വനിതാശാക്തീകരണം സാധ്യമാക്കിയ കുടുംബശ്രീയുടെ സാരഥിയായതടക്കം ഏറ്റവുമൊടുവിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ കടിഞ്ഞാണും പിടിച്ച് ചീഫ് സെക്രട്ടറിയായി ശനിയാഴ്ച ചുമതലയേൽക്കുകയാണ് ശാരദാ മുരളീധരൻ. കേരളത്തിൽ ഈ കസേരയിലിരിക്കുന്ന അഞ്ചാമത്തെ വനിത. കേരളത്തിലെ പരമോന്നത ഉദ്യോഗസ്ഥപദവിയുടെ ചെങ്കോൽ ഭർത്താവ് വി. വേണുവിൽനിന്ന് അവർ ഏറ്റുവാങ്ങുന്നെന്നതാണ് മറ്റൊരു അപൂർവത. സിനിമയിലെ ലൈംഗികചൂഷണം തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ, സ്ത്രീകളുടെ വെളിപ്പെടുത്തലുകളും പരാതിയുമൊക്കെയായി വിവാദം തിളച്ചുമറിയുന്നതിനിടെയാണ് ഒരു വനിതാ ഐ.എ.എസ്. ഉദ്യോഗസ്ഥയുടെ സ്ഥാനാരോഹണമെന്നതും ശ്രദ്ധേയമാണ്. സ്ത്രീസൗഹൃദ തൊഴിലിടത്തിനായി കേരളം ഇനിയും ഏറെദൂരം സഞ്ചരിക്കാനുണ്ടെന്നാണ് അവരുടെ പക്ഷം. ശാരദാ മുരളീധരൻ ‘മാതൃഭൂമി’ പ്രതിനിധി പി.കെ. മണികണ്ഠനുമായി സംസാരിക്കുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാവുമ്പോഴാണ് അധികാരമേൽക്കൽ. എന്തുതോന്നുന്നു
= ഞാൻ ജോലിയിൽ പ്രവേശിക്കുന്ന കാലത്ത് സിവിൽ സർവീസിൽ പത്തുശതമാനംപോലും സ്ത്രീകളില്ല. 90 ശതമാനവും പുരുഷന്മാരുള്ള ആ ലോകത്ത് നമുക്ക് ഇടപെടാൻ കുറച്ചു ബുദ്ധിമുട്ടാണ്. അന്നത് അനുഭവിച്ചിട്ടുമുണ്ട്. ഇന്ന് 30 ശതമാനത്തിലേറെയാണ് സ്ത്രീകൾ. പഴയകാലത്ത് ഒട്ടേറെ പദവികൾ സ്ത്രീകൾ ചോദിക്കാറുമില്ല, കിട്ടാറുമില്ല. എന്നാൽ, ധനകാര്യം, വ്യവസായം, ഐ.ടി. തുടങ്ങിയ വകുപ്പുകളിൽ സെക്രട്ടറിയായും ഇപ്പോൾ ചീഫ് സെക്രട്ടറിയായും ചോദിക്കാതെത്തന്നെ സ്ത്രീകളെ നിയമിച്ചു മാതൃകകാണിച്ച സംസ്ഥാനമാണ് കേരളം.
സ്ത്രീസാന്നിധ്യം എവിടെയൊക്കെ കുറവാണോ അവിടെയൊക്കെ നമ്മൾ ബുദ്ധിമുട്ടനുഭവിക്കും. തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷിതത്വമാണ് ഹേമ കമ്മിറ്റി മുന്നോട്ടുവെച്ച പ്രധാന പ്രശ്നം. അതിൽ ആദ്യംതന്നെ പരാമർശിച്ച ടോയ്‌ലറ്റില്ല എന്ന പ്രശ്നം സ്ത്രീസുരക്ഷിതത്വം ഇല്ലെന്നതിന്റെ തെളിവാണ്. തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ക്രമീകരണങ്ങൾ ഉണ്ടാവണം. സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ലിംഗസൗഹൃദം മാത്രമല്ല, കുട്ടികളോടും വയോജനങ്ങളോടും സ്ത്രീകളോടുമൊക്കെ സൗഹൃദമുള്ള ഒരു സാഹചര്യം വേണം. ഇങ്ങനെ, ഒരു ഇൻക്ലൂസീവ് സംസ്ഥാനമായി മാറണമെങ്കിൽ കുറെക്കൂടി കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. സ്ത്രീസൗഹൃദമായ തൊഴിലിടം ഉണ്ടാവാനുള്ള ഇടപെടലും പ്രവർത്തനവുമൊക്കെ ഉണ്ടാവണം.
പുതിയ ചീഫ് സെക്രട്ടറി എന്തുചെയ്യും
= ജെൻഡർ ഇൻക്ലൂസീവ് നടപടികൾ പ്രതീക്ഷിക്കാം. ലിംഗനീതി ബോധവത്കരണം എല്ലാ വകുപ്പിലും ആന്തരികസ്വഭാവമായി മാറണം. അടുത്ത ചീഫ് സെക്രട്ടറി സ്ത്രീയായാലും പുരുഷനായാലും ‘ജെൻഡർ ഫ്രൻഡ്‌ലി’ ആയി നിങ്ങളെന്തു ചെയ്യുന്നെന്നു ചോദിക്കാനാവണം.
മനുഷ്യസൗഹൃദംകൂടിയാണ് ഈ നടപടി. നമുക്കൊപ്പം നിൽക്കാനാവാത്തവരും ഭിന്നശേഷിക്കാരും ന്യൂനപക്ഷ, പട്ടികവിഭാഗക്കാരുമുണ്ടാവാം. ജെൻഡർ മൈനോറിറ്റിയാണ് ഏറ്റവുംവലിയ ന്യൂനപക്ഷം. എല്ലാവരെയും ഉൾക്കൊള്ളുന്ന ഗവേണൻസ് ആയി നമ്മുടെ സംവിധാനം മാറണം.
എന്തിനൊക്കെയാവും മുൻഗണന
= സർക്കാരിന്റെ മുൻഗണനകൾ തന്നെയാണ് മുഖ്യം. അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്ത നവകേരളം തുടങ്ങിയവ പ്രധാനപ്പെട്ട അജൻഡകളാണ്. വയനാട് ദുരന്തത്തിലെ പുനരധിവാസവും പ്രധാനപ്പെട്ടതാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനാൽ ഒരു ‘ക്ലൈമറ്റ് ആക്‌ഷനും’ വേണം. സ്പോർട്‌സിനൊരു ഊർജം കൊടുക്കാനും ആഗ്രഹിക്കുന്നു.
കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ് കേരളം. എന്തു ചെയ്യാനാവും
= സാമ്പത്തികഞെരുക്കം നേരിടുമ്പോൾ രണ്ടുതരം പ്രവർത്തനങ്ങളാണ് പ്രധാനം. ഒന്ന്, എന്തു കാര്യത്തിന് മുൻഗണന നൽകണം, ഏതുകാര്യം അടിയന്തരമായി നടത്തിയെടുക്കണമെന്നത്. രണ്ടാമത്തേത് പണം കണ്ടെത്തൽ. അതിന് സാധാരണ വഴികളും ആവശ്യമെങ്കിൽ അസാധാരണമാർഗങ്ങളും പരീക്ഷിക്കും. ഒരു പ്രതിസന്ധിക്കുള്ളിൽ ഒരു അവസരവുമുണ്ട്. മറ്റേതെങ്കിലും തരത്തിൽ ധനസമാഹരണത്തിനു മാർഗങ്ങളുണ്ടോയെന്നു പരിശോധിക്കും. ജി.ഡി.പി. മെച്ചപ്പെടുത്താനായാൽ അതു മൊത്തത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രത മെച്ചപ്പെടുത്തും.
ഭർത്താവിൽനിന്നാണ് ചീഫ് സെക്രട്ടറിക്കസേരയുടെ കൈമാറ്റം. അതേപ്പറ്റി
= ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരാണ് ഞങ്ങൾ. വലിയ ഇളക്കങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ഇതു സംഭവിക്കുമെന്ന് അറിയാമായിരുന്നു. ഭർത്താവ് കഴിഞ്ഞ ഒരുവർഷമായി ചീഫ് സെക്രട്ടറിയായി ജോലിചെയ്യുക മാത്രമല്ല, ഭാര്യയെ ആ പദവിയിലേക്ക് മെന്റർ ചെയ്യുകകൂടിയായിരുന്നു.
ഒട്ടേറെ പദവികൾ വഹിച്ചല്ലോ. ഏറ്റവും കൂടുതൽ സന്തോഷം ലഭിച്ച കസേര
= നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി(നിഫ്റ്റ്)യിലെ ഡയറക്ടർജനറൽ പദവി. ആദ്യം എന്റെ സ്വഭാവത്തിനു പറ്റിയതല്ലെന്നു തോന്നി. ഒരു വിദ്യാഭ്യാസസ്ഥാപനമായതിനാൽ ഏറെ സർഗശേഷിയുള്ളവരുടെ സ്ഥലമാണ്. അവരുടെ ക്രിയേറ്റിവിറ്റി തഴച്ചുവളരാൻ പറ്റിയ ഇടമുണ്ടാക്കിയാലുള്ള ചലനം നല്ലരസമാണ്. യുവതലമുറയുടെ അഭിലാഷങ്ങളും പ്രവർത്തനങ്ങളുമൊക്കെ അടുത്തുനിന്നു കാണാനും ആസ്വദിക്കാനും പറ്റി.
മറ്റൊന്ന് കുടുംബശ്രീ. അവിടത്തെ ടീം സ്പിരിറ്റും അനുഭവങ്ങളും. സ്ത്രീകളുടെ പലതരം പ്രതിഫലനങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്. ഇനിയൊരു ജന്മമുണ്ടെങ്കിൽ സ്ത്രീയായി ജനിക്കണമെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന സ്ത്രീകളെ കണ്ടു. തൊഴിലുറപ്പുപദ്ധതിയിൽ കൃഷിപ്പണിചെയ്ത സ്ത്രീകൾ കൈയിലെ തഴമ്പുകാട്ടി അഭിമാനിക്കുന്നതും കണ്ടു. ഈ മാറ്റങ്ങൾക്ക് പ്രേരകമായി പ്രവർത്തിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്.
കർക്കശക്കാരിയാണെന്നു കേൾക്കുന്നല്ലോ
= വാസ്തവം ഇല്ലാതില്ല. എനിക്കൊപ്പമുള്ള ജീവനക്കാരോട് ചോദിച്ചാൽ നന്നായി ശകാരിക്കുന്ന സ്വഭാവമുണ്ടെന്ന് അവർ പറഞ്ഞേക്കാം. പക്ഷേ, ഞാൻ ഒന്നും മനസ്സിൽവെക്കാറില്ല. കാര്യം നടന്നുകിട്ടണമെന്നതാണ് ഏറ്റവും പ്രധാനം. നല്ലൊരു ലക്ഷ്യം മുന്നിൽക്കണ്ടു പ്രവർത്തിക്കുന്നതിന്റെ തീവ്രത എല്ലാവരിലുമെത്തിക്കണം. അതിന്റെ ഒരു ആവേശത്തിൽ സ്വഭാവം ഇങ്ങനെയായിപ്പോയി.
Content Highlights: sarada g muraleedharan interview
Published: 31 Aug 2024, 11:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented