ടെഹ്റാൻ: ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പങ്കെടുക്കാൻ അനുവദിച്ചത് ചൂണ്ടിക്കാട്ടി മാരത്തൺ മത്സര സംഘാടകരെ അറസ്റ്റ് ചെയ്യാൻ ഇറാനിയൻ നീതിന്യായ വിഭാഗത്തിന്റെ ഉത്തരവ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹിജാബ് ധരിക്കാത്ത സ്ത്രീകളുടെ ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഈ നടപടി. തീരദേശ ദ്വീപായ കിഷിൽ നടന്ന മാരത്തണിൽ ഏകദേശം 2,000 സ്ത്രീകളും 3,000 പുരുഷന്മാരും പ്രത്യേകമായി പങ്കെടുത്തിരുന്നു. ബിബിസി റിപ്പോർട്ട് അനുസരിച്ച്, സ്ത്രീകൾ ചുവന്ന ടി-ഷർട്ടുകളാണ് ധരിച്ചിരുന്നത്, ചിലർ ഹിജാബോ തല മറയ്ക്കുന്ന മറ്റ് വസ്ത്രങ്ങളോ ധരിച്ചിരുന്നില്ല.

To advertise here,

"മത്സരത്തിന്റെ രണ്ട് പ്രധാന സംഘാടകരെ അറസ്റ്റ് ചെയ്തതായി ഇറാനിയൻ നീതിന്യായ വിഭാഗത്തിന്റെ മിസാൻ ഓൺലൈൻ വെബ്സൈറ്റ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ഒരാൾ കിഷ് ഫ്രീ സോണിലെ ഉദ്യോഗസ്ഥനാണ്, മറ്റൊരാൾ മത്സരത്തിന്റെ സ്വകാര്യ സംഘാടക കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ്," ബിബിസിയുടെ റിപ്പോർട്ട് പറയുന്നു.

ഈ സംഭവം സമ്മിശ്ര പ്രതികരണങ്ങൾക്കാണ് വഴിവെച്ചത്. ഇസ്ലാമിക രാജ്യമായ ഇറാനിൽ മാറ്റം ആഗ്രഹിക്കുന്ന നിരവധി പേർ ഇറാനിയൻ സ്ത്രീകൾ ഭരണകൂടം അടിച്ചേൽപ്പിച്ച വസ്ത്രധാരണ രീതികളെ തള്ളിക്കളയുന്നതിന്റെ തെളിവായി ഈ ചിത്രങ്ങളെ സ്വാഗതം ചെയ്തു. എന്നാൽ ഇറാനിയൻ ഉദ്യോഗസ്ഥർ ഇതിനെ നിലവിലെ സ്ഥിതിയ്ക്ക് എതിരെയുള്ള നീക്കമായി കണക്കാക്കി.

മാരത്തൺ നടത്തിയ രീതി പൊതുവായ സദാചാരത്തിന്റെ ലംഘനമാണെന്നാണ് കിഷിലെ പ്രോസിക്യൂട്ടർ വാദിച്ചത്. "രാജ്യത്തെ നിലവിലെ നിയമങ്ങൾ, ചട്ടങ്ങൾ, മത, സാമൂഹിക, തൊഴിൽപരമായ തത്വങ്ങൾ എന്നിവ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുൻ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ഈ പരിപാടി പൊതു സദാചാരം ലംഘിക്കുന്ന രീതിയിലാണ് നടന്നത്", പ്രാദേശിക പ്രോസിക്യൂട്ടർ പറഞ്ഞതായി ഫ്രാൻസ് 24 റിപ്പോർട്ട് ചെയ്തു.

മൂന്ന് വർഷം മുൻപ് വസ്ത്രധാരണ രീതി ലംഘിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത കുർദ് ഇറാനിയൻ യുവതി മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഈ പ്രക്ഷോഭങ്ങൾ സൈനിക ശക്തി ഉപയോഗിച്ച് ഇറാൻ അടിച്ചമർത്തുകയും ചെയ്തു. ഇതിനുശേഷവും ചില സ്ത്രീകൾ വസ്ത്രധാരണ നിയമങ്ങൾ ലംഘിക്കുന്നുണ്ട്.