
തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നുള്ളതാണ് പ്രധാനമെന്നും തിരഞ്ഞെടുപ്പില്‍ എല്ലാ പാർട്ടികൾക്കും വനിതാ സംവരണം ബാധകമാവുകയാണെങ്കിലേ അത് ഈക്വൽ ഗ്രൗണ്ടിലുള്ള തിരഞ്ഞെടുപ്പ് പോരാട്ടമാവൂ എന്നും സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുൻ ധനമന്ത്രിയും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി. എഫ് സ്ഥാനാർഥിയുമായ ഡോ. തോമസ് ഐസക്ക്. മറ്റ് പാര്‍ട്ടികളൊന്നും വനിതാ സംവരണം നടപ്പാപിലാക്കാതെ ഇടതുപക്ഷം മാത്രം അത് പാലിച്ചു കഴിഞ്ഞാല്‍ അതു കൊണ്ട് ഇടതുപക്ഷത്തിന് ഇലക്ടറല്‍ വിജയമുണ്ടാവില്ല. പകരം നഷ്ടമായിരിക്കും സംഭവിക്കുക എന്നും തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ അവർ ഭരണഘടന മാറ്റും. ബദലായി ഹിന്ദുരാഷ്ട്ര ഭരണഘടന അവരുണ്ടാക്കി, കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളെ അവര്‍ പിരിച്ചുവിടുമെന്നും ഐസക്ക് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2ജി സ്‌കാം, ആദര്‍ശ് കുഭകോണം, കോമണ്‍വെല്‍ത്ത് അഴിമതി, വോട്ടിന് നോട്ട്. തുടങ്ങീ പലവിധ അഴിമതികള്‍ പുറത്തു വന്നിരുന്നു. ബിജെപി നേതാക്കള്‍ എന്നും മേന്മയോടെപറഞ്ഞു കൊണ്ടിരിക്കുന്ന കാര്യം ബിജെപി നേതാക്കളാരും കോഴപ്പണം വീട്ടിലേക്കു കൊണ്ടു പോയിട്ടില്ല എന്നതാണ്. പ്രധാനമന്ത്രിക്കെതിരെയോ പ്രധാനപ്പെട്ട മന്ത്രിമാർക്കെതിരെയോ അഴിമതിയാരോപണങ്ങൾ വന്നില്ല എന്നതും പ്രത്യേകം പറയേണ്ടതുണ്ട്. ഇലക്ടറൽ ബോണ്ട് കണക്കുകൾ അടുത്തിടെയാണ് പുറത്തു വന്നത്. യഥാർഥത്തിൽ അഴിമതിയില്ലാതായതാണോ അതോ അഴിമതിയുടെ ഭാവവും രൂപവും മാറിയതാണോ.
ഒന്ന്, അന്നത്തെ അഴിമതികളെല്ലാം പുറത്തു കൊണ്ടു വന്നത് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ്. സിആന്‍ഡ് എജിയുടെ അന്വേഷണം തന്നെ വേണ്ടെന്ന വെപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. സിആന്‍ഡ് എജി വിമര്‍ശനാത്മകമായി റിപ്പോര്‍ട്ട് വെച്ചപ്പോള്‍ ഇലക്ഷന്‍ കഴിയുന്നതുവരെ കേന്ദ്രസര്‍ക്കാരിന്റെ ഒരു കാര്യവും സിആന്‍ഡ്എജി നോക്കണ്ട എന്ന പറഞ്ഞ് കേന്ദ്രം തടഞ്ഞു.
രണ്ട്, ഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ വിമാന ഇടപാട്. അതിന് ഇവിടത്തെ പാര്‍ട്‌നറെ കണ്ടു പിടിക്കുന്നതും അദാനിയുടെ കോളിങ് പോര്‍ട്ട് നടത്തുന്ന എല്ലാ സ്വകാര്യവത്കരണ നടപടികളും എല്ലാം കടുത്ത അഴിമതിയില്‍ മുങ്ങിക്കി ടക്കുകയാണ്. മൂന്നാമത്, ഇക്ടറല്‍ ബോണ്ട് തന്നെയല്ലേ ഏറ്റവും വലിയ അഴിമതി. 6000ത്തിലധികം കോടി രൂപ എന്ന ഇത്രയും വലിയ തുക ഇതിനു മുമ്പ് ഏത് അഴിമതിയിലാണ് വന്നിട്ടുള്ളത്. ആ തുകയില്‍ തന്നെ ഭൂരിഭാഗവും ഇഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വാങ്ങിയതാണ്. ഇതില്ലാതെ നേരിട്ട് കൊടുത്ത പണവും ഇഡി റെയ്ഡിനു ശേഷം നല്‍കിയിട്ടുള്ളതാണ്. ഇതു പോലെ അഴിമതിയില്‍ കുളിച്ച വേറൊരു സര്‍ക്കാരില്ല.
ഇലക്ടറല്‍ ബോണ്ട് എന്നത് വലിയൊരു അഴിമതിയാണെന്ന് ഇടതുപക്ഷത്തിന് ബോധ്യമുണ്ടെങ്കിൽ ഈ പദം ഉപയോഗിക്കുമ്പോൾ ഇലക്ടറല്‍ ബോണ്ട് എന്നല്ലാതെ ഇലക്ടറല്‍ ബോണ്ട് കുംഭകോണമെന്നോ ഇലക്ടറല്‍ ബോണ്ട് അഴിമതിയെന്നോ ഉപയോഗിക്കാന്‍ മടിക്കുന്നതെന്ത് കൊണ്ടാണ്...
അതിന്റെ പ്രശ്‌നം കോണ്‍ഗ്രസ്സും പോയി ഇലക്ടറല്‍ ബോണ്ട് വഴി പണം വാങ്ങിയിട്ടുള്ളതുകൊണ്ടാണ്. ഇലക്ടറല്‍ ബോണ്ടിനു പുറത്ത് 335 കോടി രൂപ ഇഡി റെയ്ഡിനു ശേഷം പല കമ്പനികള്‍ ബിജെപിക്ക് നല്‍കിയ സംഭാവനയാണ്. ബിജെപിക്ക് ലഭിച്ച സംഭാവനകളൊക്കെ ഏറ്റവും വലിയ അഴിമതിയും പിടിച്ചുപറിയുമാണ്. ഇഡിയെ ദുരുപയോഗം ചെയ്തുകൊണ്ടുള്ള കൊള്ളയാണ് ബിജെപി നടത്തുന്നത്. ഇതിനു പുറമെയാണ് അദാനി പോലുള്ള കുത്തകകള്‍ ഉണ്ടാക്കിയിട്ടുള്ള പണം. അവരുടെ വികസന കാഴ്ച്ചപ്പാട് തന്നെ ചാമ്പ്യണ്‍ ഇന്‍വെസ്റ്റര്‍സ് ആണ്. സര്‍ക്കാര്‍ പിന്തുണയോടെ ഭീമന്‍ കമ്പനികളെ ഇന്ത്യയില്‍ കൊണ്ടുവന്നാല്‍ മാത്രമേ ഇന്ത്യ മുന്നോട്ടു പോവൂ, വളര്‍ച്ചയുടെ വേഗത കൂടുകയുള്ളൂ എന്നതാണ് അവരുടെ നയം. അത് അങ്ങേയറ്റം അഴിമതിയാണ്. എന്തൊക്കെ നിയമങ്ങള്‍ വളച്ചൊടിച്ചാണ് അദാനിയെ ഇന്ന് കാണുന്ന വലിപ്പത്തില്‍ എത്തിച്ചത്. ഏകപക്ഷീയമായി അദാനിക്കു മാത്രം കൊടുക്കുകയാണ്. അവരുടെ അടുപ്പക്കാര് തന്നെയാണ് ബിജെപിയെ ഫിനാന്‍സ് ചെയ്യുന്നത്.
താങ്കള്‍ പറഞ്ഞു വരുന്നത് കര്‍ഷകരുടെ വലിയ പ്രക്ഷോഭത്തിനിടയാക്കിയ കര്‍ഷക നിയമങ്ങള്‍ പോലുള്ള നിയമ നിര്‍മ്മാണങ്ങളിലും ഭേദഗതികളിലുമടക്കം ഇലക്ടറൽ ബോണ്ട് പ്രതിഫലിച്ചിട്ടുണ്ടാകാമെന്നാണോ....
ജിഎസ്ടിയില്‍ ലോട്ടറിക്ക് രണ്ട് നിരക്കായിരുന്നു. കോണ്‍ട്രാക്ടര്‍മാര്‍ വഴി ലോട്ടറി നടത്തുവാണേല്‍ 28 ശതമാനവും സംസ്ഥാനം നേരിട്ടു നടത്തുകയാണെങ്കില്‍ 12 ശതമാനവുമായിരുന്നു ജിഎസ്ടി. രണ്ട് വര്‍ഷം ഇങ്ങനെ നടന്നു. 2019ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പുതിയ ധനമന്ത്രി ഇത് മാറ്റാന്‍ ആവശ്യപ്പെട്ടു. അതും എങ്ങനെയാണ് മാറ്റാന്‍ ആവശ്യപ്പെട്ടത്. 28 ശതമാനം ഉണ്ടായ ജിഎസ്ടി 12 ശതമാനമായി കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. അതില്‍ വലിയ പോരാട്ടമല്ലേ നമ്മള്‍ നടത്തിയത്. ആ വിഷയത്തില്‍ വോട്ടെടുപ്പ് പോലും നടത്തേണ്ടി വന്നു. ജിഎസ്ടി കൗണ്‍സിലിലെ ആദ്യ വോട്ടിങ് ആയിരുന്നു അത്. ജിഎസ്ടി കൗണ്‍സില്‍ വെച്ച് എനിക്ക് വാക്കൗട്ട് വരെ നടത്തേണ്ടി വന്നു. ഞാനാലോചിച്ചിരുന്നു ഇത്ര വലിയ തടസ്സമെന്താണെന്ന്. ഇപ്പോഴല്ലേ മനസ്സിലാവുന്നത് 1600 കോടി രൂപയല്ലേ അയാളുടെ കയ്യില്‍ നിന്ന് വാങ്ങിയിരിക്കുന്നത്. ഇങ്ങനെയുള്ള നടപടിക്രമങ്ങള്‍ പോലും അഴിമതി വേദികളാക്കി മാറ്റുകയായിരുന്നു ഇവര്‍.
ജി.എസ്.ടി പരാമർശിച്ചതു കൊണ്ട് ഒരു കാര്യം ചോദിച്ചോട്ടെ, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സ്വാശ്രയത്തിലുള്ള കടന്നുകയറ്റത്തിന് ജിഎസ്ടി ഒരു ഉപകരണമാക്കുന്ന പലവിധ സംഭവങ്ങള്‍ക്ക് ഈ അടുത്ത കാലം സാക്ഷിയായിട്ടുണ്ട്. ജിഎസ്ടി മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക അസ്ഥിരതയ്ക്ക് ബിജെപിയേതര ഭരണമുള്ള പല സംസ്ഥാനങ്ങളും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ജിഎസ്ടിയെ ആദ്യകാലത്ത് സ്വാഗതം ചെയ്ത ഒരാളാണല്ലോ താങ്കള്‍. അതേ കുറിച്ചെന്താണ് പറയാനുള്ളത്...
ഞാന്‍ മന്ത്രിയായപ്പോഴേക്കും ബില്ല് ലോക്‌സഭ പാസ്സാക്കിയിരുന്നു. രാജ്യസഭ മാത്രമേ പാസ്സാക്കാനുണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസ്സിന് എതിര്‍പ്പുണ്ടോ. അവരല്ലെ കൊണ്ടു വന്നത്. അനിവാര്യമായി നടക്കാന്‍ പോവുന്ന കാര്യത്തില്‍ കേരളത്തിനെങ്ങനെ മാറിനില്‍ക്കാന്‍ കഴിയും. ജിഎസ്ടിയെ എങ്ങനെ കേരളത്തിന് മെച്ചപ്പെട്ടതും അനുകൂലവുമാക്കി മാറ്റാന്‍ കഴിയും എന്ന് നോക്കലല്ലേ ആ ഘട്ടത്തില്‍ സാധ്യമാവുകയുള്ളൂ. അതേ ഞാനും ചെയ്തിട്ടുള്ളൂ...
കടം മേടിച്ചും ലോട്ടറി, മദ്യം എന്നിവ വിറ്റും കിട്ടുന്നതാണ് കേരളത്തിന്റെ മുഖ്യവരുമാനം എന്ന പൊതുബോധം നിലനിൽക്കുന്നുണ്ട്. എന്തിന് കടമെടുക്കുന്നു, കേരളത്തിന്റെ വരുമാനസ്രോതസ്സെന്ത്, കേരളത്തിന്റെ സാമ്പത്തികാവസ്ഥ എന്ത് എന്നൊക്കെയുള്ള ജനങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു എന്ന് ഇടതുപക്ഷാനുഭാവികൾ തന്നെ പറയുന്നു. എന്തു കൊണ്ടാണ് ഈ പ്രചരണങ്ങളെ വേണ്ട വിധം ചെറുക്കാന്‍ ഇടതുപക്ഷത്തിന് കഴിയാതെ പോയത്.
