കേരളത്തിലെ മുതിർന്ന പൗരരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ 2026-ലെ കേരള മുതിർന്ന പൗരരുടെ (പരിചരണവും അവകാശസംരക്ഷണവും) ബിൽ. ജനസംഖ്യയിൽ വയോജനങ്ങളുടെ അനുപാതം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇനി അവഗണിക്കാനാവാത്ത ഒരു യാഥാർഥ്യത്തെ ഈ നിയമനിർമാണം അംഗീകരിക്കുന്നു: വയോജനങ്ങളെ സംരക്ഷിക്കേണ്ടത് കുടുംബത്തിന്റെമാത്രം ബാധ്യതയല്ല; സമൂഹത്തിനും ഭരണകൂടത്തിനും അതിൽ നിർണായകമായ ഉത്തരവാദിത്വമുണ്ട്. ഭാഷയിലും സമീപനത്തിലും ഈ ബിൽ ഏറെ ശ്രദ്ധേയമാണ്.

To advertise here,

സ്വാഗതാർഹമായ വ്യവസ്ഥകൾക്കിടയിലും ഒരു സുപ്രധാന ആശങ്ക നിലനിൽക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ദരിദ്രവിഭാഗങ്ങളിൽപ്പെട്ട വയോജനങ്ങൾക്കും ഈ നിയമം മതിയായ പരിരക്ഷ ഉറപ്പാക്കുന്നുണ്ടോ?

ജീവിതോപാധിക്കാവശ്യമായ വരുമാനമോ സ്വത്തോ ഇല്ലാത്തവർ, സംരക്ഷിക്കാൻ കുടുംബാംഗങ്ങളില്ലാത്തവർ, കുടുംബാംഗങ്ങൾ ഉണ്ടായിട്ടും അവഗണിക്കപ്പെടുന്നവർ എന്നിവരെ 'നിരാലംബരായ മുതിർന്ന പൗരന്മാർ' എന്ന നിർവചനത്തിൽ ഉൾപ്പെടുത്തുന്നത് വിലപ്പെട്ട നടപടിയാണ്. ഇവർക്ക് പുനരധിവാസവും അഭയവും ഉറപ്പാക്കുന്നതിനും താങ്ങാനാവുന്ന ചെലവിൽ ഗൃഹപരിചരണസേവനങ്ങൾ ലഭ്യമാക്കുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, നിരാലംബാവസ്ഥ അംഗീകരിക്കുന്നതും സമഗ്രമായ പരിചരണം അവകാശമായി ഉറപ്പാക്കുന്നതും രണ്ടാണ്.

രണ്ട് വയോജനങ്ങളെ സങ്കല്പിക്കുക. ഒരാൾക്ക് (എന്നെപ്പോലെ റിട്ടയർ ചെയ്ത ഒരു സർക്കാർ ഉദ്യോഗസ്ഥൻ) സ്ഥിരമായ പെൻഷനും സമ്പാദ്യവുമുണ്ട്. ആവശ്യമുണ്ടെങ്കിൽ സ്വകാര്യ നഴ്സിനെ ഏർപ്പെടുത്താൻ കഴിയുന്ന മക്കളുമുണ്ട്. മറ്റൊരാൾ, ഒരു കുഗ്രാമത്തിൽ താമസിക്കുന്ന 80 വയസ്സുള്ള ഒരു കർഷകത്തൊഴിലാളി വിധവയാണ്. സ്ഥിരവരുമാനമോ സമ്പാദ്യമോ ഇല്ല. മക്കളുണ്ടെങ്കിലും അവർക്ക് സംരക്ഷണം നൽകാൻ കഴിയുന്നില്ല, അല്ലെങ്കിൽ അവർ അതിന് തയ്യാറല്ല. നിയമപ്രകാരം ഇരുവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, വിപണിയിൽ ലഭ്യമായ സേവനങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവരുടെ സാമ്പത്തികശേഷി തീർത്തും വ്യത്യസ്തമാണ്.

ആദ്യത്തെ വ്യക്തിക്ക് നിയന്ത്രിതമായ ഹോം കെയർ ഏജൻസികളുടെയും റിട്ടയർമെന്റ് ഹോമുകളുടെയും പ്രൊഫഷണൽ പരിചാരകരുടെയും സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കും. രണ്ടാമത്തെ വ്യക്തിക്ക് താങ്ങാനാവുന്നതെന്ന് പറയുന്ന സേവനങ്ങൾപോലും സാമ്പത്തികമായി അപ്രാപ്യമായിരിക്കും. പണം നൽകാൻ കഴിയാത്തവരെ ഒഴിവാക്കുന്നുവെങ്കിൽ പരിചരണത്തിനുള്ള നിയമപരമായ അവകാശത്തിന് വലിയ അർഥമുണ്ടാവില്ല. ഇവിടെയാണ് നിയമത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ശ്രദ്ധാപൂർവം പരിശോധിക്കേണ്ടത്.

