മുംബൈ: പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി അനയ ബംഗാർ. ട്രാൻസ്ജെൻഡർ താരങ്ങളെ പ്രൊഫഷണൽ ക്രിക്കറ്റിൽ ഉൾപ്പെടുത്താനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നയത്തിനെതിരെ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മരിസാൻ കാപ്പ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അനയ. തനിക്ക് കളിയിൽ യാതൊരുവിധത്തിലുള്ള 'അനാവശ്യ ആനുകൂല്യമോ' കായികപരമായ മേൽക്കോയ്മയോ ലഭിക്കുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ചൂണ്ടിക്കാട്ടി അനയ വ്യക്തമാക്കി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകളാണ്‌ അനയ.

To advertise here,

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 'ഇൻക്ലൂഷൻ ഓഫ് ട്രാൻസ്ജെൻഡർ ആൻഡ് ജെൻഡർ ഡൈവേഴ്സ് പ്ലേയേഴ്‌സ് ഇൻ എലൈറ്റ് ക്രിക്കറ്റ് പോളിസി' പ്രകാരം അനയയ്ക്ക് വനിതാ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ അനുമതി ലഭിച്ചിരുന്നു. ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണ് മരിസാൻ കാപ്പ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം തികച്ചും അസംബന്ധമാണെന്നും ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ പാടില്ലെന്നും കാപ്പ് കുറിച്ചു.

കാപ്പിന്റെ പ്രതികരണത്തെ വ്യക്തിപരമായി എടുക്കാതെ, അതിന് പിന്നിലെ ശാസ്ത്രീയവശങ്ങൾ വിശദീകരിച്ചാണ് അനയ ഇതിനെ നേരിട്ടത്. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ അനയ തന്റെ ശരീരത്തിൽ നടത്തിയ കായികക്ഷമതാ പരിശോധനകളെക്കുറിച്ച് വിശദീകരിച്ചു.
അനയ ബംഗാറിന് ഓസ്‌ട്രേലിയയിൽ കളിക്കാൻ അനുമതി; രൂക്ഷവിമർശനവുമായി ദക്ഷിണാഫ്രിക്കൻ താരം മാരിസാൻ കാപ്പ്‌

ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയയായി ഒരു വർഷത്തിന് ശേഷം മാഞ്ചെസ്റ്റർ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്‌സ് തന്റെ ശരീരത്തിൽ 12 ആഴ്ച നീണ്ടുനിന്ന കായികക്ഷമതാ പരിശോധനകൾ നടത്തിയിരുന്നതായി അനയ വെളിപ്പെടുത്തി. ഈ പരിശോധനയിൽ തന്റെ കായികക്ഷമതയും ശാരീരിക അളവുകളും സാധാരണ വനിതാ കായികതാരങ്ങളുടെ പരിധിക്കുള്ളിൽ മാത്രമാണെന്ന് തെളിഞ്ഞിട്ടുള്ളതാണെന്ന് അനയ വ്യക്തമാക്കി. അതിനാൽതന്നെ തനിക്ക് മറ്റ് വനിതാ താരങ്ങളേക്കാൾ കൂടുതൽ ശാരീരിക മേൽക്കോയ്മ ലഭിക്കുന്നു എന്ന വാദത്തിൽ കഴമ്പില്ലെന്ന് അവർ കൂട്ടിച്ചേർത്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നില്ലെന്നും നിലവിൽ ഇതിന്റെ അളവ് വെറും 0.6 നാനോമോൾ മാത്രമാണെന്നും അനയ വെളിപ്പെടുത്തി. ടെസ്റ്റോസ്റ്റിറോൺ അളവ് കുറഞ്ഞതോടെ വലിയ രീതിയിലുള്ള ശാരീരിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു. അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനാൽ കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെന്നും പേശികളുടെ അളവും സ്റ്റാമിനയും ഗണ്യമായി കുറഞ്ഞതായും അനയ ചൂണ്ടിക്കാട്ടി. മുൻപത്തെപ്പോലെ കഠിനമായ വ്യായാമങ്ങൾ ചെയ്യാൻ ഇപ്പോൾ സാധിക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.

എല്ലാ ട്രാൻസ് വനിതകൾക്കും കളിയിൽ അനാവശ്യ മുൻഗണന ലഭിക്കുന്നു എന്ന പൊതുധാരണ തെറ്റാണെന്നും അതിനാൽ ഇത്തരം വിഷയങ്ങളിൽ നിയമങ്ങളും നയങ്ങളും ഓരോ വ്യക്തിയുടെയും ശാരീരിക പരിശോധനകളുടെ അടിസ്ഥാനത്തിൽ വേണം തീരുമാനിക്കാനെന്നും അനയ ബംഗാർ ആവശ്യപ്പെട്ടു.