മുംബൈ: കോളജ് പാർട്ടിക്കിടെ വിദ്യാർഥിനിക്ക് ലഹരിമരുന്ന് കലർത്തിയ പാനീയം നൽകി ബോധരഹിതയാക്കിയ ശേഷം ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ 22-കാരനായ വിദ്യാർഥി അറസ്റ്റിൽ. മുംബൈയിലെ പ്രമുഖ കോളജിലെ വിദ്യാർഥിയാണ് അറസ്റ്റിലായത്. മലാഡ് വെസ്റ്റിലെ മാധ് ഐലൻഡിൽ ഒക്ടോബർ 29-ന് നടന്ന പാർട്ടിക്കിടെയായിരുന്നു സംഭവം.
പാർട്ടിക്കിടെ യുവതിയുടെ പാനീയത്തിൽ പ്രതി മയക്കുമരുന്ന് കലർത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതേത്തുടർന്ന് യുവതി ബോധരഹിതയായി. ഈ സാഹചര്യം മുതലെടുത്ത് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം.
സംഭവത്തെക്കുറിച്ച് യുവതി പിന്നീട് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾക്കൊപ്പം ജുഹു പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 64(1), 74, 123, 3(5) വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
മാധ് ഐലൻഡ്, മലവാനി പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്നതിനാൽ ആദ്യം അവിടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് സീറോ എഫ്ഐആർ മുഖേന കേസ് ജുഹു പൊലീസിന് കൈമാറി. യുവതിയുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് അന്വേഷണം ജുഹു പൊലീസിന് കൈമാറിയത്.
സംഭവത്തിനുശേഷം പ്രതി സ്വന്തം നാടായ ഛത്തീസ്ഗഢിലേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ജുഹു പൊലീസിന്റെ പ്രത്യേക സംഘം ഛത്തീസ്ഗഢിലെത്തി പ്രതിയെ പിടികൂടി. കോടതിയിൽനിന്ന് ട്രാൻസിറ്റ് റിമാൻഡ് നേടിയശേഷം മുംബൈയിലെത്തിച്ചു. മുംബൈ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി വെള്ളിയാഴ്ചവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കേസിൽ മറ്റൊരു വിദ്യാർഥിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ലൈംഗികാതിക്രമത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പാർട്ടിയിൽ പങ്കെടുത്ത മറ്റ് വിദ്യാർഥികളിൽനിന്ന് പൊലീസ് മൊഴിയെടുക്കുന്നുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
Content Highlights: A 22-year-old student was arrested for allegedly drugging and assaulting a female classmate., The incident occurred during a college party at Madh Island in Mumbai on October 29., The accused fled to Chhattisgarh and was tracked down by a special Juhu police team., Police registered an FIR under various sections of the Bharatiya Nyaya Sanhita (BNS).
Published: 11 Nov 2026, 09:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented