
ദുരന്തങ്ങളില്‍ പലതും മനുഷ്യരുടെ നിയന്ത്രണത്തിലുള്ളതല്ല, പക്ഷെ, ഏതൊരു ദുരന്തത്തിന്റെയും വ്യാപ്തി കുറയ്ക്കാന്‍ സാധിക്കുന്നത് 'ഗോള്‍ഡന്‍ അവറി'ല്‍ എത്തിപ്പെടാന്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തകരെ ആശ്രയിച്ചിരിക്കും. ഉരുള്‍പൊട്ടിയ ചൂരല്‍മലയില്‍ സ്വയം രക്ഷാസേനകളായി മാറിയ പ്രദേശത്തുകാർക്ക് പിന്നാലെ ആദ്യമെത്തുന്ന രക്ഷാസൈന്യം എന്‍.ഡി.ആര്‍.എഫാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരം ശക്തമായ മണ്‍സൂണ്‍ ആരംഭിച്ചപ്പോഴേ എന്‍.ഡി.ആര്‍.എഫിന്റെ ഒരു ബറ്റാലിയന്‍ വയനാട്ടിലെത്തിയിരുന്നു. മുൻകരുതലായി എത്തിയ സേനയാണ് ഉരുള്‍പൊട്ടലുണ്ടായി ഒരു മണിക്കൂറാവുമ്പോഴേക്കും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. പാലം ഒലിച്ചുപോയി വെള്ളം കുത്തൊഴുകിയ പുഴയ്ക്ക് കുറുകെ റോപ് ഇട്ട് അക്കരെയെത്തിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം തുടക്കമിടുന്നതും എന്‍.ഡി.ആര്‍.എഫ്. സേന തന്നെ. സംഭവം നടന്ന ദിവസം പുലര്‍ച്ചെ 3.50-ന് എന്‍.ഡി.ആര്‍.എഫ്. ചൂരൽമലയിലെത്തി. 4 മണിയാവുമ്പോഴേക്ക് ഫയര്‍ഫോഴ്‌സും.
തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലമായതിനാല്‍ എന്‍.ഡി.ആര്‍.എഫ്. ടീമിന്റെ സേവനം നേരത്തെ തന്നെ കേരളം അഭ്യര്‍ഥിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇതിന്റെ ഭാഗമായി എന്‍.ഡി.ആര്‍.എഫ്. ടീം എത്തിയിരുന്നു. 30-ാം തീയതി അർധരാത്രിയാണ് ചൂരല്‍മേഖലയില്‍ ഉരുള്‍പൊട്ടുന്നത്. ആ സമയത്ത് എന്‍.ഡി.ആര്‍.എഫിന്റെ ഒരു ടീം വയനാട്ടിലുണ്ടായിരുന്നു.അതിനാല്‍ തന്നെ കമാന്‍ഡര്‍ ദീപകിന്റെ നേതൃത്വത്തിലുള്ള ടീമിന് രാവിലെ 3.50-ന് സ്ഥലത്തെത്താനായി. 30 പേരുള്ള ടീമിന് 'ഗോള്‍ഡന്‍ അവറി'ല്‍ തന്നെ സംഭവം നടന്ന ചൂരല്‍മലയിലെത്താനായത് ദുരന്തത്തിന്റെ വ്യാപ്തി ലഘൂകരിച്ച പല ഘടകങ്ങളിലൊന്നാണ്.
Also Read

30 അംഗ എന്‍.ഡി.ആര്‍.എഫ്. സംഘം സ്ഥലത്തെത്തുമ്പോഴേക്കും കളക്ടറും വഴി വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കാന്‍ ജെ.സി.ബിയുമെത്തിയിരുന്നു. 3.50-ന് സംഭവസ്ഥലത്തെത്തി ടീം 4 മണിയാവുമ്പോഴേക്കും രക്ഷാപ്രവര്‍ത്തനത്തിലേക്ക് കടന്നുവെന്ന് പറയുന്നു കമാന്‍ഡന്റ് അഖിലേഷ് കുമാര്‍.
"മരവും മണ്ണും കെട്ടിടവുമാകെ ഒലിച്ചുവന്ന അവസ്ഥയിലായിരുന്നു. വെള്ളാർമല ഭാഗത്ത് മുന്നോട്ടു പോയപ്പോള്‍ ബില്‍ഡിങ്ങിന്റെ ആദ്യനിലയില്‍ 70-ഓളം പേര്‍ കുടുങ്ങികിടപ്പുണ്ടായിരുന്നു. വെള്ളം കുത്തിയൊലിക്കുകയായിരുന്നു ആ സമയം. ഈ എഴുപത് പേരെയും രക്ഷിച്ച് പുറത്തെത്തിച്ചു. ആ സമയം കുറെയെറേ സിവില്‍ വളണ്ടിയര്‍മാര്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. പിന്നീടവിടെ നിന്ന് ടീം പാലമുണ്ടായിരുന്ന ഭാഗത്തേക്ക് പോയി. ഉരുള്‍പൊട്ടലില്‍ പാലമാകെ തകര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് റോപ്പുപയോഗിച്ച് പുഴ കടന്ന് അപ്പുറത്തെത്തി. അപ്പുറത്തെത്തുന്ന ആദ്യ സേനയായിരുന്നു എന്‍.ഡി.ആര്‍.എഫ്.

വെള്ളം 10 അടി ഉയരത്തിലുണ്ടായിരുന്നു, നല്ല അടിയൊഴുക്കുള്ളത് വലിയ തടസ്സം സൃഷ്ടിച്ചു. അതിനാല്‍ റോപ് കെട്ടി അപ്പുറത്തെത്താനാണ് ആദ്യം ശ്രമിച്ചത് പക്ഷെ റോപ് തവണയെറിഞ്ഞെങ്കിലും പുഴയ്ക്ക് അപ്പുറം എത്തിയില്ല. പക്ഷെ പിന്നീട് കയര്‍ എത്തി. പുഴയുടെ അക്കരയുണ്ടായിരുന്ന സാധാരണക്കാരാണ് റോപ് അപ്പുറത്ത് കെട്ടാന്‍ സഹായിച്ചത്. അവിടെ ഒരു ആല്‍മരമുണ്ടായിരുന്നു. അതിലേക്ക് കയര്‍ വലിച്ചു കെട്ടിയാണ് പലരെയും സഹായിച്ചത്. രാവിലെ 11.30-ഓടെ മറുകരയെത്താന്‍ എന്‍.ഡി.ആര്‍.എഫ്. സംഘാംഗങ്ങള്‍ക്കായി. അക്കരെയെത്തിയ ഉടന്‍തന്നെ പരിക്കേറ്റ എട്ടുപേരെ രക്ഷിച്ച് ഇക്കരെ റോപ് വഴിയെത്തിച്ചു. കേരള ഫയര്‍ഫോഴ്‌സും ഇത്തരത്തില്‍ റോപ്പുണ്ടാക്കി ധാരാളം പേരെ രക്ഷിച്ച് ഇക്കരയെത്തിച്ചു. 4 മണിയായപ്പോഴേക്കും സൈന്യമെത്തി. എന്‍.ഡി.ആര്‍.എഫിന്റെ ബാക്കി സംഘാംഗങ്ങളും സ്ഥലത്തെത്തി. പിന്നീട് എല്ലാവരും കൂടിച്ചേര്‍ന്ന് കൂട്ടായ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്", അഖിലേഷ് കുമാർ പറയുന്നു.

ഏതാണ്ട് നാലഞ്ച് കിലോ മീറ്റര്‍ പ്രദേശമാകെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു. മരങ്ങളും വീടുകളും കെട്ടിടങ്ങളുമെല്ലാം ഒഴുകിപ്പോവുകയോ തകര്‍ന്നു പോവുകയോ ചെയ്തിരുന്നു. അവശേഷിച്ച വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരുന്നു.
വെള്ളപ്പൊക്കം, റോഡിയോ കെമിക്കല്‍ എമര്‍ജന്‍സി, സുനാമി, ഉരുള്‍പൊട്ടല്‍ തുടങ്ങീ എന്ത് ദുരന്തങ്ങള്‍ വന്നാലും രക്ഷാപ്രവര്‍ത്തനം നടത്താനുള്ള പരിശീലനം ലഭിച്ചവരാണ് ഞങ്ങള്‍. പക്ഷെ ഇത്രയും വലിയൊരു ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തസ്ഥലത്ത് എന്‍.ഡി.ആര്‍.എഫ്. ഫോര്‍ത്ത് ബറ്റാലിയന്‍ കമാന്‍ഡന്റെന്ന നിലയ്ക്ക് ആദ്യത്തെ അനുഭവമാണെന്ന കമാന്‍ഡന്റ് അഖിലേഷ് കുമാര്‍ പറഞ്ഞു.
ചെന്നൈ വെള്ളപ്പൊക്കത്തിലെ രക്ഷാപ്രവര്‍ത്തനത്തിൽ ഉണ്ടായിരുന്നെങ്കിലും നാല് വെല്ലുവിളികളാണ് വയനാട്ടില്‍ പ്രധാനമായും നേരിട്ടത്. കോരിച്ചൊരിയുന്ന മഴ നിര്‍ത്താതെ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. ചെളിയും അവശിഷ്ടങ്ങളും കുടുങ്ങിയ മനുഷ്യരുടെ അടുക്കലെത്തുന്നത് വൈകിപ്പിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്ക് അനയന്ത്രിതമായ അവസ്ഥയിലായിരുന്നു. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശവും വളരെ വലുതായിരുന്നു. ഒന്നോ രണ്ടോ വീടുകളല്ല നൂറുകണക്കിന് വീടുകള്‍ അപകടത്തില്‍പ്പെട്ടു എന്നതും വെല്ലുവിളികളുയര്‍ത്തി.
ഡിസ്ട്രിക്ട് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഓഫീസും (ഡി.ഡി.എം.എ.) ആവശ്യപ്പെട്ടപ്രകാരമാണ് എൻ.ഡി.ആർ.എഫ്. ടീം മഴക്കാല മുൻകരുതലിന്റെ ഭാഗമായി വയനാട്ടിലെത്തിയത്. ഇവരുടെ ഈ വരവ് രക്ഷാപ്രവർത്തനത്തിന്റെ 'ഗോൾഡൻ അവറി'ൽ വലിയ രീതിയിൽ ഉപകാരം ചെയ്തു.
Content Highlights: NDRF commandant,Akhilesh kumar,fourth batallion,rescue,wayanad landslide
Published: 02 Aug 2024, 06:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented