
സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വേട്ടക്കാര്‍ക്കെതിരായുള്ള റിപ്പോർട്ട് ആണ് വരുന്നതെങ്കിൽ നിയമസഭയിൽ മേശപ്പുറത്ത് വെച്ചാൽ കോളിളക്കം സൃഷ്ടിക്കും. അത് ഒഴിവാക്കാനായി സർക്കാർ ബുദ്ധിപൂർവം ചെയ്ത കളിയായിരുന്നു കമ്മിറ്റി എന്ന് അഡ്. ടി.ബി മിനി. കമ്മിറ്റിയുടെ റിപ്പോർട്ട് വെറുതേ സ്വീകരിക്കാം. അതിൽ നടപടികൾ സ്വീകരിച്ചാലും ഇല്ലെങ്കിലും നിയമപരമായ ചുമതലകൾ ഇല്ല. കമ്മിറ്റി എന്ന് പറയുമ്പോൾ ഒരു വിഷയത്തെക്കുറിച്ച് പഠിച്ച് അതിന്റെ റിപ്പോർട്ട് സമർപ്പിക്കുക എന്നത് മാത്രമാണ് ചെയ്യുന്നത്. എന്നാൽ, കമ്മീഷൻ അങ്ങനെയല്ല. കമ്മീഷന്റെ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കണമെന്നും അഡ്വ. ടിബി. മിനി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി അതിശക്തമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് നിയമപരമായി സ്വീകരിക്കാൻ കഴിയുക.
ഹേമ കമ്മിറ്റി രൂപീകരിക്കുന്ന സമയത്തുതന്നെ സർക്കാർ ഈ കേസുമായി ബന്ധപ്പെട്ട് ചെറിയ തട്ടിപ്പ് നടത്തി. കമ്മീഷനെ നിയോഗിക്കുന്നതിന് പകരം കമ്മിറ്റി രൂപീകരിച്ച് തട്ടിപ്പ് നടത്തുകയാണ് ചെയ്തത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഉണ്ടായ വിഷയങ്ങളെ പിന്തുടർന്നാണ് വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) ഉണ്ടാകുന്നത്. തൊഴിൽ മേഖലയിലെ അവരുടെ സുരക്ഷിതത്വം, തുല്യ വേതനം, പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം തുടങ്ങിയ ആവശ്യങ്ങൾ നമ്മുടെ നാട്ടിലെ നിയമങ്ങൾ അനുസരിച്ച് മറ്റുള്ള മേഖലകളെപ്പോലെ സിനിമാ മേഖലയിലും നടത്തണമെന്നതായിരുന്നു ഡബ്ല്യൂ.സി.സി യുടെ ആവശ്യം. അത് നടപ്പിലാക്കണമെങ്കിൽ അതിനെക്കുറിച്ച് പഠിക്കണം. അതിന് വേണ്ടിയാണ് ഒരു കമ്മിറ്റിയെ നിയോഗിച്ചത്. നമ്മുടെ നാട്ടിൽ പല കമ്മീഷനുകളും കമ്മിറ്റികളും ഉണ്ട്. കമ്മിറ്റി എന്ന് പറയുമ്പോൾ ഒരു വിഷയത്തെക്കുറിച്ച് പഠിച്ച് അതിന്റെ റിപ്പോർട്ട് സമർപ്പിക്കുക എന്നത് മാത്രമാണ് ചെയ്യുന്നത്. എന്നാൽ കമ്മീഷൻ അങ്ങനെയല്ല. കമ്മീഷന്റെ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കണം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾക്ക് അറിയാം. ഏതെങ്കിലും തരത്തിൽ വേട്ടക്കാര്‍ക്കെതിരായുള്ള റിപ്പോർട്ടാണ് വരുന്നതെങ്കിൽ അത് നിയമസഭയിൽ മേശപ്പുറത്ത് വെച്ചാൽ കോളിളക്കം സൃഷ്ടിക്കുമെന്ന് അവർക്കറിയാം. അത് ഒഴിവാക്കാനായി ബുദ്ധിപൂർവം ചെയ്ത കളിയായിരുന്നു കമ്മിറ്റി എന്നത്. കമ്മിറ്റിയുടെ റിപ്പോർട്ട് വെറുതേ സ്വീകരിക്കാം. അതിൽ നടപടികൾ സ്വീകരിച്ചാലും ഇല്ലെങ്കിലും നിയമപരമായ ചുമതലകൾ ഇല്ല. ഇതിനെക്കുറിച്ച് അറിയാമെന്നുള്ളവർ ബുദ്ധിപരമായി കളിച്ച കളിയായിരുന്നു കമ്മിഷന് പകരം കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ, ആ ബുദ്ധിക്കുള്ള മറുപടി ഇപ്പോൾ കിട്ടി. കേരളത്തിലെ ജനങ്ങൾക്ക് ഭയങ്കരമായ കഴിവുണ്ട്. അവരുടെ പ്രതികരണശേഷി, ഇന്റലിജൻസ്, ജനാധിപത്യബോധമൊക്കെ ഇത്രയധികം രാജ്യത്തെ ഒരു സംസ്ഥാനത്തെ ജനങ്ങൾക്കും ഇല്ല. ഇത്തരം ജനങ്ങളുടെ മുന്നിൽ കള്ളം കാണിച്ച് പിടിക്കപ്പെട്ടാൽ പിന്നെ നിലത്ത് നിർത്തില്ല. അതാണ് ഇപ്പോൾ പൊതുസമൂഹത്തിൽ നിന്നും കണ്ടുകൊണ്ടിരിക്കുന്നത്.
സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes
1.46 കോടി രൂപ ചെലവഴിച്ചാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോർട്ടിൽ പറയുന്ന പല കാര്യങ്ങളും മുമ്പ് പറഞ്ഞും പറയാതെയും കേട്ടിട്ടുള്ളതും ചർച്ച ചെയ്തതുമായ കാര്യങ്ങളാണ്. എന്നിട്ടും എന്തുകൊണ്ടാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്ന കാര്യങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ വിമുഖത കാണിക്കുന്നത്.
സർക്കാർ വേണ്ടെന്ന് വെക്കുന്നത് കൊണ്ടാണ്. അല്ലാതെ നിയമപരമായി തടസ്സം ഉണ്ടായിട്ടല്ല. 233 പേജുള്ള റിപ്പോർട്ട് ഹൈക്കോടതിയും വിവരാവകാശ കമ്മിഷനും ഇടപെട്ട് സ്വകാര്യതയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും മാറ്റിവെച്ചുകൊണ്ട് ആളുകളുടെ പേര് സൂചിപ്പിക്കാതെ രണ്ട് വാല്യങ്ങളുള്ള റിപ്പോർട്ടിൽ നിന്ന് ഒരു തരത്തിലും വെളിവാകാത്ത കാര്യങ്ങളെക്കുറിച്ച് പരിശോധിച്ചുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മന്ത്രി എ.കെ ബാലന്റെ സാന്നിധ്യത്തിലാണ് സമർപ്പിക്കുന്നത്.
മുൻകാലങ്ങളിൽ ഇത്രയധികം വനിതാ മാധ്യമ പ്രവർത്തകരുണ്ടായിരുന്നില്ല. തുടക്കകാലത്ത് നടിമാർ ഉണ്ടായിരുന്നില്ല. സ്ത്രീവേഷം കെട്ടി അഭിനയിക്കുകയായിരുന്നു. ഇന്ന് അതിൽ നിന്ന് മാറി സിനിമ അഭിനയം എന്നത് ഒരു പ്രിവിലേജ്ഡ് തൊഴിലായി മാറുകയും ധാരാളം സ്ത്രീകൾ സിനിമയുമായി ബന്ധപ്പെട്ടുള്ള തൊഴിൽ മേഖലകളിൽ വരികയും ചെയ്യുന്നു. ഇവിടെ മാക്ട, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക്, ഫെഫ്കയിൽ തന്നെ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ സംഘടനകൾ ഉണ്ടാകുന്നു. അവരെല്ലാം സംഘടിതരാകുന്നു. ഇങ്ങനെ സംഘടിതരാകുമ്പോഴും സ്ത്രീകൾക്കും തുല്യമായ പരിരക്ഷ വേണമെന്നുള്ള കാഴ്ചപ്പാടാണ് ഡബ്ല്യൂസിസിയുടെ രൂപീകരണത്തിന് കാരണം. ഇതിനെ ഒരു ഇടതുപക്ഷ സർക്കാർ ഗൗരവത്തോടെ കാണണം. പ്രശ്നങ്ങൾ ഉന്നയിക്കുന്നവരെ സമാധാനിപ്പിക്കാൻ വേണ്ടിയോ വെറുതേയോ ഒരു കമ്മിറ്റിയും റിപ്പോർട്ടും ഉണ്ടാക്കുകയല്ല വേണ്ടത്. 1800 ഓളം നിയമങ്ങൾ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടുണ്ട്. അതിൽ ഭൂരിപക്ഷവും ഇടത് ഭരണകാലത്ത് ഉണ്ടായതാണ്. ഓരോ കാലഘട്ടത്തിലും ഉയർന്നുവരുന്ന തൊഴിലാളികൾക്ക് വേണ്ടിയാണത്. ഉദാഹരണത്തിന് സ്വിഗ്ഗി ജീവനക്കാരുടേയും പ്ലാറ്റ്ഫോം വർക്കേഴ്സിന്റേയും ഡൊമസ്റ്റിക്ക് വർക്കേഴ്സിന്റേയുമെല്ലാം സംരക്ഷണത്തിന് വേണ്ടിയുള്ള നിയമനിർമാണം ഇവിടെ നടക്കുന്നുണ്ട്. എന്തുകൊണ്ട് സിനിമാ മേഖലയിലെ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി നിയമനിർമാണം നടത്തുന്നില്ല എന്നുള്ളതാണ് ചോദ്യം. അതിന് വേണ്ടിയാണ് ഹേമ കമ്മിറ്റി പഠനം നടത്തിയത്. ഹേമ കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത് റിപ്പോർട്ട് പുറത്തുവിടരുതെന്ന് മാത്രമാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കരുതെന്നല്ല. സർക്കാരിനോ മന്ത്രിമാർക്കോ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ ഈ റിപ്പോർട്ട് വായിക്കുന്നതിന് യാതൊരു തടസവും ഇല്ല. ഇത് പൊതുജനങ്ങൾക്ക് നൽകി ഇത്തരത്തിൽ ചർച്ച നടത്തരുതെന്ന് മാത്രമാണ് വ്യക്തമാക്കിയിരുന്നത്. കാരണം ഇതിൽ മൊഴി നൽകിയവരുടെ സ്വകാര്യതയെ ബാധിക്കുമെന്നുള്ളതുകൊണ്ടാണത്. പക്ഷേ എന്തുകൊണ്ട് നടപടിയെടുത്തില്ല.
തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരേ കേസെടുക്കണമെന്ന നിയമമുള്ളപ്പോൾ പോലും റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ സർക്കാർ കേസെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. പകരം റിപ്പോർട്ട് പൂഴ്ത്തിവെക്കുകയല്ലേ ചെയ്തത്.
തീർച്ചയായും. അത് മാത്രമല്ല. ഈ റിപ്പോർട്ട് പുറത്ത് വിടാതിരുന്ന നാലരവർഷക്കാലത്ത് പോലും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകൾക്ക് നേരെ അതിക്രമം നടന്നിട്ടുണ്ട്. ഈ റിപ്പോർട്ട് തന്നെ ബാധിക്കില്ല, തനിക്കൊരു പ്രശ്നവുമില്ലെന്നാണ് മുകേഷ് പറയുന്നത്. മറ്റൊരാളാണ് ഗണേഷ്കുമാർ. ഇവരൊക്കെ ഇടതുപക്ഷ മന്ത്രിസഭയിലെ മന്ത്രിയും എംഎൽഎമാരുമാണ്. നാണം കൊണ്ട് തലതാഴ്ത്തുകയാണ്. വഴിയേ പോകുന്ന എല്ലാ വലതുപക്ഷ കൃമികളേയും പിടിച്ച് ഇടതുപക്ഷത്തിന്റെ ഭാഗമാക്കുകയാണ്. എങ്ങനേയും അധികാരം നിലനിർത്തുകയെന്നത് മാത്രമാവുകയാണ് ലക്ഷ്യം. അത് തെറ്റാണ്. ഇടതുപക്ഷത്തിന് ഒരു പോളിസിയുണ്ട്. ഇതുപോലെയുള്ള ആളുകളെ ചുമക്കേണ്ട ബാധ്യത ഇടതുപക്ഷത്തിനില്ല. മുകേഷിന്റെ രണ്ട് ഭാര്യമാർ, പൊതു സമൂഹത്തിനോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞില്ലേ, മുകേഷിനെക്കുറിച്ച് എത്ര പേരാണ് ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. ഇത്തരം ആളുകളെ ഇടതുപക്ഷ എംഎൽഎമാർ എന്നുള്ള ലേബലിൽ തോളിൽ കയറ്റി ഇരുത്തുന്നതിനോട് യോജിപ്പില്ല. കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഗുരുദാസൻ സഖാവിനെ മാറ്റിയിട്ടാണ് ഇയാളെ കൊണ്ടുവരുന്നത്. നാട്ടുകാർക്കോ ഇടതുപക്ഷത്തിനോ യാതൊരു പ്രയോജനവുമില്ല.
2017ൽ നടി ആക്രമിക്കപ്പെട്ട ശേഷം അമ്മയുടെ മീറ്റിങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ മുകേഷും ഗണേഷ് കുമാർ മന്ത്രിയും പറയുന്ന ഒരു കാര്യമുണ്ട്. ഇത് 'അമ്മ'യുടെ മക്കളാണ്. ഇവരെ തള്ളിക്കളയാൻ സാധിക്കില്ല, എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന്.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ ഏറ്റവും കൂടുതൽ സംരക്ഷിക്കാൻ ശ്രമിച്ച രണ്ട് പേരാണ് ഇവർ. ഇന്ന് സാങ്കേതികവിദ്യ ഇത്രയും വളർന്ന കാലഘട്ടത്തിൽ ഇതൊന്നും അത്രയെളുപ്പം നിഷേധിക്കാനാകില്ല. പഴയ വീഡിയോകളുമായി ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നത് കാണുകയല്ലേ. മുമ്പൊക്കെ ഇതെല്ലാം നിഷേധിക്കാമായിരുന്നു. ഇപ്പോൾ അത്രയെളുപ്പം സാധിക്കില്ല. ഇവരെയൊക്കെ കോമ്രേഡ്സ് എന്ന് വിളിക്കേണ്ട ഗതികേടിലാണിപ്പോൾ.
ഹൈക്കോടതി തന്നെ സർക്കാരിനോട് ചോദിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കില്ലേയെന്ന്. സർക്കാരിന് കേസെടുക്കാൻ സാധിക്കില്ലേ.
സർക്കാരിന് കേസെടുക്കാൻ തീർച്ചയായും സാധിക്കും. ജസ്റ്റിസ് ഹേമ എന്ന് പറയുന്ന വ്യക്തി, എനിക്ക് വളരെ അടുത്ത് പരിചയമുള്ള ആളാണ്. എന്റെ വെള്ള യൂണിഫോമിൽ രണ്ട് പുള്ളി ഉണ്ടായതുകൊണ്ട് കോടതിയിൽ കേസ് പറയാൻ കഴിയില്ലെന്ന് പറഞ്ഞ വ്യക്തിയാണ്. അത്രയും കർക്കശക്കാരിയായ ജഡ്ജിയാണ്. ക്രിമിനൽ കേസ് കെെകാര്യം ചെയ്തിരുന്ന വ്യക്തിയാണ്. അവരെ സംബന്ധിച്ച് പ്രൊസീജിയർ അനുസരിച്ച് മാത്രമേ ചെയ്യുകയുള്ളൂ. അതുകൊണ്ട് തന്നെ ആരെങ്കിലുമൊക്കെ കൊടുത്ത മൊഴികളല്ല ഇതിൽ പറയുന്നത്. രണ്ട് വോള്യമായാണ് റിപ്പോർട്ട്. അതിൽ ആരൊക്കെ മൊഴികൊടുത്തു, എങ്ങനെ നോട്ടീസ് കൊടുത്തു തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. കമ്മിറ്റി റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്, അവർ കൃത്യമായി നോട്ടീസ് കൊടുത്ത് അവരോട് അപ്പിയർ ചെയ്യാൻ പറഞ്ഞതിന് ശേഷം ആ ആൾക്കാർ കൊടുത്ത മൊഴികളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ്. അതിന് ആവശ്യമായ തെളിവുകളും സ്റ്റേറ്റ്മെന്റുകളും അവർ തന്നിട്ടുണ്ട്.
