
ഗാസ സിറ്റി: ഹമാസ് മുന്‍ തലവനും ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ യഹിയ സിന്‍വാറിന്റെ ഭാര്യ തുര്‍ക്കിയിലേക്ക് കടന്ന് വേറെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. വലിയ തുകയുമായി തുർക്കിയിലേക്ക് കടന്ന് അവിടെ വേറെ വിവാഹം കഴിച്ചെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിന്‍വാറിന്റെ ഭാര്യ സമര്‍ അബു സമര്‍ മക്കളോടൊപ്പമാണ് തുര്‍ക്കിയിലേക്ക് കടന്നതെന്നും റിപ്പോർട്ടിലുണ്ട്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതായും പറയപ്പെടുന്നു.
ഹമാസ് നേതാവ് ഫാത്തി ഹമദാണ് സമറിന് ഗാസയില്‍നിന്ന് തുര്‍ക്കിയിലേക്ക് കടക്കാന്‍ സൗകര്യം ചൈയ്തുനല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റഫ അതിര്‍ത്തി വഴിയാണ് കടന്നത്. തുര്‍ക്കിയിലെത്തി അവിടെ താമസമാക്കിയ ഇവര്‍ വേറെ വിവാഹം കഴിച്ചതായും പറയപ്പെടുന്നു. ഹമദ് തന്നെയാണ് പുനര്‍വിവാഹത്തിനുള്ള മുന്‍കൈയെടുത്തത്. അതേസമയം, പുതിയ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അവസാനം റഫായില്‍വെച്ച് ഇസ്രയേല്‍ സൈന്യം സിന്‍വാറിനെ കൊലപ്പെടുത്തിയിരുന്നു. പിന്നാലെ യഹിയയുടെ അവസാനസമയത്തേത് എന്ന് അവകാശപ്പെടുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിരുന്നു. കെട്ടിടത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ ഇരിക്കുന്നതും അയാള്‍ അകത്തേക്ക് ചെല്ലുന്ന ഡ്രോണിന് നേര്‍ക്ക് ഒരു വസ്തു എറിയുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.
സിന്‍വാറും ഭാര്യ സമര്‍ മുഹമ്മദും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്ന ദൃശ്യങ്ങളും പങ്കുവെച്ചിരുന്നു. വീഡിയോയില്‍ ഭാര്യ സമര്‍ കൈയില്‍ പിടിച്ചിരിക്കുന്ന ബാഗും ചര്‍ച്ചാവിഷയമായി. ആഡംബര ബ്രാന്‍ഡായ ഹമീസ് ബര്‍കെന്റേതാണ് ഈ ബാഗെന്നും ഏകദേശം 27 ലക്ഷം രൂപ ഇതിന് വില വരുമെന്നും പോസ്റ്റില്‍ അവിചായ് അദ്രേ പറഞ്ഞിരുന്നു. ഗാസയിലെ നിവാസികള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പാടുപെടുമ്പോള്‍, സിന്‍വാറിന്റെയും ഭാര്യയുടെയും സമ്പത്തിനോടുള്ള ആസക്തിയുടെ തെളിവുകള്‍ ഞങ്ങള്‍ കാണുന്നു,' എന്ന് ഐഡിഎഫ് പ്രസ്താവിച്ചിരുന്നു. എന്നിരുന്നാലും ആഡംബര ബാഗിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Content Highlights: Yahya Sinwar's Widow Escapes to Turkey After Hamas Attack, Report Claims
Published: 25 Jul 2025, 09:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented