To advertise here,

ആയിരങ്ങള്‍ക്ക് അഭയമാണ് കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയായ പി.യു തോമസ് എന്ന കോട്ടയംകാരുടെ പ്രിയപ്പെട്ട തോമസേട്ടന്‍. ദിവസവും അയ്യായിരത്തിലധികം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്നം നല്‍കിയും നിരവധി പേര്‍ക്ക് നവജീവന്‍ എന്ന ആതുരാലയത്തിലൂടെ ജീവിതം നല്‍കിയുമാണ് തോമസ് സമൂഹത്തിനാകെ മാതൃകയാകുന്നത്.

1966ല്‍ തന്റെ 17-ാം വയസില്‍ കോട്ടയം മെഡിക്കല്‍ കോളജിന്റെ രോഗക്കിടക്കയില്‍ നിന്നു തുടങ്ങിയതാണ് തോമസിന്റെ പൊതിച്ചോര്‍ വിതരണം. അന്ന് ആശുപത്രി കിടക്കയില്‍ അള്‍സര്‍ രോഗബാധിതനായി ശസ്ത്രക്രിയക്കുള്ള ഊഴവും കാത്തു കിടക്കുകയായിരുന്ന തോമസിന്റെ ആദ്യത്തെ കാരുണ്യം തൊട്ടടുത്ത തറയില്‍ കിടന്നിരുന്ന അനാഥനായ രാമചന്ദ്രനായിരുന്നു. അന്ന് രാമചന്ദ്രനുമായി ഉടലെടുത്ത സൗഹൃദം അദ്ദേഹത്തിന്റെ മരണത്തോടുകൂടി തീരാ വേദനയായി മാറിയതോടുകൂടിയാണ് രാമചന്ദ്രനെ പോലെ സമാനമായ രീതിയില്‍ വിഷമിക്കുന്നവരെ കണ്ടെത്തുകയും അവര്‍ക്ക് ഭക്ഷണം എത്തിക്കുകയും ചെയ്തു തുടങ്ങിയത്. ഇന്ന് കോട്ടയത്തെ നാല് ആശുപത്രികളിലായി അയ്യായിരത്തിലധികം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്നം നല്‍കുകയാണ് തോമസ്.

കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്തുണ്ടായിരുന്ന മാലിന്യ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന ഗര്‍ഭിണിയെ കാണുകയും അവരെ പരിചരിക്കുകയും ചെയ്തതോടുകൂടിയാണ് മാനസിക വെല്ലുവിളി നേരിടുന്നവരെ സഹായിക്കണമെന്ന ചിന്ത ഉടലെടുത്തത്. ഇന്ന് മാനസിക വെല്ലുവിളി നേരിടുന്നവരും മക്കള്‍ ഉപേക്ഷിച്ചവരുമടക്കം 160ലധികം അന്തേവാസികളാണ് നവജീവന്‍ ട്രസ്റ്റിലുള്ളത്. തന്റെ ജീവിതത്തെക്കുറിച്ചും സന്നദ്ധ പ്രവര്‍ത്തനത്തെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് തോമസ്.