‘നരത്തിര’ ഉയരുകയാണ്! പ്രായമേറുന്ന ജനസംഖ്യ ഇന്ത്യയുടെ ജി.ഡി.പി.യെ പാളംതെറ്റിക്കുമെന്നാണ് പലരുടെയും ആധി. കുറഞ്ഞ ജനനനിരക്കും സംസ്ഥാനത്തെ താഴുന്ന പ്രത്യുത്‌പാദനനിരക്കും കണ്ട് ഭയന്ന്, കേരളത്തിന്റെ സാമ്പത്തികമുന്നേറ്റത്തെ ദുരന്തപ്രവാചകർ എഴുതിത്തള്ളുന്നു. ഭാവിയിൽ ഇന്ത്യയിലുണ്ടാകുന്ന തൊഴിലാളിക്ഷാമം ബിസിനസുകളെ തകർക്കുമെന്നും ഉത്‌പാദനക്ഷമതയില്ലാത്ത വയസ്സന്മാർ തൊഴിലെടുക്കുന്നവരെ ഊറ്റിക്കുടിക്കുമെന്നും അവർ മുന്നറിയിപ്പുനൽകുന്നു. അസംബന്ധം. ജനസംഖ്യ നരയ്ക്കുന്നത് പുരോഗതിയെ തടയുകയല്ല, അതിനെ വെളിപ്പെടുത്തുകയാണ്. ദൈവത്തിന്റെ സ്വന്തം നാടുതന്നെ അതിനു സാക്ഷ്യം.

To advertise here,

കേരളത്തിനു പ്രായമാവുമ്പോൾ

ഇന്ത്യ വാർധക്യത്തിലേക്കു നീങ്ങുകയാണ്; വിശേഷിച്ചും ദക്ഷിണേന്ത്യ. ഇന്ത്യക്കാരിൽ 11 ശതമാനം പേർ അറുപതോ അതിലധികമോ പ്രായമുള്ളവരാണെന്ന് സാമ്പത്തികസഹകരണ വികസനസംഘടന (ഒ.ഇ.സി.ഡി.) പറയുന്നു -1970-ലേതിന്റെ ഏകദേശം ഇരട്ടി. 2050-ഓടെ ഇത് 21 ശതമാനമായി ഉയരുമെന്നാണ് ഒ.ഇ.സി.ഡി.യുടെ പ്രവചനം. കേരളീയരിൽ 19 ശതമാനം പേർ 60 വയസ്സോ അതിലധികമോ പ്രായമുള്ളവരാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) പറയുന്നു; 1960-കളിൽ ആറുശതമാനം ആയിരുന്നതിന്റെ മൂന്നിരട്ടി. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ സംസ്ഥാനമായി കേരളം. പത്തുവർഷത്തിനകം ഇത് 23 ശതമാനം എന്നനിലയിലേക്ക് അടുക്കുമെന്ന് ആർ.ബി.ഐ. കണക്കാക്കുന്നു.

ഇന്ത്യയുടെ ‘വയോജന ആശ്രിതത്വ അനുപാതം’ (ഒ.എ.ഡി.ആർ.) കൂടി നോക്കാം. ‘തൊഴിൽപ്രായത്തിലുള്ള’ (15–59 വയസ്സ്) ഓരോ 100 പേർക്കും 60 വയസ്സോ അതിലധികമോ പ്രായമുള്ള എത്ര പേരുണ്ട് എന്നാണ് ഇന്ത്യ ഇതിൽ കണക്കാക്കുന്നത്. ഒ.ഇ.സി.ഡി. കണക്കുപ്രകാരം 2000-ൽ ഇത് 12-ൽ താഴെയായിരുന്നു. ഇപ്പോഴോ? 17. പത്തുവർഷത്തിനകം ഇത് 22 ആകുമെന്ന് ഒ.ഇ.സി.ഡി. കണക്കാക്കുന്നു. 2050-ഓടെ? 33! ഓരോ കാരണവർക്കും ആരോഗ്യമുള്ള മൂന്നു തൊഴിലാളികൾമാത്രം. ഭീകരമെന്നാണ് പറച്ചിൽ! കേരളത്തിൽ സ്ഥിതി ഇതിലും മോശമാകുമെന്നും -അതും നേരത്തേ- ആർ.ബി.ഐ. പ്രവചിക്കുന്നു.

പ്രത്യുത്പാദന നിരക്ക് കുറഞ്ഞാൽ

ആശങ്കകൂട്ടാൻ മറ്റൊന്നുകൂടി: ഇന്ത്യയുടെ പ്രത്യുത്‌പാദനനിരക്ക് ഒരു സ്ത്രീക്ക് 1.9 കുട്ടികൾ എന്നനിലയിലേക്ക് താഴ്ന്നു; ജനസംഖ്യ നിലനിർത്താൻവേണ്ട 2.1 എന്ന നിരക്കിനും താഴെ. കേരളത്തിന്റേത് വെറും 1.3; ഇന്ത്യയിലെ ഏറ്റവും താഴ്ന്നവയിലൊന്ന്. ഇതു പുതിയതല്ലെന്ന് നിങ്ങൾക്കറിയാം. പതിറ്റാണ്ടുകളായി കുറഞ്ഞ പ്രത്യുത്‌പാദനനിരക്ക് കേരളത്തെ വേറിട്ടുനിർത്തുന്നു. എന്നിട്ടും നിങ്ങളുടെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയർന്നു. ഇവ രണ്ടും ഒരുമിച്ചു പോകുന്നവയാണെന്ന് മിക്കനിരീക്ഷകരും എങ്ങനെയോ കാണാതെപോകുന്നു.

എന്തിനു പരിഭ്രമിക്കണം

നിങ്ങളുടെ ജനസംഖ്യാചരിത്രമാണ് ഇന്ത്യയുടെ ഭാവി. സമൃദ്ധിയിലേക്ക് നീങ്ങുമ്പോൾ എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകൾക്കും പ്രായമേറും. ഒന്നൊഴിയാതെ എല്ലാറ്റിനും! അതിനെ ആഘോഷിക്കൂ! ജീവിതനിലവാരം ഉയരുമ്പോൾ മെച്ചപ്പെട്ട ആരോഗ്യപരിപാലനം ആയുസ്സ് നീട്ടുന്നു, ഉത്‌പാദനക്ഷമമായ വർഷങ്ങൾ കൂട്ടിച്ചേർക്കുന്നു. 1970-ൽ ഇന്ത്യയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരാശരി ആയുർദൈർഘ്യം യഥാക്രമം 48, 49 വയസ്സുമാത്രമായിരുന്നു. ഇപ്പോഴോ? സ്ത്രീകൾക്ക് 74, പുരുഷന്മാർക്ക് 71. കേരളത്തിൽ ഇതിലും കൂടുതലാണ് -സ്ത്രീകൾക്ക് 78, പുരുഷന്മാർക്ക് 72. കൈയടിക്കാം! ‘നല്ല’ ജനസംഖ്യാഘടനയുള്ള രാജ്യങ്ങൾ ദാരിദ്ര്യവും കുറഞ്ഞ ആയുസ്സും ഉയർന്ന ശിശുമരണനിരക്കും നേരിടുന്നു. അവയുടെ സമ്പദ്‌വ്യവസ്ഥയോ? ദയനീയം. അവയിൽ മിക്കതും ഇന്ന് ആഫ്രിക്കയിലാണ്.

ഇന്ത്യയുടെ ‘നരത്തിര’യെച്ചൊല്ലി ആധിപിടിക്കുന്നവർ ഒന്നു മറക്കുന്നു: 1950-ൽ അമേരിക്കയുടെ ഒ.എ.ഡി.ആർ. 20 ആയിരുന്നു, ഇന്നത്തെ ഇന്ത്യയുടേതിനെക്കാൾ കൂടുതൽ! ഇപ്പോഴോ? അമേരിക്കയുടേത് 43! തുടർന്നുള്ള 76 വർഷം അമേരിക്കയിൽ വൻവളർച്ചയും നൂതനാശയങ്ങളും സമ്പൽസമൃദ്ധിയും കണ്ടു. കേരളത്തിന്റെ സമീപകാല ചരിത്രവും അതുതന്നെ പറയുന്നു. പിന്നെ എവിടെയാണ് പ്രശ്നം?

തെറ്റായ അനുമാനങ്ങൾ

നരച്ചവരെല്ലാം പിശുക്കന്മാരാണെന്നാണ് ദുരന്തവാദികളുടെ ധാരണ. തെറ്റ്! പ്രായമായവരും പണം ചെലവഴിക്കുന്നു. അല്ലെങ്കിൽ മക്കൾക്കോ കൊച്ചുമക്കൾക്കോ പണം നൽകുന്നു; അവരത് ചെലവഴിക്കുന്നു! അവർ നിക്ഷേപിക്കുകയും ചെയ്യുന്നു -മുതലാളിത്തത്തിന്റെ വളർച്ചയുടെ മാന്ത്രികതയ്ക്ക് മൂലധനമേകിക്കൊണ്ട്.

‘ആശ്രിത’ ഭാരമോ? ഹ! പലരും 70-കളിലും 80-കളിലും ജോലിചെയ്യുന്നു. എനിക്ക് 75 വയസ്സായി. വിരമിക്കൽ അടുത്തെങ്ങുമില്ല. ഇന്ത്യയുടേതുപോലെ സേവന, സാങ്കേതിക മേഖലകൾക്ക് മുൻതൂക്കമുള്ള ഇന്നത്തെ സമ്പദ്‌വ്യവസ്ഥകളിൽ, അനുഭവപരിചയം മുതിർന്ന തൊഴിലാളികളെ കൂടുതൽ ഉത്‌പാദനക്ഷമരാക്കും. കേരളത്തിന്റെ ‘ന്യൂ ഇന്നിങ്സ്’ പദ്ധതിയും സിൽവർ ഇക്കണോമി നയവും ഈ യാഥാർഥ്യം വിവേകത്തോടെ ഉൾക്കൊള്ളുന്നു. മറ്റുള്ളവരും ഇതു പിന്തുടരണം!

സമീപകാല പ്രവണതകൾ അതേപടി ഭാവിയിലേക്കു നീട്ടിവരയ്ക്കുകയാണ് അശുഭാപ്തിവിശ്വാസികൾ. എന്നാൽ, ഇന്ത്യയിലെ ജനനനിരക്ക് ഇനിയും താഴുമോ എന്ന് ആർക്കും ഉറപ്പിക്കാനാവില്ല. അയൽസംസ്ഥാനങ്ങളിലെ പ്രസവ ബോണസുകൾ ദക്ഷിണേന്ത്യയിലെ ജനനനിരക്ക് ഉയർത്തിയേക്കാം! മാത്രമല്ല, കേരളത്തിന്റെ ക്ഷേമപദ്ധതികളും ഉയർന്ന കൂലിയും എത്രയെത്ര അതിഥിത്തൊഴിലാളികളെ ആകർഷിക്കും, പതിറ്റാണ്ടുകളായുള്ള കുടിയേറ്റപ്രവണത തുടർന്നുകൊണ്ട്?

വേണ്ടത് നൂതനാശയങ്ങൾ

പുതിയ കണ്ടുപിടിത്തങ്ങൾ കാര്യക്ഷമത വർധിപ്പിക്കും എക്കാലത്തെയുംപോലെ. ഇന്റർനെറ്റ് ഉണ്ടാക്കിയ സ്വാധീനം ഓർത്തുനോക്കൂ! അടുത്തത് എ.ഐ. ആണോ? പലർക്കും അതിനെ പേടിയാണ്. എന്നാൽ, പ്രായമേറുന്ന ജനസംഖ്യയും കേരളത്തിലേതുപോലുള്ള ആരോഗ്യപ്രവർത്തകരുടെ ക്ഷാമവും എ.ഐ.യെ ഒരു അനുഗ്രഹമാക്കുന്നു. കൊച്ചി ആസ്ഥാനമായ ഒ.എച്ച്.സി. പോലുള്ള എ.ഐ. അധിഷ്ഠിത ആരോഗ്യ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിലുടനീളം പരിചരണം നൽകുന്നവരെ സഹായിക്കുന്നു. ജനസംഖ്യാഘടനയല്ല വിധി. നൂതനാശയങ്ങളാണ്.

ജനസംഖ്യയെച്ചൊല്ലിയുള്ള ഭീതിക്കഥകളെ പേടിക്കേണ്ട -അവയെ സ്വാഗതംചെയ്യൂ. കൂടുതൽ കേരളീയർ ദീർഘായുസ്സോടെ ജീവിക്കുന്നത് കഴിഞ്ഞകാലത്തെയും വരുംകാലത്തെയും സാമ്പത്തികവിജയത്തിന്റെ സാക്ഷ്യമാണ്.

(386 ബില്യൺ യുഎസ് ഡോളറിലധികം ആസ്തി കൈകാര്യം ചെയ്യുന്ന നിക്ഷേപ ഉപദേശക സ്ഥാപനമായ ഫിഷർ ഇൻവെസ്റ്റ്‌മെന്റ്സിന്റെ സ്ഥാപകനാണ് ലേഖകൻ. 37 വർഷം ഫിഷർ ഇൻവെസ്റ്റ്‌മെന്റ്സിന്റെ സിഇഒ ആയിരുന്ന അദ്ദേഹം ഇപ്പോൾ എക്സിക്യൂട്ടീവ് ചെയർമാനും കോ-ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറുമാണ്. 4 ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലറുകൾ ഉൾപ്പെടെ 11 പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം, ലോകമെമ്പാടുമുള്ള 29 രാജ്യങ്ങളിലെ പ്രമുഖ മാധ്യമങ്ങളിൽ അതതു നാട്ടുഭാഷകളിൽ പ്രതിമാസ കോളങ്ങൾ എഴുതുന്നു)