാണെന്ന് അറിഞ്ഞതോടെ ഞാന് വീട്ടില് നിന്നിറങ്ങി ഇപ്പോള് ഞാന് ബാഗ്ലൂരാണ്. വീട്ടുകാരുമായി ബന്ധമില്ല. ഈ സംഭവങ്ങള് കഴിഞ്ഞ് ഏകദേശം ഒരു വര്ഷമായി. ഇന്നും പഴയത് ഓര്ക്കുമ്പോള് പേടിയാണ്. പാനിക്ക് അറ്റാക്ക് വരാറുണ്ട്. വീട്ടുകാര് എന്നെ തേടി വരുമോയെന്ന ഭയം എനിക്കുണ്ട്. മതപരമായി സ്വര്വര്ഗാനുരാഗം തെറ്റാണെന്ന് വിശ്വസിക്കുന്ന അവര് എന്നെ വിഷം തന്ന് കൊല്ലുമോയെന്ന് പേടിക്കുന്നു." മലപ്പൂറം സ്വദേശിനായ താര(യഥാര്ത്ഥ പേരല്ല) പറയുന്നു.
അനധികൃത കൗണ്സലിങ്ങില് പങ്കെടുക്കുന്നവര് മാനസികമായി വളരെയധികം തകര്ന്നുപോവുന്നു. കൗമാരത്തിലായിരുന്നു മിക്കവരും സ്വന്തം ഐഡന്റിറ്റി മനസിലാക്കി പുറത്തേക്ക് വരുന്നത്. വളരെയധികം ആശയകുഴപ്പം ഉണ്ടാവുന്ന ഈ സാഹചര്യത്തില് തണലാവേണ്ട ചുറ്റുപാടുകള് കടുത്ത മാനസിക സംഘര്ഷത്തിലേക്കാണ് ഇവരെ തള്ളിവിടുന്നത്.
പഠനത്തെ വിപുലപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്

പി.ജി. തീസിസിന്റെ ഭാഗമായിട്ടാണ് ഈ വര്ക്ക് ചെയ്തത്. പ്രധാന ഗവേഷകയായ ശ്രേയ മറിയം സലീം പറയുന്നു മൂന്ന് വര്ഷം മുന്പാണ് ഈ വിഷയം തിരഞ്ഞെടുക്കുന്നത്. അധികമാരും ചര്ച്ച ചെയ്യാത്ത എന്നാല് വളരെ പ്രസക്തമായിതിനാലുമാണ് ഈ വിഷയം തിരഞ്ഞെടുത്തത്. ഈ പ്രശ്നത്തിന് ഒരു മാറ്റം വേണമെന്ന വ്യക്തമായ ബോധ്യമാണ് ഈ വിഷയം തന്നെ ഗവേഷണത്തിനായി തിരഞ്ഞെടുക്കാന് കാരണം. മറ്റ് രാജ്യങ്ങളില് 10 ശതമാനമാണ് കണ്വേര്ഷന് തെറാപ്പിയിലൂടെ മാനസിക സമ്മര്ദ്ദം നേരിടുന്നതെങ്കില് ഇവിടെയത് 45 ശതമാനമാണ്. ഇതില് വളരെയധികം ജാഗ്രത പുലര്ത്തേണ്ടതുണ്ട്. നമ്മുടെ സമൂഹം ഒരുപാട് മുന്നോട്ട് പോവേണ്ടതുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് സര്വേയിലെ റിപ്പോര്ട്ട്.
130 പേരില് നടത്തിയൊരു ചെറിയ പഠനമാണിത്. പഠനത്തെ വിപുലപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇത്തരം മാനസിക സമ്മര്ദ്ദം നേരിടുന്നവര്ക്ക് എന്തെല്ലാം സഹായം വേണ്ടി വരുമെന്നും പഠിക്കേണ്ടതുണ്ട്. ശ്രേയ മറിയം പറയുന്നു
ഇതിനെതിരെ ശക്തമായ നടപടികള് വേണ്ടതാണ്
അശാസ്ത്രീയമായി ഈ പ്രക്രിയ ആ വ്യക്തിയെ കടുത്ത മാനസികവൃഥയിലേക്കും ശാരീരിക പ്രശ്നങ്ങളിലേക്കും തള്ളിവിടുമെന്നല്ലാതെ വേറെയൊരു ഗുണവും ഉണ്ടാവാന് പോവുന്നില്ല. ഹെട്രോസെക്ഷ്വലായ ഒരു പുരുഷനോട് ഒരു പുരുഷനോട് മാത്രമേ പ്രണയവും ലൈംഗികതയും പാടുള്ളുവെന്ന് പറഞ്ഞാല് ഏങ്ങനെയിരിക്കും? അയാള് അനുഭവിക്കുന്ന അതേ വിഷമം തന്നെയാണ് ക്വീറായ വ്യക്തിയും അനുഭവിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികള് വേണ്ടതാണ്. വൈദ്യരംഗം ഒത്തൊരുമയോടെ നിന്ന് അശാസ്ത്രീയമായ ഈ രീതിയോട് നോ പറയണം- സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണ് പറയുന്നു.
വര്ഷങ്ങളായി ഈ അശാസ്ത്രീയ രീതി പിന്തുടരുന്ന ആശുപത്രികള് കേരളത്തില് നിലവിലുണ്ടായിട്ടും എന്തുകൊണ്ട് ഇതിനു തടയിടാന് സര്ക്കാരിന് ആവുന്നില്ലെന്നത് ചര്ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ക്വീറായ വ്യക്തികള്ക്ക് തങ്ങളുടെ സ്വത്വം വെളിപ്പെടുത്താനും മാനസികവും സാമൂഹികവുമായ പിന്തുണ നല്കുന്ന ഇടങ്ങള് സര്ക്കാര് നേതൃത്വത്തില് തുടങ്ങേണ്ടതും അത്യാവശ്യമാണ്. വ്യാജ ചികിത്സാകേന്ദ്രങ്ങളെ കണ്ടുപിടിക്കുകയും ഇവര് ഉപയോഗിക്കുന്ന മരുന്നുകള് എന്താണെന്നും അതിന്റെ ഫലങ്ങള് എന്താണെന്നും കണ്ടെത്തേണ്ടതുണ്ട്.
Content Highlights: Conversion Therapy in kerala
Published: 04 Mar 2023, 01:01 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented