രാജ്യംകണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം വയനാട്ടിലെ ചൂരമല്‍മലയിലും മുണ്ടക്കൈയിലും സംഭവിച്ചതിന്റെ ആഘാതത്തിലാണ് കേരളം. രണ്ടു ഗ്രാമങ്ങളെ അപ്പാടെ തൂത്തെറിഞ്ഞ് കളഞ്ഞ ഉരുള്‍പൊട്ടലില്‍ നൂറ്റിയിരുപതോളം ആളുകള്‍ ഇപ്പോഴും മണ്ണിനടയിയിലാണ്. ഭൂരിഭാഗം വീടുകളും കെട്ടിടങ്ങളും നാമാവശേഷമായി. 231 മൃതദേഹങ്ങളും 210 ശരീരഭാഗങ്ങളും കണ്ടെത്തി. ഉരുള്‍പൊട്ടലും മണ്ണിടിച്ചലുമെല്ലാം വയനാടിന് പുതിയകാര്യമല്ലെങ്കിലും  ജൂലായ് 30 ന് പുലര്‍ച്ചെയുണ്ടായ സമാനതകളില്ലാത്ത ദുരന്തം വയനാടിന്റെ ഭാവിയെ കുറിച്ചും വാസയോഗ്യതയെക്കുറിച്ചുമെല്ലാമുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇതിനിടെയാണ് മുതിര്‍ന്ന ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തുള്ള വിദഗ്ധ സംഘം ദുരന്തമേഖല സന്ദര്‍ശിച്ച് അതിന്റെ റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നത്. ജോണ്‍ മത്തായി മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു. 

To advertise here,

സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്. മലയോരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, റിസോര്‍ട്ടുകളുടെ ആധിക്യം, ക്വാറികളുടെ നിര്‍മാണം, ഇവയൊക്കെ ചര്‍ച്ചയാവുന്നുണ്ട്. ശരിക്കും ഇത്ര ഭീകരമായ ഒരു ഉരുള്‍പൊട്ടലിന്റെ യഥാര്‍ഥ കാരണം പറയാനാവുമോ?

വയനാട്ടില്‍ ഇപ്പോഴുണ്ടായ ദുരന്തത്തിന് കാരണം റിസോര്‍ട്ടുകളുടേയോ ക്വാറികളുടേയോ നിര്‍മാണമൊന്നുമല്ല. അസാധാരണ  മഴ തന്നെയാണ്. രണ്ട് ദിവസം കൊണ്ട് 570 മില്ലിമീറ്ററിലധികം മഴ അവിടെ പെയ്തു. സാധാരണ 150 മില്ലിമീറ്റര്‍ മഴ പെയ്യുന്ന പ്രദേശമാണ് ഇത്. ഇത്രയും ശക്തമായ മഴയാണ് ഉരുള്‍പൊട്ടലിന് കാരണമായത്. പുഞ്ചിരിമട്ടത്തും ചൂരല്‍മലയിലും പുഴയോട് ചേര്‍ന്ന ഭാഗത്ത് കോളനികള്‍ പോലെയായിരുന്നു വീടുകള്‍. അത് ദുരന്തത്തിന്റെ ഭീകരത വര്‍ധിപ്പിച്ചു. 

വയനാട് പുഞ്ചിരിമട്ടത്തിനടുത്ത് നിന്നും ഏറെ ദൂരെയാണ് ക്വാറിയുള്ളത്. അതുകൊണ്ടുതന്നെ അതിന്റെ കമ്പനം അവിടേക്കെത്തില്ല. ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള ക്വാറി പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടലുണ്ടാക്കി എന്ന് പറയുന്നതിലൊന്നും കാര്യമില്ല. അതുപോലെത്തന്നെയാണ് റിസോര്‍ട്ടുകളുടെ കാര്യവും. ഉരുള്‍പൊട്ടി വന്നയിടത്ത് റിസോര്‍ട്ടുകളുണ്ടെങ്കിലും ഇത് ഉരുള്‍പൊട്ടലിന് കാരണമായെന്ന് പറയാനാവില്ല. കാരണം  ഈ റിസോർട്ടുകള്‍ നില്‍ക്കുന്നിടത്ത് നിന്നും അകലെ മലയിടുക്കിലെ വനപ്രദേശത്താണ് ഉുരള്‍പൊട്ടലുണ്ടായിരിക്കുന്നത്. അപ്പോള്‍ ആ വാദത്തിനും കഴമ്പില്ല.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ വലിയ മഴ തന്നെയാണ് പ്രധാന കാരണം. മാത്രമല്ല നേരത്തെ മണ്ണിനടിയിലുണ്ടായിരുന്ന വലിയ കല്ലുകള്‍ മലവെള്ളപ്പാച്ചിലിന്റെ ശക്തിയെ അതിജീവിക്കാനാവാതെ ജനവാസ മേഖലയിലേക്ക് പതിച്ചതും മരണനിരക്ക് കൂട്ടാനിടയാക്കിയിട്ടുണ്ടാവും. നിലവില്‍ ഈ ഭാഗങ്ങള്‍ അപകടകരമായ അവസ്ഥയിലാണ് ഇരിക്കുന്നത്. ഉരുള്‍ പൊട്ടിപ്പോയ വഴികളെല്ലാം പിന്നീട് സാധാരണ ഭൂമി പോലെയാകും. എന്നാല്‍ അതിന് സമയമെടുക്കും. അത് വരെ അവിടെ താമസിക്കുന്ന കാര്യം പരിഗണിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ സേഫ്, അണ്‍സേഫ് എന്നീ രണ്ടായി തിരിച്ചുള്ള തുടര്‍പ്രവര്‍ത്തനങ്ങളിലേക്ക് എങ്ങനെ മുന്നോട്ടുകൊണ്ടുപോവണമെന്ന റിപ്പോര്‍ട്ടാണ് നല്‍കുക. അത് എത്രയും പെട്ടെന്ന് നല്‍കാനാവുമെന്നാണ് കരുതുന്നത്. 

placeholder
ഉരുള്‍പൊട്ടല്‍ പ്രദേശത്ത് മുതിര്‍ന്ന ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നു| ഫോട്ടോ: മാതൃഭൂമി

മുണ്ടക്കൈയില്‍ മാത്രം പരിശോധിക്കുമ്പോള്‍ ഒരു പള്ളിയുടെ മിനാരത്തിന് അടുത്തുവരെ മലവെള്ളപ്പാച്ചില്‍ എത്തുന്ന സാഹചര്യമുണ്ടായി. എങ്ങനെയാണ് ഇത്ര ഉയരത്തില്‍ മലവെള്ളത്തിന്റെ ശക്തിയുണ്ടായത്.

ആ സ്ഥലം സന്ദര്‍ശിച്ചാല്‍ മനസ്സിലാവും എത്ര ഉയരത്തിലാണ് പള്ളി ഇരിക്കുന്നതെന്നും എത്ര താഴ്ച്ചയില്‍ കൂടിയാണ് ആ പുഴ ഒഴുകുന്നതെന്നും. നേരത്തെ പള്ളിയുടെ താഴെയായി പുഴയോട് ചേര്‍ന്നായിരുന്നു സീതമ്മാക്കുണ്ടെന്ന വെള്ളച്ചാട്ടമുണ്ടായിരുന്നത്. ചെറിയ വെള്ളച്ചാട്ടമായിരുന്നുവെങ്കിലും വലിയ ആഴത്തിലുള്ളതായിരുന്നു അത്. എന്നാല്‍ മലവെള്ളപ്പാച്ചിലുണ്ടായതോടെ മണ്ണും കല്ലുകളും വന്ന് ആ വെള്ളക്കെട്ടിന്റെ താഴ്ച്ചയെ തടഞ്ഞ് വെള്ളം വന്ന് ബ്ലോക്കായി അണക്കെട്ട് പോലെയായി മാറി. അതിന് ശേഷമായിരിക്കും അവസാനത്തെ ഏറ്റവും നാശംവിതച്ച ഉരുള്‍പൊട്ടലുണ്ടാവുന്നത്. അതോടെ ആ വെള്ളത്തിന് ഒഴുകാന്‍ സ്ഥലമില്ലാതായതോടെയാണ് മുണ്ടക്കൈ പള്ളിയുടെ മുറ്റവും മിനാരവും തൊട്ട് ഉരുള്‍വെള്ളമൊഴുകിയത്. അത് ആ പള്ളിയെ മാത്രമല്ല നശിപ്പിച്ചത്. ആ പള്ളിയോട് ചേര്‍ന്നുള്ള മറ്റ് കെട്ടിടങ്ങളേയും വീടുകളേയുമെല്ലാം തകര്‍ത്തെറിഞ്ഞ് പോവുകയും ചെയ്തു. മുണ്ടക്കൈ അങ്ങാടി ഒന്നാകെ ഇല്ലാതായി. ഇപ്പോള്‍ സീതമ്മാക്കുണ്ട് വെള്ളച്ചാട്ടത്തിന്റെ ഭാഗത്ത് അതിനോട് ചേര്‍ന്നുള്ള പാറക്കല്ല് മാത്രമാണുള്ളത്. അങ്ങനെയൊരു വെള്ളച്ചാട്ടം അവിടെയുണ്ടോ എന്ന് തന്നെ മനസ്സിലാവില്ല. മാത്രമല്ല ഈ പള്ളിയെ തൊട്ട് വെള്ളമൊഴുകിയിരുന്നുവെന്ന് നമുക്ക് വിശ്വസിക്കാനും പ്രയാസമാണ്. കാരണം അത്രയും ഉയരത്തിലാണ് ആ പള്ളിയിരിക്കുന്നത്. 

placeholder
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ പള്ളി| ഫോട്ടോ: മാതൃഭൂമി

വയനാടിന്റെ മലയോരങ്ങള്‍ പലതും താമസയോഗ്യമല്ലെന്ന പല അഭിപ്രായങ്ങളും നേരത്തെ ഉയര്‍ന്ന് വന്നിരുന്നു. എന്താണ് അതിന്റെ വസ്തുത. 

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള നിരവധി പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, പൂര്‍ണ കുടിയൊഴിപ്പിക്കല്‍ എങ്ങനെ നടത്താന്‍ പറ്റും. പകരം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ജനങ്ങളെ ബോധവത്കരിക്കുകയും വേണം. പുഴയുടെ തീരത്തും മറ്റുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയണം. നിലവില്‍ താമസിക്കുന്ന ആളുകളുടെ അടുത്തെത്തി മഴ ശക്തമാവുന്ന സമയത്ത് മാറിത്താമസിക്കുന്നതിനെ കുറിച്ച് ബോധവത്കരണം നടത്തണം. മാറിത്താമസിക്കുമ്പോള്‍ പോകാനായി മറ്റ് വീടുകളുണ്ടോയെന്നും അല്ലാത്തപക്ഷം മറ്റെന്തിലും സംവിധാനമുണ്ടോയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ അന്വേഷിക്കണം.

മനുഷ്യരുടെ ഒരു പൊതു ചിന്താഗതിയാണ് എനിക്കൊന്നും സംഭവിക്കില്ല എന്നത്. ഈ ദുരന്തകാലത്ത് തന്നെ പലര്‍ക്കും ദുരന്ത മുന്നറിയിപ്പ് കിട്ടിയിരുന്നുവെന്നാണ് ആളുകള്‍ പറഞ്ഞത്. പക്ഷേ പലരും മാറിത്താമസിക്കുന്നതിനെ കുറിച്ച് ചിന്തിച്ചില്ല. ചിലയാളുകള്‍ മാത്രം മാറുകയും ചെയ്തു. കാരണം എല്ലാ ദുരന്തകാലത്തും അപകടഭീഷണിയുള്ള ഇടങ്ങളില്‍ നിന്ന് ആളുകള്‍ മാറിത്താമസിക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ അറിയിപ്പ് ലഭിക്കാറുണ്ടായിരുന്നു.പലപ്പോഴും ഒന്നും സംഭവിക്കാതെയങ്ങ് പോവുകയാണ് ചെയ്യാറ്. നമ്മള്‍ പുലി വരുന്നേ പുലി എന്ന കഥ വായിച്ചില്ലെ അതുപോലെയായിപ്പോയി കാര്യങ്ങള്‍.ശരിക്കും പുലി വന്നപ്പോള്‍ ഒന്നും ചെയ്യാനും പറ്റിയില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരണം. ദുരന്ത സാധ്യതാ മേഖലയില്‍ നിന്ന കർശനമായും ആളുകളെ മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. 

ഞാന്‍ നേരത്തെ പറഞ്ഞിരുന്നു ഉരുള്‍പൊട്ടല്‍ ഇത്രയേറെ ആഘാതം സൃഷ്ടിക്കാന്‍  കാരണം മലഞ്ചെരുവില്‍ രൂപപ്പെട്ട വലിയ ജലസംഭരണിയായിരിക്കുമെന്ന്. ആദ്യമുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന പാറയും മണ്ണും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞ് വെള്ളം വലിയ തോതില്‍ കെട്ടിനില്‍ക്കാന്‍ ഇടയാക്കിയിരിക്കാം. ഇത് രണ്ടാമത്തെ പൊട്ടലിലൂടെ വലിയ ദുരന്തത്തിലേക്ക് വഴിവെക്കുകയും ചെയ്തു. അത്ര വലിയ ഉരുള്‍പൊട്ടലല്ല ഉണ്ടായതല്ലങ്കിലും ഈ ഡാമിങ് എഫക്ട് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുകയായിരുന്നു.

placeholder
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മലയില്‍ അടിഞ്ഞ്കൂടിയ മരങ്ങള്‍| ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍\ മാതൃഭൂമി

ഏത് തരത്തിലുള്ള മുന്‍കരുതലാണെടുക്കാനാവുക.

വയനാട്ടിലെ അപകടമേഖലകളില്‍ മൈക്രോലെവല്‍ സര്‍വേ നടത്തിയാല്‍ ഉരുല്‍പൊട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. അങ്ങനെ കണ്ടെത്തിക്കഴിഞ്ഞാല്‍ ഈ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായാല്‍ പുറത്തുവരുന്ന വെള്ളവും കല്ലുമെല്ലാം എത്ര ദൂരത്തോളമെത്താമെന്ന് നമുക്ക് ഏകദേശ ധാരണയുണ്ടാക്കാനും കഴിയും. അതിനകത്ത് ആളുകള്‍ താമസമുണ്ടെങ്കില്‍ അവരെ മാറ്റണം. അല്ലാതെ സമ്പൂര്‍ണ കുടിയൊഴിപ്പിക്കല്‍ നടപ്പിലാക്കണമെന്ന് നമുക്ക് ഒരിക്കലും പറയാന്‍ കഴിയില്ല. പകരം നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ് വേണ്ടത്. ഇത്തരം സ്ഥലങ്ങളില്‍ പാര്‍പ്പിട സംവിധാനങ്ങളൊന്നും അനുവദിക്കാതിരിക്കുന്നതാവും നല്ലത്.

വയനാട്ടില്‍ നേരത്തേയും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും അതിനുശേഷം പല പഠനങ്ങളും പുറത്തുവന്നു. പക്ഷേ, വീണ്ടും വീണ്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അതുകൊണ്ടു തന്നെ പഠനങ്ങളെ നമ്മള്‍ രണ്ട് തരത്തില്‍ കാണേണ്ടതുണ്ട്. ഗവേഷണ പഠനങ്ങള്‍ പലതും വരും അതുകൊണ്ട് കാര്യമില്ല. പഠന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം എന്ത് ചെയ്യാനാവുമെന്ന കാര്യം കൂടി  പറയണം. അതുകൂടി ചേര്‍ത്തുവെച്ച് വായിച്ചാല്‍ മാത്രമേ പൂര്‍ത്തിയാവുകയുള്ളൂ. 

ഗവേഷണ പഠനങ്ങള്‍ അതിന്റെ കാരണം പറഞ്ഞ് വിട്ടുപോകും. അതിന് പകരം ഈ റിപ്പോര്‍ട്ടുകളെ ഭൂമിയിലേക്ക് ട്രാന്‍സിലേറ്റ് ചെയ്യുകയാണ് വേണ്ടത്. ഇവിടെയാണ് മൈക്രോ സര്‍വേകളുടേയും മറ്റും പ്രാധാന്യം. ഉദാഹരണത്തിന് ചൂരല്‍മലയെന്ന പ്രദേശമാണെങ്കില്‍ അവിടെ എവിടെയാണ് അപകടമേഖലയെന്ന് കണ്ടെത്തണം. അതിന് പഞ്ചായത്തിന്റെയോ അതിനും താഴെ വാര്‍ഡ് തലത്തിലോ തന്നെ ഇറങ്ങിച്ചെല്ലണം. അങ്ങനെയാവുമ്പോള്‍ സൂക്ഷ്മ തലത്തിലുള്ള റിപ്പോര്‍ട്ട് ലഭിക്കും. കൃത്യമായി പരിഹാരമാര്‍ഗം നിര്‍ദേശിക്കാനുമാവും. ദൂരെ നിന്ന് കുറെ പേര്‍ എത്തി സംഭവസ്ഥലത്ത് പോയി സന്ദര്‍ശിച്ച് വരുന്നതിലല്ല കാര്യം. അതിനപ്പുറം അവിടെ വര്‍ഷങ്ങളായി താമസിക്കുന്നവരേയും പഞ്ചായത്ത് അധികൃതരെയുമെല്ലാം ഈ പഠനത്തിന്റെ ഭാഗമാക്കണം. അവര്‍ക്കാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയും അറിയികയും ചെയ്യുക. 

placeholder
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മലയില്‍ കേടുപാടുപറ്റിയ വീടുകളിലൊന്ന്| ഫോട്ടോ: വി.പി ഉല്ലാസ് | മാതൃഭൂമി

നിലവിലെ ദുരന്ത സ്ഥലം ഇനി താമസയോഗ്യമാണോ.
 
വയനാട്ടിനെ 'സേഫ് ഏരിയ അണ്‍സേഫ് ഏരിയ' ഏതൊക്കെ എന്ന് തരംതിരിച്ചുള്ള ഒരു റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കുന്നത്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാകും. സുരക്ഷിതമായ പ്രദേശങ്ങള്‍ ഏതൊക്കെ, ദുര്‍ബലപ്രദേശങ്ങള്‍ ഏതൊക്കെ, ഇനി എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത  ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. കേടുപാടുകള്‍ പറ്റാത്ത വീടുകളില്‍ ആളുകള്‍ക്ക് താമസം സാധ്യമാണോ എന്നും പരിശോധിച്ചിട്ടുണ്ട്. അങ്ങനെയുള്ള നിരവധി സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പുകളില്‍ താമസിക്കുന്ന ആളുകളും സ്വന്തം  വീടുകളിലേക്ക് തന്നെ മാറിത്താമസിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത് എങ്ങനെ വേണമെന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗരേഖയുണ്ടാക്കിയിട്ടുണ്ട്.

പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും നിലവില്‍ താമസയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കല്‍ ഉരുല്‍പൊട്ടിയിടത്ത് അത്ര പെട്ടെന്ന് മറ്റൊരു ഉരുള്‍പൊട്ടല്‍ സാധ്യതയില്ല. പക്ഷേ, സ്ഥിരത വീണ്ടെടുക്കാന്‍ സമയമെടുക്കും. വീടുകള്‍ പൂര്‍ണമായി തകര്‍ന്ന മേഖല, ഭാഗികമായി തകര്‍ന്ന മേഖല, വീടുകളുണ്ടെങ്കിലും സുരക്ഷിതമല്ലാത്ത സ്ഥലം, വീടും സ്ഥലവും സുരക്ഷിതവും താമസത്തിന് അനുയോജ്യവും ഇങ്ങനെ സൂക്ഷ്മതലത്തില്‍ തന്നെയാണ് പഠനം നടത്തിയത്. ഇത് അനുസരിച്ച് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും മുന്നോട്ടുപോവല്‍.