ലോട്ടറിയില്‍ നിന്നുള്ള വരുമാനം 2-3 ശതമാനമേ വരികയുള്ളൂ. പക്ഷേ, ഇത്ര വലിപ്പം തോന്നാന്‍ കാരണം ലോട്ടറിക്ക് കിട്ടുന്ന പ്രൊസിഡിങ്‌സ് ട്രഷറിയില്‍ വരുമാനമായി വരവുവെക്കണം എന്നിട്ടവിടുന്ന് വേണം ചിലവിനു കൊടുക്കാന്‍. സമ്മാനത്തുകയും കമ്മീഷനും മറ്റുമുള്ള ചെലവ് മാറ്റിവെച്ചാല്‍ കിട്ടുന്ന തുക വളരെ ചെറുതാണ്. കര്‍ണാടകക്കും യുപിക്കുമൊക്കെ കിട്ടുന്നതിനേക്കാള്‍ എത്രയോ കുറവ് വരുമാനമാണ് കേരളത്തിന് ലോട്ടറിയില്‍ നിന്ന് ലഭിക്കുന്നത്. അവരാണ് മദ്യമുണ്ടാക്കുന്നതും അതിനാല്‍ അവര്‍ക്കാണ് ഏറ്റവും കൂടുതല്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം. നമ്മുടെ വരുമാനത്തിന്റെ പാതിയിലേറെ ജിഎസ്ടിയില്‍ നിന്നുള്ളതാണ്. അതു കഴിഞ്ഞാല്‍ പെട്രോളിന്റെ മേലുള്ള വില്‍പന നികുതിയാണ്. അതും കഴിഞ്ഞേ എക്‌സൈസ് വരൂ. മദ്യം ലോട്ടറി വരുമാനം കൊണ്ടാണ് കേരളം മുന്നോട്ടുപോവുന്നതെന്നത് അസംബന്ധമാണ്. പിന്നെ ഈ വിഷയത്തിൽ കേരളത്തിലെ മാധ്യമങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന വ്യാജ നിര്‍മ്മിതിയും കാണേണ്ടതുണ്ട്.. മാധ്യമങ്ങളല്ലേ ഈ നരേറ്റീവ് ഉണ്ടാക്കിയിട്ടുള്ളത്. ഇന്നത്തെ തെറ്റായുള്ള ബോധം മാധ്യമങ്ങളുണ്ടാക്കിയിട്ടുള്ളതാണ്. ഇപ്പോ പോലും, കേന്ദ്രസര്‍ക്കാരുമായി തര്‍ക്കമില്ലാത്തതും കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള 13608 കോടി രൂപ കേരളത്തിന് കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് സമ്മതിക്കേണ്ടി വന്നില്ലേ. ഇതൊന്നുമില്ലെങ്കില്‍ വല്ല സാമ്പത്തിക പ്രതിസന്ധിയും കേരളത്തിനുണ്ടാവുമോ. കേരളത്തിന്റെ ഈ സാമ്പത്തിക പ്രതിസന്ധി കേന്ദ്രം മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണെന്ന് വ്യക്തമല്ലേ.
അതേസമയം കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് അവരെടുത്ത കടം മുന്‍നിര്‍ത്തി 2022ൽ റിസര്‍വ് ബാങ്ക് ജാഗ്രതാ നിര്‍ദേശം കൊടുത്തതും നാം കാണേണ്ടതല്ലേ....
ശുദ്ധ അസംബന്ധമാണത്. ഐഎംഎഫ് അപകട സാധ്യതയുള്ള രാജ്യമായി ഇന്ത്യയെ പട്ടികയിൽ പെടുത്തിയതിന് നീണ്ട മറുപടി കൊടുത്തിട്ടുണ്ട് ഇന്ത്യാ ഗവണ്‍മെന്റ്. ആ മറുപടിയാണ് റിസർവ് ബാങ്കിന്റെ നിഗമനത്തിന് കേരളം അങ്ങോട്ടും കൊടുത്തത്. ഒരു സംസഥാനവും സാമ്പത്തികമായി തകര്‍ച്ചയിലേക്ക് നീങ്ങില്ല. കാരണം ഏതൊരു സംസ്ഥാനത്തിനും എടുക്കേണ്ട വായ്പയ്ക്ക് പരിധിയുണ്ട്. മൂന്ന് ശതമാനത്തിനപ്പുറം വായ്പയെടുക്കാന്‍ പറ്റില്ല. പിന്നെങ്ങനെയാണ് കടക്കെണിയിലാവുക. പണ്ടാണെങ്കില്‍ നടക്കുമായിരുന്നു. ഇപ്പോൾ അതൊന്നും നടക്കില്ല.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നീക്കിക്കൊണ്ടുള്ള വിശദീകരണം നല്‍കുന്നതില്‍ സര്‍ക്കാരും ഇടതുപക്ഷവും പരാജയപ്പെട്ടുവെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. എന്തുകൊണ്ടാണ് ആ വ്യക്തത ഉണ്ടാക്കി കൊടുക്കുന്നതില്‍ കേരളത്തിലെ ഇടതുപക്ഷം പരാജയപ്പെട്ടത്..
സ്വരങ്ങള്‍ എങ്ങനെയാണ് കേള്‍ക്കുക. ടിവിയിലോ പത്രത്തിലോ വന്നാലല്ലേ ജനം സത്യാവസ്ഥ അറിയൂ.. അതുണ്ടാവുന്നില്ലോ
ഏത് കാലഘട്ടത്തിലാണ് ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാട് മാധ്യമങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. മാധ്യമങ്ങളെ ആശ്രയിച്ചാണോ ഒരു പ്രസ്ഥാനം നിലകൊള്ളേണ്ടത്. മാധ്യമങ്ങളെ മാത്രം പഴിചാരി ഈ ബലഹീനതകളില്‍ നിന്ന് രക്ഷപ്പെടാനാവുമോ..
ഇതുപോലെ ഉണ്ടായിട്ടില്ല. പക്ഷെ എങ്കിലും ജനങ്ങള്‍ക്ക് തെറ്റിദ്ധാരണകളും ഒരുപാട് മിഥ്യാധാരണകളും ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. അതിനെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കണമെന്ന ആവശ്യവുമായി തുല്യപ്രാതിനിധ്യ പ്രസ്ഥാനം തയ്യാറാക്കിയ പെണ്‍മെമ്മോറിയലിനെ പിന്തുണച്ച് പ്രസ്താവനയില്‍ ഒപ്പുവെച്ചവരാണ് കേരളത്തിലെ LDF, UDF മുന്നണികളിലെ പ്രമുഖ നേതാക്കളില്‍ പലരും. എന്നാല്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണയം വന്നപ്പോഴാവട്ടെ പേരിനുള്ള സ്ത്രീ പ്രാതിനിധ്യം മാത്രം.
തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നുള്ളതാണ് പ്രധാനം. തിരഞ്ഞെടുപ്പില്‍ എല്ലാ പാർട്ടികൾക്കും ഇത് ബാധകമാവുകയാണെങ്കില്‍ നമുക്ക് ഈക്വല്‍ ഗ്രൗണ്ടില്‍ ഫൈറ്റ് ചെയ്യാന്‍ പറ്റും. എന്നാല്‍ മറ്റ് പാര്‍ട്ടികളൊന്നും അത് പാലിക്കാതെ ഇടതുപക്ഷം മാത്രം അത് പാലിച്ചു കഴിഞ്ഞാല്‍ അതു കൊണ്ട് ഇടതുപക്ഷത്തിന് ഇലക്ടറല്‍ വിജയമുണ്ടാവില്ല, നഷ്ടമായിരിക്കും സംഭവിക്കുക. ആ റിസ്‌ക്കെടുക്കാന്‍ ഇപ്പോള്‍ പറ്റില്ല.
എത്രയെത്രയോ കരുത്തുറ്റ വനിതാ നേതാക്കള്‍ ഇടതുപക്ഷത്തുണ്ട്. കഴിവുതെളിയിച്ച വനിതാ നേതാക്കള്‍ ഇല്ലാത്ത പാര്‍ട്ടിയൊന്നുമല്ലല്ലോ സിപിഎം.
അതു ശരിതന്നെ. തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തത്.
കേളത്തില്‍ നിന്ന് കോണ്‍ഗ്രസ്സിനെ ജയിപ്പിച്ചാലും ഇടതുപക്ഷത്തെ ജയിപ്പിച്ചാലും അവര്‍ ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ എതിര്‍പക്ഷത്തു നില്‍ക്കുന്ന ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണ്. ബിജെപിക്കെതിരെ നിലകൊള്ളണമെന്നാഗ്രഹിക്കുന്ന വോട്ടര്‍മാര്‍ക്ക് ഇടതുപക്ഷത്തിന് വോട്ട് ചെയ്താലും കോണ്‍ഗ്രസ്സിന് വോട്ട് ചെയ്താലും തത്വത്തില്‍ ഒരേ എഫക്ട് അല്ലേ വരിക.
എന്‍ഐഎ ബില്ലിനെ കോണ്‍ഗ്രസ്സ് പിന്താങ്ങിയില്ലേ.. മുത്തലാഖ് ബില്ല് അവരെതിര്‍ത്തില്ല. അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ കളമൊരുക്കിയത് അവരാണ്. തങ്ങളാണ് അമ്പലം പണിയാന്‍ വഴിയൊരുക്കിയതെന്ന് കോണ്‍ഗ്രസ്സ് അവകാശപ്പെടുന്ന പോസ്റ്ററുകള്‍ മധ്യപ്രദേശില്‍ പുറത്തു വന്നു. ആരും അതു തിരുത്തിയിട്ടുമില്ല ഇതുവരെ. സിഎഎയും പോപ്പുലേഷന്‍ റജിസ്റ്ററും തങ്ങള്‍ നടപ്പാക്കില്ല, സഹകരിക്കില്ല എന്ന് കോൺഗ്രസ്സ് ഭരിക്കുന്ന തെലങ്കാനയും കര്‍ണാടകയും നിലപാടെടുത്താല്‍ ദക്ഷിണേന്ത്യ മുഴുവന്‍ ഒരേ നിലപാട് സ്വീകരിക്കുന്നവരായി മാറില്ലേ. അതു വലിയ പൊളിറ്റിക്കല്‍ ഇംപാക്ട് ഉണ്ടാക്കില്ലേ. എന്നാൽ കോൺഗ്രസ്സ് ആ തരത്തിൽ വാ തുറക്കാന്‍ തയ്യാറുണ്ടോ
സിഎഎ നിയമം കേരളം നടപ്പിലാക്കില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞല്ലോ. ഇന്ത്യയ്ക്കൊന്നാകെ ബാധകമാവുന്ന നിയമത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് മാത്രം എങ്ങനെ മാറിനില്‍ക്കാനാവും. ഈ ചോദ്യമാണ് കോണ്‍ഗ്ര്‌സസ് നിരന്തരം ചോദിക്കുന്നത്. ആ തിരിച്ചറിവിലാവില്ലേ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിഎഎ നടപ്പാക്കില്ല എന്ന പ്രഖ്യാപനം നടത്താത്തത്.
ഇവിടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം കൈയൊഴിഞ്ഞ് കീഴടങ്ങലിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നത്. എന്താണ് CAA യുടെ മൗലികമായ സ്വഭാവം? മതത്തെ, ജന്മദേശത്തെ ഇന്ത്യന്‍ പൗരത്വത്തിനുള്ള ഒരു അടിസ്ഥാനമാക്കി സംഘപരിവാര്‍ ഒരു ചുവട് വെച്ചു നോക്കുകയാണ്. മതേതരത്വം, തുല്യത തുടങ്ങിയ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനകളായ പ്രധാനപ്പെട്ട മൂല്യങ്ങളെയും അവകാശങ്ങളെയും അവര്‍ കശക്കുകയാണ്. ഇവിടെ രാഷ്ട്രീയമായ പ്രതികരണവും പ്രതിരോധവും പ്രധാനമല്ലേ? സംസ്ഥാനം എന്ന നിലയില്‍ കേരളം നടപ്പിലാക്കില്ല എന്നു പറയുന്നു. തമിഴ്‌നാട്ടില്‍ DMK പറയുന്നു തങ്ങളും നടപ്പിലാക്കില്ല എന്നു. നോക്കൂ, CAA യുടെ ജനാധിപത്യ മതേതര വിരുദ്ധത ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കലഹിക്കുന്നതില്‍ കടുത്ത രാഷ്ട്രീയമാണുള്ളത്. കേരളത്തോടും തമിഴ്‌നാടിനോടും ഒപ്പം കര്‍ണാടകയും തെലുങ്കാനയും ഈ സമീപനം സ്വീകരിച്ചാല്‍ ഉണ്ടാകുന്ന മാറ്റം എത്ര വലുതായിരുന്നേനേ എന്നാലോചിച്ചു നോക്കൂ! CAA യ്‌ക്കെതി രെ കോണ്‍ഗ്രസിന് ചാഞ്ചല്യമില്ലാത്ത ഒരു ദേശീയ നിലപാട് ഉണ്ടായാലല്ലേ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രധാന്യം മനസിലാകു.
RSS ന്റെ നൂറാം വാര്‍ഷികം മുന്നില്‍ കണ്ടു കൊണ്ടുള്ള Grand project ന്റെ ഭാഗമാണ് ഇവയൊക്കെ എന്നു മനസിലാക്കിയാല്‍ മാത്രമേ ഇത്തരം സാങ്കേതിക ജഡിലമായ ഒഴിവുകഴിവുകളില്‍ കുടുങ്ങാതെ ഉറച്ച രാഷ്ടീയ നിലപാട് എടുക്കാനാകു. ഇവിടെ രാഷ്ട്രീയ നിലപാടെടുക്കുക എന്നു പറഞ്ഞാല്‍ ജനങ്ങളെ ഇതിനെതിരായി അണി നിരത്തുക, അവരുടെ ആശങ്കകളോടും ആകുലതകളോടും ഒപ്പം നിക്കുക എന്നതാണ്. അത് ലിസ്റ്റ് സമ്പ്രദായം വെച്ചു നിയന്ത്രിക്കപ്പെടുന്ന ഒന്നല്ല എന്നു മനസിലാക്കണം.
ഇഡിയുടെ അന്വേഷണത്തിന് പലപ്പോഴും ഹാജരാവുന്നില്ല എന്ന തരത്തിലുള്ള ആരോപണങ്ങൾ നേരിട്ടിരുന്നല്ലോ. ഇഡി അന്വേഷണങ്ങളുടെ നിലവിലെ അവസ്ഥയെന്താണ്.
കിഫ്ബിക്കും എനിക്കും എതിരെയുള്ള ഇഡി അന്വേഷണം രണ്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു. എനിക്ക് ആറു തവണ സമന്‍സ് തന്നു. ആദ്യഘട്ടത്തിലെ സമന്‍സുകള്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇഡി തന്നെ പിന്‍വലിച്ചു കൊണ്ടു പോയി. ഈ കേസില്‍ ഹൈക്കോടതി സുപ്രധാനമായ ഒരു നിര്‍ദ്ദേശം വച്ചിട്ടുണ്ട്. ന്യായമായി ഒരു കുറ്റം സംശയിക്കപ്പെടുന്നുണ്ടെങ്കില്‍ അന്വേഷണം നടത്താം. എന്നാല്‍ എങ്ങനെയും ഒരു കുറ്റം കണ്ടുപിടിക്കാന്‍ നോക്കണം എന്ന രീതിയിലുള്ള Roving Enquiry പാടില്ല എന്നു കോടതി പറഞ്ഞു. കോടതി എന്താണോ വിലക്കിയത് അതേ രീതിയിലുള്ള അന്വേഷണത്തിനാണ് വീണ്ടും ഇഡി മുതിരുന്നത്. മസാല ബോണ്ട് പുറപ്പെടുവിച്ചതും അതിലൂടെ ലഭിച്ച പണം വിനിയോഗിച്ചതും FEMA നിയമപ്രകാരമാണോ എന്നതാണ് ഇഡി അന്വേഷിക്കുന്നത് എന്നു വേണം വിവിധ സമന്‍സുകളില്‍ നിന്നും മനസിലാക്കാന്‍. 2021 May മാസം മന്ത്രിപദം ഒഴിഞ്ഞപ്പോള്‍ കിഫ്ബിയിലെ എന്റെ എക്‌സ് ഓഫീഷ്യോ ചുമതലകളും ഇല്ലാതായില്ലേ? ഇനി തങ്ങള്‍ നടത്തുന്നു എന്നിവര്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ട രേഖകളും മൊഴികളും കിഫ്ബിയുടെ ഉന്നതര്‍ ഇഡിയ്ക്കു കൊടുത്തിട്ട് ഒരു വര്‍ഷത്തിലേറെയായില്ലേ? ഇക്കാലമത്രയും ഇതു തപ്പി നോക്കിയിട്ട് ഇഡിയ്ക്കു കോടതിയില്‍ പറയാനുണ്ടായിരുന്ന ആക്ഷേപം ഡിജിറ്റലായിട്ടാണ് രേഖകള്‍ കൊടുത്തത്. അവയുടെ ഹാര്‍ഡ് കോപ്പിയില്‍ ഒപ്പിട്ടു കൊടുക്കണം എന്നാണ് . കിഫ്ബി അതും ചെയ്തു.
ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. മസാല ബോണ്ട് ഇറക്കിയതില്‍ എന്റെ റോളെന്താണ് എന്നതായിരുന്നു ഒരു ചോദ്യം. മസാലാബോണ്ട് തീരുമാനം കൈക്കെണ്ട ബോര്‍ഡ് യോഗത്തില്‍ എക്‌സ് ഓഫീഷ്യോ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ പങ്കെടുത്തിട്ടുണ്ട്. അതായത് ആ തീരുമാനത്തില്‍ പങ്കാളിയാണ്. മസാല മ്പോണ്ട് വിദേശ വാണിജ്യ വായ്പയുടെ (External Commercial Borrowing ) ഗണത്തില്‍ വരുന്ന ഒരു ഇന്‍സ്ട്രുമെന്റാണ്. പാര്‍ലമെന്റ് പാസാക്കിയ FEMA നിയമ പ്രകാരം External Commercial Borrowing ന്റെ നിയന്ത്രണാധികാരം റിസര്‍വ് ബാങ്കിനാണ്. റിസര്‍വ്വ് ബാങ്ക് മസാല ബോണ്ട് ഇറക്കുന്നതിന് കിഫ്ബിയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. അതിലൂടെ ലഭിക്കുന്ന പണം സ്വീകരിക്കാനുള്ള ലോണ്‍ രജിസ്‌ട്രേഷന്‍ നമ്പറും RBl അനുവദിച്ചു കൊടുത്തു.
അപ്പോള്‍ മസാല ബോണ്ട് പുറപ്പെടുവിക്കാന്‍ എടുത്ത തീരുമാനത്തില്‍ പങ്കാളിയായതിന് എന്തു കുറ്റമാണ് ആരോപിക്കുക? ഇപ്പോള്‍ ഒടുവില്‍ അയച്ച സമന്‍സില്‍ ഈ ആവശ്യവും വിട്ടിട്ടുണ്ട്. ഒറ്റ കാര്യമേ പുതിയ സമന്‍സിലുള്ളു. മസാല ബോണ്ട് വഴി കിട്ടിയ പൈസ എന്തിനു ചെലവിട്ടു? ഇവിടെ 2021മെയ് മാസം ചുമതല ഒഴിഞ്ഞ എനിക്ക് എന്തു രേഖയാണ് ലഭ്യമായിട്ടുള്ളത്? ഓര്‍മയില്‍ നിന്നും എന്തെങ്കിലും ചോദിച്ചറിയേണ്ട ഒരു സാഹചര്യവുമില്ല താനും. എന്തു കൊണ്ടാണ് അങ്ങനെ പറയുന്നത്?
മസാല ബോണ്ട് വഴി സമാഹരിച്ച പണം ഒരു പ്രത്യേക അക്കൗണ്ട് വഴിയാണ് കൈകാര്യം ചെയ്യുന്നത്. ആര്‍ക്കൊക്കെ, ഏതൊക്കെ പദ്ധതികള്‍ക്ക്, എന്നൊക്കെ , എത്ര പണം വീതം നല്‍കി എന്ന വിവരം എല്ലാ മാസവും ഓഡിറ്റ് ചെയ്ത് Reserve Bank of India യ്ക്ക് സമര്‍പ്പിക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങള്‍ മുഴുവന്‍ ഇഡി യ്ക്കു കൊടുത്തിട്ടുമുണ്ട്. എന്താണ് ഇവര്‍ ചികയുന്നത്? ബോണ്ടിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിക്കാന്‍ പാടില്ലാത്ത ചില മേഖലകള്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇതു പരിശോധിക്കാനാണ് എല്ലാമാസവും RBl നിശ്ചിത ഫോറത്തില്‍ ചെലവവിന്റെ വിശദാംശങ്ങള്‍ ഓഡിറ്റ് ചെയ്തു വാങ്ങുന്നത്. ഇങ്ങനെ കണക്കു കിട്ടുന്നുണ്ട് എന്ന് RBI കോടതിയില്‍ സത്യവാങ്മൂലവും കൊടുത്തു. ഇന്നേ വരെ RBl ഒരു തരത്തിലുമുള്ള ചോദ്യം പോലും ഉന്നയിച്ചിട്ടില്ല. മസാല ബോണ്ട് വഴി സഹാഹരിച്ച പണം പൂര്‍ണമായും നമ്മുടെ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചു കഴിഞ്ഞു.ഇപ്പോഴത്തെ സമന്‍സിന്‍ ഈ പണത്തിന്റെ വിനിയോഗം സംബന്ധിച്ചാണത്രേ എന്നില്‍ നിന്നും അറിയണ്ടത് ! RBl യ്ക്കു പ്രതിമാസം നല്‍കുന്ന സ്റ്റേറ്റ്‌മെന്റ് മുഴുവന്‍ കിഫ്ബിഇഡി യ്ക്ക് കൈമാറിയിട്ടുമുണ്ട്.
അവര്‍ രാഷ്ട്രീയ ആയുധങളാണ്. അല്ലെങ്കില്‍ അഴിമതി നടത്താന്‍ വഴി വെട്ടുന്നവര്‍. ഇത് ചോദ്യം ചെയ്തു തന്നെ പോകും. ബഹു ഹൈക്കോടതി ഇപ്പോള്‍ എന്തിനാണ് പുതിയ സമന്‍സ് അയച്ചത് എന്നു വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചിത ദിവസം ഇഡി അതു കൊടുത്തിട്ടില്ല. ഇതാണ് ഇഡി കേസിന്റെ പുരാണം.
ബിജെപി ഒരുപക്ഷെ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ഇടതുപക്ഷത്തെയും കേരളത്തെയും ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ എന്തെല്ലാമാവും എന്ന് ചിന്തിച്ചിട്ടുണ്ടോ.
ഈ ഭരണഘടന അവര്‍ മാറ്റും. എന്നിട്ടതിന് ബദലായി ഹിന്ദുരാഷ്ട്ര ഭരണഘടന അവരുണ്ടാക്കും. കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളെ അവര്‍ പിരിച്ചുവിടും. അതിനുള്ള സാധ്യത ഉണ്ട്. അതിനുള്ള സാധ്യത ഉണ്ടാവാതിരിക്കണമെങ്കില്‍ ഇടതുപക്ഷം നല്ല രീതിയില്‍ ജയിക്കണം. അതില്ലെങ്കില്‍ അവര്‍ക്ക് പിരിച്ചുവിടാനുള്ള ന്യായം കണ്ടെത്താനാവില്ല. ഇന്ന് കേരളത്തിന് നേരെയുള്ള ഉപരോധം കുറച്ചു കൂടി കര്‍ശനമാക്കും എന്നതാണ് ഏറ്റവും അപകടകരമായ മറ്റൊരു സാഹചര്യം. കേരളത്തിന്റെ സ്വതന്ത്ര വികസനത്തെ തടസ്സപ്പെടുത്തുന്നതിനും തകര്‍ക്കുന്നതിനും അവരെല്ലാ അടവുകളും പ്രയോഗിക്കും. ഇതിനെതിരേ ഒറ്റ പ്രതിരോധം മാത്രമേയുള്ളൂ. ഇടതുപക്ഷം കേരളത്തില്‍ ശക്തമായി വിജയിക്കണം. എന്നാലേ ഒരു സംസ്ഥാനത്തെയും ജനങ്ങളെയും ബുദ്ധിമുട്ടിച്ചുള്ള ഇത്തരത്തിലുള്ള രാഷ്ട്രീയം വിലപ്പോവില്ല എന്നവര്‍ മനസ്സിലാക്കൂ. അതിന് തടയെങ്കിലും ഉണ്ടാകൂ. കേരളത്തിന്റെ സ്വതന്ത്രമായ വളര്‍ച്ചയ്ക്ക് ഇടതുപക്ഷ വിജയം അനുപേക്ഷണീയമായി മാറും.
Content Highlights: Thomas issac interview, caa,electoral bond, gst, cpm, bjp, loksabha election 2024
Published: 20 Mar 2024, 12:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented