
ജോഹാനസ്ബർഗ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനയ ബംഗാറിന് ഓസ്ട്രേലിയയിൽ കമ്മ്യൂണിറ്റി ക്രിക്കറ്റ് കളിക്കാൻ അനുമതി നൽകിയതിനെതിരേ ദക്ഷിണാഫ്രിക്കൻ വനിതാ താരം മരിസാൻ കാപ്പ് രംഗത്ത്.
ട്രാൻസ്ജെൻഡർ വനിതയായ അനയയ്ക്ക് ക്രിക്കറ്റ് കളിക്കാൻ അനുമതി നൽകിയ നടപടി തികച്ചും വിഡ്ഢിത്തമാണെന്നും ഇത് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണെന്നും കാപ്പ് തുറന്നടിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിവിധ ഫോർമാറ്റുകളിലായി മുന്നൂറോളം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള 36-കാരിയായ മരിസാൻ കാപ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് തന്റെ ശക്തമായ വിയോജിപ്പ് അറിയിച്ചത്. ഓസ്ട്രേലിയൻ മാധ്യമത്തിൽ വന്ന അനയയുടെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് 'ഇത് ഒരിക്കലും അനുവദിക്കരുത്' എന്ന് കാപ്പ് കുറിച്ചു. വനിതാ ബിഗ് ബാഷ് ലീഗിനെ ഇതിലേക്ക് ടാഗ് ചെയ്യുകയും ചെയ്തു. ഹോർമോൺ പരിശോധനയിലെ മാനദണ്ഡങ്ങൾ പാലിച്ചാൽ അനയയ്ക്ക് ഭാവിയിൽ ബിഗ് ബാഷ് ലീഗിലും കളിക്കാൻ സാധിക്കുമെന്ന വാർത്തയോടാണ് കാപ്പ് പ്രതികരിച്ചത്.
ഈ വർഷം ആദ്യം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ 25-കാരിയായ അനയയ്ക്ക് കമ്മ്യൂണിറ്റി ക്രിക്കറ്റ് കളിക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നൽകിയത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇന്റഗ്രിറ്റി വിഭാഗം തലവൻ ജാക്വി പാർട്രിഡ്ജ് അനയയ്ക്ക് അയച്ച കത്തിൽ, 2027 മാർച്ച് വരെ ഓസ്ട്രേലിയയിലെ ഏത് സംസ്ഥാനത്തെയും പ്രീമിയർ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ അനയയ്ക്ക് യോഗ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രീമിയർ ക്രിക്കറ്റ് എന്നത് കമ്മ്യൂണിറ്റി ക്രിക്കറ്റിന്റെ പരിധിയിൽ വരുന്നതിനാൽ നിലവിലെ നയങ്ങൾ ഇതിനെ ബാധിക്കില്ല.
എന്നാൽ 2027 മാർച്ചിന് ശേഷം എലൈറ്റ് ക്രിക്കറ്റിൽ കളിക്കണമെങ്കിൽ കർശനമായ നിബന്ധനകളുണ്ട്. ഓസ്ട്രേലിയയിൽ എത്തുമ്പോൾ രക്തപരിശോധന നടത്തി ടെസ്റ്റോസ്റ്റിറോൺ അളവ് ലിറ്ററിന് 10 നാനോമോൾസിൽ താഴെയാണെന്ന് തെളിയിക്കുകയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ മാത്രമേ അനയയ്ക്ക് എലൈറ്റ് ക്രിക്കറ്റിൽ കളിക്കാൻ അനുമതി ലഭിക്കുകയുള്ളൂ.
ഈ വർഷം മാർച്ചിലാണ് അനയ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. മുൻപ് സർഫറാസ് ഖാൻ, മുഷീർ ഖാൻ എന്നിവർക്കൊപ്പം ഇന്ത്യയിൽ ജൂനിയർ തലത്തിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് അനയ.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെ സമീപിക്കുന്നതിന് മുൻപ് അനയ ബിസിസിഐയെ സമീപിച്ചിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇത്തരം കേസുകളിൽ നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർ താരങ്ങളെ അനുവദിക്കുന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ബോർഡ് വൃത്തങ്ങൾ സൂചിപ്പിച്ചു.
Content Highlights: South African cricketer Marizanne Kapp criticized Cricket Australia for permitting transgender player Ananya Bangar to play community cricket., Ananya Bangar, child of former Indian player Sanjay Bangar, received clearance to play premier cricket in Australia until March 2027., Strict testosterone limits apply for Ananya to compete in elite cricket after March 2027.
Published: 28 Aug 2026, 10:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented