മലപ്പുറം: എൽ.ജി.ബി.ടി.ക്യു.ഐ.എ. പ്ലസ് വിഭാഗത്തിൽപ്പെട്ടവരെ ചികിത്സിച്ച് മാറ്റുമെന്ന അവകാശവാദവുമായി ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് (എൻ.എൽ.പി.) സംഘങ്ങൾ. കൺവേർഷൻ തെറാപ്പി കേരള ഹൈക്കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും തട്ടിപ്പു തുടരുകയാണ്. വിധേയരായ പലരും ഗുരുതര മാനസിക-ശാരീരിക പ്രശ്‌നങ്ങളുമായി ജീവിക്കുന്നു.

To advertise here,

കണ്ണൂരും എറണാകുളവും പാലക്കാടുമൊക്കെയുള്ള സ്ഥാപനങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പരസ്യപ്രചാരണം നടത്തുന്നത്. പലർക്കും അംഗീകൃത യോഗ്യത പോലുമില്ല. പെൺകുട്ടികൾക്ക് സ്വവർഗ താത്പര്യം ഉണ്ടാവുന്നതിനു കാരണം ബാല്യത്തിലെ ദുരനുഭവങ്ങളാണ് എന്നാണ് പ്രചാരണം. ഇത്തരം കുട്ടികളെ ചികിത്സിച്ച് സാധാരണക്കാരാക്കിയെന്നും അവകാശപ്പെടുന്നു.

ചെറുപ്പത്തിൽ ലൈംഗികമായി പീഡിപ്പിച്ചയാളോടുള്ള ഒരു പെൺകുട്ടിയുടെ വെറുപ്പ് കൗൺസലിങ് വഴി മാറ്റിയെന്നും ‘അയാൾ പാവമാണ്’ എന്ന് പറയിപ്പിച്ചുവെന്നും ഒരു ചികിത്സകൻ വിളിച്ചുപറയുന്നു. ഈ വെളിപ്പെടുത്തലിനെതിരേ ഒരാൾ ഡി.ജി.പി.ക്കും കണ്ണൂർ എസ്.പി.ക്കും പരാതി നൽകി.

എൻ.എൽ.പി. ഒരു കപടചികിത്സയാണെന്നാണ് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ നിലപാട്. അമേരിക്കയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം അങ്ങനെത്തന്നെ. 2021-ലാണ് കേരള ഹൈക്കോടതി നിർബന്ധിത കൺവേർഷൻ തെറാപ്പി നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ഒരാളുടെ ലൈംഗികാഭിമുഖ്യത്തിലുള്ള മാറ്റം രോഗമായി കണക്കാക്കാനാവില്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണിത്.

നാഷണൽ മെഡിക്കൽകമ്മിഷനും (എൻ.എം.സി) ഇത് നിയമവിരുദ്ധമാക്കിയിട്ടുണ്ട്. കണ്ണൂർ ചൈൽഡ്‌ലൈനിലും കളക്ടർക്കും സൈബർസെല്ലിലും ഇത്തരക്കാർക്കെതിരേ പരാതികളുണ്ട്. എന്നാൽ, നടപടികളൊന്നുമില്ല.

അശാസ്ത്രീയമായ കൗൺസലിങ്ങിന് വിധേയനായയാൾക്ക് പിന്നീട് മാനസികപ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് സൈബർസെല്ലിലും കോഴിക്കോട്ടെ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലും പരാതി നൽകിയിട്ടുണ്ട്. കണ്ണൂരിലെ സംഘത്തിനു നേരേയാണ് പരാതി. അടുത്ത റിവ്യൂയോഗത്തിൽ പരാതി ചർച്ചചെയ്യുമെന്ന് എം.എച്ച്.ആർ.ബി. അധികൃതർ പറഞ്ഞു.

സെക്‌സും ജെൻഡറും

ജനനസമയത്ത് ശരീരഘടനനോക്കി തീരുമാനിക്കുന്നതാണ് സെക്‌സ്. ജെൻഡർ ആ വ്യക്തി സ്വയം തിരിച്ചറിയുന്ന വ്യക്തിത്വവും. ഭ്രൂണത്തിന്റെ ആദ്യ ആഴ്ചകളിൽ ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാവില്ല. രണ്ട് ലൈംഗികാവയവങ്ങൾക്കുമുള്ള വ്യവസ്ഥ ഉണ്ടാവും.

മാസ്റ്റർ ജീനായ എസ്.ആർ.വൈ. ജീനും തലച്ചോറിൽ ടെസ്‌റ്റോസ്റ്റിറോണും കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ പുരുഷന്റെ രൂപത്തിൽ സ്ത്രീവ്യക്തിത്വം ഉണ്ടാവും. ആ അവസ്ഥ പിന്നീട് ചികിത്സിച്ചുമാറ്റാനാകില്ല.- ഡോ. അഗസ്റ്റസ് മോറിസ്, കൊല്ലം നാഷണൽ ഹെൽത്ത്മിഷൻ ഡിപിഎം.

ലൈംഗികവ്യക്തിത്വം അംഗീകരിക്കുക

എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര ജെൻഡർ മനുഷ്യർക്കിടയിലുണ്ട്. പേരുള്ളതുമാത്രം എഴുപതിൽപ്പരം. എൽ.ജി.ബി.ടി.ക്യു.പ്ലസിലെ പ്ലസ് അതുകൊണ്ടാണ്. ഇത്തരക്കാരെ അങ്ങനെത്തന്നെ അംഗീകരിക്കുകയാണ് ആധുനികസമൂഹം ചെയ്യേണ്ടത്. ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം ഒരു കപടചികിത്സയാണ്. ഇത്തരക്കാർക്കെതിരേ നടപടി വേണം. – ഡോ. പി.സി. അർജുൻ, കോഡിനേറ്റർ, ക്യൂർ മലബാറീസ് ഓർഗനൈസേഷൻ.