പോക്സോ കേസുകള്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി തീര്‍പ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെ സംസ്ഥാനത്ത് ഫാസ്റ്റ് ട്രാക്ക് കോടതികളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള കോടതികളുടെ എണ്ണം വര്‍ധിച്ചിപ്പിച്ചിട്ടും ഇനിയും തീര്‍പ്പാകാനുള്ളത് ആറായിരത്തിലധികം കേസുകള്‍. പരിശോധനാ സാംപിളുകള്‍ സമയത്തിന് ലഭിക്കാതെ പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ വൈകുന്നതിനാലാണ് കേസുകള്‍ കെട്ടിക്കിടക്കുന്നത്.
പോക്സോ കേസുകള്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി തീര്‍പ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെ സംസ്ഥാനത്ത് ഫാസ്റ്റ് ട്രാക്ക് കോടതികളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. പോക്സോ കേസ് അന്വേഷണത്തിനായി പ്രത്യേക വിഭാഗവും സര്‍ക്കാര്‍ രൂപവത്കരിച്ചു.
2012-ല്‍ പോക്സോ നിയമം വന്നതിനുശേഷം കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ അവ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നു. സുപ്രീംകോടതി ഉത്തരവുകൂടി വന്നതോടെ പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കോടതികളുടെ എണ്ണം സര്‍ക്കാര്‍ ഘട്ടങ്ങളായി വര്‍ധിപ്പിച്ചു. 14 എക്സ്‌ക്ലൂസീവ് പോക്സോ കോടതികളും 56 അതിവേഗ പ്രത്യേക കോടതികളുമാണ് സജ്ജമാക്കിയത്.
കൂടാതെ, വിവിധ ജില്ലകളിലായി ഏതാനും കോടതികളെ ചില്‍ഡ്രന്‍സ് കോര്‍ട്ടായി വിജ്ഞാപനം ചെയ്തിട്ടുമുണ്ട്. എന്നാല്‍, സമയബന്ധിതമായി ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കാതിരിക്കുന്നതിനാല്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് കാലതാമസം നേരിടുന്നു.
കോവിഡ്കാലത്തുണ്ടായ കാലതാമസത്തിനുശേഷം പോക്സോ കേസുകള്‍ സമയബന്ധിതമായിത്തന്നെ തീര്‍പ്പാക്കപ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.
അതേസമയം, തിരുവനന്തപുരം ജില്ലയില്‍ മാത്രം ഏഴ് അതിവേഗ പ്രത്യേക കോടതികളും ഒരു അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെന്‍ഷന്‍സ് കോടതിയും ഉണ്ടായിട്ടും ഇക്കഴിഞ്ഞ ജൂലായ് വരെയുളള കണക്കുകള്‍പ്രകാരം 1370 കേസുകള്‍ തീര്‍പ്പാക്കാനുണ്ട്.
കോഴിക്കോട് ജില്ലയില്‍ മൂന്ന് അതിവേഗ പ്രത്യേക കോടതികളും ഒരു അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെന്‍ഷന്‍സ് കോടതിയും ഇത്തരം കേസുകള്‍ക്കായുണ്ട്. ഇവിടെ 642 കേസുകള്‍ ബാക്കിയുണ്ട്.
എറണാകുളം ജില്ലയില്‍ 704 പോക്സോ കേസുകളാണ് ഇനിയും തീര്‍പ്പാക്കാനുള്ളത്. ഇവിടെ മൂന്ന് അതിവേഗ കോടതികളും മറ്റു രണ്ട് കോടതികളും ഇത്തരം കേസുകള്‍ കേള്‍ക്കാനായുണ്ട്.
Content Highlights: delay in trial of pocso cases in kerala, social, crime against children, social news
Published: 23 Sept 2025, 02:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented