ഏപ്രില്‍ രണ്ട് ലോക ഓട്ടിസം അവബോധദിനമാണ്. ഓട്ടിസം എന്ന പ്രത്യേക അവസ്ഥയെക്കുറിച്ച് (ന്യൂറോളജിക്കല്‍ ഡിസോഡര്‍) യു.എസില്‍ അവബോധമുണ്ടാക്കിയതും ചര്‍ച്ചയ്ക്ക് വഴിതുറന്നതും 1988-ല്‍ പുറത്തിറങ്ങിയ 'റെയ്ന്‍ മാന്‍' എന്ന സിനിമയാണ്. ഡസ്റ്റിന്‍ ഹോഫ്മന്‍ അവതരിപ്പിച്ച റെയ്മണ്ട് ബാബിറ്റ് എന്ന ഓട്ടിസ്റ്റിക് കഥാപാത്രമാണ് റെയ്ന്‍ മാനിലെ നായകന്‍. ഏഷ്യയിലെ വികസിത രാജ്യമായ ദക്ഷിണ കൊറിയയില്‍ ഇതിന് വഴിതെളിച്ചതാകട്ടെ 2022-ല്‍ സംപ്രേഷണം ചെയ്ത 'എക്സ്ട്രാ ഓര്‍ഡിനറി അറ്റോണി വൂ' എന്ന ലീഗല്‍  കെ ഡ്രാമാ സീരീസും.ഓട്ടിസ്റ്റിക്കായ വനിതാ അഭിഭാഷക വൂ യങ് വൂ ആണ് സീരിസിലെ കേന്ദ്ര കഥാപാത്രം. പാര്‍ക്ക് യൂന്‍ ബിന്‍ ആണ് അറ്റോണി വൂവിനെ അവതരിപ്പിച്ചത്. 

To advertise here,

ഓട്ടിസം ബാധിച്ച എല്ലാവരും റെയ്ന്‍ മാനിലെ നായകനായ റെയ്മണ്ട് ബാബിറ്റിനെപ്പോലെയോ അറ്റോണി വൂ വിലെ കേന്ദ്ര കഥാപാത്രമായ വൂ യങ് വൂയെപ്പോലെയോ പ്രത്യേക കഴിവുകളുളളവർ ആയിരിക്കില്ല. അതായത് ഓട്ടിസം എന്ന അവസ്ഥ ഇത് ബാധിച്ച ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും ഓട്ടിസം എന്ന അവസ്ഥയില്‍ കഴിയുന്ന വ്യക്തികളുടെ ചില സ്വഭാവവിശേഷങ്ങളെങ്കിലും മനസിലാക്കാനും അവരെക്കുറിച്ച് കൂടുതലറിയാനും സഹായിക്കാന്‍ ഈ സിനിമയും സീരീസും അതാത് രാജ്യങ്ങളില്‍ വഴിതുറന്നുവെന്നതാണ് ഇവയുടെ പ്രസക്തി.

ബാരി ലെവിന്‍സണ്‍ സംവിധാനം ചെയ്ത 'റെയ്ന്‍ മാന്‍ ' പ്രേക്ഷകസമൂഹം രണ്ടു കയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രമായ റെയ്മണ്ട് ഓട്ടിസ്റ്റിക് സേവന്റ് (ചില പ്രത്യേക മേഖലയില്‍ വലിയ കഴിവ് പ്രകടിപ്പിക്കുന്നയാള്‍) ആണ്. ഓര്‍മശക്തിയും കണക്കിലുള്ള അതിസാമര്‍ത്ഥ്യവുമാണ് റെയ്മണ്ടിനെ വ്യത്യസ്തനാക്കുന്നത്. ഒരു ടോട്ടല്‍ ജീനിയസ്. പക്ഷേ, ഓട്ടിസം അവസ്ഥയിലുള്ള വ്യക്തികളെ പിന്നോട്ടുവലിക്കുന്ന ആശയവിനിമയത്തിനും  സമൂഹത്തില്‍ ഇടപഴകാനും ഉള്ള ബുദ്ധിമുട്ടുകള്‍ റെയ്മണ്ടിന് മുന്നില്‍ വിലങ്ങുതടിയാണ്.

ഓട്ടിസം ഉള്ള ഓരോ വ്യക്തിയും ഒരു പ്രത്യേക പാറ്റേണിലാണ് അവരുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് . എന്നും ഒരേ ഭക്ഷണം, ഒരേ ശീലങ്ങള്‍, ഓരോന്നിനും ഓരോ സമയക്രമം. ഇതൊക്കെ തെറ്റിയാല്‍ അവര്‍ അസ്വസ്ഥരാകും. റെയ്ന്‍ മാനില്‍ സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന റെയ്മണ്ടിനെ 'തട്ടിക്കൊണ്ടു' പോയി പകുതി സ്വത്ത് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന അനുജന്‍ ചാര്‍ളി (ടോം ക്രൂസ്) ഇത് മനസിലാക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ അന്തം വിടുന്നുണ്ട്.
ചേട്ടനുമായി ഒരു സൈക്യാട്രിസ്റ്റിനെ കാണാന്‍ ആശുപത്രിയില്‍ ചെല്ലുന്ന ചാര്‍ളി അദ്ദേഹത്തിന്റെ അസുഖം ഓട്ടിസമാണ് (he is autistic) എന്ന് അവിടുത്തെ നഴ്സിനോട് വിശദീകരിക്കുന്നു. ഇദ്ദേഹം ഓട്ടിസ്റ്റിക്കാണോ എന്നാണ് നഴ്സിന്റെ മറുചോദ്യം. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കു പോലും രോഗാവസ്ഥ മനസിലാക്കാനാകുന്നില്ല എന്ന സ്ഥിതിയാണ് അന്നുള്ളത്.

അക്കാദമികപരമായും വാണിജ്യപരമായും വന്‍വിജയമാണ് 'റെയ്ന്‍ മാന്‍' നേടിയത്. മികച്ച നടനും സംവിധായകനുമടക്കമുള്ള നാല് ഓസ്‌കറുകള്‍ ചിത്രം നേടി.  ലെവിന്‍സണിന്റെ സംവിധാന മികവും ഹോഫ്മാന്റെയും ക്രൂയിസിന്റെയും അഭിനയവുമെല്ലാം ഏറെ പ്രശംസ നേടി. സിനിമയില്‍ പ്രധാന കഥാപാത്രത്തിലൂടെ ഓട്ടിസം ചിത്രീകരിച്ച രീതിയും ഏറെ പ്രശംസിക്കപ്പെട്ടു. അക്കൊല്ലത്തെ ഏറ്റവും വലിയ പണം വാരിപ്പടമായും ചിത്രം മാറി. 25 മില്യന്‍ ഡോളര്‍ ചെലവിലെടുത്ത ചിത്രം 354 മില്യണ്‍ ഡോളറാണ് സ്വന്തമാക്കിയത്.

അക്കാദമികപരമായും സിനിമ തലയെടുപ്പോടെ നിന്നു. എട്ട് ഓസ്‌കാര്‍ നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇതില്‍ മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച തിരക്കഥ എന്നിയില്‍ ഓസ്‌കര്‍ നേടാനും ചിത്രത്തിനായി. ഓട്ടിസ്റ്റിക് സേവന്റായ കഥാപാത്രത്തെ അവതരിപ്പിക്കാനായി വലിയ തയ്യാറെടുപ്പുകളാണ് ഹോഫ്മന്‍ നടത്തിയത്. ഒരു വര്‍ഷത്തോളം ഇത്തരം അവസ്ഥയിലുള്ള ആളുകളുടെയിടയില്‍ ചെലവഴിച്ചാണ് റെയ്മണ്ട് ബാബിറ്റിന് അദ്ദേഹം വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയത്.

ഓട്ടിസം എന്ന അവസ്ഥയെ തിരിച്ചറിയാന്‍ അമേരിക്കന്‍ സമൂഹത്തെ പ്രാപ്തരാക്കിയെന്നതിലാണ് 'റെയ്ന്‍ മാന്‍' വിലമതിക്കപ്പെടേണ്ടത്. അതുവരെ ഈ അവസ്ഥയിലുള്ളവരുടെ കുടുംബാംഗങ്ങളും അവരുടെ സംഘടനകളും മാത്രമാണ്  ഇവരെക്കുറിച്ച് മനസിലാക്കിയിരുന്നത്. ഓട്ടിസ്റ്റിക് സേവന്റായ റെയ്മണ്ട് ബാബിറ്റിന്റെ കഥ പക്ഷേ ചില തെറ്റിദ്ധാരണകള്‍ക്കും വഴിതെളിച്ചു. ഓട്ടിസം ബാധിച്ച എല്ലാവരും  റെയ്മണ്ടിനെപ്പോലെ ജീനിയസുകളാണെന്ന ഒരു മിഥ്യാവബോധം ചിലരിലെങ്കിലുമുണ്ടായി. 'റെയ്ന്‍ മാന്‍' പുറത്തിറങ്ങി 37 വര്‍ഷം കഴിഞ്ഞിട്ടും ചിലരെങ്കിലും അങ്ങനെ വിശ്വസിക്കുന്നുവെന്നാണ് സൂചനകള്‍.

