
‘‘ശരീരം എത്ര വൃത്തിയാക്കിയാലും പോരെന്ന തോന്നലായിരുന്നു ആ ഇരുപത്തിമൂന്നുകാരിക്ക്. പന്ത്രണ്ടാം വയസ്സിൽ നേരിട്ട ലൈംഗികാതിക്രമമാണ് അവളെ ‘ഒബ്‌സസീവ് കംപൽസീവ് ഡിസോർഡർ’ എന്ന അവസ്ഥയിലേക്കെത്തിച്ചത്’’ -തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറായ ഡോ. അരുൺ ബി. നായരുടെ വാക്കുകളാണിത്.
അതിക്രമം നടന്നതോടെ മകൾ മോശം സ്ത്രീയായെന്നും അശുദ്ധിയാക്കപ്പെട്ടു എന്നുമൊക്കെയാണ് അമ്മയും മുത്തശ്ശിയും അവളോട് പറഞ്ഞത്. അന്നുരാത്രിമുതൽ തന്റെ ശരീരത്തിൽ അഴുക്കായെന്നുതോന്നുകയും അടിക്കടി വൃത്തിയാക്കണമെന്ന തോന്നലുണ്ടാവുകയുംചെയ്തു.
‘‘പത്തൊമ്പതുകാരനായ മറ്റൊരു ആൺകുട്ടിക്കും സമാന അനുഭവമാണ്. രക്തബന്ധത്തിലുള്ളവരുടെതന്നെ ലൈംഗികചിത്രങ്ങൾ മനസ്സിൽവരുന്നതായിരുന്നു ആ കുട്ടിയുടെ പ്രശ്നം. സ്വന്തം സഹോദരിയോട് അവൻ ഇടയ്ക്കിടെ, ‘ഞാൻ നിന്നെ കയറിപ്പിടിച്ചോ’ എന്നെല്ലാം ഒരുകാരണവുമില്ലാതെ ചോദിക്കും. വിദഗ്ധസഹായം തേടിയെത്തിയപ്പോഴാണ്, അവധിക്കാലത്ത് നാട്ടിൽ പോയപ്പോൾ ബന്ധുവായ ചേച്ചി ലൈംഗികാതിക്രമം നടത്തിയ വിവരം പുറത്തുവരുന്നത്. അതിനുശേഷം പാപബോധം കൂടി സെക്‌ഷ്വൽ ഒബ്‌സഷനായി മാറുന്ന അവസ്ഥയായിരുന്നു അവന്റേത്. രണ്ടുകുട്ടികളും മതിയായ ചികിത്സ സ്വീകരിക്കുകയും നല്ലരീതിയിൽ ജീവിതം നയിക്കുകയും ചെയ്യുകയാണ് ഇപ്പോൾ’’ -ഡോ. അരുൺ പറയുന്നു.
ആഗോള ആരോഗ്യപ്രശ്നം
കുട്ടികളോടുള്ള ലൈംഗികാതിക്രമം ആഗോള ആരോഗ്യപ്രശ്നവും മനുഷ്യാവകാശലംഘനവുമാണെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ലൈംഗികാതിക്രമം നേരിട്ടെന്ന് ഒരു വ്യക്തി തുറന്നുപറയുമ്പോൾ രഹസ്യാത്മകമായി സൂക്ഷിക്കാനാണ് ഭൂരിഭാഗം പേരും താത്‌പര്യപ്പെടുക. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുക, തുറന്നുപറയുന്നത് അതിക്രമം നേരിട്ടയാളെ എങ്ങനെ ബാധിക്കുമെന്നതാണ്. മുന്നോട്ടുള്ള അതിജീവനം മെച്ചപ്പെടുത്താൻ തുറന്നുപറഞ്ഞ് വേട്ടക്കാരനെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതുതന്നെയാണ് യഥാർഥനീതിയെന്ന് സമൂഹം തിരിച്ചറിയണം.
