കൊച്ചി: “നീ എങ്ങനാടി ഇത്രയും കറുത്തുപോയത്. നിന്റെ ചേച്ചിയുടെ വെളുപ്പിന്റെ പകുതിപോലും നിനക്ക് കിട്ടിയില്ലല്ലോ...” -കുട്ടിക്കാലംമുതലേ കേട്ടുതുടങ്ങിയ പരിഹാസത്തിന്റെയും അവഗണനയുടെയും സ്വരങ്ങൾ. കുട്ടിക്കാലത്ത് ഈ വാക്കുകൾ ആദ്യം നെഞ്ചുകീറുന്ന വേദനയുടെയും സങ്കടത്തിന്റെയും മുള്ളുകളായെങ്കിലും ഒടുവിൽ അതേ പരിഹാസം നിമ്മി ആത്മവിശ്വാസത്തിന്റെ ഊർജമാക്കി. നിറത്തിന്റെ പേരിലുള്ള പരിഹാസം സഹിക്കാൻവയ്യാതെ കേരളം വിട്ട നിമ്മി ഇപ്പോൾ ദുബായിൽ നടക്കുന്ന മിസിസ് ഇന്ത്യാ വേൾഡ് വൈഡ് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ എത്തിനിൽക്കുകയാണ്.

To advertise here,

ഇൻഫോസിസിലെ ജോലിയും പോർച്ചുഗീസുകാരനുമായുള്ള വിവാഹവും നെതർലൻഡ്‌സിൽ താമസമാക്കിയതുമടക്കം സംഭവബഹുലമായ ജീവിതത്തിനിടെ നിമ്മി പറയുന്നത് ഒന്നുമാത്രം, “പെൺകുട്ടികളേ, നിറത്തിന്റെ പേരിലുള്ള പരിഹാസത്തിൽ തളർന്നുപോകരുത്. ആത്മവിശ്വാസത്തിലൂടെയുള്ള അതിജീവനമാണ് ഏറ്റവുംവലിയ സൗന്ദര്യം.”

എറണാകുളം ചെറായിയിലെ മത്സ്യത്തൊഴിലാളിയുടെ മകളായ കെ.എസ്. നിമ്മി, നാട്ടിലെ സർക്കാർസ്കൂളിലാണ് പ്ലസ്ടുവരെ പഠിച്ചത്. നിറത്തിന്റെ പേരിലുള്ള പരിഹാസം സഹിക്കാൻവയ്യാതെയാണ് പ്ലസ്ടുവിനുശേഷം പഠനത്തിനായി കേരളം വിട്ടത്. കോയമ്പത്തൂരിൽനിന്ന് ബി.സി.എ.യും ഡൽഹിയിൽനിന്ന് പബ്ലിക് റിലേഷനിൽ പി.ജി.യും നേടി.

ഭുവനേശ്വറിൽ ഇൻഫോസിസിൽ ജോലിചെയ്യുന്നതിനിടെയാണ് പോർച്ചുഗീസുകാരനായ ജാവോ മിഗ്വേൽ വിയേഗസിനെ പരിചയപ്പെട്ടത്. ആ സൗഹൃദം പ്രണയത്തിലൂടെ വിവാഹത്തിലെത്തിയതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് നിമ്മി പറയുന്നു. ബോഡി ഷെയ്‌മിങ്ങിന്റെ കുത്തുവാക്കുകൾകേട്ട് തളരാതെ ജീവിതം നിറമുള്ളതാക്കാനായിരുന്നു വിയേഗസ് എപ്പോഴും പറഞ്ഞിരുന്നത്.

വിവാഹശേഷം നെതർലൻഡ്‌സിൽ താമസക്കാരിയായ നിമ്മി അവിടെ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കമ്പനിയിൽ ജോലിചെയ്യുകയാണ്. ലെസ് കാർബൺ എന്ന പരിസ്ഥിതി ആശയത്തിനുവേണ്ടിയുള്ള പദ്ധതിയിലും നിമ്മി സജീവമാണ്. ശരീരത്തെക്കുറിച്ചുള്ള ആക്ഷേപം നേരിടുന്ന പെൺകുട്ടികളെ ആത്മവിശ്വാസത്തോടെ ജീവിതം തിരികെപ്പിടിക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതികൾ കേരളത്തിൽ കൊണ്ടുവരാനാണ് നിമ്മിയുടെ ശ്രമം. ഇതിനുകാരണമായി നിമ്മി പറയുന്നത് ഒന്നുമാത്രം: “നിറമല്ല, നിങ്ങളുടെ ജീവിതം നിശ്ചയിക്കുന്നത്”.