കോട്ടയം: ‘‘ടീച്ചർ ഇന്ത ഇടത്തിലെ ടീച്ചിങ് മെത്തേഡ് സൂപ്പർ’’-ഈരാറ്റുപേട്ട ഗവ.ഹയർസെക്കൻഡറി സ്കൂൾപരിസരം വൃത്തിയാക്കാനെത്തിയ തേനി സ്വദേശി എം. രങ്കനാഥൻ അധ്യാപികയ്ക്ക് നൽകിയ അഭിനന്ദനം. സ്കൂളിലെ പുറംജോലിക്ക് വന്നയാളുടെ അഭിപ്രായംകേട്ട് പ്രഥമാധ്യാപിക ഷീലാ സലിം രങ്കനാഥനെ അടുത്തേക്ക് വിളിച്ചു.‘‘സത്യത്തിൽ നീ ആരാണ്’’. ചോദ്യത്തിന് മുന്നിൽ പതറിയില്ല. പകരം ആരുേടയും ഉള്ളുലയ്ക്കുന്ന സ്വന്തം ജീവിതകഥ പറഞ്ഞു.

To advertise here,

തമിഴിൽ ബിരുദാന്തരബിരുദവും എംഎഡും പാസായിട്ടും തമിഴ്നാട്ടിൽ മികച്ച ശമ്പളത്തിൽ ജോലി കിട്ടാതെ വന്നപ്പോൾ കേരളത്തിലേക്ക് വന്നതാണ്. അതും കൂലിപ്പണിക്കായി. ഒരുവർഷം മുൻപ് കേരളത്തിൽ എത്തി.

ഉത്തമപാളയം കോംബെ ആർസി സ്കൂളിലാണ് പഠിച്ചത്. ഹൈസ്കൂൾ, പ്ലസ് ടു എസ്‌കെപി ഹയർസെക്കൻഡറി സ്കൂളിൽ . മധുരൈ അമേരിക്കൻ കോളേജിൽനിന്ന് തമിഴ്സാഹിത്യത്തിൽ ഡിഗ്രി പാസായി. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് വിദൂരവിദ്യാഭ്യാസത്തിൽ തമിഴിൽ ബിരുദാനന്തര ബിരുദവും. പിന്നെ മാർത്താണ്ഡം സെയ്‌ൻറ് ജോസഫ് ടീച്ചർ എജുക്കേഷൻ കോളേജിൽനിന്ന് ബിഎഡും, തൃച്ചി ജീവൻ കോളേജ് ഓഫ് എജുക്കേഷനിൽനിന്ന് എംഎഡും നേടി. കോംബെ എസ്‌കെപി സ്കൂളിൽ ഒരുവർഷം താത്കാലിക അധ്യാപകനായി. ശമ്പളം 6000 രൂപ മാത്രം. അതും കൃത്യമായി കിട്ടില്ല. അപ്പോഴാണ് കേരളത്തിലേക്ക് വന്നത്.

തമിഴ്നാട് തേനി ജില്ലയിൽ ഉത്തമപാളയം താലൂക്കിലെ കോംബേ നിവാസിയാണ്. കുടുംബം പോറ്റാൻ കല്ലുപണിയും മരപ്പണിയും കൃഷിപ്പണിയും ചെയ്യാൻ തയ്യാറായ രങ്കനാഥൻ ആദ്യം എത്തിയത് പെരുന്പാവൂരിൽ.

കൂടുതൽ കൂലി പ്രതീക്ഷിച്ച് പിന്നീട് ഈരാറ്റുപേട്ടയിൽ. ദിവസം 1100 രൂപ കിട്ടും. തമിഴ്നാട്ടിലാണെങ്കിൽ 500-600 മാത്രം. ഇത്രയും പഠിച്ചിട്ട് സ്വന്തം നാട്ടിൽ കൂലിപ്പണി ചെയ്യാനുള്ള മാനസികപ്രയാസവുമുണ്ടെന്ന് തുറന്ന് പറയുന്നു രങ്കനാഥൻ. ‘‘സ്കൂളിലെ എല്ലാ പുറംജോലിയും ചെയ്യുന്നു. വലിയമരം മുറിച്ചു. ഇലച്ചാർത്ത് തൂത്തുവാരി. അവ തലച്ചുമടായി മാറ്റി. കാണുമ്പോൾ സങ്കടം തോന്നുന്നു.’’-അധ്യാപകൻ മനോജ് മേലുകാവും സാക്ഷ്യപ്പെടുത്തുന്നു.

തമിഴ് ഭാഷയെ തള്ളിപ്പറയില്ല

തമിഴ് പഠിച്ചിട്ട് ജോലി കിട്ടാത്ത പ്രയാസമുണ്ടെങ്കിലും ആ ഭാഷയെ തള്ളിപ്പറയില്ല. തമിഴ്‌പാട്ടുകൾ എഴുതി ട്യൂൺ കൊടുക്കും. കുറച്ചുനാൾ ഒരു തമിഴ് ദിനപ്പത്രത്തിലും ജോലി ചെയ്തു. തമിഴിൽ നന്നായി പ്രസംഗിക്കും. തമിഴ്സിനിമാതാരങ്ങളുടെ ശബ്ദം അനുകരിക്കും. പാട്ടുപാടും, ഡാൻസ് കളിക്കും. പരമ്പരാഗത തമിഴ് ആയോധനകലയായ സിലമ്പവും പഠിച്ചിട്ടുണ്ട്. മിടുക്കനായ കൂലിപ്പണിക്കാരന്റെ ജീവിതകഥ കേട്ട് പ്രഥമാധ്യാപിക അനുഭവം പങ്കുവെക്കാനും അവസരം കൊടുത്തു. തന്റെ ജീവിതം കൂട്ടിച്ചേർത്താണ് രങ്കനാഥൻ കുട്ടികളോട് സംസാരിച്ചത്. പല കുട്ടികളുടേയും അധ്യാപകരുടേയും കണ്ണ് നനഞ്ഞു.

രങ്കനാഥന്റെ പ്രതീക്ഷ

സിനിമയ്ക്കായി നല്ല കഥകളുണ്ട്. തിരക്കഥ എഴുതണം. തിരഞ്ഞെടുപ്പ് കാലത്ത് വേദികളിൽനന്നായി പ്രസംഗിക്കണമെന്ന് മറ്റൊരു ആഗ്രഹം. തമിഴിൽ മോട്ടിവേഷണൽ ക്ളാസുകൾ എടുക്കണം. മെഡിക്കൽ ലാബ് ടെക്നീഷ്യനായ ആർ. സെൽവിയാണ് ഭാര്യ. മകൻ എൽകെജി വിദ്യാർഥി ദേശിഹൻ.