ആഭ്യന്തരമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർക്ക് ഒരു വിവരവുമില്ലാതായാൽ നിവൃത്തിയില്ല. സജി ചെറിയാൻ മന്ത്രിയെ കുറ്റം പറയില്ല, കാരണം അദ്ദേഹത്തിന് നിയമം അറിയില്ല. ഇന്ന് മന്ത്രി ബാലഗോപാൽ അന്വേഷണത്തിന് തടസമില്ലെന്ന് പറഞ്ഞു, അദ്ദേഹം നിയമം അറിയുന്ന ആളാണ്. മൊഴി നൽകിയവരോട് ഇനിയും വന്ന് മൊഴി നൽകാൻ പറയുന്നത് അവരുടെ ശവത്തിൽ കുത്തുന്നതിന് തുല്യമല്ലേ. അപ്പോൾ തട്ടിപ്പ് നടത്താനാണോ കമ്മിറ്റി ഉണ്ടാക്കിയത്.? ഏതെങ്കിലും ഇരയുടെ പേര് പറയാൻ നമുക്ക് അവകാശമില്ല. പേര് വെളിപ്പെടുത്തുന്നതിൽ കാര്യമില്ല. റിപ്പോർട്ട് കാണണ്ട. പക്ഷേ, നടപടി സ്വീകരിക്കണമെന്നതാണ്. കോടതിയുടെ ഇടപെടൽ വലിയ കാര്യമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് കമ്മിറ്റി കൃത്യമായി പ്രവർത്തിക്കാതിരിക്കാനും ഒരു മാഫിയ പ്രവർത്തിച്ചിട്ടുണ്ടെന്നുവേണ്ടേ മനസിലാക്കാൻ.
സംശയമില്ല, റിപ്പോർട്ടിൽ പറയുന്നതുപോലെ നക്ഷത്രങ്ങളല്ല ഇവർ. ഇപ്പോഴും പ്രവർത്തിക്കുന്നു. കള്ളപ്പണത്തിന്റേയും ലഹരി മാഫിയയുടേയും മാഫിയ സംഘങ്ങളുടേയും ക്രിമിനൽ സംഘങ്ങളുടേയും കേന്ദ്രമാണ് സിനിമ. അവർ ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്തില്ലങ്കിലേ അതിശയമുള്ളൂ. അവിടെ നടിമാർ മാത്രമല്ല, ടെക്നീഷ്യന്മാരായി സ്ത്രീകൾ വന്നാലും ഇതേ മനോഭാവം തന്നെയാകും അവരോടും.
നടി ആക്രമിക്കപ്പെട്ട കേസിലെ അഭിഭാഷക എന്ന നിലയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ എങ്ങനെ വിലയിരുത്തുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഉണ്ടായ വിഷയങ്ങളെ പിന്തുടർന്നാണ് ഡബ്ല്യൂ സി സി ഉണ്ടാകുന്നത്. ഡബ്ല്യൂസിസിയുടെ നിരന്തരമായ ആവശ്യപ്രകാരമാണ് സർക്കാർ ഇടപെടുകയും കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതികളാണ് ഈ റിപ്പോർട്ടിലുള്ള പവർ ഗ്രൂപ്പ് എന്നൊക്കെ പറഞ്ഞ് അവിടെ നിലനിൽക്കുന്ന ആളുകൾ. അതിന് പരസ്പര ബന്ധമുണ്ടെന്നുള്ള കാര്യത്തിൽ യാതൊരു തർക്കവുമില്ലല്ലോ.
Content Highlights: interview with tb mini on hema committee report, amritha au, kerala govt
Published: 23 Aug 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented