തൃശ്ശൂർ: ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ സി.എം. സാനിയുടെ 2021 മുതലുള്ള ശ്രമം ഒരു വീടിന് വേണ്ടിയായിരുന്നു. വാടകവീട്ടിൽ താമസിക്കുന്ന സാനി ശ്രമിച്ചത് സ്വന്തമായൊരു വീടിനു വേണ്ടിയല്ല. വില കൊടുത്തു വാങ്ങിയ നാലു സെന്റിലെ വീടിന്റെ രേഖകൾ തെറ്റാണെന്നറിഞ്ഞ് യഥാർഥ രേഖയ്ക്കായി 1994 മുതൽ ഒാഫീസുകൾ കയറിയിറങ്ങി വലഞ്ഞ, ഭർത്താവു മരിച്ച ഷെമിക്ക് (61) സ്വന്തം വീട് കിട്ടുന്നതിനായാണ്.

To advertise here,

സിപിഎം സ്ഥാനാർഥിയായി ജയിച്ച സാനിക്ക് ഷെമിയുമായുള്ള ബന്ധം േവാട്ട് അഭ്യർഥനയുമായി ചെന്നപ്പോൾ മാത്രമാണ്‌ തുടങ്ങിയത്. ജയിച്ചാൽ വീടിന്റെ പ്രശ്നത്തിലിടപെടുമോയെന്ന് ഷെമി ചോദിച്ചു. തീർച്ചയായും എന്ന് സാനിയുടെ ഉത്തരം. 37-ാം ഡിവിഷനിൽ സാനി ജയിച്ചു. ഡിവിഷൻ ബ്ലോക്ക് ഓഫീസിന് പിന്നിലെ ലക്ഷംവീട് സങ്കേതത്തിലെ ഷെമിയുടെ നാലുസെന്റ് പുരയിടത്തിന്റെ രേഖയ്ക്കായി സാനിയും രംഗത്തെത്തി. ഷെമിക്കൊപ്പം ഒാഫീസുകൾ കയറിയിറങ്ങി. മന്ത്രിമാരെ കണ്ടു.

ഷെമിയുടെ പ്രശ്നം 2021-ൽ മാതൃഭൂമിയിൽ വാർത്തയായതോടെ സിപിഎം ലോക്കൽ സെക്രട്ടറി ആർ.എൽ. ജീവൻലാലും ഇടപെട്ടു.

പൊറത്തിശ്ശേരി പഞ്ചായത്തായിരുന്ന കാലത്ത് 1982-ൽ പുത്തളത്ത് നാണപ്പന്റെ മകൻ ശിവകുമാറിന് ലഭിച്ച അനുമതിപത്രിക പട്ടയമാണെന്ന് തെറ്റിദ്ധരിച്ചാണ് നാലുസെന്റ് ഭൂമി 1994-ൽ മനക്കുളങ്ങര പറമ്പിൽ രാജു വാങ്ങിയത്. അന്നുമുതൽ രാജുവും ഭാര്യ െഷമിയും മക്കളും ഇവിടെ താമസിക്കുന്നുണ്ടെങ്കിലും വീട് അറ്റകുറ്റപ്പണിക്ക് പോലും അനുമതി കിട്ടിയില്ല.

11 വർഷം മുമ്പ് രാജു മരിച്ചു. ഷെമിയും മൂന്ന് പെൺമക്കളും രേഖയില്ലാത്ത വീടും ഒറ്റപ്പെട്ടു. സാനി താങ്ങായി നിന്നു. പ്രശ്നം നഗരസഭാ കൗൺസിലിൽ പ്രത്യേക അജൻഡ വെച്ചു. പട്ടയത്തിനായി അനുവാദ പത്രിക വാങ്ങിയ ശിവകുമാറിനെ ചാലക്കുടിയിൽ കണ്ടെത്തി. പിന്നെയും ഏറെ തടസ്സങ്ങൾ വന്നു. ഇതിനിടയിൽ ലൈഫ് പദ്ധതിയിൽ ഷെമിക്ക് ലഭിച്ച സഹായധനം തടസ്സപ്പെട്ടു. സാനിയുടെ നിരന്തരമായ ഇടപെടലിന് ഒടുവിൽ ഫലപ്രാപ്തി. 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഷെമിക്ക് ഭൂമിയുടെ പട്ടയം ലഭിച്ചു. മന്ത്രി ആർ. ബിന്ദു പട്ടയം കൈമാറി.

വീടിന്റെ രേഖകൾ കിട്ടിയ സന്തോഷത്തിൽ മധുരപലഹാരവുമായി ഷെമി സാനിയുടെ മാപ്രാണത്തുള്ള വാടകവീട്ടിലെത്തി. അത് നീട്ടി പറഞ്ഞു-ഇതേയുള്ളൂ എനിക്ക് തരാൻ. സാനി പറഞ്ഞു-ഇതുതന്നെ ധാരാളം, ഇത് തിന്നാൻ ഞാനും മൂന്നുമക്കളും മാത്രമേയുള്ളു ഇൗ വീട്ടിൽ.