ന്യൂഡല്‍ഹി: ഗതാഗത-യാത്രാ മാര്‍ഗങ്ങളില്‍ കൂടുതല്‍ ഭിന്നശേഷിസൗഹൃദ സംവിധാനമൊരുക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സാമൂഹികനീതി മന്ത്രാലയം. ബസുകളിലും മെട്രോ ട്രെയിനുകളിലും വീല്‍ചെയറിന് പ്രത്യേക ഇടം നിര്‍ബന്ധമായും ഒരുക്കണമെന്ന് കരടുനിര്‍ദേശങ്ങളില്‍ പറയുന്നു.

To advertise here,

മാര്‍ഗനിര്‍ദേശങ്ങളില്‍ പൊതുജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമുതല്‍ യാത്ര അവസാനിക്കുന്നതുവരെയുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഉള്‍പ്പെടുത്തിയത്. വ്യവസ്ഥകളില്‍ ഭൂരിഭാഗവും നിര്‍ബന്ധമായും നടപ്പാക്കേണ്ട വിഭാഗത്തിലുള്ളവയാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച 2016-ലെ നിയമം അനുസരിച്ചാണ് വ്യവസ്ഥകള്‍ തയ്യാറാക്കിയത്.

ട്രെയിനുകളില്‍

മെട്രോ ട്രെയിനിന്റെയും സാധാരണ ട്രെയിനുകളുടെയും പ്ലാറ്റ്‌ഫോമുകളില്‍ റബര്‍ ഗ്യാപ് ഫില്‍ട്ടറുകളും ബോര്‍ഡിങ് റാംപുകളും ഘടിപ്പിക്കണം. വീല്‍ചെയറുകള്‍ക്ക് കടക്കാന്‍ പാകത്തിന് കോച്ച് ഡോറുകള്‍ വികസിപ്പിക്കണം.

വിമാനങ്ങളില്‍

വിമാനത്താവളങ്ങളില്‍ പാര്‍ക്കിങ്മുതല്‍ ചെക്കിന്‍വരെ ചവിട്ടുപടികളില്ലാത്ത സഞ്ചാരമാര്‍ഗമൊരുക്കണം. റോളൗട്ട് റാംപുകളില്ലാത്ത എയ്‌റോബ്രിഡ്ജുകള്‍ സ്ഥാപിക്കണം. വിമാനങ്ങളില്‍ വീല്‍ചെയര്‍ സൗഹൃദ ഇരിപ്പിടം വേണം. വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സഹായകസംവിധാനങ്ങള്‍ സൂക്ഷിക്കാന്‍ വിമാനങ്ങളില്‍ സ്റ്റോറേജ് സൗകര്യമുണ്ടായിരിക്കണം. വീഡിയോ സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള വിനോദോപകരണങ്ങളില്‍ അടിക്കുറിപ്പുകള്‍ നല്‍കുന്നതിനുള്ള സാങ്കേതികസംവിധാനവും വേണം.