ഏഷ്യയിലെ വികസിത രാജ്യങ്ങളില്‍ മുന്നിലാണ് ദക്ഷിണ കൊറിയ. എങ്കിലും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഓട്ടിസം  ഉള്‍പ്പെടെയുള്ള  അവസ്ഥയിലുളളവരോട് സമൂഹത്തിന്റെ ഇടപെടല്‍ അത്ര ഭേദപ്പെട്ട രീതിയിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയുള്ള  ഒരു സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുകയായിരുന്നു 'എക്സ്ട്രാ ഓര്‍ഡിനറി അറ്റോണി വൂ ' എന്ന കെ ഡ്രാമാ സീരിസിലൂടെ അണിയറ പ്രവര്‍ത്തകര്‍. ഇതിലെ കേന്ദ്രകഥാപാത്രമായ അറ്റോണി വൂ ഓട്ടിസ്റ്റിക് സ്പെക്രടം ഡിസോര്‍ഡര്‍ ഉള്ള പെണ്‍കുട്ടിയാണ്. അസാമാന്യമായ ഓര്‍മശക്തിയും ബുദ്ധിയും നിയമത്തോടുള്ള പാഷനും  കൈമുതലായുള്ളവള്‍. ദക്ഷിണ കൊറിയയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റിയില്‍നിന്നു നിയമത്തില്‍ ഒന്നാം റാങ്കോടെ വിജയിച്ച വൂവിന് അവളുടെ അവസ്ഥ കാരണം ഒരു ലോ ഫേമിലും ജോലി ലഭിക്കുന്നില്ല. ഒടുവില്‍ ഹന്‍ബാഡാ എന്ന പ്രശസ്തമായ ഫേമില്‍ അവള്‍ക്ക്  ഇന്റേണായി നിയമനം ലഭിക്കുന്നു.

ഹന്‍ബാഡയിലും ആദ്യം അവളെ മനസിലാക്കാന്‍ സീനിയേഴ്സിനും സഹപ്രവര്‍ത്തകര്‍ക്കും സാധിക്കുന്നില്ല. പക്ഷേ, പങ്കാളിയാകുന്ന ആദ്യ കേസില്‍ തന്നെ തന്റെ പ്രതിഭ തെളിയിക്കാന്‍ വൂവിന് സാധിക്കുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെ സഹായത്തോടെയും പിന്തുണയോടുംകൂടെ അവള്‍ വിജയഗാഥ രചിക്കുന്നതാണ് 'അറ്റോണി വൂ' വിന്റെ ഇതിവൃത്തം. 16 എപ്പിസോഡുകളിലായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഈ കെ ഡ്രാമയില്‍ നിത്യജീവിതത്തിലെ  ഓരോ കേസുകളും അതില്‍ വൂ നടത്തുന്ന നിര്‍ണായക ഇടപെടലുകളും ആണ് ചിത്രീകരിച്ചിരിക്കുന്നത്. അസാമാന്യയായ ഒരു ജീനിയസാണ് വൂ എന്നത് മനസിലാക്കുന്ന സഹപ്രവര്‍ത്തകര്‍ അവള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു, ആദ്യം അവളെ കുതികാല്‍ വെട്ടി വീഴ്ത്താന്‍ ശ്രമിച്ചയാള്‍ പോലും.

ഇത്രയും ബുദ്ധിസാമര്‍ത്ഥ്യവും ഓര്‍മയും ഒക്കെ പ്രകടിപ്പിക്കുമ്പോഴും വൂവിന്റെ ഓട്ടിസം അവസ്ഥ പലപ്പോഴും അവളെ പിന്നോട്ടുവലിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താനുള്ള ബുദ്ധിമുട്ട്, പ്രത്യേകതകളുള്ള വൂവിന്റെ ദിനചര്യകള്‍, ഒരേ ഭക്ഷണക്രമം, അസ്വസ്ഥയാകുമ്പോള്‍ പുറപ്പെടുവിക്കുന്ന ശബ്ദം, ഉച്ചത്തിലുള്ള ശബ്ദത്തോടുള്ള  അസ്വസ്ഥത ഇവയൊക്കെ വൂ വിനെ സഹപ്രവര്‍ത്തകരുടെയിടയില്‍ വ്യത്യസ്തയാക്കുന്നു. എങ്കിലും പ്രതികൂല അവസ്ഥകളെ പൊരുതി ജയിച്ച് ഏവരും ബഹുമാനിക്കുന്ന ഒരു അഭിഭാഷകയായി വൂ മാറുകയാണ്. പരമ്പര കാണുന്ന ഏവര്‍ക്കും പ്രചോദനം നല്‍കുന്നതും അവരെ ചിന്തിപ്പിക്കുന്നതുമായ ചിത്രീകരണമാണ് വൂവിലൂടെ നടത്തിയിരിക്കുന്നത്.

റെയ്ന്‍ മാനില്‍ സംവിധായകനും അണിയറ പ്രവര്‍ത്തകരും ഓട്ടിസ്റ്റിക്കായുള്ള ആളുകളെ കണ്ട് അവരെ അടുത്തറിഞ്ഞാണ് സിനിമ ചിത്രീകരിച്ചത്. അറ്റോണി വൂവിന്റെ അണിയറ പ്രവര്‍ത്തകരും ഓട്ടിസത്തെക്കുറിച്ച് കൃത്യമായ  പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ ശേഷം കേന്ദ്ര കഥാപാത്രത്തെ കുറച്ചു കൂടി യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കുന്ന രീതിയില്‍ അവതരിപ്പിച്ചു. വൂ ഒരു ഓട്ടിസ്റ്റിക് ജീനിയസ് മാത്രമല്ല. നിത്യജീവിതത്തിലും സമൂഹത്തിലുമെല്ലാം അവള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട് . അതിനെ അവള്‍ മറികടക്കുന്നത് എങ്ങനെയെന്നും അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നു. വൂ എന്ന കഥാ പാത്രത്തിന്റെ കൂടുതല്‍ സൂക്ഷ്മവും സഹാനുഭൂതി നിറഞ്ഞതുമായ ഒരു ചിത്രീകരണമാണ് അവര്‍ നടത്തിയിരുന്നത്.

37 വര്‍ഷങ്ങള്‍ക്കു മുമ്പ് റെയ്ന്‍ മാനില്‍  കേന്ദ്ര കഥാപാത്രം റെയ്മണ്ട് ബാബിറ്റ് തന്റെ  സംരക്ഷണ കേന്ദ്രത്തിലേക്ക് മടങ്ങുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. അനുജന്‍ ചാര്‍ളിയുടെ ഹൃദയത്തില്‍ റെയ്മണ്ടും റെയ്മണ്ടിന്റെ ഹൃദയത്തില്‍ ചാര്‍ളിയും ഇടം നേടുന്നുണ്ട്. എന്നാലും ചേട്ടനെ സംരക്ഷിക്കാനും മുന്നോട്ടു നയിക്കാനുമുള്ള സാഹചര്യമോ ചേട്ടന് പൊരുതി മുന്നോട്ടു പോകാനുള്ള പരിതസ്ഥിതിയോ അന്ന് ആയിട്ടില്ല. അഭയകേന്ദ്രം തന്നെ റെയ്മണ്ടിനു ശരണം.

