മുംബൈ: വിധവകളെ ദുരിതത്തിലാക്കുന്ന അനാചാരങ്ങള്‍ അവസാനിപ്പിച്ച് മഹാരാഷ്ട്രയിലെ ഏഴായിരത്തിലധികം ഗ്രാമങ്ങള്‍. സംസ്ഥാനത്ത് 27,000 ഗ്രാമപ്പഞ്ചായത്തുകളാണുള്ളത്. അവയില്‍ 7683 എണ്ണം ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്താണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

To advertise here,

വിധവകളനുഭവിക്കുന്ന അനാചാരങ്ങള്‍ക്കെതിരേ പോരാടുന്ന പ്രമോദ് സിന്‍ജാഡെയാണ് കണക്ക് പുറത്തുവിട്ടത്. സ്ത്രീ വിധവയായാല്‍ ഗണപതിപൂജ, വിവാഹത്തോടനുബന്ധിച്ചുള്ള ഹല്‍ദി-കുങ്കുമം ചടങ്ങുകള്‍, വിവിധ പരിപാടികളിലെ പതാകയുയര്‍ത്തല്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം മാറ്റിനിര്‍ത്തിയിരുന്നു. മംഗല്യസൂത്രവും വിരലിലെ മോതിരങ്ങളും നീക്കംചെയ്യല്‍, നെറുകയിലെ സിന്ദൂരം തുടച്ചുമാറ്റല്‍, വളകള്‍ പൊട്ടിക്കല്‍ എന്നീ അനാചാരങ്ങളുമുണ്ട്.

2022-ല്‍ കോലാപ്പുര്‍ ജില്ലയിലെ ഹെര്‍വാഡ് ഗ്രാമമാണ് വിധവകള്‍ക്കെതിരായ അനാചരങ്ങളവസാനിപ്പിച്ച് അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കാന്‍ ആദ്യമായി മുന്നോട്ടുവന്നത്. മുന്‍പ് ആചാരങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തങ്ങള്‍ മരണവീടുകള്‍ സന്ദര്‍ശിക്കുമായിരുന്നെന്ന് ഹെര്‍വാഡിന്റെ മുന്‍ സര്‍പഞ്ച് സുര്‍ഗൊണ്ട പാട്ടീല്‍ പറഞ്ഞു. ഗ്രാമപ്പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ടിന്റെ 15 ശതമാനം എല്ലാവര്‍ഷവും അഞ്ച് ദരിദ്രവിധവകളെ സഹായിക്കാന്‍ തങ്ങള്‍ ഉപയോഗിക്കുന്നതായി മുസല്‍ഗാവ് ഗ്രാമത്തിന്റെ സര്‍പഞ്ച് അനില്‍ ഷിര്‍സാദ് പറഞ്ഞു.