കൊച്ചി: സംസ്ഥാനത്ത് ദുര്‍മന്ത്രവാദവും ആഭിചാരപ്രവൃത്തികളും നിയന്ത്രിക്കുന്നതിനായി 'അന്ധവിശ്വാസവിരുദ്ധ നിയമം' പാസാക്കുന്നത് സജീവ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

To advertise here,

ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായമടക്കം ആരായാനുള്ളതിനാല്‍ സമയം ആവശ്യമാണെന്നും വിശദീകരിച്ചു. നിയമനിര്‍മാണത്തിനുള്ള പ്രാഥമിക നടപടിയെങ്കിലും ഉടന്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന്റെ പശ്ചാത്തലത്തില്‍ കേരള യുക്തിവാദിസംഘം ഫയല്‍ചെയ്ത പൊതുതാത്പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി ഒക്ടോബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.

ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് 'കേരള പ്രിവെന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക്ക് മാജിക് ബില്‍ 2022' എന്ന ബില്ലിന്റെ കരട് തയ്യാറാക്കിയിരുന്നു.

എന്നാല്‍, 2023 ജൂലായ് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭായോഗം ഈ നിയമനിര്‍മാണത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിന് പകരമായിട്ടാണിപ്പോള്‍ 'അന്ധവിശ്വാസവിരുദ്ധ നിയമം' നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ്കുമാര്‍ വഴി സത്യവാങ്മൂലവും ഫയല്‍ചെയ്തു.

പുതിയ നിയമം നിര്‍മിക്കുന്നതിനു മുന്‍പ് സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും സാമൂഹികനീതി വകുപ്പ്, പോലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയവരുടെയും അഭിപ്രായം തേടേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. അഡ്വക്കേറ്റ് ജനറലിന്റെയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെയും അഭിപ്രായവും ആരായേണ്ടതുണ്ട്.

മഹാരാഷ്ട്ര, കര്‍ണാടക സര്‍ക്കാരുകള്‍ പാസാക്കിയ നിയമത്തിന് സമാനമായ നിയമനിര്‍മാണമാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ സമയം ആവശ്യമാണെങ്കിലും കാര്യങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അറിയിച്ചു. ഈ ഘട്ടത്തിലാണ് പ്രാഥമിക നടപടിയെങ്കിലും ഉടന്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചത്.

2022-ലെ കരട് ബില്ലില്‍നിന്ന് പിന്നോട്ടുപോകാനുള്ള കാരണം വ്യക്തമാക്കാനാകില്ല. ഇക്കാര്യത്തില്‍ മന്ത്രിസഭയില്‍ ചര്‍ച്ചചെയ്ത വിവരങ്ങളും അറിയിക്കാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.