ഡെന്മാർക്കിന്റെ സമീപനം

വാർധക്യത്തെക്കുറിച്ച് പൊതുനയത്തിന്റെ ഭാഗമായി ഗൗരവമായി ചിന്തിച്ചിട്ടുള്ള രാജ്യങ്ങളിൽനിന്ന് കേരളത്തിന് വിലപ്പെട്ട പാഠങ്ങൾ പഠിക്കാനുണ്ട്. ഡെന്മാർക്ക് അത്തരമൊരു രാജ്യമാണ്. കഴിയുന്നിടത്തോളം കാലം വയോജനങ്ങൾക്ക് സ്വന്തം വീടുകളിൽ സ്വതന്ത്രമായി ജീവിക്കാൻ അവസരമൊരുക്കുക എന്നതാണ് ഡെന്മാർക്കിന്റെ സമീപനത്തിന്റെ അടിസ്ഥാനം.

തദ്ദേശഭരണ സ്ഥാപനങ്ങൾ ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ വിലയിരുത്തി വ്യക്തിഗത പരിചരണവും വീട്ടുജോലികൾക്കുള്ള സഹായവും കുളിക്കുക, വസ്ത്രംധരിക്കുക തുടങ്ങിയ ദൈനംദിന കാര്യങ്ങൾക്കുള്ള സഹായവും ഒരുക്കുന്നു. അർഹരായവർക്ക് വീട്ടിലെ നഴ്സിങ് പരിചരണവും സൗജന്യമായി ലഭിക്കുന്നു.

പ്രതിരോധപരമായ പരിചരണത്തിനും അവിടെ വലിയ പ്രാധാന്യമുണ്ട്. ശാരീരികക്ഷമത നിലനിർത്താനുള്ള പരിശീലനം, പുനരധിവാസം, സാമൂഹിക പ്രവർത്തനങ്ങൾ, പ്രതിരോധപരമായ ഗൃഹസന്ദർശനങ്ങൾ എന്നിവ തദ്ദേശഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്നു.

പ്രശ്‌നങ്ങൾ ഗുരുതരമാകുന്നതിനുമുൻപുതന്നെ ഒറ്റപ്പെടലിനും ദുർബലാവസ്ഥയ്ക്കും സാധ്യതയുള്ള വയോജനങ്ങളെ കണ്ടെത്തുന്നു. കൂടുതൽ വിപുലമായ സഹായം ആവശ്യമായവർക്ക് പരിചരണകേന്ദ്രങ്ങളുമുണ്ട്. എന്നാൽ അവിടെയും നഴ്സിങ്, ആരോഗ്യപരിചരണ സേവനങ്ങൾ പൊതുസംവിധാനത്തിന്റെ പിന്തുണയോടെയാണ് ലഭിക്കുന്നത്.

2025-ൽ പ്രാബല്യത്തിൽ വന്ന ഡെന്മാർക്കിന്റെ പുതിയ ഋഹറലൃഹ്യ അര േവ്യക്തിയുടെ തിരഞ്ഞെടുപ്പിനും സ്വയംനിർണയത്തിനും തുടർച്ചയായ പരിചരണത്തിനും മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ചുള്ള സേവനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നു.

വയോജനങ്ങൾ എല്ലാ കാര്യങ്ങളും സ്വയം കണ്ടെത്തി ക്രമീകരിക്കണമെന്നോ കുടുംബത്തിന്റെ സാമ്പത്തികശേഷിയെമാത്രം ആശ്രയിക്കണമെന്നോ അവിടത്തെ സംവിധാനം ആവശ്യപ്പെടുന്നില്ല. ആവശ്യങ്ങൾ തിരിച്ചറിയുകയും പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വ്യക്തമായ ഉത്തരവാദിത്വമുണ്ട്.

കേരളത്തിന്റെ വികേന്ദ്രീകൃത ഭരണസംവിധാനത്തിന് സമാനമായൊരു സമീപനം വികസിപ്പിക്കാനുള്ള അടിത്തറയുണ്ട്.

ജപ്പാൻ പാഠങ്ങൾ

മറ്റൊരു മാതൃകയാണ് ജപ്പാൻ. ലോകത്തിൽ ഏറ്റവും വേഗത്തിൽ പ്രായം കൂടുന്ന ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാൻ 2000-ത്തിൽ ദീർഘകാല പരിചരണ ഇൻഷുറൻസ് സംവിധാനം (Long-Term Care Insurance) നടപ്പാക്കി.

ഇൻഷുറൻസ് പ്രീമിയങ്ങളും പൊതുഫണ്ടും ചേർന്നാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സേവനങ്ങൾ ലഭിക്കുന്നവർ അതിന്റെ ചെലവിൽ ഒരു വിഹിതം വഹിക്കുകയും ചെയ്യുന്നു. 40 വയസ്സിനു മുകളിലുള്ളവർ ഇൻഷുറൻസ് സംവിധാനത്തിലേക്ക് സംഭാവന നൽകുന്നു. അർഹതയും ആവശ്യമായ പരിചരണത്തിന്റെ തോതും ഔദ്യോഗികമായി വിലയിരുത്തപ്പെടുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളാണ് ഈ സംവിധാനത്തിന്റെ നടത്തിപ്പിൽ പ്രധാന പങ്കുവഹിക്കുന്നത്.

ഡെന്മാർക്കിന്റെയും ജപ്പാന്റെയും സാമ്പത്തികവും ഭരണപരവുമായ സംവിധാനങ്ങൾ വ്യത്യസ്തമാണ്. ഏകാന്തതയുടെയോ പരിചരണച്ചെലവിന്റെയോ പൊതുധനകാര്യ സമ്മർദത്തിന്റെയോ പ്രശ്നങ്ങൾ ഈ രാജ്യങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ല. എന്നാൽ, വയോജനപരിചരണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും തൊഴിൽപരമായ പരിചരണത്തിന്റെയും സാമൂഹികപങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിലാണ് സംഘടിപ്പിക്കേണ്ടതെന്നുമുള്ള പ്രധാനപാഠം അവ നൽകുന്നു.

(കേരളത്തിന്റെ മുൻ ചീഫ് സെകട്ടറിയാണ് ലേഖകൻ)

------------------------------------------------------------------

അന്തസ്സുറ്റ വാർധക്യത്തിനായി ഒരു കേരള മാതൃക

നിരാലംബരായ ഓരോ വയോജനത്തിനും ഭക്ഷണം, അഭയം, അടിസ്ഥാന ആരോഗ്യപരിചരണം, വ്യക്തിഗത സഹായം എന്നിവ ഉൾപ്പെടുന്ന കുറഞ്ഞ പരിചരണപാക്കേജ് ഉറപ്പാക്കണം. കുടുംബാംഗങ്ങളില്ലാത്തതുകൊണ്ടോ പരിചാരകനെ നിയമിക്കാൻ പണമില്ലാത്തതുകൊണ്ടോ ഒരു വയോജനവും പട്ടിണിയിലോ പരിചരണമില്ലാത്ത അവസ്ഥയിലോ കഴിയരുത്.

സാധ്യമായിടത്തോളം ഗൃഹാധിഷ്ഠിത പരിചരണത്തിന് മുൻഗണന നൽകണം. പരിശീലനം ലഭിച്ച പരിചാരകർ, നഴ്സിങ് സഹായം, ഫിസിയോതെറാപ്പി, ദൈനംദിന കാര്യങ്ങൾക്കുള്ള സഹായം എന്നിവ തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കണം. വയോജനങ്ങളെ സ്ഥാപനങ്ങളിലേക്ക് മാറ്റുകയല്ല, മറിച്ച് സ്വന്തം വീടുകളിലും സമൂഹത്തിലും തുടരാൻ സഹായിക്കുകയാണ് ലക്ഷ്യം.

കിടപ്പുരോഗികളായവരെയും ഗുരുതരമായ വൈകല്യമുള്ളവരെയും ഡിമെൻഷ്യ ബാധിച്ചവരെയും പരിചരിക്കുന്ന കുടുംബങ്ങൾക്ക് പ്രത്യേക പരിചരണസഹായധനം നൽകുന്നത് പരിഗണിക്കണം. ആശ്രിതരായ വയോജനങ്ങളെ പരിചരിക്കുക എന്നത് വലിയ ശാരീരികവും സാമ്പത്തികവുമായ ബാധ്യതയാണ്. അതിന്റെ മുഴുവൻ ഭാരവും കുടുംബങ്ങൾ ഒറ്റയ്ക്ക് വഹിക്കേണ്ടിവരരുത്.

നിലവിലുള്ള വാർധക്യകാല പെൻഷൻ കാലാനുസൃതമായി പരിഷ്‌കരിക്കണം. 80 വയസ്സിനു മുകളിലുള്ളവർ, ഒറ്റയ്ക്ക് താമസിക്കുന്നവർ, ആശ്രയമില്ലാത്ത വിധവകൾ, ഗുരുതരമായ വൈകല്യമോ ദീർഘകാല ആശ്രിതാവസ്ഥയോ ഉള്ളവർ എന്നിവർക്ക് അധികസഹായം നൽകുന്നത് പരിഗണിക്കണം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വയോജനങ്ങൾക്ക് അവശ്യ മരുന്നുകൾ, രോഗനിർണയ പരിശോധനകൾ, സഹായക ഉപകരണങ്ങൾ, ഗൃഹനഴ്സിങ്, സാന്ത്വനപരിചരണം എന്നിവ ഉറപ്പാക്കണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ജെറിയാട്രിക് ക്ലിനിക്കുകൾ ശക്തിപ്പെടുത്തുകയും വിദൂര, തീരദേശ, ആദിവാസി, മലയോര മേഖലകളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുകയും വേണം.

ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും കാര്യക്ഷമമായ വയോജനക്ഷേമ പരിപാടിയും പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനോ പരിചരണ ഏകോപകനോ ഉണ്ടായിരിക്കണം. ഒറ്റയ്ക്ക് താമസിക്കുന്നവർ, വരുമാനമില്ലാത്തവർ, കിടപ്പുരോഗികൾ, ഡിമെൻഷ്യ ബാധിച്ചവർ, ഉപേക്ഷിക്കപ്പെടാനോ അവഗണിക്കപ്പെടാനോ സാധ്യതയുള്ളവർ എന്നിവരെ കണ്ടെത്തി ജില്ലാതലത്തിൽ വിവരശേഖരണം നടത്തണം. കൃത്യമായ ഇടവേളകളിൽ സന്ദർശനവും തുടർനടപടികളും ഉറപ്പാക്കണം.

പകൽവീടുകൾ വിപുലീകരിച്ച് സജീവമായ സാമൂഹിക ഇടങ്ങളാക്കി മാറ്റണം. ഭക്ഷണം, വിനോദം, ആരോഗ്യനിരീക്ഷണം, കൗൺസലിങ്, സാമൂഹിക ഇടപെടലുകൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ അവിടെയുണ്ടാകണം. കുടുംബാംഗങ്ങളായ പരിചാരകർക്ക് താത്കാലിക ആശ്വാസം നൽകാനും ഇത്തരം കേന്ദ്രങ്ങൾക്ക് കഴിയും.

വയോജനക്ഷേമത്തിനായുള്ള സംസ്ഥാന റിസർവ് ഫണ്ടിലേക്ക് സർക്കാർ ഗണ്യമായതും ഉറപ്പുള്ളതുമായ വാർഷിക വിഹിതം നൽകണം.

ഫണ്ടിന്റെ വരവും ചെലവും പ്രവർത്തനഫലങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. സി.എസ്.ആർ സംഭാവനകളും സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹായവും അധിക വിഭവങ്ങളായി സ്വീകരിക്കാം. എന്നാൽ, അടിസ്ഥാന വയോജനക്ഷേമത്തിന്റെ ഉത്തരവാദിത്വം സർക്കാരിനുതന്നെയായിരിക്കണം.

സാമ്പത്തികശേഷിയുള്ളവർക്ക് ഘട്ടംഘട്ടമായി സംഭാവനാധിഷ്ഠിത ദീർഘകാല പരിചരണ ഇൻഷുറൻസ് സംവിധാനം പരിഗണിക്കാവുന്നതാണ്. അതേസമയം, നിരാലംബരായവർക്ക് അവശ്യപരിചരണം സൗജന്യമായി ഉറപ്പാക്കണം. പൊതുധനസഹായത്തോടെയുള്ള അടിസ്ഥാന സംരക്ഷണം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ, ഇൻഷുറൻസ് അധിഷ്ഠിത അധികസഹായം എന്നിവ സംയോജിപ്പിക്കുന്ന ഒരു മാതൃക കേരളത്തിന് വികസിപ്പിക്കാനാകും.