2012-ൽ ഡോ. അരുണും ദേവിക ജയും ചേർന്ന് 13-16 വയസ്സുള്ള കുട്ടികൾക്കിടയിൽ ഒരു പഠനം നടത്തിയിരുന്നു. ലൈഫ് സ്കിൽസ് എജുക്കേഷൻ വർക്‌ഷോപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കിടയിൽനിന്നാണ് ലൈംഗികാതിക്രമം നേരിട്ടതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. തുടർന്നുനടത്തിയ വിലയിരുത്തലിൽ ആൺകുട്ടികളിൽ 38.6 ശതമാനവും പെൺകുട്ടികളിൽ 37.7 ശതമാനവും ജീവിതത്തിലൊരിക്കലെങ്കിലും ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തി. അതിൽ 80 ശതമാനവും ഇതാരോടും വെളിപ്പെടുത്തിയില്ല. 70 ശതമാനത്തിൽ അടുത്ത ബന്ധുക്കൾ, 20 ശതമാനത്തിൽ കുട്ടിയുമായി നിരന്തരം ഇടപെടുന്നവർ, 10 ശതമാനത്തിനുതാഴെമാത്രം ഒരു പരിചയവുമില്ലാത്തവർ എന്നിങ്ങനെയാണ് അതിക്രമം നടത്തിയത്.
ചൂഷണം നേരിട്ടയിടത്ത് അതിജീവനം വീട്ടകങ്ങളിലെ ലൈംഗികാതിക്രമങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി, കുട്ടികൾ ചൂഷണംചെയ്യപ്പെട്ട ഇടത്തുനിന്നുകൊണ്ടുതന്നെ അതിജീവിക്കേണ്ടിവരുന്നു എന്നതാണ്. പലപ്പോഴും അടുത്ത ബന്ധുക്കൾ ലൈംഗികാതിക്രമം നടത്തിയെന്ന് പറയുമ്പോൾ അത് ഒരുകാരണവശാലും പുറത്തറിയരുതെന്ന് പറയുകയും കുട്ടി ആ ചുറ്റുപാടിൽത്തന്നെ ജീവിക്കുകയും ചെയ്യേണ്ടിവരും. കുട്ടികൾ സംസാരിക്കാൻ തയ്യാറാകുമ്പോഴും അവരെ കേൾക്കാൻ തയ്യാറാവാത്ത കുടുംബചുറ്റുപാടാണ് പ്രധാനപ്രശ്നം. - ആൻസൺ പി.ഡി. അലക്സാണ്ടർ, ഡയറക്ടർ, കനൽ (എൻജിഒ) |
വൈകിയെന്ന ചോദ്യം വേണ്ടാ
‘എന്തേ നേരത്തേ പറഞ്ഞില്ലാ’ എന്ന ചോദ്യമുന്നയിക്കുന്നവരുണ്ട്. ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുള്ള, പ്രായപൂർത്തിയായവർക്കുപോലും പലപ്പോഴും താൻ കടന്നുപോയ ആഘാതത്തെ വീണ്ടും ഓർക്കാൻകൂടി ഇഷ്ടപ്പെടാത്തവരായിരിക്കും. സമയമെടുത്ത്, സജ്ജമാകുമ്പോൾമാത്രം തുറന്നുപറയണമെന്ന തീരുമാനം എടുക്കുന്നവരെ വൈകിപ്പോയതിന്റെ പേരിൽ കുറ്റപ്പെടുത്തരുത്. ഇതിനെക്കാൾ കരുതൽവേണം കുഞ്ഞുങ്ങളുടെ കാര്യത്തിൽ. തങ്ങൾ കടന്നുപോയ ഭീതിപ്പെടുത്തുന്ന അനുഭവം പങ്കുവെക്കാൻമാത്രം തിരിച്ചറിവുണ്ടാവുകയോ തിരിച്ചറിവുണ്ടായാലും പറയാനുള്ള മനക്കരുത്ത് ഉണ്ടാവുകയോ ചെയ്യാത്തവരായിരിക്കും മിക്ക കുട്ടികളും.
വിദ്യാലയങ്ങളുടെ പങ്ക്
ലൈംഗികാതിക്രമത്തിന് വിധേയരായ കുട്ടികളെ തിരിച്ചറിഞ്ഞ് അടിയന്തര നടപടികൾ കൈക്കൊള്ളുന്നതിൽ വീടിനോളം സ്ഥാനം സ്കൂളുകൾക്കുമുണ്ട്. പോക്സോ നിയമത്തിനുകീഴിൽവരുന്ന അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും കണ്ടെത്തിയാൽ ഉടനടി റിപ്പോർട്ട്ചെയ്യുകയും വേണം. സ്കൂളുകളിലെ പരാതിപരിഹാര സെല്ലുകളിലൂടെയും കൗൺസിലർമാരിലൂടെയും കുട്ടികളുടെ പ്രശ്നങ്ങൾ തിരിച്ചറിയണം. പിടിഎയുടെ ഫലപ്രദമായ ഇടപെടലുകൾക്കൊപ്പം ബോധവത്‌കരണക്ലാസുകൾ നിരന്തരം സംഘടിപ്പിച്ച് അതിക്രമം തിരിച്ചറിയാൻ സഹായിക്കുകയും ആത്മവിശ്വാസം പകരുകയും വേണം.
ലൈംഗികാതിക്രമത്തിന് അഞ്ചുഘട്ടങ്ങൾ അഞ്ചുഘട്ടമായാണ് കുട്ടികൾക്കുനേരേയുള്ള ലൈംഗികാതിക്രമം നടക്കുന്നത്.
കുട്ടിയെ ഗ്രൂം ചെയ്തെടുക്കുന്ന ഘട്ടമാണിത്. കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക, കുട്ടി ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കുക എന്നിവയിലൂടെ സവിശേഷസ്ഥാനം നേടിയെടുക്കും
അസ്വാഭാവിക സ്പർശനങ്ങളോ അത്തരത്തിലുള്ള വീഡിയോകളോ കാണിക്കും. ഇതിനെ കുട്ടി എതിർക്കുന്നില്ലെങ്കിൽ ഗ്രീൻ സിഗ്നലായി എടുക്കുകയും ചൂഷണംചെയ്യാനായി തയ്യാറെടുക്കുകയും ചെയ്യും.
ഈ ഘട്ടത്തിൽ ചൂഷണത്തെ ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഒളിച്ചുവെക്കാൻ പ്രേരിപ്പിക്കും. ചെറിയ കുട്ടികളോടാണെങ്കിൽ വധഭീഷണി മുഴക്കാം. കുറച്ചുകൂടി വലിയ കുട്ടിയാണെങ്കിൽ, വീഡിയോ പ്രചരിപ്പിക്കുമെന്നുപറഞ്ഞ് പേടിപ്പിക്കും. ഇഷ്ടമുള്ള സ്ഥലങ്ങളിൽ കൊണ്ടുപോവുകയോ സാധനങ്ങൾ വാങ്ങിക്കൊടുക്കുകയോചെയ്ത് പ്രലോഭിപ്പിക്കാം. നല്ലകാര്യങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയംമൂലം കുട്ടി ഇതേക്കുറിച്ച് തുറന്നുപറയാതിരിക്കും.
ആകസ്മികമായി വിവരം പുറത്തുവരുന്ന ഘട്ടമാണിത്. ഒന്നുകിൽ വീട്ടിൽനിന്ന് ആരെങ്കിലും സംഭവം കണ്ടുപിടിക്കുകയോ അല്ലെങ്കിൽ ചികിത്സാസഹായം തേടുന്നതിനിടെ പുറത്തുവരുകയോ ചെയ്യാം.
വിവരം പുറത്തുവന്നാലും ഒളിച്ചുവെക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കും. പുറത്തറിയുന്നത് ഓർത്തുള്ള സദാചാരബോധവും നിയമസഹായം വൈകുമോയെന്ന സമ്മർദവുമാണ് തടസ്സമാവുന്നത്. |
അരമണിക്കൂർ കുട്ടിക്കൊപ്പം
എന്നും കുട്ടിക്കൊപ്പം അരമണിക്കൂറെങ്കിലും വിശേഷങ്ങൾ പങ്കുവെക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തിയിരിക്കണം. ഇത് കുട്ടിയെ ഉപദേശിക്കാനുള്ള സമയമാവരുത്. മറിച്ച്, കുട്ടിയെ കേൾക്കാനുള്ള സമയമായിരിക്കണം. അതിലൂടെ കുട്ടിയുടെ ആശയവിനിമയശേഷി മെച്ചമാവുക മാത്രമല്ല, ഇത്തരത്തിൽ എന്തെങ്കിലും അനാരോഗ്യകരമായ ലക്ഷണം കണ്ടാൽ തുടക്കത്തിലേ തിരിച്ചറിയാനാവും. മാതാപിതാക്കൾ തനിക്കൊപ്പമുണ്ട് എന്ന വിശ്വാസം കുട്ടിക്കുണ്ടാകണം.
Content Highlights: Child Sexual Abuse in India: The Disturbing Reality Within Homes
Published: 25 May 2025, 05:02 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented