ബെയ്ജിങ്: ചൈനയിലെ ജനസംഖ്യാനിരക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും താഴേക്ക്. ചൈനീസ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2.08 കോടിയുടെ ജനസംഖ്യാശോഷണമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. ആഗോള ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (UNFPA) ആണ് കണക്കുകൾ പുറത്തുവിട്ടത്

To advertise here,

കണക്കുകള്‍ പ്രകാരം 140.9 കോടിയാണ് ചൈനയിലെ നിലവിലെ ജനസംഖ്യ. അതേസമയം, ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണ്. കഴിഞ്ഞ വര്‍ഷം 8,50,000 ന്റെ കുറവായിരുന്നു ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം അത് ഇരട്ടിയോളമായി. അറുപത് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ജനസംഖ്യയായിരുന്നു കഴിഞ്ഞ വര്‍ഷം ചൈനയില്‍ രേഖപ്പെടുത്തിയത്. ജനനനിരക്ക് കുറഞ്ഞതും പൊടുന്നനെയുണ്ടായ നഗരവത്ക്കരണവുമാണ് ജനസംഖ്യാശോഷണത്തിലേക്ക് ചൈനയെ നയിച്ചത്. നിലവിലെ ജനനിരക്ക് 1000 ആളുകള്‍ക്ക് 6.39 എന്നതിലേക്ക് ചൈനയില്‍ കുറഞ്ഞു. 

ഏറെ വിവാദമായ ഒറ്റ കുട്ടി നയത്തിനു ശേഷമാണ് ചൈനയില്‍ ജനസംഖ്യാശോഷണം ഉണ്ടായത്.  രാജ്യത്തിന്റെ പലയിടങ്ങളിലും തൊഴില്‍ശക്തിയില്‍ കുറവുവരികയും ഇതോടൊപ്പം ഉണ്ടായി.ചൈനയിൽ ജനസംഖ്യയുടെ മുഖ്യപങ്കും പ്രായമേറിയവരാണ്. അതിനാല്‍ത്തന്നെ ജോലിചെയ്യുന്ന വിഭാഗം ശുഷ്‌കമായിത്തീര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ പലഭാഗങ്ങളിലും ജനനനിരക്ക് വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്.