
കൊച്ചി: ശബരിമലയിൽ 'ഫ്രീ ഇഷ്യു' വിഭാഗത്തിൽ സൗജന്യമായി നൽകുന്ന അരവണയ്ക്ക് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ആകെ 50,000 ടിൻ അരവണമാത്രമേ സൗജന്യമായി നൽകൂ. ഒക്ടോബർ 27-ന് ബോർഡെടുത്ത ഈ തീരുമാനം സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയെ അറിയിച്ചു.
സൗജന്യ അരവണ കൈപ്പറ്റുന്നവരുടെ പേരും മറ്റുവിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇതിന് എക്സിക്യുട്ടീവ് ഓഫീസർക്ക് നിർദേശംനൽകി. ഓരോ വിതരണത്തിനും രേഖയും കണക്കും ഉറപ്പാക്കാനാണിത്. സൗജന്യ വിതരണത്തിന്റെ ഉത്തരവാദിത്വവും എക്സിക്യുട്ടീവ് ഓഫീസർക്കാണ്. അദ്ദേഹം നൽകുന്ന അപേക്ഷയോ സ്ലിപ്പോ ഹാജരാക്കാതെ ആർക്കും സൗജന്യ അരവണ നൽകില്ല.
'ഫ്രീ ഇഷ്യു' വിഭാഗത്തിൽ അരവണയും അപ്പവും നൽകുന്നതിലും അതിന്റെ കണക്ക് സൂക്ഷിക്കുന്നതിലും ക്രമക്കേടുണ്ടെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സൗജന്യ വിതരണം നിയന്ത്രിക്കാനും കൃത്യമായ രേഖയും നിരീക്ഷണവും ഉത്തരവാദിത്വവും ഉറപ്പാക്കാനും നടപടി വേണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു.
ബോർഡിന്റെ തീരുമാനം രേഖപ്പെടുത്തിയ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് കേസ് തീർപ്പാക്കി. അമിക്കസ് ക്യൂറി സായൂജ്യ രാധാകൃഷ്ണനും ഹാജരായി.
Published: 03 Nov 2026, 01:55 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented