ഒരു മനുഷ്യായുസ്സിന്റെ പകുതിയും ആടുകളുടെ കൂടെ ജീവിച്ചുതീര്‍ത്ത ഫാറൂഖ് കോളേജ് അണ്ടിക്കാടന്‍കുഴി മക്കാട്ടുപറമ്പില്‍ പാത്തുമ്മ (81) യാത്രയായി. മരണത്തിന്റെ വിളിയെത്തുന്ന രാത്രിയിലും ആടുകള്‍ക്കൊപ്പമായിരുന്നു അവര്‍ അന്തിയുറങ്ങിയിരുന്നത്. ഉറങ്ങുന്നതും ഉണരുന്നതും ഉണ്ണുന്നതും ആടിനിടയില്‍ത്തന്നെ. ആടുജീവിതം കണ്ട് നാട്ടുകാര്‍ അവരെ സ്‌നേഹത്തോടെ വിളിച്ചു: 'ആടുമ്മ'.

To advertise here,

കല്യാണം കഴിക്കുമ്പോള്‍ മക്കാട്ട് പാത്തുമ്മയ്ക്ക് കേവലം 12 വയസ്സായിരുന്നു. പതിനഞ്ചാംവയസ്സില്‍ ഗര്‍ഭിണിയുമായി. എട്ടാംമാസം പ്രസവിച്ചെങ്കിലും കുഞ്ഞ് കരഞ്ഞില്ല. അനക്കംവെക്കാത്ത കൊച്ചിനെക്കണ്ട് ആര്‍ത്തുകരയുമ്പോള്‍ സമാധാനിപ്പിക്കാന്‍ ഭര്‍ത്താവുപോലുമുണ്ടായിരുന്നില്ല. പിതാവിനൊപ്പം പണിക്കുപോയ മൂപ്പര് പിന്നെ തിരിച്ചുവന്നിട്ടേയില്ല. കുറച്ചുനാള്‍ ബാപ്പയും ഉമ്മയും കൂടെയുണ്ടായിരുന്നു. അധികംവൈകാതെ അവരും മരിച്ചു. 

അതോടെ തീര്‍ത്തും ഒറ്റപ്പെട്ട പാത്തുമ്മയ്ക്ക് പിന്നീടങ്ങോട്ട് തുണയായത് ആടുകളും കോഴികളും മാത്രമായിരുന്നു. ഉപജീവനത്തിനായി പഞ്ചായത്തില്‍നിന്ന് അനുവദിച്ചുകിട്ടിയതാണ് ആദ്യത്തെ ആടും കുഞ്ഞും. അതിനെ നോക്കിവളര്‍ത്തിയതോടെ അടുത്ത തലമുറയുണ്ടായി. അങ്ങനെ അങ്ങനെ പത്തും ഇരുപതും മുപ്പതും ആടുകളായി. ഇതിനിടെ കോഴികളെയും വളര്‍ത്തിത്തുടങ്ങി. വയ്യാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ നോക്കാന്‍ ആളില്ലാത്തതുകാരണം ബന്ധുക്കള്‍ ആടുകളെ വിറ്റു.

രോഗം മാറി തിരിച്ചെത്തിയ പാത്തുമ്മ പിന്നെയും ആടിനെയും കുഞ്ഞിനെയും വാങ്ങിവളര്‍ത്തി. പെറ്റുപെരുകി ഒന്‍പതെണ്ണം പിന്നേയുമായി. ആഴ്ചകള്‍ക്കുമുന്‍പ് പാത്തുമ്മ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തിച്ചികിത്സയിലായിരുന്നു. ഡോക്ടറും ജീവനക്കാരും ബന്ധുക്കളും ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും അധികനാള്‍ അവിടെക്കിടക്കാന്‍ പാത്തുമ്മ തയ്യാറായില്ല. ''ഇവിടിരുന്നാല്‍ ന്റെ മക്കള്‍ പട്ടിണിയാവേ..'' എന്നുപറഞ്ഞ് അവര്‍ അരിശംകൊണ്ടു. അതോടെ ഡിസ്ച്ചാര്‍ജ് ചെയ്തു വീട്ടിലേക്ക് കൊണ്ടുവന്നു.

വീണ്ടും അവര്‍ പഴയപടി ജീവിതമാരംഭിച്ചു. വെളുക്കും മുന്‍പേ എഴുന്നേല്‍ക്കും. ആടുകളെയും കോഴികളെയും തീറ്റിക്കും. പുലരുമ്പോഴേക്കും പുറത്തേക്കുനടക്കും. പിന്നെ ഉച്ചയാവുമ്പോഴേ തിരിച്ചെത്തൂ. വരുമ്പോള്‍ ആടുകള്‍ക്കുള്ള ഇലയും കഞ്ഞിവെള്ളവും എല്ലാമുണ്ടാവും. തലേദിവസം രാത്രിവരെ ആടുകളെ പരിപാലിച്ച പാത്തുമ്മ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തന്റെ പൊന്നോമന ആടുകളെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയത്. സഹോദരന്‍: പരേതനായ മുഹമ്മദ്.