ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായ അഹൂ ദാര്യോയുടെ ഹിജാബിനെതിരായ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളില്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് സര്‍വകലാശാലയ്ക്കുള്ളില്‍വെച്ച് വസ്ത്രങ്ങള്‍ വലിച്ചുകീറിയതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

To advertise here,

ഉള്‍വസ്ത്രങ്ങള്‍ മാത്രം ധരിച്ച് സര്‍വകലാശലക്കുള്ളിലൂടെ നടക്കുകയായിരുന്നു അഹൂ ദാര്യോയ്. ഇത് നിരവധി പേര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഇതിന് പിന്നാലെ പോലീസ് വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തു. അവര്‍ക്ക് മാനസികവിഭ്രാന്തിയാണെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ അഹൂ ദാര്യോയ് നടത്തിയത് പ്രതിഷേധ സമരമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലും അവരെ പിന്തുണച്ച് നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. 

Read More: ഹിജാബ് പ്രക്ഷോഭത്തിന് ശേഷം ഉള്‍വസ്ത്രം മാത്രം ധരിച്ച പ്രതിഷേധം; പെൺകുട്ടികൾ ഇറാനോട് പറയുന്നത്!

ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇറാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹൊസൈന്‍ സിമായ്. ആള്‍ക്കൂട്ടത്തിന് നടുവില്‍വെച്ച് വസ്ത്രമുരിഞ്ഞ് ഉള്‍വസ്ത്രം പ്രദര്‍ശിപ്പിച്ചത് ദുര്‍വൃത്തിയും ആചാരവിരുദ്ധവുമാണെന്നാണ് മന്ത്രിയുടെ പ്രതികരണം. 

''അവള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു. അവളുടെ പെരുമാറ്റം ശരീഅത്തിനെ അടിസ്ഥാനമാക്കിയുള്ളതല്ല. അത് ദുര്‍വൃത്തിയും ആചാരവിരുദ്ധവുമായിരുന്നു.'-കാബിനറ്റ് മീറ്റിങ്ങിന്റെ ഭാഗമായ് മന്ത്രി വ്യക്തമാക്കി. അഹൂ ദാര്യോയെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും ഹൊസൈന്‍ സിമായ് വ്യക്തമാക്കി. 

'ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പുന:പ്രസിദ്ധീകരിച്ചവര്‍ ലൈംഗികവൃത്തിയാണ് പ്രചരിപ്പിച്ചത്. അത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതില്ല. കാരണം അവ മതപരമായും ധാര്‍മികമായും ന്യായീകരിക്കാനാവാത്തതാണ്.'-ഹൊസൈന്‍ സിമായ് പറയുന്നു.

ഹിജാബ് പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ് ഈ സംഭവമെന്നത് നേരത്തെ ഇറാന്‍ സര്‍ക്കാര്‍ വക്താവ് ഫതീമീഹ് മൊഹെജറാനി തള്ളിക്കളഞ്ഞിരുന്നു. 'ഇതിന് ഹിബാജ് പ്രതിഷേധവുമായി ഒരു ബന്ധവുമില്ല. ഇത് മറ്റൊരു പ്രശ്‌നമാണ്. ഇത്തരത്തില്‍ നഗ്നത കാണിക്കുന്നത് ആരും എവിടേയും അംഗീകരിക്കില്ല.  ആ പെണ്‍കുട്ടിയോട് ആരും മോശമായി പെരുമാറിയിട്ടുമില്ല.'-മൊഹജെറാനി വ്യക്തമാക്കി. പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനിലാണെന്നും മാനസികനില തകരാറിലായ കുട്ടി കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചിരുന്നു.