ന്യൂഡൽഹി: വ്യാജ ബലാത്സംഗക്കേസ് പ്രതിയിൽ ആജീവനാന്തം നീണ്ടുനിൽക്കുന്ന മുറിവുകൾ അവശേഷിപ്പിക്കുമെന്ന് ഡൽഹി ഹൈക്കോടതി. കുറ്റവിമുക്തനാകുന്നതോ സഹതാപവാക്കുകളോ അവർക്കുണ്ടാക്കിയ ആഘാതമില്ലാതാക്കാൻ പര്യാപ്തമാവില്ല. അതിനാൽ ഇത്തരം കേസുകളിൽ സൂക്ഷ്മപരിശോധന ആവശ്യമാണെന്നും ജസ്റ്റിസ് സ്വർണ കാന്ത ശർമ നിരീക്ഷിച്ചു. പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതിനെത്തുടർന്ന് കേസ് തള്ളിയാൽ, അവർക്ക് നേരത്തേ ലഭിച്ച നഷ്ടപരിഹാരം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ചും ഹൈക്കോടതി നിർദേശം നൽകി.

To advertise here,

ജോലിനൽകാമെന്നു പറഞ്ഞ് വിളിച്ചുവരുത്തിയ മൂന്നുപേർ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു സ്ത്രീയുടെ പരാതി. എന്നാൽ, വിചാരണയ്ക്കിടെ പരാതിക്കാരി മൊഴിമാറ്റിയതോടെ പ്രതികളെ വെറുതേവിട്ടു. ഇതിനെതിരേ ഡൽഹി പോലീസ് നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ചില കേസുകളിൽ ബലാത്സംഗ ഇരകൾക്കുള്ള നഷ്ടപരിഹാരവും ദുരുപയോഗം ചെയ്യപ്പെടുന്നതായി കോടതി പറഞ്ഞു. പിന്നീടവർ മൊഴിമാറ്റിയാലും കേസ് ഇല്ലാതായാൽപ്പോലും ഇടക്കാല നഷ്ടപരിഹാരം ലഭിച്ചത് ലീഗൽ സർവീസസ് അതോറിറ്റിക്ക് തിരിച്ചുനൽകുകയോ അവരത് പിടിച്ചെടുക്കുകയോ ചെയ്യാറില്ല. ഇത് പൊതുപണത്തിന്റെ ദുരുപയോഗമാണെന്നും ജസ്റ്റിസ് സ്വർണ കാന്ത ശർമ ചൂണ്ടിക്കാട്ടി.

അതിനാൽ ഇത്തരം കേസുകളിൽ ഇടക്കാലനഷ്ടപരിഹാരം തിരിച്ചുപിടിക്കാനുള്ള ചില നിർദേശങ്ങളും ഹൈക്കോടതി നൽകി. പരാതിക്കാരി മൊഴിമാറ്റിയതിനെത്തുടർന്ന് കേസ് തള്ളിയാൽ കോടതിയുടെ ഉത്തരവുകൾ ഡൽഹി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിക്ക് അയച്ചുകൊടുക്കണം. തുടർന്ന് ഇടക്കാല നഷ്ടപരിഹാരം തിരിച്ചുപിടിക്കണോയെന്ന് ലീഗൽ സർവീസസ് അതോറിറ്റിക്ക് തീരുമാനിക്കാം.