വടകര: വിവാദമായ മണിയൂർ പോക്സോ കേസിൽ പ്രവാസി വ്യവസായിയെ കോഴിക്കോട് റൂറൽജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. വടകര ബാങ്ക് റോഡിലെ ചങ്ങരോത്ത് അബ്ദുൾ റഫീഖാണ് (48) അറസ്റ്റിലായത്. അറസ്റ്റുചെയ്യുന്നതിനുള്ള സ്റ്റേ ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇയാൾ പിടിയിലായത്. റഫീഖിന്റെ ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി പോക്സോ കോടതി വിധി 26-ന് ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. ഇതിൽ വിശദമായ വാദംകേട്ടശേഷം ബുധനാഴ്ച രാവിലെ ഹൈക്കോടതി സ്റ്റേ നീക്കി. ഈ വിവരം വന്ന് മിനിറ്റുകൾക്കുള്ളിൽ റഫീഖ് പോലീസിന്റെ കസ്റ്റഡിയിലായി.

To advertise here,

കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് കാറിൽ വരുന്നതിനിടെ പത്തരയോടെ ചെങ്ങോട്ടുകാവിൽവെച്ചായിരുന്നു അറസ്റ്റ്.ഹൈക്കോടതി വിധി ബുധനാഴ്ച വരുമെന്നതിനാൽ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. വിധിവന്നശേഷം രക്ഷപ്പെടാൻ സമയം നൽകാതെ പിടികൂടാനായത് പോലീസിന് നേട്ടമായി. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആസഫലിയാണ് സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. ഇതും നിർണായകമായി.

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ റഫീഖിനെ പിടികൂടാൻ വൈകുകയും ഇയാൾക്ക് ജാമ്യം ലഭിക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. പോലീസിനെതിരേ ജനകീയരോഷം ഉയർന്നതോടെ കഴിഞ്ഞദിവസം കേസ് കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിന് കൈമാറി. എസ്.പി. മെറിൻ ജോസഫിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എൻ. രാജേഷ് കുമാറാണ് കേസ്‌ അന്വേഷിച്ചത്.പ്രതിയെ കൊയിലാണ്ടി പോക്സോ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

ഒന്നരവർഷത്തിനുശേഷം നീതി…

ഒന്നരവർഷം മുൻപ്‌ മണിയൂർ സ്വദേശിനിയായ പതിനൊന്നുവയസ്സുകാരിയെ മാതാവിന്റെ സുഹൃത്തായ റഫീഖ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്. മാതാവും കേസിൽ പ്രതിയാണ്. 2026 ജനുവരിയിലാണ് പയ്യോളി പോലീസ് കേസ് രജിസ്റ്റർചെയ്തത്. മാതാവ് കേസിൽ അറസ്റ്റിലായെങ്കിലും റഫീഖ് വിദേശത്തായതിനാൽ അറസ്റ്റുചെയ്യാനായില്ല. പിന്നീട് ഇയാൾ നാട്ടിൽ തിരിച്ചെത്തിയിട്ടും അറസ്റ്റുചെയ്യാത്തത് വിവാദമായപ്പോഴാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിൽനിന്ന് റഫീഖിന് ജാമ്യംകിട്ടിയ വിവരം പുറത്തുവന്നത്.

ഉന്നതങ്ങളിലെ സ്വാധീനമാണ് ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്നായിരുന്നു ആരോപണം. തുടർച്ചയായ ജനകീയപ്രക്ഷോഭം ഇതിന്റെപേരിൽ നടന്നു. ഇതോടെ ജാമ്യം റദ്ദാക്കാൻ പയ്യോളി പോലീസ് കൊയിലാണ്ടി പോക്സോ കോടതിയെ സമീപിച്ചു.ഒക്ടോബർ 24-ന് കൊയിലാണ്ടി പോക്സോ കോടതി റഫീഖിന്റെ ജാമ്യം റദ്ദാക്കിയെങ്കിലും 26-ന് ഇത് ഹൈക്കോടതി സ്റ്റേചെയ്തു. ഇതിന്മേലാണ് വിശദമായ വാദം നടന്നതും ഹൈക്കോടതി സ്റ്റേ നീക്കിയതും.

കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് അനിവാര്യം-ഹൈക്കോടതി

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതി കോഴിക്കോട് മേമുണ്ട ചങ്ങരോത്ത് അബ്ദുൾ റഫീഖിന്റെ (51) ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി നടപടി ഹൈക്കോടതി ശരിവെച്ചു. കേസിന്റെ അന്വേഷണഘട്ടത്തിലാകെ പിടികൊടുക്കാതെ വിദേശത്ത് കഴിഞ്ഞ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ഉത്തരവ്. കൊയിലാണ്ടി കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതി നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്.സമ്മാനങ്ങൾ നൽകാമെന്ന് പറഞ്ഞ് അശ്ലീല വീഡിയോകൾ കാട്ടി കുട്ടിയെ പലയിടത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

പയ്യോളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ അമ്മയാണ് രണ്ടാം പ്രതി.വിദേശത്ത് കഴിഞ്ഞ പ്രതി പോലീസ് കോടതിയിൽ കുറ്റപത്രം നൽകിയ ശേഷമാണ് നാട്ടിലെത്തിയത്. സമൻസിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരായ പ്രതിക്ക് ആദ്യം ജാമ്യവും അനുവദിച്ചു. എന്നാൽ തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാട്ടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് കൊയിലാണ്ടി കോടതി ജാമ്യം റദ്ദാക്കിയത്. ഇതിനെതിരേയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കുന്ന പ്രതിയുടെ ജാമ്യം റദ്ദാക്കിയത് തെറ്റായിരുന്നുവെന്നായിരുന്നു വാദം. എന്നാൽ പ്രതി ഉപയോഗിച്ച മൊബൈൽ ഫോണുകൾ പിടിച്ചെടുക്കേണ്ടതുണ്ടെന്നും കുട്ടിയെ കൊണ്ടുപോയ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി വാദിച്ചു.

തൊണ്ടിമുതലായ മൊബൈൽ ഫോൺ ഹാജരാക്കാൻ പ്രതിയോട് ആവശ്യപ്പെടാൻ നിയമപരമായി കഴിയില്ലെന്നും വിശദീകരിച്ചു. ഇത് കണക്കിലെടുത്താണ് ജാമ്യം റദ്ദാക്കിയതിനെതിരായ പ്രതിയുടെ ഹർജി തള്ളിയത്.ജാമ്യത്തിൽ കഴിയുന്നയാളെ ചോദ്യം ചെയ്യുന്നതും കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യുന്നതും തമ്മിൽ ഗുണപരമായ വ്യത്യാസമുണ്ടെന്നും കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി അനുഭവിച്ച ദുരിതങ്ങളും കഷ്ടപ്പാടുകളും അവഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

പോക്സോ കേസ് പ്രതിയുടെ അറസ്റ്റോടെ മുഖംരക്ഷിച്ച് പോലീസ്

മണിയൂർ പോക്സോ കേസിൽ ഒടുവിൽ പോലീസിന് ആശ്വാസം. പിഞ്ചുകുഞ്ഞിന് നീതിലഭിക്കാൻ ജാതി-മത-രാഷ്ട്രീയഭേദമന്യെ ഒന്നിച്ചിറങ്ങിയ മണിയൂർ നിവാസികൾക്ക് ആത്മസംതൃപ്തി. ദിവസങ്ങളായി മണിയൂരിനെയും പയ്യോളിയെയും വടകര ബാങ്ക് റോഡിനെയും പ്രക്ഷുബ്ധമാക്കിയ പ്രക്ഷോഭപരമ്പരകൾക്ക് താത്കാലിക പരിസമാപ്തി.

എണ്ണമറ്റ സമരങ്ങളാണ് ഈ വിഷയത്തിൽ പയ്യോളി പോലീസ് സ്റ്റേഷന് മുന്നിലും ബാങ്ക് റോഡിലെ റഫീഖിന്റെ വീടിനുമുന്നിലും എസ്.പി. ഓഫീസിലുമെല്ലാം നടന്നത്. ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ കേസിൽ റഫീഖ് ആരുമറിയാതെ വിദേശത്തുനിന്ന്‌ നാട്ടിലെത്തിയതും ജാമ്യം കിട്ടിയതുമാണ് ജനങ്ങളെ ഒന്നടങ്കം സമരരംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്. സമരങ്ങൾ പലതും സംഘർഷത്തിലെത്തി, കേസുകൾ വന്നു. പക്ഷേ, ജനം പിന്നോട്ടടിക്കാൻ തയ്യാറായില്ല. ഈ നിശ്ചയദാർഢ്യമാണ് പ്രതിയെ പിടികൂടിയേ പറ്റൂ എന്നനിലയിലേക്ക് നിയമസംവിധാനത്തെയും എത്തിച്ചത്.