കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പ് നടപ്പാക്കുന്ന ‘ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്’ പദ്ധതിയുടെ ഭാഗമായ പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, ടോപ് ക്ലാസ് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. 2024 സെപ്റ്റംബറിൽ പുതുക്കിയ മാർഗരേഖയാണ് ബാധകം.
പ്രീ-മെട്രിക്
സർക്കാർ/അംഗീകൃത സ്കൂളുകളിലെ ഒൻപത്, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക്. പ്രതിമാസം ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് 800 രൂപ, പോയി വരുന്നവർക്ക് 500 രൂപ. വർഷം 1,000 രൂപ പുസ്തക അലവൻസ്. ഭിന്നശേഷി അലവൻസ് കാഴ്ച/ബൗദ്ധിക വെല്ലുവിളിയുള്ളവർക്ക് വർഷം 4,000 രൂപ. മറ്റുള്ളവർക്ക് 2,000 രൂപ. രക്ഷിതാക്കളുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.
പോസ്റ്റ്-മെട്രിക്
11, 12 ക്ലാസുകൾ, പോസ്റ്റ്-മെട്രിക് ഡിപ്ലോമ/സർട്ടിഫിക്കറ്റ്, ബിരുദം, യു.ജി.സി./എ.ഐ.സി.ടി.ഇ. അംഗീകൃത സർവകലാശാലകളിലെ പി.ജി. വരെ. പ്രവേശന-ട്യൂഷൻ ഫീസ് വർഷം 1.40 ലക്ഷം രൂപ വരെ, മറ്റ് നിർബന്ധിത ഫീസ് 10,000 രൂപ വരെ, പ്രതിമാസം 1,200 രൂപ (ഹോസ്റ്റൽ)/650 രൂപ (ഡേ സ്കോളർ), ഭിന്നശേഷി അലവൻസ് മുകളിൽ പറഞ്ഞതുപോലെ, പുസ്തക അലവൻസ് 1,500 രൂപ. വരുമാനപരിധി 2.5 ലക്ഷം രൂപ. വിദൂരപഠനവും പരിഗണിക്കും; ഒരേതലത്തിൽ മറ്റൊരു വിഷയം പഠിക്കുന്നവർക്ക് (ബി.എ.ക്കുശേഷം ബി.കോം.) ലഭിക്കില്ല, എൽഎൽ.ബി./ബി.എഡ്. ഒഴികെ.
ടോപ് ക്ലാസ് എജുക്കേഷൻ
മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളായി വിജ്ഞാപനം ചെയ്തിട്ടുള്ള കേന്ദ്രങ്ങളിലെ ബിരുദ/പി.ജി. ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾക്കാണ് ഈ സ്കോളർഷിപ്പ്. കേരളത്തിൽ എൻ.ഐ.ടി. കാലിക്കറ്റ്, ഐ.ഐ.ടി. പാലക്കാട്, ഐസർ തിരുവനന്തപുരം, ഐ.ഐ.എം. കോഴിക്കോട്, നുവാൽസ് കൊച്ചി, കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ഗവൺമെന്റ് മെഡിക്കൽ കോളേജുകൾ, ശ്രീചിത്ര തിരുവനന്തപുരം, നിഫ്റ്റ് കണ്ണൂർ, ഐ.ഐ.എസ്.ടി. തിരുവനന്തപുരം, ഐ.ഐ.ഐ.ടി.എം.കെ. തിരുവനന്തപുരം, ഐ.എച്ച്.എം. തിരുവനന്തപുരം എന്നീ സ്ഥാപനങ്ങൾ പട്ടികയിലുണ്ട്.
ട്യൂഷൻ ഫീസ് വർഷം 1.90 ലക്ഷം രൂപ വരെ, മറ്റ് ഫീസ് 10,000 രൂപ വരെ, പ്രതിമാസം 3,000 രൂപ (ഹോസ്റ്റൽ) 1,500 രൂപ ഡേ സ്കോളർ), റീഡർ/എസ്കോർട്ട് തുടങ്ങിയ പ്രത്യേക അലവൻസ് പ്രതിമാസം 2,000 രൂപ, പുസ്തക അലവൻസ് 5,000 രൂപ. ആദ്യ വർഷം ലാപ്ടോപ്പിന് 45,000 രൂപ, സഹായ ഉപകരണങ്ങൾക്ക് 30,000 രൂപ (ഒറ്റത്തവണ, ബില്ല് നൽകണം). വരുമാനപരിധി എട്ട് ലക്ഷം രൂപ. വിദൂര/പാർട്ട് ടൈം കോഴ്സുകൾക്ക് ലഭിക്കില്ല. ഒരാൾക്ക് ഒരിക്കൽ മാത്രം.
അപേക്ഷ
scholarships.gov.in വഴി ഒക്ടോബർ 31 വരെ അപേക്ഷിക്കാം. പഠിക്കുന്ന സ്ഥാപനം വിവരങ്ങൾ പരിശോധിക്കും; സംസ്ഥാന നോഡൽ ഓഫീസർ പട്ടിക അന്തിമമാക്കും. തുക ആധാർ ബന്ധിത അക്കൗണ്ടിലേക്ക് നേരിട്ട് (ഡി.ബി.ടി.) ലഭിക്കും. മറ്റൊരു സംസ്ഥാനത്ത് പഠിക്കുന്നവർക്ക് സ്വന്തം സംസ്ഥാനത്തെ വിദ്യാഭ്യാസ/ക്ഷേമ വകുപ്പിന്റെ ശുപാർശ വേണം.
സഹായങ്ങൾക്ക്: 0120-6619540, helpdesk@nsp.gov.in
Content Highlights: Pre-Matric scholarship available for 9th and 10th-grade students with a family income limit of Rs 2.5 lakh
Published: 18 Oct 2026, 10:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented