ഗൾഫ് നാടുകളിലേക്ക് എഴുപതുകളിൽ ആരംഭിച്ച മലയാളികളുടെ കുടിയേറ്റപ്രയാണം അരനൂറ്റാണ്ട് പിന്നിടുന്നു. 2018-ലെ കേരള മൈഗ്രേഷൻ സർവേപ്രകാരം കേരളത്തിൽനിന്ന് വിദേശത്തേക്ക് കുടിയേറിയവരുടെ എണ്ണം 2.1 ദശലക്ഷമാണ്.

To advertise here,

കോവിഡാനന്തരം നടന്ന കെ.എം.എസ്.-2023 സർവേയിൽ ഇത് 2.2 ദശലക്ഷമായി ഉയർന്നു. തൊണ്ണൂറുകളുടെ അവസാനത്തിൽ രേഖപ്പെടുത്തിയ 1.36 ദശലക്ഷത്തിൽനിന്ന് ഇപ്പോഴത്തെ നിലയിലേക്ക് അറുപതുശതമാനത്തിലേറെ വളർച്ചയാണ് കുടിയേറ്റത്തിലുണ്ടായത്.

വിദേശത്തുള്ളവരും തിരികെ എത്തിയവരുമടക്കം നാലുദശലക്ഷത്തോളം വരുന്ന ആകെ പ്രവാസികൾ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നൽകുന്ന സംഭാവന ചെറുതല്ല. അഞ്ചിൽ രണ്ട് കുടുംബങ്ങളിലെങ്കിലും ഒരു പ്രവാസിയുടെ സാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തൽ.

വിദേശത്തുനിന്ന് പ്രവാസികൾ അയക്കുന്ന പണത്തിൽ (Remittances) കോവിഡ് മഹാമാരിക്കുശേഷം വൻ വർധനയുണ്ടായി. 2018-നെ അപേക്ഷിച്ച് ആകെ പണമൊഴുക്ക് 155 ശതമാനം വർധിച്ച് 2023-ൽ 2.16 ലക്ഷം കോടി രൂപയായി ഉയർന്നു; സംസ്ഥാനത്തിന്റെ അറ്റ ആഭ്യന്തര ഉത്പാദനത്തിന്റെ (NSDP) 23 ശതമാനത്തോളം.

കഴിഞ്ഞ അരനൂറ്റാണ്ടിലെ റെമിറ്റൻസിന്റെ ഒഴുക്ക് കേരളീയരുടെ ആരോഗ്യ-വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ നിസ്തുലമായ പങ്കാണ് വഹിച്ചത്. അതിനാൽ വിദേശജീവിതം അവസാനിപ്പിച്ച് തിരികെ വരുന്ന ഓരോ പ്രവാസിയുടെയും ക്ഷേമം സംസ്ഥാനത്തിന്റെ പ്രത്യേക പരിഗണന അർഹിക്കുന്നു.

പുനരധിവാസമാതൃകകൾ

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കുന്നവർ പ്രധാന വെല്ലുവിളി നേരിടുക മുന്നോട്ടുള്ള ജീവിതമാർഗത്തിലും സാമ്പത്തിക ഭദ്രതയിലുമാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട് വൻതോതിൽ പ്രവാസികൾ മടങ്ങിയെത്തിയപ്പോൾ, അടിയന്തര ആശ്വാസത്തിനായി സമഗ്ര പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചിരുന്നു.

'പ്രവാസി ഭദ്രത' എന്നപേരിൽ കോവിഡനന്തരം തിരിച്ചെത്തിയവരുടെ പുനരധിവാസത്തിനായി കുടുംബശ്രീവഴിയും കെ.എസ്.എഫ്.ഇ. വഴിയും ചെറുകിട സംരംഭത്തിനായി രണ്ടുമുതൽ അഞ്ചുലക്ഷം രൂപവരെ മൂലധന സബ്‌സിഡിയോടുകൂടിയുള്ള വായ്പ ലഭ്യമാക്കിയിരുന്നു.

ഇതോടൊപ്പം, നോർക്ക റൂട്ട്സ് വഴി സർക്കാർ നടപ്പാക്കുന്ന ഒരു സുപ്രധാന പ്രവാസി പുനരധിവാസ പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (NDPREM). തിരികെയെത്തുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുകയും അതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

പദ്ധതിയിൽ പങ്കാളിത്തമുള്ള പതിമ്മൂന്നോളം ബാങ്കുകൾവഴി പരമാവധി മുപ്പതുലക്ഷം രൂപവരെയുള്ള വായ്പകൾ സാധ്യമാണ്. പദ്ധതി ആരംഭിച്ചതുമുതൽ കേരളത്തിലുടനീളം 10,189 സംരംഭങ്ങൾ പ്രവാസി കൂട്ടായ്മകളിലൂടെയും വ്യക്തിഗതമായും ആരംഭിക്കാൻ സാധിച്ചു.

വേണ്ടത് ക്രിയാത്മകപരിഹാരം

NDPREM പദ്ധതിവഴി മുപ്പതുലക്ഷംരൂപവരെ ലഭ്യമാണെങ്കിലും യഥാർഥത്തിൽ ഗുണഭോക്താക്കളുടെ ശരാശരി വായ്പത്തുക കേവലം ഏഴുലക്ഷത്തോളമാണ്.

പ്രായോഗികതലത്തിൽ ഇത്തരം പുനരധിവാസപദ്ധതികൾ സംബന്ധിച്ച് പ്രവാസികൾ കടുത്ത നിരാശയാണ് നേരിടുന്നതെന്ന് ഇതേക്കുറിച്ച് പഠിച്ച നിയമസഭാ പ്രവാസിക്ഷേമസമിതി നിരീക്ഷിച്ചിരുന്നു.

സിബിൽ (CIBIL) സ്‌കോറും വിപണനസാധ്യതയും ചൂണ്ടിക്കാട്ടി അപേക്ഷകൾ ബാങ്കുകൾ തള്ളുന്നത് പതിവാണെന്ന് സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026 ജൂലായിലെ നിയമസഭാരേഖകൾപ്രകാരം കേവലം 13 ധനകാര്യസ്ഥാപനങ്ങളിലൂടെ മാത്രമാണ് നിലവിൽ വായ്പ ലഭ്യമാകുന്നത്.

പദ്ധതിയുടെ പ്രാരംഭഘട്ടത്തെ അപേക്ഷിച്ച് ബാങ്കിങ് പങ്കാളിത്തത്തിലെ ഈ കുറവ് പരിഹരിക്കാൻ കൂടുതൽ സഹകരണബാങ്കുകളെക്കൂടി NDPREM-ൽ ഉൾപ്പെടുത്താവുന്നതാണ്. കൂടാതെ, പ്രവാസികളുടെ പുനരധിവാസത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും ഗുണംചെയ്യും.

NDPREM പദ്ധതിയുടെ പ്രഭാവത്തെക്കുറിച്ച് സെന്റർ ഫോർ ഡിവലപ്‌മെന്റ് സ്റ്റഡീസ് (CDS) നിലവിൽ പഠനം നടത്തുന്നുണ്ട്. ഇത്തരം പഠനങ്ങളിലൂടെയും വിലയിരുത്തലുകളിലൂടെയും പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ തക്കവണ്ണം പദ്ധതികളെ പരിഷ്‌കരിക്കേണ്ടതുണ്ട്.

തിരികെവന്ന പ്രവാസികളിൽ ഭൂരിഭാഗവും ജീവിതത്തിന്റെ മധ്യഘട്ടത്തിലെത്തിയവരും സാമ്പത്തിക-ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരുമായതിനാൽ, അവരുടെ കഴിവിനെമാത്രം ആശ്രയിച്ചുള്ള പുനരധിവാസം എളുപ്പമല്ല. അതിനാൽ വായ്പ നൽകുന്നതിനൊപ്പം ആവശ്യമായ സംരംഭകപരിശീലനവും ഉറപ്പുവരുത്തണം.

തിരിച്ചുവരവും വെല്ലുവിളികളും

നിലവിലെ കണക്കനുസരിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ ആകെ എണ്ണം 1.8 ദശലക്ഷത്തോളം വരും. ഭൂരിഭാഗം പേരുടെയും തിരിച്ചുവരവിന് കാരണമായത് ജോലി നഷ്ടപ്പെടലോ ജോലിയിൽനിന്നുള്ള പിരിച്ചുവിടലോ ആണ്.

വിദേശത്തുപോയതിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ച് മടങ്ങിയെത്തിയവരാകട്ടെ വളരെ കുറവും കൂടാതെ, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും സാമ്പത്തികതിരിച്ചടികളും തൊഴിൽനഷ്ടവും നാടുകടത്തലുംമൂലം കോവിഡനന്തരം പ്രവാസികൾ വൻതോതിൽ നാട്ടിലേക്ക് മടങ്ങിയെത്തുകയുണ്ടായി.

വിദേശത്തേക്ക് പോകുന്നതിനുമുൻപ് 88 ശതമാനമായിരുന്ന പ്രവാസികളുടെ തൊഴിൽപങ്കാളിത്തനിരക്ക് മടങ്ങിവരവിനുശേഷം 73 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വാർധക്യം, അസുഖങ്ങൾ എന്നിവയാണ് കാരണങ്ങൾ.

തൊഴിൽകമ്പോളത്തിൽ സജീവമായവരിൽ 20 ശതമാനത്തോളംപേർ മാത്രമാണ് സ്വയംതൊഴിലിൽ ഏർപ്പെടുന്നത്. പ്രവാസികളിൽ പകുതിയോളം പേർ സ്വന്തമായി ഒരു സംരംഭം ആഗ്രഹിക്കുന്നവരാണ്. എന്നിരിക്കേ സ്വയംതൊഴിലിൽ ഏർപ്പെടുന്നവരുടെ ഈ തോത് വളരെ കുറവാണ്.

വ്യക്തിഗതമായ ഈ തൊഴിൽപ്രതിസന്ധികൾക്ക് പുറമേയാണ് ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ സ്വാധീനം. മധ്യപൂർവേഷ്യയിൽ പുകയുന്ന അമേരിക്ക-ഇറാൻ യുദ്ധസമാന സാഹചര്യങ്ങൾ പ്രവാസി മലയാളികളുടെ ഭാവിക്കുമുകളിൽ കരിനിഴൽവീഴ്ത്തുന്നു.

(സി.ഡി.എസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയാണ് ലേഖകൻ)