34 വര്‍ഷങ്ങള്‍ക്കിപ്പുറം ഹാന്‍ നദിയിലൂടെ വെള്ളം കുറെ ഒഴുകിപ്പോയി. ഇവിടെ ദക്ഷിണ കൊറിയയില്‍ വൂ എന്ന ഓട്ടിസ്റ്റിക് അറ്റോണിക്ക് തന്റെ കുറവുകളെ മനസിലാക്കി കഴിവുകളെ മുറുകെപ്പിടിച്ച് മുന്നോട്ടുപോകാനുള്ള സാഹചര്യമാണ് അറ്റോണി വൂവിന്റെ കഥയില്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത് (റെയ്മണ്ടിന്റെയും വൂവിന്റെയും ഓട്ടിസം അവസ്ഥകള്‍ വ്യത്യസ്തമാണെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല). ഏതായാലും ദക്ഷിണ കൊറിയന്‍ സമൂഹം രണ്ടു കയ്യും നീട്ടിയാണ് ഈ ലീഗല്‍ ഡ്രാമയെ സ്വീകരിച്ചത്. 2022 ജൂണ്‍ 29 മുതല്‍ ഓഗസ്റ്റ് 18 വരെ ബുധന്‍, വ്യാഴം ദിവസങ്ങളിലായി ദക്ഷിണ കൊറിയയിലെ ഇഎന്‍എ കേബിള്‍ ശൃംഖലയിലൂടെയാണ് പരമ്പര പ്രക്ഷേപണം ചെയ്തത്. ഇഎന്‍എയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റേറ്റിങ്ങാണ് പരമ്പര നേടിയത്.

പരമ്പരയുടെ വിജയവും സ്വീകാര്യതയും ഓട്ടിസം അവസ്ഥയിലുള്ളവരോട് കൂടുതല്‍ സഹാനുഭൂതിയുള്ള  കാഴ്ചപ്പാടിലേക്കു മാറാന്‍ ദക്ഷിണ കൊറിയക്കാരെ സഹായിച്ചുവെന്നതാണ് വാസ്തവം. റെയ്ന്‍ മാന്‍ അമേരിക്കന്‍ സമൂഹത്തില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ വൂ ദക്ഷിണ കൊറിയന്‍ സമൂഹത്തിലുമുണ്ടാക്കി.

റെയ്മണ്ടിനെപ്പോലെയും വൂവിനെയും പോലെയുള്ള ജീനിയസുകള്‍  ഓട്ടിസ്റ്റിക് ആയിട്ടുള്ള ആളുകളില്‍ ആയിരത്തില്‍ ഒന്നേ കാണുകയുള്ളൂ. കാരണം ഓട്ടിസം സ്പെക്ടത്തിലെ ഓരോ അവസ്ഥയും ഒന്നിനൊന്നു വ്യത്യസ്തമാണ്. എങ്കിലും എന്തെങ്കിലുമൊരു കഴിവ് ഓരോരുത്തര്‍ക്കും കാണും. അത് കണ്ടുപിടിച്ച് അവരെ മുന്നോട്ടു നയിക്കുകയെന്നതാണ് രക്ഷിതാക്കളുടെയും പരിശീലകരുടെയുമൊക്കെ മുന്നിലുള്ള ദൗത്യവും വെല്ലുവിളിയും.  പൊതുവായ ഓട്ടിസ്റ്റിക് വ്യക്തികളുടെ കഥയല്ല റെയ്ന്‍മാനും വൂവുമെങ്കിലും നമ്മള്‍ കണ്ടു മുട്ടുന്ന ഓട്ടിസം അവസ്ഥയിലുള്ളവര്‍ എങ്ങനെയാണെന്നും അവരോടുള്ള കാഴ്ചപ്പാടുകള്‍ മാറാനും ഈ സിനിമയും സീരിയലും സഹായിക്കുമെന്നുറപ്പാണ്. 'റെയ്ന്‍ മാന്‍' ആമസോണ്‍ പ്രൈമിലും 'എക്സ്ട്രാ ഓര്‍ഡിനറി അറ്റോണി വൂ' നെറ്റ്ഫ്ളിക്സിലും ലഭ്യമാണ്. 

(അവലംബം: 'റെയ്ന്‍മാന്‍ 'സിനിമ, 'എക്സ്ട്രാ ഓര്‍ഡിനറി അറ്റോണി വൂ' പരമ്പര, റെയ്ന്‍ മാന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച 'ദ ഗാര്‍ഡിയനില്‍' പ്രസിദ്ധീകരിച്ച  ലേഖനങ്ങള്‍, 'എക്സ്ട്രാ ഓര്‍ഡിനറി അറ്റോണി വൂവി' നെക്കുറിച്ച്  'കൊറിയ ജൂങ് ആങ് ഡെയ്ലി'യില്‍ പ്രസിദ്ധീകരിച്ച ലേഖനം. ഓട്ടിസ്റ്റിക്കായ ഒരു കുട്ടിയുടെ പിതാവാണ്  ലേഖകന്‍)