
ന്യൂഡൽഹി: ഡൽഹിയിലെ പ്രസ് ക്ലബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീരാമനായി ചിത്രീകരിച്ചുള്ള കട്ടൗട്ട് വെച്ച് ആരാധന നടത്തുകയും ‘മോദി ചാലിസ’ ചൊല്ലുകയും ചെയ്തത് വിവാദമാകുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനം കടുത്തു. പരിപാടി നടത്തിയത് തങ്ങളല്ലെന്നാണ് പ്രസ് ക്ലബ് അധികൃതർ വ്യക്തമാക്കുന്നത്. വിമർശനം കടുത്തതോടെ വാടകക്കരാർ നിബന്ധന ലംഘിച്ചെന്നുകാണിച്ച് പരിപാടി ഉടനടി തടഞ്ഞതായി പ്രസ് ക്ലബ് അറിയിച്ചു. വാർത്താസമ്മേളനം നടത്തുന്നതിനുമാത്രമാണ് ഹാൾ വാടകയ്ക്ക് നൽകിയിരുന്നത്.
ബിഹാർ സ്റ്റേറ്റ് ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡുമായി ബന്ധപ്പെട്ട അംഗങ്ങളാണ് ചടങ്ങ് നടത്തിയത്. കൈയിൽ വില്ലേന്തിയ പ്രധാനമന്ത്രിയുടെ കട്ടൗട്ടിനുമുന്നിൽ നാലഞ്ചുപേർ ചേർന്ന് ആരതി ഉഴിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പങ്കെടുത്തവർ ‘ഭഗവാൻ ശ്രീ നരേന്ദ്ര മോദി ചാലിസ’ ആലപിക്കുകയും ‘ജയ് ജയ് മോദി’, ‘ഹർ ഹർ മോദി’ എന്ന് മുദ്രാവാക്യംവിളിക്കുകയും ചെയ്തു. ‘ഭഗവാൻ ശ്രീ നരേന്ദ്ര മോദി ചാലിസ’ എന്നെഴുതിയ ബാനറും വേദിയിൽ ഉയർത്തി.
മോദിക്കായി ഒരു ക്ഷേത്രം പണിയാനുള്ള പദ്ധതിയുണ്ടെന്നും ബിഹാർ സ്റ്റേറ്റ് ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് വൈസ് പ്രസിഡന്റ് രാജൻ സിങ് പറഞ്ഞു. അഞ്ചേക്കർ സ്ഥലത്ത് 112 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രം പണിയുക. ട്രാൻസ്ജെൻഡർ സമൂഹത്തിന് അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കാൻ മോദിസർക്കാർ ചെയ്ത സേവനങ്ങളെ മാനിച്ചാണ് ഈ തീരുമാനം. ക്ഷേത്രത്തിൽ മോദിയുടെ ഉയരത്തിന് തുല്യമായ സ്വർണപ്രതിമ പ്രതിഷ്ഠിക്കും. ബിഹാർ സർക്കാർ ഇതിന് ഫണ്ടനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Published: 21 Aug 2026, 03:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented