ന്ത് തിന്നാലും തടിയ്ക്കാത്ത കറുത്ത പെണ്‍കുട്ടി, കൂടെ പൊക്കവും. നിമ്മിയെന്ന സ്‌കൂള്‍കുട്ടിയ്ക്ക് വീട്ടിലും സ്‌കൂളിലും വിശേഷണങ്ങളിങ്ങനെയായിരുന്നു. ഇതിനെന്തെങ്കിലും തിന്നാന്‍ കൊടുത്തുകൂടേയെന്ന ബന്ധുക്കളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി നില്‍ക്കുന്ന അമ്മയെ നോക്കിയ അവള്‍ കുട്ടിക്കാലത്ത് പകച്ച് നിന്നിട്ടുണ്ട്. അമ്മയേയും ചേച്ചിയേയും പോലെ തനിക്ക് കിട്ടാത്ത വെളുത്ത നിറത്തെയോര്‍ത്ത് അവള്‍  ഉള്ളില്‍ ഒരുപാട് കരഞ്ഞു. ഇതിനെയെങ്ങനെ കെട്ടിച്ചുവിടുമെന്ന ചോദ്യങ്ങളില്‍ ഭയന്നിട്ടാകണം അമ്മ അവള്‍ക്ക് തടിയും നിറവും കൂടാന്‍ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. പക്ഷേ, അതൊന്നും നിമ്മിയുടെ പ്രകൃതത്തിനും രൂപത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ആരോടും പരിഭവം പറയാതെ അവള്‍ പുസ്തങ്ങള്‍ക്കു മുന്നില്‍ ചമ്രംപടിഞ്ഞിരുന്നു. പഠിക്കാനല്ലാതെ തനിക്ക് മറ്റൊന്നും കഴിയില്ലെന്നവള്‍ വിശ്വസിച്ചു. ബന്ധുക്കളും നാട്ടുകാരും കുട്ടിയ്ക്ക് കൊടുക്കേണ്ട ഭക്ഷണത്തെക്കുറിച്ച് അഭിപ്രായം ചൊരിഞ്ഞു. എല്ലാത്തില്‍ നിന്നും പേടിച്ച ആ പെണ്‍കുട്ടി സ്‌കൂള്‍ പരിപാടികളിലും യുവജനോത്സവങ്ങളിലും തുടങ്ങി എല്ലാ വേദികളില്‍ നിന്നും അകന്നു മാറി നിന്നു. നിറത്തിന്റെയും രൂപത്തിന്റെയും പേരിലുള്ള മാറ്റിനിര്‍ത്തലുകളില്‍ നിന്നും ഇന്ന് നിമ്മിയെത്തിയിരിക്കുന്നത്  അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടിലേയ്ക്കാണ്. എറണാകുളത്തെ ചെറായിയെന്ന കടലോര ഗ്രാമത്തില്‍ നിന്നും നെതര്‍ലൻഡ്​സിലെത്തിയതും അവിടെ നിന്നും മിസിസ് ഇന്ത്യ മത്സരവേദിയിലേയ്ക്കെത്തിയതും. ആ അനുഭവങ്ങള്‍ നിമ്മി വെഗാസ് മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുന്നു.

To advertise here,

കോര്‍പ്പറേറ്റ് ജോലിയുടെ തിരക്കുകള്‍ക്കിടയില്‍ മിസിസ് ഇന്ത്യ മത്സരത്തിലേയ്ക്ക് എങ്ങനെയാണ് എത്തുന്നത് ?

ഒട്ടും പ്രതീക്ഷിച്ചതല്ല ഇതൊന്നും.പഠനവിഷയങ്ങള്‍ക്കപ്പുറത്ത് ഞാന്‍ ജീവിതത്തിലാദ്യമായി പങ്കെടുക്കുന്ന മത്സരമാണിത് . സ്‌കൂളിലും കോളേജിലുമൊന്നും ഞാന്‍ ഒരു തരത്തിലുള്ള സ്റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുത്തിട്ടില്ല. അതിനൊന്നും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല, എനിക്ക് കഴിയില്ലെന്നും ഞാനും മനസില്‍ ഉറച്ചുവിശ്വസിച്ചു. മിസിസ് ഇന്ത്യയിൽ ഞാന്‍ മത്സരിക്കുമെന്ന് ഒരിക്കലും ആലോചിച്ചിരുന്നില്ല എന്നതാണ് സത്യം.

പക്ഷേ, എന്റെയുള്ളില്‍ എന്നും അന്തര്‍ലീനമായിക്കിടന്നിരുന്ന ഒരു കാര്യമുണ്ട്. പ്രൊഫഷണല്‍ ജീവിതത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. കരിയറില്‍ വിജയിച്ചുവെന്ന് എനിക്ക് വിശ്വാസമുണ്ട്. ഉറക്കമിളച്ചു പഠിച്ചതൊന്നും വെറുതേയായില്ല (നിമ്മി ചിരിക്കുന്നു). എങ്കിലും എന്തോ ഒന്ന് എനിക്ക് എന്നോട് തന്നെ തെളിയിക്കണമെന്നുണ്ടായിരുന്നു. അതില്‍ ചെയ്യാനുള്ളതാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. ഫെയ്​സ്ബുക്കിലൂടെയാണ് മിസിസ് ഇന്ത്യയെക്കുറിച്ച് ആദ്യം അറിയുന്നത്.

വെറുതേ അപ്ലൈ ചെയ്തേക്കാമെന്നു മനസ് പറഞ്ഞു. അപ്ലൈ ചെയ്താല്‍ എനിക്ക് കിട്ടുമെന്നുറപ്പൊന്നും തന്നെയില്ലായിരുന്നു. അന്നെനിക്ക് ഫോട്ടോയ്ക്ക് കൃത്യമായി പോസ് ചെയ്യാനോ റാംപ് ചെയ്യാനോ ഒന്നുമറിയില്ലായിരുന്നു. പിന്നീടാണ് എല്ലാം പഠിച്ചത്. പക്ഷേ, സെലക്ഷന്‍ ലഭിച്ചു. അവര്‍ അഭിമുഖവും ഓഡിഷനും നടത്തിയിരുന്നു. അഞ്ച് വിധികര്‍ത്താക്കളുടെ നേതൃത്വത്തില്‍ മുഴുനീള ഇന്റര്‍വ്യൂവും പ്രാഥമിക റൗണ്ടുകളുമെല്ലാം ഞാന്‍ വിജയകരമായി പൂര്‍ത്തിയാക്കി. എനിക്ക് സെലക്ഷന്‍ കിട്ടിയപ്പോള്‍ ശരിക്കും ഞെട്ടിയത് ഞാന്‍ തന്നെയായിരുന്നു. പിന്നീടാണ് വീട്ടിലൊക്കെ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്.

ചെറായിക്കാരി നെതര്‍ലൻഡ്​സിലെത്തുന്നതെങ്ങനെയാണ് ?

ചെറായി ഒരു കടലോരപ്രദേശമാണ്, അറിയുമായിരിക്കുമല്ലോ? എന്റെ അച്ഛന്‍ സുഗേഷ് ബാബു ഒരു മത്സ്യത്തൊഴിലാളിയായിരുന്നു. അമ്മ ഷീല വീട്ടമ്മയും. അച്ഛന്‍ വളരെ കഷ്ടപ്പെട്ടാണ് ചെറുപ്പത്തില്‍ എന്നെയും ചേച്ചിയേയും പഠിക്കാന്‍ അയച്ചിരുന്നത്. ഞാന്‍ പഠിച്ചത് നാട്ടിലെ സാധാരണ മലയാളം മീഡിയം സ്‌കൂളിലായിരുന്നു.മുനമ്പം സെ മേരീസ് ഹൈസ്‌കൂള്‍, പറവൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ്  പഠിച്ചത്. ഞങ്ങളെ വലിയ സ്‌കൂളിലൊക്കെ അയച്ച് പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നത്തെ സ്ഥിതിയില്‍ കഴിഞ്ഞില്ല.

പഠിക്കാന്‍ അദ്ദേഹം വലിയ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. നിറത്തിന്റെയും രൂപത്തിന്റെയും പേരിലുള്ള കളിയാക്കലുകളെ ഞാന്‍ അന്നൊക്കെ അതിജീവിച്ചത് നന്നായി പഠിച്ചുകൊണ്ടാണ്. മറ്റൊന്നിനും കഴിഞ്ഞില്ലെങ്കിലും ഞാന്‍ പഠിക്കാന്‍ മിടുക്കിയാണെന്ന് ആത്മവിശ്വാസം ഉള്ളിലുണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം കോയമ്പത്തൂരില്‍ പോയി പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അന്നത്തെ കാലത്ത് വീട് വിട്ടു ഒരു പെണ്‍കുട്ടി അത്രയും ദൂരെ പോയി പഠിക്കുന്നത് സാധാരണമല്ലായിരുന്നു.

പക്ഷേ, അച്ഛനെന്നെ പിന്തുണച്ചു.അങ്ങനെയാണ് കോയമ്പത്തൂരില്‍ ബാച്ചിലേഴ്‌സ് ഓഫ് കംപ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ പോയത്. ജീവിതം അവിടെ നിന്നും തീര്‍ത്തും മാറിത്തുടങ്ങുകയായിരുന്നു. അവിടെ നിന്നും ഞാന്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലേയ്ക്കും പഠിക്കാന്‍ പോയി. കാമ്പസ്  ഇന്റര്‍വ്യൂവില്‍ ഇന്‍ഫോസിസിലേയ്ക്ക് ട്രെയിനിയായി ആദ്യത്തെ ജോലി ലഭിച്ചു. ഇന്‍ഫോസിസിലെത്തിയതും സ്വന്തമായി അധ്വാനിച്ചുതുടങ്ങിയതും ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറി.

അവിടെ നിന്നും ജോലിയുടെ ഭാഗമായി പല സ്ഥലങ്ങള്‍ രാജ്യങ്ങള്‍ എന്നിങ്ങനെയുള്ള യാത്രകളായി ജീവിതം മാറി. ഇതിനിടയിലാണ് ജീവിതപങ്കാളിയേയും കണ്ടെത്തുന്നത്. അദ്ദേഹം ഇന്‍ഫോസിസില്‍ കണ്‍സള്‍ട്ടന്റാണ്. 14, 11, 6 വയസ്സുകാരായ മൂന്ന് മക്കളുണ്ട്. കഴിഞ്ഞ 9 വര്‍ഷമായി നെതര്‍ലൻഡ്​സിലാണ് താമസം. അവിടെ ഒരു ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയില്‍ കാര്‍ബണ്‍ മാനേജ്‌മെന്റ് ആന്‍ഡ് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലാണ് എന്റെ ജോലി.

ബോഡി ഷെയിമിങ് എങ്ങനെയാണ് മറികടന്നത് ?

placeholder
.
നിമ്മിയുടെ പഴയകാല ചിത്രങ്ങള്‍ (ചിത്രം 1-ഇടത്തുനിന്നും ഒന്നാമത്,ചിത്രം രണ്ടില്‍ വലത്തുനിന്നും ഒന്നാമത്)photo:special arrangement

അന്നൊക്കെ നമ്മളെക്കുറിച്ച് ചുറ്റുമുളളവര്‍ ഇത്തരത്തില്‍ കമന്റുകള്‍ പറയുമ്പോള്‍ വല്ലാതെ സങ്കടപ്പെടുകയാണുണ്ടായത്. എനിക്ക് എന്തൊക്കെയോ കുറവുകളുണ്ടെന്ന് സ്വയം തോന്നിപ്പിച്ചിരുന്നു. പഠിച്ചാല്‍ മാത്രമേ രക്ഷയുള്ളു എന്നൊരു തോന്നലായിരുന്നു. വീട്ടിലുള്ളവരാരും എന്നെ വേദനിപ്പിക്കണമെന്ന് കരുതിയല്ല അങ്ങനെ ചെയ്തത്. അവരുടെ ചിന്തകള്‍ അത്തരത്തിലായിരുന്നു. പക്ഷേ, ഇതിന്റെയൊക്കെ പരിണിതഫലങ്ങളെക്കുറിച്ച് ഞാന്‍ ബോധവതിയായത് മുതിര്‍ന്നപ്പോഴാണ്. പുസ്തകങ്ങളും പഠനവും മാത്രമായി ഞാന്‍ ചുരുങ്ങിപ്പോയിരുന്നു.

മറ്റെന്തെങ്കിലും സ്വപ്‌നം കാണാനുള്ള ആത്മവിശ്വാസം പോലും എനിക്കുണ്ടായിരുന്നില്ല. പുറത്തേയ്ക്ക് ജോലിയ്ക്ക് പോയതിനുശേഷമാണ് എന്റെ ചിന്തകളില്‍ മാറ്റം വന്നത്. ഇവിടെയുള്ളവര്‍ നമ്മുടെ നിറത്തെ അഭിനന്ദിക്കുകയും സുന്ദരിയാണെന്ന് പറയുകയുമൊക്കെ ചെയ്യുമ്പോഴാണ് ഞാന്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ബോധ്യമുള്ള വ്യക്തിയാകുന്നത്. എന്റെ ചെറുപ്പത്തില്‍ ആരും പറയാത്ത വാക്കുകളാണ് അതൊക്കെ. അപ്പോഴാണ് എനിക്ക് ഞാനും സുന്ദരിയാണെന്ന ആത്മവിശ്വാസം ഉണ്ടാകുന്നത്.

വീടുകളില്‍ നിന്നേ ഇത്തരം കമന്റുകള്‍ ഇല്ലാതാകണം. കുട്ടികള്‍ക്ക് ഏത് സാഹചര്യത്തിലും അത് നിനക്ക് കഴിയും, നിന്നില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട് തുടങ്ങിയ പ്രോത്സാഹനം വീട്ടുകാര്‍ കൊടുക്കണം. അങ്ങനെ കേട്ടും കണ്ടും വളര്‍ന്നാലേ അവര്‍ തങ്ങളില്‍ ആത്മവിശ്വാസമുള്ളവരായി മാറുകയുള്ളൂ. എനിക്ക് എന്നില്‍ ആത്മവിശ്വാസം വന്നതുകൊണ്ടാണ് ഇത്രയും കാലങ്ങള്‍ക്ക് ശേഷം ഒരു മത്സരത്തിന്റെ ഭാഗമാകാന്‍ തീരുമാനിക്കുന്നത്.

ജോലി, വിവാഹം, കുട്ടികള്‍ ഇതിനൊക്കെ ശേഷമാണ് നിമ്മി സ്വപ്‌നങ്ങളിലേയ്ക്ക് എത്തുന്നത്. പെണ്‍കുട്ടികളോട് പറയാനുള്ളതെന്താണ് ?

കുട്ടികളോട് എനിക്ക് പറയാനുള്ളത് ആത്മവിശ്വാസം മാത്രം മതി നമുക്ക് കരിയറിലും ജീവിതത്തിലും വിജയിക്കാനെന്നാണ്. പെണ്‍കുട്ടികളോട് പറയാനുള്ളത് സ്വയം വിശ്വസിക്കണം. നമ്മള്‍ നമ്മളായി നിന്നാല്‍ മാത്രം മതി. ആളുകള്‍ നമ്മളെക്കുറിച്ച് കമന്റുകള്‍ പറയും. അത് അവരുടെ കാഴ്ച്ചപ്പാടാണ്. നമ്മള്‍ അത് കേട്ട് നമ്മളെ ചുരുക്കിക്കളയരുത്. ചെറിയ കുട്ടികളോട് നമ്മള്‍ പറയുന്ന കമന്റുകള്‍ അവര്‍ മുതിര്‍ന്നാല്‍ ഉള്ളില്‍ കിടക്കും. നമ്മള്‍ മുതിര്‍ന്നവര്‍ അത് ശ്രദ്ധിക്കണമെന്നും എനിക്ക് പറയാനുണ്ട്.

ഇത് പറയാന്‍ കാരണം എന്റെ സ്‌കൂള്‍ സുഹൃത്തുക്കള്‍ പറയുന്നത് അവര്‍ അതിപ്പോഴും അനുഭവിക്കുന്നുണ്ടെന്നാണ്. സോഷ്യല്‍ മീഡിയ പോലും മാസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ ഉപയോഗിച്ചു തുടങ്ങുന്നത്. എന്നെ പണ്ടു കണ്ടിട്ടുള്ളവര്‍ നിനക്ക് ഇത്രയും ഭംഗിയുണ്ടായിരുന്നോ എന്ന തരത്തിൽ  എനിക്ക് മെസേജ് അയച്ച സംഭവമുണ്ട്. ഞാന്‍ പണ്ട് മോശമായിരുന്നു എന്നാണല്ലോ അവരുദ്ദേശിച്ചത്.

ശരീരം, നിറം, രൂപം എന്നിവയൊക്കെക്കുറിച്ച്  പാസീവ് കമന്റുകള്‍ ആളുകള്‍ പറയുമ്പോള്‍ അന്നേരം പറയുന്നവരും കേള്‍ക്കുന്നവരും അതുണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് അറിയണമെന്നില്ല. ഇത് മാറണമെങ്കില്‍ ബോധവത്കരണം കൂടി ആവശ്യമുണ്ടെന്നാണ് എന്റെ അഭിപ്രായം. നമ്മള്‍ നമ്മളില്‍ വിശ്വസിച്ചാല്‍ മുന്നേറാന്‍ കഴിയും. മറ്റൊന്നും അതിന് തടസമാകില്ല അതെനിക്കുറപ്പാണ്.

മിസിസ്  ഇന്ത്യ മത്സരത്തെക്കുറിച്ച്, എന്താണ് പ്രതീക്ഷകള്‍

മെയ് മാസത്തില്‍ ദുബായില്‍ വെച്ചാണ്  ഇന്ത്യ വേള്‍ഡ് വൈഡ് 2024 നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും ഇന്ത്യന്‍ വംശജരായ ആളുകളാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇവിടെ വരെയെത്തിയത് തന്നെ എന്റെ വലിയ നേട്ടമായാണ് കരുതുന്നത് സെലക്ഷന്‍ ലഭിക്കുമെന്നും പോലും കരുതിയതല്ല. എനിക്ക് പ്രധാനമായും ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമാണ് സംസാരിക്കാനുള്ളത്.

എന്റെ ആശയങ്ങൾ ലോകത്തോട് പങ്കുവെയ്ക്കാനുള്ള ഒരു അവസരമായി ഞാനിതിനെ കാണുന്നു. വിജയവും തോല്‍വിയുമൊന്നുമല്ല മനസിലുള്ളത്. ഇപ്പോഴേ ഞാന്‍ സന്തോഷവതിയാണ്. ഇപ്പോള്‍ നാട്ടില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ നമ്മളോട് തുറന്ന് സംസാരിക്കാന്‍ വരുന്നു അതൊക്കെ വലിയ കാര്യമല്ലേ. എന്റെ പരിചയത്തിലുള്ള ചേച്ചി അവരുടെ മകളോട് സംസാരിക്കണമെന്ന് പറഞ്ഞ ഒരു സംഭവം അടുത്തിടെയുണ്ടായി. കുട്ടിക്ക് അവളുടെ നിറത്തിലാണ് സങ്കടം. ഞാന്‍ ഒരാള്‍ക്ക് മാര്‍ഗദര്‍ശിയാകുവാന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യമല്ലേ.

കാര്‍ബണ്‍ ന്യൂട്രാലിറ്റിയ്ക്ക് വേണ്ടിയാണ് നിമ്മി പ്രവര്‍ത്തിക്കുന്നത്. ജോലി  വിശദമാക്കാമോ?

ജോലി ചെയ്യുന്നത് മള്‍ട്ടി നാഷണല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിലാണ്. കമ്പനിയില്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് എന്റെ മേഖല. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമുള്ള കാര്‍ബണ്‍ കുറച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ജോലിയുടെ ഭാഗമായി ചെയ്യുന്നത്. ലോകത്ത്  എല്ലാവര്‍ക്കും എങ്ങനെ താങ്ങാവുന്ന വിലയ്ക്ക്  ഇന്ധനം ലഭ്യമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും താങ്ങാവുന്ന വിലയ്ക്ക് കുറഞ്ഞ കാര്‍ബണ്‍ ഇന്ധനം ലഭ്യമാക്കുകയാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുമെന്ന് സൂചിപ്പിച്ചു. മിസിസ് ഇന്ത്യ വേദിയിലൂടെ എന്ത് സന്ദേശമാണ് നിമ്മി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നത് ?

അന്താരാഷ്ട്രതലത്തിലുള്ള പ്ലാറ്റ്ഫോമാണ് മിസിസ് ഇന്ത്യ വേദി. ഇതിനെ എനിക്ക് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും കൂടി സംസാരിക്കാനുള്ള അവസരമായി ഞാന്‍ കണക്കാക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ നമ്മുടെ ഉത്തരവാദിത്വത്തെക്കുറിച്ചാണ് സംസാരിക്കേണ്ടത്. ഭാവി തലമുറയ്ക്കായി ഈ ലോകത്തെ സംരക്ഷിച്ചുവെക്കേണ്ട ചുമതലയും നമുക്കുണ്ട്. സുസ്ഥിരമായ പ്രകൃതിയ്ക്കും വേണ്ടി  പാരിസ്ഥിതിക ബോധമുള്ളവരായി നമ്മള്‍ മാറേണ്ടതുണ്ട്.

നമ്മള്‍ ചെയ്യുന്ന ചെറിയ കാര്യം പോലും ഭൂമിയേയും ചുറ്റുപാടിനേയും എങ്ങനെ ബാധിക്കുമെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്.സൗന്ദര്യത്തിനൊപ്പം നമ്മുടെ സാമൂഹിക ഉത്തരവാദിത്വം കൂടി പ്രദര്‍ശിപ്പിക്കേണ്ട വേദിയാണത്. എന്റെ ജോലിയിലുള്ള വൈദഗ്ദ്യം ഈ വിഷയത്തില്‍ ഗൗരവമായി സംസാരിക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും എനിക്കു കഴിയുമെന്നും വിശ്വസിക്കുന്നു. സൗന്ദര്യമത്സരങ്ങളിലൂടെയുള്ള ഇത്തരം ഇടപെടലുകള്‍ പ്രകൃതിസംരംക്ഷണം പോലുള്ള വിഷയങ്ങള്‍ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കാന്‍ സഹായിക്കും.