കൊച്ചി: ദേവസ്വങ്ങളുടെ ഡിജിറ്റൽവത്കരണവുമായി ബന്ധപ്പെട്ട് ഏൽപ്പിച്ച ചുമതലയുടെ ലക്ഷ്യം ഐ.ടി. സ്‌പെഷ്യൽ സെക്രട്ടറി ശരിയായി മനസ്സിലാക്കിയില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം.

To advertise here,

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഡിജിറ്റൽ പരിവർത്തനപദ്ധതി നടപ്പാക്കുന്ന പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽനിന്ന് (പി.എം.യു.) സാങ്കേതികവിവരങ്ങൾ ശേഖരിക്കാൻ മാത്രമാണ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പി.എം.യു.വിന്റെ ഘടന ഉൾപ്പെടെ ഇതുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ സെക്രട്ടറി ചോദ്യങ്ങൾ ഉന്നയിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

കൊച്ചി ദേവസ്വം ബോർഡും കൂടൽമാണിക്യം ദേവസ്വവും സംസ്ഥാന ഇ-ഗവേണൻസ് മിഷൻ ടീമിന്റെ സഹായം തേടാൻ തീരുമാനിച്ചിരുന്നു. ഇതു കണക്കിലെടുത്ത് മൂന്നു ദേവസ്വങ്ങൾക്കും പൊതുവായ ഡിജിറ്റൽ സംവിധാനം സാധ്യമാണോ എന്ന് പരിശോധിക്കാനാണ് ഓഗസ്റ്റ് 20-ന് കോടതി സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. പി.എം.യു.വിന്റെ ഭരണ, സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ദേവസ്വം ബോർഡ് നൽകിയ രേഖകൾ അപര്യാപ്തമാണെന്ന് സെക്രട്ടറി നേരത്തേ അറിയിച്ചിരുന്നു. റിപ്പോർട്ട് നൽകാൻ കൂടുതൽ സമയവും തേടി. ഇതോടെ ദേവസ്വം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പി.എം.യു., ദേവസ്വം കമ്മിഷണർ എന്നിവരുടെ സംയുക്തയോഗം വിളിക്കാനുള്ള മുൻ നിർദേശം കോടതി പിൻവലിച്ചു.

കൊച്ചി ദേവസ്വം ബോർഡിനും കൂടൽമാണിക്യം ദേവസ്വത്തിനും ഇ-ഗവേണൻസ് മിഷന്റെ സഹായത്തോടെ സ്വന്തം സോഫ്റ്റ്വേർ വികസിപ്പിക്കാം. അല്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പദ്ധതി പൂർത്തിയാകുംവരെ കാത്തിരുന്ന് അവരുടെ മൊഡ്യൂളുകൾ ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. പി.എം.യു. നിലവിലെ ജോലി തുടരണം. 24 മൊഡ്യൂളുകളിൽ 15 എണ്ണത്തിന്റെ വികസനം ഒരേസമയം നടക്കുകയാണെന്ന് പി.എം.യു. മേധാവി ഡോ. സന്തോഷ് ബാബു കോടതിയെ അറിയിച്ചു. ഗസ്റ്റ് ഹൗസ് മൊഡ്യൂൾ 2026-27 തീർഥാടനകാലം തുടങ്ങുംമുൻപ് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. സന്തോഷ് ബാബുവിനെ പി.എം.യു. മേധാവിയായി നിയമിച്ചതിന് ധനവകുപ്പിന്റെ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുത്ത് ധനകാര്യ സെക്രട്ടറി ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. കെ.എ.എസ്. ഉദ്യോഗസ്ഥൻ രാഹുൽ എ. രാജിനെ പി.എം.യു.വിന് വിട്ടുനൽകാനുള്ള ഒക്ടോബർ 12-ലെ ഉത്തരവും നടപ്പായിട്ടില്ല. ഇതു പാലിച്ച് പൊതുഭരണ സെക്രട്ടറിയും ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു. ഹർജികൾ നവംബർ ആറിന് വീണ്ടും പരിഗണിക്കും.