ഏതു കൊടുങ്കാറ്റിലും അണയാത്ത ചില വെളിച്ചങ്ങളുണ്ട്. അവനവനുവേണ്ടിയല്ലെങ്കിലും മറ്റാര്‍ക്കെങ്കിലുംവേണ്ടി അതങ്ങനെ മുനിഞ്ഞുകത്തിക്കൊണ്ടിരിക്കും. അത്തരത്തിലൊരു വിളക്കുമാടമായിരുന്നു കെ.വി. റാബിയ.

To advertise here,

ഒരു മനുഷ്യന്റെ എല്ലാ ആത്മവിശ്വാസവും തകരുന്നത് സ്വന്തം മനസ്സിനൊപ്പം ശരീരം ചലിക്കാതാകുമ്പോഴാണ്. കുട്ടിക്കാലം മുതല്‍ക്കേ റാബിയ അനുഭവിച്ചതാണ് ആ വേദന. തുടക്കത്തില്‍ കൈകാലുകള്‍ക്കുള്ള വൈകല്യമായിരുന്നെങ്കില്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോള്‍ അരയ്ക്കുകീഴെ പൂര്‍ണമായി തളര്‍ന്നു. പിന്നെ ചക്രക്കസേരയിലായി ജീവിതം.

പ്രീഡിഗ്രിക്ക് ചേര്‍ന്നെങ്കിലും ആ ശാരീരികാവസ്ഥയില്‍ തുടരാനായില്ല. പക്ഷേ, റാബിയ പിന്‍വാങ്ങിയില്ല. ചക്രക്കസേരയിലിരുന്ന് പുസ്തകങ്ങളിലൂടെ ലോകത്തെ കണ്ടു, അനുഭവിച്ചു. അങ്ങനെ ബിരുദവും ബിരുദാനന്തരബിരുദവും നേടി. കുട്ടികള്‍ക്ക് ട്യൂഷനെടുത്തു. 1990-കളില്‍ സാക്ഷരതാപ്രസ്ഥാനം തുടങ്ങിയപ്പോള്‍ അതിന്റെ മുന്നണിയിലെത്തി. ഗ്രാമത്തിലെ നിരക്ഷരര്‍ക്ക് അക്ഷരം പകരാന്‍ ആ ചക്രക്കസേര നാടുമുഴുവന്‍ ഉരുണ്ടു. ഈ സാക്ഷരതാപ്രവര്‍ത്തനത്തിലൂടെയാണ് റാബിയ പൊതുരംഗത്ത് അറിയപ്പെടാന്‍ തുടങ്ങിയത്.

placeholder
കെ.വി. റാബിയ, സുകുമാർ അഴീക്കോടിനൊപ്പം (ഫയൽചിത്രം- മാതൃഭൂമി) 

പിന്നെ ആ ചക്രക്കസേരയ്ക്ക് റോക്കറ്റിന്റെ വേഗമായിരുന്നു. സ്വന്തം വീട്ടില്‍ത്തന്നെ വിശാലമായ ലൈബ്രറിയും തുടര്‍വിദ്യാകേന്ദ്രവും തുടങ്ങി. ലൈബ്രറിയുടെ കീഴില്‍ എല്ലാവീട്ടിലും പുസ്തകമെത്തിച്ചു. സ്ത്രീകള്‍ക്കിടയില്‍ വായന നിര്‍ബന്ധമാക്കി. അവരെവെച്ച് പുസ്തകചര്‍ച്ചകള്‍ നടത്തി. സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങി. നാട്ടില്‍ റോഡിനും പാലത്തിനുമൊക്കെയുള്ള സമരങ്ങളില്‍ മുന്നില്‍നിന്നു. അംഗപരിമിതരുടെ പുനരധിവാസത്തിനായി 'ചലനം' എന്നൊരു സംഘടന രൂപവത്കരിച്ചു.

വനിതാശാക്തീകരണവും ലക്ഷ്യമായിരുന്നു. വേദനിക്കുന്നവര്‍ക്ക് സാന്ത്വനമാകാന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനം തുടങ്ങി. റാബിയ ഫൗണ്ടേഷന്‍ ട്രസ്റ്റ് രൂപവത്കരിച്ചു. ദാരിദ്ര്യംകൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും അശരണര്‍ക്കും ഒരു ആശ്വാസമായിരുന്നു ആ ട്രസ്റ്റ്. ഈ കൊച്ചുജീവിതത്തിനിടയില്‍ റാബിയ സഞ്ചരിച്ച വഴികള്‍ അദ്ഭുതംതന്നെയായിരുന്നു. റാബിയയുടെ വീട് പലപ്പോഴും കോടതിയായി. വഴിത്തര്‍ക്കവും അടിപിടിക്കേസും കുടുംബപ്രശ്നങ്ങളുമൊക്കെ ഈ ചക്രക്കസേരയ്ക്കു ചുറ്റുമിരുന്ന് രാജിയായി. സ്നേഹത്തോടെ അവര്‍ നല്‍കുന്ന ഉപദേശങ്ങള്‍ വിദ്വേഷങ്ങളുടെ മഞ്ഞുമലകളുരുക്കി.

അതിനിടയില്‍ അര്‍ബുദത്തിന്റെ രൂപത്തില്‍ അടുത്ത പരീക്ഷണമെത്തി. എന്നിട്ടും ആ പോരാളി തളര്‍ന്നില്ല. വര്‍ഷങ്ങള്‍ ചികിത്സിച്ച് അതിനെ ഒരുവിധം പിടിച്ചുകെട്ടി. ആ സമയത്തുതന്നെ വീണ് നട്ടെല്ലിനു കാര്യമായ തകരാറും പറ്റി. പിന്നെ അതിന്റെകൂടി വേദന ചുമന്നായിരുന്നു സഞ്ചാരം. ഘട്ടംഘട്ടമായി വരുന്ന പ്രതിബന്ധങ്ങളോരോന്നും ചക്രക്കസേരയിലിരുന്ന് തട്ടിനീക്കി. ഓരോരോ അവയവങ്ങളായി പിണങ്ങാന്‍ തുടങ്ങിയപ്പോള്‍ പിന്നീട് മൂത്രബാഗും കൊണ്ടായി സഞ്ചാരം. വര്‍ഷങ്ങളോളം ആ ബാഗും ചുമന്ന് ചക്രക്കസേരയില്‍ പലരുടെയും ജീവിതത്തിനായി ഓടി.

'ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും
ജീവിച്ച് ജീവിതത്തോടു ഞാന്‍ വാങ്ങിടും
' എന്ന ചങ്ങമ്പുഴക്കവിതയായിരുന്നു ആ ജീവിതം.

നൂറുകണക്കിനു പേരുടെ ഹൃദയങ്ങളില്‍ റാബിയയുടെ ചക്രക്കസേര സിംഹാസനതുല്യമായി. ആ മഹത്ത്വം കാണാതിരിക്കാന്‍ രാഷ്ട്രത്തിനു കഴിയില്ലായിരുന്നു. അങ്ങനെ പദ്മശ്രീയും തേടിവന്നു. 2022-ലാണ് പരമോന്നതപദവികളിലൊന്ന് റാബിയയുടെ വീട്ടിലേക്കെത്തിയത്. മികച്ച സാക്ഷരതാപ്രവര്‍ത്തകയ്ക്കുള്ള യുഎന്‍ അവാര്‍ഡ്, സാക്ഷരതാപ്രവര്‍ത്തനത്തിന് 1993-ലെ ദേശീയ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്നം അവാര്‍ഡ്, യുഎന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, സംസ്ഥാന സാക്ഷരതാമിഷന്‍ അവാര്‍ഡ്, കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ ഈ പോരാളിയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നു.

അർബുദരോഗത്തെ തുടർന്ന്‌  ചികിത്സയിലായിരിക്കെ  ഞായറാഴ്‌ച രാവിലെ മമ്പുറത്തുള്ള സഹോദരിയുടെ വീട്ടില്‍വെച്ചായിരുന്നു റാബിയയുടെ മരണം.